2017-04-03 13:17:00

ദൈവഹൃദയം:തിന്മയില്‍ നിന്ന് ദൂരത്ത് വേദനിക്കുന്നവന്‍റെ ചാരത്ത്


വത്തിക്കാനില്‍ നിന്ന് 500 കിലോമീറ്ററോളം അകലെ ഉത്തര ഇറ്റലിയിലെ എമീലിയ റൊമാഞ്ഞ പ്രദേശത്തു സ്ഥിതിചെയ്യുന്ന കാര്‍പി രൂപതയില്‍ ഫ്രാന്‍സീസ് പാപ്പാ ഈ ഞായറാഴ്ച(02/04/17) ഇടയസന്ദര്‍ശനം നടത്തി. 2012 മെയ്മാസത്തില്‍ ഉണ്ടായ ഭൂകമ്പം നാശനഷ്ടങ്ങള്‍ വിതച്ച പ്രദേശങ്ങളില്‍ ഒന്നാണ് എമീലിയ റൊമാഞ്ഞ. ഞായറാഴ്ച രാവിലെ ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം കാര്‍പിയില്‍ എത്തിയ പാപ്പാ നിണസാക്ഷികളുടെ ചത്വരത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും രൂപതാവൈദികരും സമര്‍പ്പിതരും സെമിനാരിവിദ്യര്‍ത്ഥികളുമൊത്തു കൂടിക്കാഴ്ചാനടത്തുകയും 2012 ലുണ്ടായ ഭൂകമ്പത്തിനിരകളായവര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

നിണസാക്ഷികളുടെ ചത്വരത്തില്‍ ദേവാലയത്തിനുമുന്നിലായിരുന്നു ബലിവേദിയോരുക്കിയിരുന്നത്. ചത്വരത്തില്‍ പതിനയ്യായിരം പേര്‍ക്ക് ഇരിപ്പിടസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. കാര്‍മേഘാവൃതമായിരുന്നെങ്കിലും ആയിരക്കണക്കിന് വിശ്വാസകിള്‍ ദിവ്യബലിയില്‍ പങ്കുകൊള്ളുന്നതിനും പാപ്പായെ ഒരു നോക്കു കാണുന്നതിനും ആശീര്‍വ്വാദം സ്വീകരിക്കുന്നതിനുമായി എത്തിയിരുന്നു.

ഗായകസംഘം  പ്രവശന ഗാനം ആലപിച്ചപ്പോള്‍ അള്‍ത്താര ശുശ്രൂഷകരും സഹകാര്‍മ്മികരും മുന്നിലും അവര്‍ക്കുപിന്നിലായി പാപ്പായും പ്രദക്ഷിണമായി ബലിവേദിയിലെത്തി. ധൂപാര്‍പ്പണം, പ്രാരംഭ പ്രാര്‍ത്ഥന, അനുതാപ ശുശ്രൂഷ എന്നിവയ്ക്കു ശേഷം വചന ശുശ്രൂഷയായിരുന്നു. പഴയനിയമത്തില്‍ നിന്നുള്ള ഒന്നാം വായനയ്ക്കും പുതിനിയമത്തില്‍ നിന്നുള്ള രണ്ടാം വായനയ്ക്കും ശേഷം സുവിശേഷപാരയണമായിരുന്നു. മരിച്ച ലാസറിനെ  യേശു ഉയിര്‍പ്പിക്കുന്ന സംഭവം, യോഹന്നാന്‍റെ സുവിശേഷം, പതിനൊന്നാം അദ്ധ്യായം 1 മുതല്‍ 45 വരെയുള്ള വാക്യങ്ങള്‍ വായിക്കപ്പെട്ടതിനെ തുടര്‍ ഫ്രാന്‍സീസ് പാപ്പാ വചനവിശകലനം നടത്തി.

പ്രഭാഷണസംഗ്രഹം:

ഇന്നത്തെ വായനകള്‍ ജീവന്‍റെ ദൈവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്നു നമ്മള്‍ ചിന്താവിഷയമാക്കുന്നത് യേശു പ്രവര്‍ത്തിച്ച വിസ്മയകരങ്ങളായ അടയാളങ്ങളില്‍, പ്രത്യേകിച്ച്, അവിത്തെ പീഢാസഹനത്തിനുമുമ്പ് അവിടന്ന് അവസാനമായി, സുഹൃത്തായ ലാസറിന്‍റെ ശവക്കല്ലറയില്‍ വച്ച് ചെയ്യുന്ന അത്ഭുതമാണ്.

