2017-04-01 08:30:00

''പോപ്പുളോരും പ്രോഗെസ്സിയോ: അമ്പതുവര്‍ഷങ്ങള്‍'': അന്താരാഷ്ട്ര കോണ്‍ഗ്രസ്


 പോപ്പുളോരും പ്രോഗെസ്സിയോ, ''ജനതകളുടെ പുരോഗതി'' എന്ന പേരില്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1967 മാര്‍ച്ച് 26-നു പുറപ്പെടുവിച്ച ചാക്രികലേഖനത്തിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ സമഗ്രമാനവവികസനത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റ് അന്താരാഷ്ട്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു.  ഏപ്രില്‍ 3-4 തീയതികളിലായി നടക്കുന്ന ഈ സമ്മേളനത്തിന്‍റെ പ്രമേയം, ''സമഗ്രമാനവവികസനത്തിനായുള്ള സേവനത്തെക്കുറിച്ചുള്ള ശോഭനപ്രതീക്ഷകള്‍: പോപ്പുളോരും പ്രോഗെസ്സിയോ എന്ന ചാക്രിക ലേഖനത്തിന്‍റെ അമ്പതുവര്‍ഷങ്ങള്‍'' എന്നതാണ്.  എല്ലാ ജനതകളുടെയും പുരോഗതിയില്‍ സഭ എന്നും ബദ്ധശ്രദ്ധയാണെന്ന വസ്തുത ഓര്‍മിച്ചുകൊണ്ട്, അതിനായി നടത്തുന്ന ലോകവ്യാപകമായ പൊതുശ്രമങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ പങ്കുവയ്ക്കുകയും രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാമ്പത്തികാസമത്വങ്ങളുടെ കാരണങ്ങള്‍ അപഗ്രഥിച്ച് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഒരു സാമൂഹികപ്രബോധനമാണ് പോപ്പുളോരും പ്രോഗെസ്സിയോ.

ഈ ഡിപ്പാര്‍ട്ടുമെന്‍റില്‍ ഉള്‍പ്പെടുന്ന കൗണ്‍സിലുകളിലെ അംഗങ്ങളെ പ്രത്യേകമായി ഉദ്ദേശിക്കുന്ന ഈ മീറ്റിംഗില്‍, മെത്രാന്‍ സമിതികളുടെയും അവയുടെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കമ്മീഷനുകളുടെയും പ്രതിനിധികള്‍, അന്താരാഷ്ട്ര കത്തോലിക്കാ ഉപവിസംഘടനകളുടെ പ്രതിനിധികള്‍ മുതലായവര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ പ്രഗത്ഭരായവരുടെ പ്രബന്ധാവതരണങ്ങള്‍ക്കു പുറമേ ഏറ്റം ബലഹീനരായവര്‍ക്കുവേണ്ടിയുള്ള സഭയുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ എന്നതിനുള്ള സാക്ഷിവിവരണങ്ങളും ഈ സമ്മേളനത്തിന് പ്രായോഗികമാനം നല്‍കും.

സമഗ്രമാനവവികസനത്തിനുവേണ്ടിയുള്ള ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ പ്രീഫെക്ട് കര്‍ദി. പീറ്റര്‍ ടര്‍ക്സന്‍റെ ആമുഖപ്രഭാഷണത്തോടെ ആരംഭിക്കുന്ന ഈ സമ്മേളനത്തോടനുബന്ധിച്ച്, അതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏപ്രില്‍ നാലാം തീയതി 11.30-ന് പാപ്പായുമായുള്ള കൂടിക്കാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.  








All the contents on this site are copyrighted ©.