2017-03-31 10:54:00

DOCAT XIII - സഭയുടെ സാമൂഹികപ്രബോധനരേഖകള്‍


                                                                                                  DOCAT XIII

                                       സഭയുടെ സാമൂഹികപ്രബോധന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകള്‍

സഭാദര്‍ശനം പരിപാടിയില്‍, ഡുക്യാറ്റ് പഠനപരമ്പരയുടെ പതിമൂന്നാം ഭാഗത്ത്, സഭയുടെ സാമൂഹികപ്രബോധന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളായ രേഖകളിലൂടെ നാം കടന്നുപോവുകയാണ്.

'സാമൂഹികപ്രബോധനം' എന്ന സംജ്ഞ പരാമര്‍ശിക്കുന്നത്   സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് റേരും നൊവാരും മുതല്‍ സഭയുടെ പ്രബോധനാധികാരം പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവനകളാണ് എന്നു നാം കണ്ടു.  1891-ലെ ഈ രേഖ തുടങ്ങി, ഇതേ പാരമ്പര്യത്തില്‍ എഴുതപ്പെട്ട ഇന്നുവരെയുള്ള സുപ്രധാന സാമൂഹികപ്രബോധന രേഖകള്‍ 14 എണ്ണമാണ്. ഇവയില്‍,  ലെയോ പതിമൂന്നാമന്‍ പാപ്പായുടെ  റേരും നൊവാരും പതിനൊന്നാം പീയൂസ് പാപ്പായുടെ  ക്വാദ്രോ ജെസിമോ ആന്നോ  വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ ചാക്രികലേഖനങ്ങളായ മാത്തെര്‍ എത് മജിസ്ത്ര, പാച്ചെം ഇന്‍ തേറിസ് എന്നീ രേഖകളാണ് കഴിഞ്ഞ ആഴ്ചയില്‍ നാം പരിചയപ്പെട്ടത്. ദുര്‍ബലര്‍ക്കും പാവങ്ങള്‍ക്കുംവേണ്ടി, സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്ന സഭയുടെ ശബ്ദമാണ് ഇവയിലെല്ലാം മുഴങ്ങിക്കേള്‍ക്കുക. തുടര്‍ന്നുവരുന്ന പത്തു രേഖകള്‍ ഇവിടെ നാം പരിചയപ്പെടുന്നു.

ഈ ഗണത്തില്‍പ്പെടുന്ന അഞ്ചാമത്തെയും ആറാമത്തെയും രേഖകള്‍ രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ രേഖകളാണ്.  ഗാവുദിയും എത് സ്പേസ്, GAUDIUM ET SPES (GS) എന്ന  പാസ്റ്ററല്‍ കോണ്‍സ്റ്റിറ്റ്യൂഷനും ദിഞ്ഞിത്താത്തിസ് ഹുമാനേ,  DIGNITATIS HUMANE (DH) എന്ന പ്രഖ്യാപനവുമാണവ.

5.  GAUDIUM ET SPES (GS)

ഈ ഗണത്തില്‍പ്പെടുന്ന അഞ്ചാമത്തെ രേഖ, ഗാവുദിയും എത് സ്പേസ് (GAUDIUM ET SPES, GS) എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പാസ്റ്ററല്‍ കോണ്‍സ്റ്റിറ്റ്യൂഷനാണ്. 1965 ഡിസംബര്‍ ഏഴിനു പുറപ്പെടുവിച്ച ഈ രേഖ ഈ കൗണ്‍സില്‍ പുറത്തിറക്കിയ പതിനാറു പ്രമാണരേഖകളില്‍ ഏറ്റവും വലുതാണ്.  ആനന്ദവും പ്രതീക്ഷയും എന്നു തര്‍ജ്ജമ ചെയ്യാവുന്ന ഗാവുദിയും എത് സ്പേസ് എന്ന ഈ രേഖ സഭ ആധുനികലോകത്തില്‍ എന്ന പേരാണ് കൗണ്‍സില്‍ രേഖകളുടെ മലയാളപരിഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത്.  കൗണ്‍സില്‍ രേഖകളു ടെ മലയാള ശീര്‍ഷകങ്ങള്‍ അതിന്‍റെ ഉള്ളടക്കത്തെ ആസ്പദമാക്കിയുള്ളതാണ് എന്നതാണ് അതിനു കാരണം.  സഭയുടെ കാലഘട്ടമായ രണ്ടായിരം വര്‍ഷങ്ങളിലെ പുരോഗമനം മനുഷ്യ സമുദായത്തിനുമുമ്പില്‍ വിലയേറിയ നേട്ടങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. ഈ പുരോഗതി ലോകത്തിലെ പല പ്രശ്നങ്ങളെയും സങ്കീര്‍ണമാക്കിയിട്ടുമുണ്ട്. ആധുനികലോകത്തിന്‍റെ അടയാള ങ്ങളെയും മാറിമാറിവരുന്ന ചുറ്റുപാടുകളെയും കണക്കിലെടുത്തുകൊണ്ട്, ലോകവുമായുള്ള സംവാദം വീഴ്ചകൂടാതെ നടത്തുന്നതിനു വാതില്‍ തുറക്കുന്ന ഒരു രേഖയാണിതെന്നു പറയാം.