അവിടെ സകലതും അവസാനിച്ച ഒരു പ്രതീതി. കല്ലറ വലിയൊരു കല്ലുകൊണ്ട് അടച്ചിരിക്കുന്നു. അവിടെ വിലാപവും ശൂന്യതയും മാത്രം. പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിന്‍റെ നാടകീയമായ രഹസ്യം യേശുവിനെയും പിടിച്ചുലച്ചു. യേശുവും നെടുവീര്‍പ്പിടുന്നു, അവിടന്ന് അസ്വസ്ഥനായി കാണപ്പെട്ടു. യേശു കണ്ണീര്‍പൊഴിക്കുന്നു.  സുവിശേഷം പറയുന്നു: അവന്‍ നെടുവീര്‍പ്പിട്ടുകൊണ്ട് ശവകുടീരത്തിങ്കലേക്കു പോയി എന്ന്. ഇതാണ് ദൈവത്തിന്‍റെ ഹൃദയം. അത് തിന്മയില്‍ നിന്ന് ദൂരത്തും വേദനിക്കുന്നവന്‍റെ ചാരത്തും ആയിരിക്കുന്നു. അവിടന്ന് തിന്മയെ മായാജാലംകൊണ്ട് ഇല്ലാതാക്കുന്നില്ല, മറിച്ച് വേദനയില്‍ അവിടന്ന് കരുണകാട്ടുകയും അത് സ്വന്തമാക്കുകയും അതില്‍ വസിച്ചുകൊണ്ട് അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.‌

ലാസറിന്‍റെ മരണം ഉളവാക്കിയ പൊതുവായ ഒരു ശൂന്യതയ്ക്കു മദ്ധ്യേ യേശു അസ്വസ്ഥതയാലല്ല നയിക്കപ്പെടുന്നതെന്ന് കാണാം. സ്വയം വേദനിക്കുന്നുണ്ടെങ്കിലും അവിടന്ന് ദൃഢമായി വിശ്വസിക്കാന്‍ ആഹ്വാനം ചെയ്യുന്നു. വേദനയില്‍ സ്വയം തളച്ചിടുന്നില്ല, ഹൃദയവേദനയുണ്ടെങ്കിലും അവിടന്ന് കല്ലറയിങ്കലേക്കു നടക്കുന്നു. വൈകാരികമായ ചുറ്റുപാടുകള്‍ തന്നെ കീഴടക്കാന്‍ അവിടന്ന് അനുവദിക്കുന്നില്ല, മറിച്ച് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകയാണ്, അവിടന്നു അരുളിചെയ്യുന്നു: “ പിതാവേ, ഞാന്‍ അങ്ങയ്ക്ക് നന്ദി പറയുന്നു”. അങ്ങനെ, യേശു നാം എപ്രകാരം പെരുമാറണമെന്ന് ഇവിടെ മാതൃകയേകുകയാണ്. ഈ ജീവിതത്തിന്‍റെ ഭാഗമായ സഹനത്തില്‍ നിന്ന് അവിടന്ന് ഒളിച്ചോടുന്നില്ല എന്നു മാത്രമല്ല ദുഃഖൈകദര്‍ശനത്തില്‍ സ്വയം തളച്ചിടുന്നുമില്ല.

അവിടെ, ശവക്കല്ലറയ്ക്കു ചുറ്റും സംഭവിക്കുന്നത് ഒരു മഹാ സമാഗമവും സംഘര്‍ഷവുമാണ്. ഒരുവശത്ത് വലിയ ശൂന്യത, നമ്മുടെ മര്‍ത്യജീവിതത്തിന്‍റെ  സന്ദിഗ്ദാവസ്ഥ..... മറുവശത്താകട്ടെ, മരണത്തെയും തിന്മയെയും ജയിക്കുന്ന പ്രത്യാശ. യേശുവെന്നാണ് ആ പ്രത്യാശയുടെ നാമം....

പ്രിയ സഹോദരീസഹോദരന്മാരേ, ഏതു ഭാഗത്തു നില്ക്കണമെന്ന് തീരുമാനിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. കല്ലറയുടെ ഭാഗത്ത് നില്ക്കാം അല്ലെങ്കില്‍ യേശുവിന്‍റെ ചാരെ നില്ക്കാം. ദു:ഖത്തില്‍ സ്വയം അടച്ചിടുന്നവരുണ്ട്, പ്രത്യാശയ്ക്ക് സ്വയം തുറന്നിടുന്നവരുമുണ്ട്. ജീവിതത്തിന്‍റെ നാശാവശിഷ്‌ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ട്, എന്നാല്‍ നിങ്ങളെപ്പോലെ, ദൈവത്തിന്‍റെ  സഹായത്തോടുകൂടി,  നാശാവശിഷ്ടങ്ങളെ എടുത്തുമാറ്റി പ്രത്യാശ ക്ഷമയോടുകൂടി കെട്ടിപ്പൊക്കുന്നവരുമുണ്ട്.

