2017-04-06 15:50:00

DOCAT – XIV: സഭയുടെ സാമൂഹികപ്രബോധനവും വിശ്വാസവും


ഇന്നത്തെ സഭാദര്‍ശനം പരിപാടിയില്‍, ഡുക്യാറ്റ് പഠനപരമ്പരയുടെ പതിനാലാം ഭാഗമാണുള്ളത്.  ലെയോ പതിമൂന്നാമന്‍ പാപ്പായുടെ 1891-ലെ റേരും നൊവാരും എന്ന രേഖ തുടങ്ങി, ഇതേ പാരമ്പര്യത്തില്‍ എഴുതപ്പെട്ട ഫ്രാന്‍സീസ് പാപ്പായുടെ  ചാക്രികലേഖനമായ ലവുദാത്തോ സീ വരെയുള്ള 14 സുപ്രധാന സാമൂഹികപ്രബോധന രേഖകളെക്കുറിച്ചാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നാം ചുരുക്കമായി പ്രതിപാദിച്ചത്. ഇന്ന്, ഡുക്യാറ്റ് രണ്ടാമധ്യായത്തില്‍നിന്നു തുടര്‍ന്നുവരുന്ന മൂന്നു ചോദ്യങ്ങളും ഉത്തരങ്ങളുമാണ് നമ്മുടെ വിചിന്തനത്തിനെടുക്കുന്നത്.  അതായത് 28, 29, 30 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.  ഈ ഭാഗം സാമൂഹിക പ്രബോധനവും വിശ്വാസവും തമ്മിലുള്ള ബന്ധം, സാമൂഹികനീതി എന്ന സഭയുടെ ലക്ഷ്യം, മാനവവികസനവും സുവിശേഷവും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത്.  നമുക്കു ഈ ചോദ്യോത്തരങ്ങളിലേക്കു കടക്കാം.

ചോദ്യം 28.  സാമൂഹികപ്രബോധനവും വിശ്വാസവും തമ്മിലുള്ള ബന്ധമെന്താണ്?

ഉത്തരം: സജീവ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരും ക്രൈസ്തവരല്ല.  പക്ഷേ, സാമൂഹിക ഇടപെടലുകളില്‍ പങ്കാളിയാകാത്ത ഒരുവന് സ്വയം ഒരു ക്രിസ്ത്യാനിയാണ് എന്നു പറയുവാന്‍ സാധിക്കുകയില്ല.  സുവിശേഷം മനുഷ്യരെ വളരെ ശക്തിയുക്തം സ്നേഹം, നീതി, സ്വാതന്ത്ര്യം, സമാധാനം എന്നിവയോടു പ്രതിജ്ഞാബദ്ധരാക്കുന്നു.  യേശു ദൈവരാജ്യത്തിന്‍റെ ആഗമനം പ്രഖ്യാപിച്ചപ്പോള്‍ ഒറ്റപ്പെട്ട വ്യക്തികളെ രക്ഷിക്കുകയും സുഖപ്പെടുത്തുകയുമല്ല ചെയ്തത്.  മറിച്ച്, അവിടുന്ന് ഒരു പുതിയ സമൂഹത്തിനു തുടക്കം കുറിക്കുകയാണു ചെയ്തത്.  നീതിയുടെയും സമാധാനത്തിന്‍റെയും രാജ്യം.  ദൈവത്തെക്കൊണ്ടു മാത്രമേ ഈ രാജ്യം സുനിശ്ചിതമായി സൃഷ്ടിക്കാനാകുകയുള്ളു. എങ്കിലും ക്രിസ്ത്യാനികള്‍ ഒരു മെച്ചപ്പെട്ട സമൂഹത്തിനായി അധ്വാനിക്കേണ്ടിയിരിക്കുന്നു.  ''ദൈവരാജ്യത്തിന് അനുരൂപമാകയാല്‍ കൂടുതല്ഡ മനുഷ്യത്വമുള്ള'' (സാമൂഹിക പ്രബോധന സംക്ഷേപം 63) ഒരു മാനവ നഗരം പണിയാന്‍ അവര്‍ കടപ്പെട്ടിരിക്കുന്നു.  യേശു ദൈവരാജ്യത്തെ വലിയൊരളവു മാവില്‍ ചേര്‍ത്ത പുളിപ്പിനോടു സാമ്യപ്പെടുത്തുമ്പോള്‍ (മത്താ 3:13) ക്രിസ്ത്യാനികള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കേണ്ട രീതിയാണു കാണിച്ചു തരുന്നത്.

