2017-04-04 10:33:00

''നിയമത്തിന്‍റെ പൂര്‍ത്തീകരണം കാരുണ്യമാണ്'': ഫ്രാന്‍സീസ് പാപ്പാ


                                  ''നിയമത്തിന്‍റെ പൂര്‍ത്തീകരണം കാരുണ്യമാണ്''

                                                          ഫ്രാന്‍സീസ് പാപ്പാ

പാപ്പാ വസതിയിലെ സാന്താമാര്‍ത്താ കപ്പേളയില്‍ ഏപ്രില്‍ മൂന്നാംതീയതി തിങ്കളാഴ്ച അര്‍പ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.   ദാനിയേലിന്‍റെ ഗ്രന്ഥത്തില്‍ നിന്നും വി. യോഹന്നാന്‍റെ സുവിശേഷത്തില്‍നിന്നുമുള്ള  വി. കുര്‍ബാനയിലെ വായനകളെ അടിസ്ഥാനമാക്കിയുള്ള വചനസന്ദേശത്തില്‍ പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു:  

എല്ലാക്കാലത്തും ചൂഷകരായ ന്യായാധിപന്മാരുണ്ടായിരുന്നു. അതിനു കാരണം പാപമാണ്.  പാപം ചെയ്തുപോയാല്‍ കര്‍ത്താവിനോടു ചേര്‍ന്നു കാര്യങ്ങള്‍ ശരിയാക്കണം. അല്ലെങ്കില്‍ നമ്മുടെ മനസ്സാക്ഷിയില്‍ പാപം കയറിക്കൂടി അല്പം കാറ്റുകടക്കാന്‍ പോലും ഇടമില്ലാതായിത്തീരും. പാപിനിയായ സ്ത്രീയെ വിധിക്കാനായി കൊണ്ടുവന്ന സമയത്ത് യേശു ചുരുങ്ങിയ വാക്കുകളേ സംസാരിച്ചുള്ളു.  കല്ലെറിയാനായി വന്നവരോട്, 'നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം കല്ലെറിയട്ടെ' എന്നും പാപിനിയോട്, 'ഞാനും നിന്നെ വിധിക്കുന്നില്ല, ഇനിമേല്‍ പാപം ചെയ്യരുത്' എന്നും മാത്രമാണ്  പറ‍ഞ്ഞത്. 

ഇതാണ് നിയമത്തിന്‍റെ പൂര്‍ത്തീകരണം. പാപ്പാ തുടര്‍ന്നു: അത് ഫരിസേയരുടെയും നിയമജ്ഞരുടെയും നിയമാനുഷ്ഠാനത്തിന്‍റെ കാര്‍ക്കശ്യത്തില്‍ കാരുണ്യത്തിനിടമില്ലാതായിത്തീര്‍ന്ന്, ദുഷിച്ച മനസ്സുപോലെയല്ല. കാരുണ്യത്തോടെ വിധിക്കുന്ന യേശുവാണ് നിയമത്തിന്‍റെ പൂര്‍ത്തീകരണം.  നാമെങ്ങനെ വിധിക്കുന്നുവെന്നു ചിന്തിക്കുക.  ‘സമാധാനത്തില്‍ പോകുക.  ഇനി മേല്‍ പാപം ചെയ്യരുത്’ എന്നു പറയുന്ന  യേശുവിനെപ്പോലെ ആയിത്തീരുക എന്ന ആഹ്വാനത്തോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.