ജീവിതം ഉയര്‍ത്തുന്ന “എന്തുകൊണ്ട്” എന്ന വലിയ ചോദ്യങ്ങള്‍ക്കുമുന്നില്‍ രണ്ടു വഴികളാണ് നമുക്കുള്ളത്. ഭൂതവര്‍ത്തമാനകാലങ്ങളിലെ കല്ലറകള്‍ വിഷാദഭാവത്തോടെ നോക്കിനില്ക്കുക, അല്ലെങ്കില്‍ നമ്മുടെ കല്ലറകളിലേക്കു വരാന്‍ യേശുവിനെ അനുവദിക്കുക. അതെ, നമുക്കോരോരുത്തര്‍ക്കും ചെറിയ ശവക്കല്ലറ ഇപ്പോള്‍ത്തന്നെയുണ്ട്, നമ്മുടെ ഹൃദയത്തിനുള്ളില്‍ അല്പം മൃതമായ ഏതെങ്കിലും ഇടം ഉണ്ട്. അത് ഒരു മുറിവാകാം, അനുഭവിച്ചതൊ ചെയ്തതൊ ആയ തെറ്റാകാം, അന്ത്യമില്ലാത്ത പകയാകാം, ആവര്‍ത്തിക്കപ്പെടുന്ന മനസ്സാക്ഷിക്കുത്താകാം. അവിടെ നാം യേശുവിനെ ക്ഷണിക്കണം. എന്നാല്‍ വിചിത്രംതന്നെ, നമ്മള്‍ യേശുവിനെ ക്ഷണിക്കാതെ, നമ്മുടെ ഉള്ളിലുള്ള ഇരുളുനിറഞ്ഞ ഗുഹയില്‍ ഒറ്റയ്ക്കു നില്ക്കാനാണ് പലപ്പോഴും ഇഷ്ടപ്പെടുന്നത്.... സംഭവിച്ചവയെ ഓര്‍ത്തു വിലപിച്ച് ഒറ്റയ്ക്കു നില്ക്കാനുള്ള പ്രലോഭനത്തില്‍ വീഴാന്‍ നാം നമ്മെ അനുവദിക്കരുത്. കര്‍ത്താവ് ആഗ്രഹിക്കുന്നത് ജീവന്‍റെ വഴി തുറന്നു തരാനാണ്. അവിടന്നുമായുള്ള കൂടിക്കാഴ്ചയുടെ വഴി, അവിടന്നിലുള്ള വിശ്വാസത്തിന്‍റെ പാത, ഹൃദയത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്പിന്‍റെ വഴി. “ എഴുന്നേല്‍ക്കുക, എഴുന്നേറ്റു പുറത്തു വരിക”- ഇതാണ് കര്‍ത്താവ്  നമ്മോട് ആവശ്യപ്പെടുന്നത്. അതിനു സഹായിക്കാന്‍ അവിടന്ന് നമ്മുടെ ചാരെയുണ്ട്.

യേശു അക്കാലത്തെന്നപോലെ, ഇന്ന് നമ്മോടു പറയുന്നു: കല്ലെടുത്തു മാറ്റുക. ഗതകാലം എത്ര ഭാരമേറിയതും പാപം എത്ര വലുതും, ലജ്ജ എത്ര ശക്തവും ആയിക്കൊള്ളട്ടെ, കര്‍ത്താവിനുള്ള പ്രവേശന കവാടം നാം അടയ്ക്കരുത്. കര്‍ത്താവിന് കടന്നുവരാന്‍ വിഘാതം സൃഷ്ടിക്കുന്ന ആ കല്ല് നമുക്ക് എടുത്തു മാറ്റാം. നമ്മുടെ പാപങ്ങള്‍, ലൗകികവ്യര്‍ത്ഥതകളോടുള്ള ആസക്തി, ആത്മാവിന് കടിഞ്ഞാണിടുന്ന ഔദ്ധത്യം, നമുക്കിടയിലും കുടുംബങ്ങളിലുമുള്ള നിരവധിയായ ശത്രുതകള്‍ എല്ലാം എടുത്തുമാറ്റാനുള്ള അനുകൂല സമയമാണിത്.