യുക്യാറ്റ്-123, സഭയുടെ ദൗത്യത്തെപ്പറ്റി സൂചിപ്പിക്കുമ്പോള്‍ ഇങ്ങനെ പറയുന്നത് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്:  യേശു സഞ്ചരിച്ചിടത്തെല്ലാം സ്വര്‍ഗം ഭൂമിയെ സ്പര്‍ശിച്ചു.  സ്വര്‍ഗരാജ്യം, സമാധാനത്തിന്‍റെയും നീതിയുടെയും രാജ്യം ഉദ്ഘാടനം ചെയ്യപ്പെട്ടു. സഭ ഈ ദൈവരാജ്യത്തിനു സേവനം ചെയ്യുന്നു. യേശു തുടങ്ങിയത് അവള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കണം... 

ആല്‍ബര്‍ട്ട് ഷ്വൈറ്റസറിന്‍റെ വാക്കുകളും ഇവിടെ ചിന്തനീയമാണ്:  ഒരാള്‍, താന്‍ പള്ളിയില്‍ പോകുന്നതുകൊണ്ട് ക്രിസ്ത്യാനിയാണെന്നു കരുതുന്നതു തെറ്റാണ്.  കാരണം, നിങ്ങളോരു ഗാരേജില്‍ പോയി നിന്നാല്‍ ഒരു വാഹനമായിത്തീരുകയില്ലല്ലോ.

വിശ്വാസവും കരുണയും സമൂര്‍ത്തമായ സ്നേഹപ്രവൃത്തികളിലേക്കു നയിക്കണമെന്നു നിരന്തരം പ്രബോധിപ്പിക്കുന്ന ഫ്രാന്‍സീസ് പാപ്പാ പറയുന്നു.  ദൈവസ്നേഹം സ്വീകരിക്കാനും അവിടുത്തെ ദാനമായ ആ സ്നേഹംകണ്ട് അവിടുത്തെ സ്നേഹിക്കാനും പ്രഥമ പ്രഘോഷണം നമ്മെ ക്ഷണിക്കുന്നു.  ആ പ്രഘോഷണത്തിന്‍റെ സ്വീകരണം നമ്മുടെ ജീവിതത്തിലും പ്രവൃത്തിയിലും പ്രാഥമികവും മൗലികവുമായ ഒരു പ്രത്യുത്തരം ഉണര്‍ത്തുന്നു, മറ്റുള്ളവരുടെ നന്മ അന്വേഷിക്കാനും അതു സംരക്ഷിക്കാനും (എവാഞ്ചെലീ ഗൗവുദിയും, 178).

സഭയുടെ ആത്യന്തിക ലക്ഷ്യം സാമൂഹിക നീതിയല്ല. എന്നിരുന്നാലും, ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമാണത് എന്നതു വിസ്മരിക്കാനാവുകയുമില്ല.  ഇക്കാര്യത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടാണ് അടുത്ത ചോദ്യവും ഉത്തരവും പങ്കുവയ്ക്കുന്നത്.

ചോദ്യം 29. സാമൂഹികനീതിയാണോ സഭയുടെ ആത്യന്തികലക്ഷ്യം?

ഉത്തരം: അല്ല.  നീതി നിറഞ്ഞ ഒരു സമൂഹം സ്ഥാപിച്ചതുകൊണ്ടുമാത്രം സഭയുടെ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാകുന്നില്ല.  സഭ പ്രഘോഷിക്കുന്ന രക്ഷ ഭൂമിയില്‍ ആരംഭിക്കുന്നു.  അതു വ്യക്തിയെ രക്ഷിക്കുന്നു, മനുഷ്യബന്ധങ്ങളെ രൂപാന്തരപ്പെടുത്തുന്നു, സമൂഹത്തിലെ മുറിവുകളെ സുഖപ്പെടുത്തുന്നു.