6.  DIGNITATIS HUMANE (DH)

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ 1965, നവംബര്‍ 19-നു പുറപ്പെടുവിച്ച മറ്റൊരു രേഖയായ ദിഞ്ഞിത്താത്തിസ് ഹുമാനേ,  DIGNITATIS HUMANE (DH) സാമൂഹിക പ്രബോധനങ്ങളുടെ വിഭാഗത്തില്‍ പെടുന്നതാണ്. കാരണം, വ്യക്തികളുടെയും സമൂഹങ്ങളുടെയും മതസ്വാതന്ത്ര്യം പ്രഖ്യാപനം ചെയ്യുകയാണിതില്‍. അജപാലനോത്മുഖമായ ഈ പ്രഖ്യാപനത്തില്‍ മൂന്നു തത്വങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നു.

1. മതസ്വാതന്ത്ര്യം എന്നത് മനുഷ്യന്‍റെ ജന്മാവകാശമാണ്.

2. മതകാര്യങ്ങളില്‍ രാഷ്ട്രത്തിനു പങ്കുണ്ട്

3. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ഭരണഘടനകളില്‍ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു.

ഇതിന്‍റെ ശീര്‍ഷകമായ ദിഞ്ഞിത്താത്തിസ് ഹുമാനേ എന്നത് മനുഷ്യവ്യക്തിയുടെ അന്തസ് എന്നു വിവര്‍ത്തനം ചെയ്യാമെങ്കിലും മലയാള പരിഭാഷകളില്‍ അതിന്‍റെ ഉള്ളടക്കത്തെ ആസ്പദമാക്കി മതസ്വാതന്ത്ര്യം എന്ന പേരാണു കാണുക.

 ഈ വിഭാഗത്തില്‍ പെടുന്ന അടുത്ത മൂന്നു രേഖകള്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ചാക്രികലേഖനങ്ങളായ പോപുളോരും പ്രോഗ്രെസിയോ (POPULORUM PROGRESSIO, PP), മനുഷ്യജീവന്‍ (HUMANAE VITAE, HV) എന്നീ രണ്ടു ചാക്രികലേഖനങ്ങളും ഒക്തോജെസിമ അദ്വേനിയന്‍സ് (OCTOGESIMA ADVENIENS, OA) എന്നിവയാണ്.

7. POPULORUM PROGRESSIO (PP)

ജനതകളുടെ പുരോഗതി എന്നു പരിഭാഷപ്പെടുത്താവുന്ന പോപുളോരും പ്രോഗ്രെസിയോ എന്ന രേഖ 1967 മാര്‍ച്ച് 26-ന് പോള്‍ ആറാമന്‍ പാപ്പാ പുറപ്പെടുവിച്ച ചാക്രികലേഖനമാണ്.  എല്ലാ ജനതകളുടെയും പുരോഗതിയില്‍ സഭ എന്നും ബദ്ധശ്രദ്ധയാണെന്ന വസ്തുത ഓര്‍മിച്ചുകൊണ്ടു തുടങ്ങുന്ന ഈ രേഖ ലോകസമാധാനത്തിനും എല്ലാ ജനതകളുടെയും പുരോഗതിക്കുമായുള്ള ലോകവ്യാപകമായ പൊതുശ്രമത്തെക്കുറിച്ചുള്ള വിചിന്തനങ്ങളാണു പങ്കുവയ്ക്കുകയും ഒപ്പം രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാമ്പത്തികാസമത്വത്തിന്‍റെ കാരണങ്ങള്‍ അപഗ്രഥിച്ച് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

8. HUMANAE VITAE (HV)

പോള്‍ ആറാമന്‍ പാപ്പായുടെ തന്നെ മനുഷ്യജീവന്‍ എന്നു പരിഭാഷപ്പെടുത്താവുന്ന (HUMANAE VITAE, HV) എന്ന രേഖയും സാമൂഹികപ്രബോനമായി കണക്കാക്കപ്പെടുന്നു. 1968-ല്‍ പുറപ്പെടുവിച്ച ഈ ചാക്രികലേഖനം മനുഷ്യജീവന്‍റെ കൈമാറ്റത്തെയും വിവാഹത്തിന്‍റെ അന്തസ്സിനെയും കുറിച്ചു പ്രതിപാദിക്കുന്നു.