യേശുവിനാല്‍ സന്ദര്‍ശിക്കപ്പെടുകയും സ്വതന്ത്രരാക്കപ്പെടുകയും ചെയ്തുകൊണ്ട് നമുക്ക് ഈ ലോകത്തില്‍ സാക്ഷികളായിത്തീരുന്നതിനുള്ള അനുഗ്രഹം യാചിക്കാം. ദു:ഖത്താല്‍ തളര്‍ന്നവരും ഭാരം പേറുന്നവരുമായവരുടെ ഹൃദയങ്ങളില്‍ ദൈവത്തിന്‍റെ പ്രത്യാശ ജനിപ്പിക്കുന്ന, അത് വീണ്ടും ജനിപ്പിക്കുന്ന സാക്ഷികളാകാം. നമ്മുടെ പ്രഘോഷണം ജീവിക്കുന്നവനായ കര്‍ത്താവിന്‍റെ ആനന്ദമാണ്. കര്‍ത്താവ് അരുളിചെയ്യുന്നു “എന്‍റ ജനമേ ഞാന്‍ കല്ലറകള്‍ തുറന്ന് നിങ്ങളെ ഉയര്‍ത്തും” എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകം, അദ്ധ്യായം 37, വാക്യം 12.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജ തുടര്‍ന്നു. വിശുദ്ധ കുര്‍ബ്ബനായുടെ അവസാനഭാഗത്ത്, സമാപനാശീര്‍വ്വാദത്തിനു മുമ്പ് മാര്‍പ്പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. പ്രാര്‍ത്ഥനയ്ക്കു മുമ്പ് പാപ്പാ  കൊളംബിയയായിലെ മൊക്കൊവ നഗരത്തില്‍ 250ലേറെപ്പേരുടെ ജീവനപഹരിച്ച പേമാരി-മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

തങ്ങളുടെ വേര്‍പെട്ടുപോയ പ്രിയപ്പെട്ടവരെയോര്‍ത്ത് കേഴുന്നവരുടെ ചാരെ ആദ്ധ്യാത്മികമായി താനുണ്ടെന്ന് പാപ്പാ ഉറപ്പുനല്കി.

‌കോംഗൊ റിപ്പബ്ലിക്കിലെ കസായി പ്രദേശത്ത് സായുധസംഘര്‍ഷങ്ങള്‍ തുടരുന്നതും അനേകര്‍ വധിക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്യുന്നതും സഭാംഗങ്ങളും സഭയുടെ കീഴിലുള്ള ആശുപത്രികള്‍ വിദ്യാലയങ്ങള്‍ ദേവാലയങ്ങള്‍ എല്ലാം ആക്രമിക്കപ്പെടുന്നതും അനുസ്മരിച്ച പാപ്പാ ഈ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍  വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും അടിമകളായി തുടരാതിരിക്കുന്നതിനായി സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

സംഘര്‍ഷങ്ങള്‍ നിലനില്ക്കുന്ന വെനെസ്വേല പരഗ്വായ് എന്നീരാജ്യങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടിയും പാപ്പാ പ്രാ‍ര്‍ത്ഥിച്ചു. അക്രമം വെടിഞ്ഞ് രാഷ്ട്രീയപരിഹാരം തേടുന്നതിനുള്ള ശ്രമം അക്ഷീണം തുടരാന്‍ പാപ്പാ ആഹ്വാനം ചെയ്തു.

ത്രികാലപ്രാര്‍ത്ഥന ആരംഭിക്കുന്നതിനു മുമ്പ് പാപ്പാ ദിവ്യബലിയില്‍ പങ്കെടുത്ത 4500 ഓളം രോഗികളെ പ്രത്യേകം സംബോധനചെയ്തു. രോഗികള്‍ അവരുടെ സഹനങ്ങളാല്‍ സഭയെ ക്രിസ്തുവിന്‍റെ കുരിശു വഹിക്കാന്‍ സഹായിക്കുന്നുവെന്നു പറഞ്ഞ പാപ്പാ അവര്‍ക്കു നന്ദിയര്‍പ്പിക്കുകയും ചെയ്തു.

ത്രികാല പ്രാര്‍ത്ഥന നയിച്ച പാപ്പാ അതിന്‍റെ അവസാനം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.  








All the contents on this site are copyrighted ©.