ഭൂമിയിലെ നീതി പൂര്‍വകമായ സാമൂഹ്യവ്യവസ്ഥകള്‍ രക്ഷയുടെ സൂചനകള്‍ മാത്രമാണ്.  അതുമാത്രമല്ല, ''പുതിയ നഗരം'' മനുഷ്യപ്രയത്നത്തിന്‍റെയോ, സമരത്തിന്‍റെയോ ഫലമല്ല.  നാമെത്രയൊക്കെ കഷ്ടപ്പെട്ടാലും, ''വിശുദ്ധ നഗരം'' നമ്മുടെ സാഹചര്യത്തിലേക്കു ''സ്വര്‍ഗത്തില്‍ നിന്ന്'' (വെളി 21,10) ഇറങ്ങി വരണം.  യഥാര്‍ഥ സമാധാനം ദൈവത്തിന്‍റെ ദാനമാണ്.  

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം (No. 769) ഇതു വിശദീകരിക്കുന്നു: 

''സഭ... സ്വര്‍ഗീയമഹത്വത്തില്‍ മാത്രമേ'', ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണമായ പ്രത്യാഗമനത്തില്‍ മാത്രമേ, ''അതിന്‍റെ പൂര്‍ണത നേടുകയുള്ളു''. ആ ദിവസം വരെ, ''സഭ തന്‍റെ തീര്‍ഥയാത്രയില്‍ ഈ ലോകത്തിന്‍റെ പീഡനങ്ങളുടെയും ദൈവം നല്‍കുന്ന ആശ്വാസങ്ങളുടെയും ഇടയിലൂടെ മുന്നേറുന്നു''. ഈ ലോകത്തില്‍ താന്‍ കര്‍ത്താവില്‍ നിന്ന് അകലെ വിപ്രവാസത്തിലാണെന്ന് അവള്‍ അറിയുകയും ദൈവരാജ്യത്തിന്‍റെ പൂര്‍ണമായ ആഗമനത്തിനായി, അന്ന് അവള്‍ ''തന്‍റെ രാജാവുമായി മഹത്വത്തില്‍ ഒന്നായിത്തീരുന്ന നിമിഷത്തിനായി, അത്യധികം ആഗ്രഹിക്കുകയും ചെയ്യുന്നു''.

അതുകൊണ്ട് സഭയുടെ ആത്യന്തികലക്ഷ്യം സാമൂഹികനീതിയല്ല.  എന്നാല്‍ സഭയുടെ ആത്യന്തിക ലക്ഷ്യം നിറവേറ്റുന്നതിന് സാമൂഹിക നീതിയ്ക്കായി പ്രവര്‍ത്തിക്കാതിരിക്കുവാന്‍ അവള്‍ക്കു സാധിക്കുകയില്ല എന്നതു സുപ്രധാനവുമാണ്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സന്ദേശത്തില്‍നിന്നുള്ള ഉദ്ധരണി ഇവിടെ ചേര്‍ക്കുന്നുണ്ട്:  പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക് ഭൗതിക-സാങ്കേതിക തത്വങ്ങളില്‍ മാത്രം ഊന്നി ക്കൊണ്ട് നല്‍കുന്ന സാമ്പത്തിക സഹായം ദൈവത്തെ ഒരു വശത്തേക്കു മാറ്റി നിര്‍ത്തുക മാത്രമല്ല, സ്വയം ഉണ്ടെന്നു ധരിച്ചിരിക്കുന്ന മെച്ചപ്പെട്ട ജ്ഞാനത്തിന്‍റെ പേരില്‍ മനുഷ്യരെ ദൈവത്തില്‍നിന്ന് അകറ്റുകയും, മൂന്നാംലോകത്തെ ആധുനിക അര്‍ഥത്തിലുള്ള ''മൂന്നാം ലോകം'' ആക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു .(19th March 2009).

വെറും ഭൗതികതലത്തിലുള്ള വികസനോദ്ദേശത്തോടുകൂടിയുള്ള സഹായമല്ല, മറിച്ച്, ദൈവസ്നേഹത്തില്‍ നിന്നും പരസ്നേഹത്തില്‍ നിന്നും ഉദ്ഭൂതമായ സഹായമായിരിക്കണം സഭയുടേത്. മദര്‍ തെരേസ ഇങ്ങനെ ചോദിക്കുന്നുണ്ട്:

ആദിമസഭയില്‍ എപ്രകാരമായിരുന്നു? എങ്ങനെയാണ് മറ്റു മനുഷ്യര്‍ യഥാര്‍ഥ ക്രിസ്ത്യാനികളെ തിരിച്ചറിഞ്ഞത്? ക്രിസ്ത്യാനികള്‍ പരസ്പരം കാണിച്ചിരുന്ന സ്നേഹം കണ്ടിട്ടാണ് അവരെ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത്. 

ഈ സ്നേഹത്തിലുള്ള സേവനമാണ് സുവിശേഷോപദേശാനുസൃതമായ മാനവവികസനം.  അതിനാല്‍  സഹോദരങ്ങള്‍ക്കുള്ള സഹായം സുവിശേഷപ്രഘോഷണത്തോടു കൈകോര്‍ത്തു മുന്നോട്ടു പോകേണ്ടതാണ്.  ഇക്കാര്യമാണ് അടുത്ത ചോദ്യത്തില്‍ വിശദീകരിക്കുന്നത്. 

ചോദ്യം 30. വികസനത്തിനുള്ള സഹായം എന്നതു സുവിശേഷത്തിനുള്ള പര്യായമാണോ?

ഉത്തരം: വികസനത്തിനുള്ള സഹായവും സുവിശേഷപ്രഘോഷണവും കൈകോര്‍ത്തു മുന്നോട്ടു പോകേണ്ടതാണ്.  ആരാധനാക്രമം, പ്രഘോഷണം എന്നിവയ്ക്കൊപ്പംതന്നെ ഉപവിയും - അയല്‍ക്കാ രനോടുള്ള സജീവസ്നേഹം - സഭയുടെ മൗലികപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.  സഭ സുവിശേഷം പ്രഘോഷിക്കുകയും എന്നാല്‍ മനുഷ്യരുടെ ദയനീയമായ ജീവിതസാഹചര്യങ്ങളെ അവഗണിക്കുകയും ചെയ്താല്‍, സ്ത്രീയെയും പുരുഷനെയും, ശരീരത്തെയും ആത്മാവിനെയും, അവരുടെ അനന്യതയില്‍, അവരുടെ അനന്യതയില്‍, അവരുടെ സാമൂഹിക ആവശ്യങ്ങളോടെ സ്വീകരിക്കുകയും സുഖപ്പെടുത്തുകയും ചെയ്ത യേശുവിനെ വഞ്ചിക്കുന്നതിനു തുല്യമായിരിക്കും.  അതേ സമയം സഭ മനുഷ്യന്‍റെ സാമൂഹിക പുരോഗതി മാത്രമേ പരിഗണിച്ചുള്ളുവെങ്കില്‍, ദൈവത്തിലൊന്നായിത്തീരാന്‍ വിളിക്കപ്പെട്ട മനുഷ്യന്‍റെ ജീവിത ലക്ഷ്യത്തെത്തന്നെയാണ് വഞ്ചിക്കുന്നത്.  മാത്രമല്ല, ക്രിസ്തുവിന്‍റെ ശരീരത്തിലെ അംഗമായിരിക്കുക എന്ന മനുഷ്യന്‍റെ സാമൂഹിക ലക്ഷ്യത്തെയും അവള്‍ അപ്പോള്‍ പരാജയപ്പെടുത്തും.  സുവിശേഷത്തിലെ സാമൂഹിക സന്ദേശത്തെ വിശ്വാസ സന്ദേശത്തില്‍നിന്നും വേര്‍പെടുത്തുക എന്നത്, സദ്വാര്‍ത്തയെ വിഭജിച്ചു അര്‍ധഭാഗങ്ങളാക്കുകയാണ്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ ഇതോടു കൂട്ടിച്ചേര്‍ത്തു നല്‍കുന്നുണ്ട് ഡുക്യാറ്റ്:  ദൈവം മാത്രമാണ് മനുഷ്യന്‍റെ രക്ഷ.  കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ചരിത്രത്തില്‍ നാം കാണുന്നുണ്ട്, ദൈവത്തെ നീക്കിക്കളഞ്ഞ രാജ്യങ്ങളുടെ സാമ്പത്തികസുസ്ഥിതി മാത്രമല്ല, അതിനുമുപരി ആത്മാക്കളും നശിച്ചുപോയി (5th February, 2006)

യു.എസ്. ഭരണഘടനയുടെ ശില്പികള്‍ സമൂഹത്തിന്‍റെ സുസ്ഥിതിയ്ക്ക് ധാര്‍മികത അനിവാര്യമാണെന്നു വിശ്വസിച്ചിരുന്നു എന്നും  ധാര്‍മികയ്ക്കുവേണ്ടിയാണ് മതവിശ്വാസം പ്രോത്സാഹിപ്പിക്കേണ്ടത് എന്നാണ് അവര്‍ കരുതിയതെന്നും എന്ന് യു.എസ്. സുപ്രീംകോര്‍ട്ടു ജഡ്ജിയായ ആന്‍റണിന്‍ സ്കാലിയ (Antonin Scalia, 1936-2016) പറയുന്നുണ്ട്.

മേല്‍പ്പറഞ്ഞ പ്രബോധനങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയും സാമൂഹ്യനീതിയല്ല, വിശ്വാസത്തിന്‍റെ ആത്യന്തികലക്ഷ്യം എന്നതു വ്യക്തമാണ്. അതായത്,  വിശ്വാസം സാമൂഹികനീതി ഉള്‍ക്കൊള്ളുന്നു.  എന്നാല്‍, അതിനെയും അതിശയിക്കുന്ന ഒന്നിലേയ്ക്കാണ് വിശ്വാസം ലക്ഷ്യം വയ്ക്കുന്നത്.  

എന്നാല്‍ നീതിയെ നീക്കിക്കളഞ്ഞുകൊണ്ടുള്ള ദൈവസ്നേഹവും സാധ്യമല്ല.  പോള്‍ ആറാമന്‍ പാപ്പായുടെ എവാഞ്ചെലി ന്യുണ്‍സ്യാന്തി  (Evangelii Nuntiandi) യിലെ ചോദ്യവും ഇവിടെ പ്രസ്താവയോഗ്യമാണ്.  മനുഷ്യന്‍റെ യഥാര്‍ഥ പുരോഗതിയായ നീതിയും സമാധാനവും ഉയര്‍ത്തിപ്പിടിക്കാതെ സ്നേഹത്തിന്‍റെ പുതിയ കല്‍പ്പനയെപ്പറ്റി പ്രഘോഷിക്കുവാന്‍ എങ്ങനെയാണു സാധിക്കുക? (No. 31). 

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു: ഇന്നത്തെ മനുഷ്യരുടെ, പ്രത്യേകിച്ച് ദരിദ്രരുടെയും കഷ്ടതയനുഭവിക്കുന്നവരുടെയും ആനന്ദവും പ്രതീക്ഷയും ക്ലേശവും തീവ്രവേദനയും മിശിഹായുടെയും ശിഷ്യന്മാരുടെയും ആനന്ദവും പ്രതീക്ഷയും  തീവ്രവേദനയുമാണ് (GS 1).

പൗലോസ് ശ്ലീഹാ പറയുന്നു: ''...ദൈവരാജ്യമെന്നത് നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള ആനന്ദവുമാണ്'' (Rom 14:17). ശ്ലീഹാ തുടരുന്നു, ''ഇപ്രകാരം ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നവന്‍ ദൈവത്തിനു സ്വീകാര്യനും മനുഷ്യര്‍ക്കു സുസമ്മതനുമാണ്''(Rom 14:18). നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവിലുള്ള ആനന്ദത്തിലേയ്ക്കെത്തുന്ന ഒരു ദൈവരാജ്യത്തെയാണ് സഭ ലക്ഷ്യം വയ്ക്കുന്നത്. ഒരോ സഭാംഗത്തിനും അതു ദൈവസ്നേഹത്തിനും പരസ്നേഹത്തിനുമായുള്ള വിളിയാണ്. ആ വിളി നമുക്ക് ഇവിടെ ജീവിക്കാം.  അത് നമ്മെ നിത്യമായ ലക്ഷ്യത്തിലെത്തിക്കും.  








All the contents on this site are copyrighted ©.