9.  OCTOGESIMA ADVENIENS (OA)

 ഒക്തോജെസിമ അദ്വേനിയന്‍സ് എന്നതിന്‍റെ അര്‍ഥം ആസന്നമായ എണ്‍പതാം വര്‍ഷം എന്നതാണ്. റേരും നൊവാരും എന്ന ചാക്രികലേഖനത്തിന്‍റെ എണ്‍പതാം വാര്‍ഷികം പ്രമാണിച്ച്, 1971, മെയ് പതിനാലിനു പുറപ്പെടുവിച്ച ഈ രേഖ അപ്പസ്തോലികലേഖനമാണെങ്കിലും ഇതില്‍ സാമൂഹികപ്രബോധനം കുറെക്കൂടി പ്രായോഗികതലത്തിലേക്കു കടക്കുന്നുണ്ട്. തൊഴിലില്ലായ്മ, പരിസ്ഥിതിപ്രശ്നങ്ങള്‍, ജനസംഖ്യാവര്‍ധന എന്നീ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു.

വി. ജോണ്‍ പോള്‍ പാപ്പായുടെ മൂന്നു രേഖകളാണ് ഇതെത്തുടര്‍ന്നു പരാമര്‍ശിക്കപ്പെടുന്ന മൂന്നു സാമൂഹികപ്രബോധന രേഖകള്‍. ലബോരെം എക്സേര്‍ച്ചെന്‍സ് ( LABOREM EXERCENS), സൊള്ളിച്ചിത്തൂദോ റേയി സോചാലിസ് (SOLLICITUDO REI SOCIALIS), ചെന്തേസിമൂസ് അന്നൂസ് (CENTESIMUS ANNUS) എന്നിവയാണവ.

10. LABOREM EXERCENS (LE)

ലബോരെം എക്സേര്‍ച്ചെന്‍സ്, റേരും നൊവാരുമിന്‍റെ തൊണ്ണൂറാം വാര്‍ഷികത്തില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, 1981 മെയ് പതിനഞ്ചിനു പുറപ്പെടുവിക്കാനുദ്ദേശിച്ചിരുന്നതും എന്നാല്‍ പാപ്പായുടെമേലുണ്ടായ വധശ്രമം മൂലം അതേവര്‍ഷം സെപ്തംബര്‍ പതിനാലിനു പ്രസിദ്ധീകരി ച്ചതുമായ ഒരു രേഖയാണ്.  തൊഴില്‍ ചെയ്തുകൊണ്ട് എന്ന അര്‍ഥമാണ് ശീര്‍ഷകത്തിനു നല്‍കാവുന്ന പരിഭാഷ. തൊഴിലിനെ സംബന്ധിച്ചു പുറപ്പെടുവിച്ച ഈ ചാക്രികലേഖനത്തില്‍, മനുഷ്യന്‍റെ തൊഴില്‍, ജീവിക്കാനുള്ള ഒരു മാര്‍ഗം മാത്രമല്ല, അതിനു പ്രത്യേക മഹത്വവുമുണ്ട് എന്നു എടുത്തു പറയുന്നു. വ്യവസായത്തിന്‍റെ ഉടമ സ്ഥതയിലും നടത്തിപ്പിലും തൊഴിലാളിലകള്‍ക്കു പങ്കുണ്ടായിരിക്കണമെന്ന കാര്യം പാപ്പാ ഊന്നിപ്പറയുന്നു.  വ്യക്തിമഹത്വത്തെ നശിപ്പിക്കുന്ന മാര്‍ക്സിസത്തെയും ഒപ്പം നിയന്ത്രണരഹിതമായ മുതലാളിത്തത്തെയും ഒന്നുപോലെ വിമര്‍ശിക്കുന്നുണ്ടിതില്‍.

11.. SOLLICITUDO REI SOCIALIS (SRS)

പോപ്പുളോരും പ്രോഗ്രെസിയോ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖയുടെ ഇരു പതാംവാര്‍ഷികത്തില്‍ പ്രസിദ്ധീകൃതമായ, ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ഈ ചാക്രിക ലേഖനം 1987 ഡിസംബര്‍ 30-നു പുറപ്പെടുവിച്ചു. സാമൂഹികൗല്‍സുക്യം എന്നു ശീര്‍ഷകത്തെ വിവര്‍ത്തനം ചെയ്യാവുന്നതാണ്. സഭയുടെ സാമൂഹികൗത്സുക്യത്തെപ്പറ്റിയുള്ള ഈ രേഖയില്‍ സഭയുടെ സാമൂഹികസിദ്ധാന്തത്തിന്‍റെ തുടര്‍ച്ചയെയും നിരന്തരമായ നവീകരണത്തെയും ആവര്‍ത്തി ച്ചുറപ്പിക്കുവാനും പോള്‍ ആറാമന്‍ പാപ്പായുടെ പോപ്പുളോരും പ്രോഗെസ്സിയോ എന്ന ചാക്രികലേഖനത്തിന്‍റെ അപൂര്‍വതയും ശാശ്വതപ്രസ്തിയും വ്യക്തമാക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഇതെഴുതിയിട്ടുള്ളത്.

12. CENTESIMUS ANNUS (CA)

വി. ജോണ്‍ പോള്‍ പാപ്പാ പുറപ്പെടുവിച്ചിരിക്കുന്ന രേഖകളില്‍ സാമൂഹികപ്രബോധനമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മൂന്നാമത്തെ രേഖ, 1991 മെയ് ഒന്നിനു പ്രസിദ്ധീകരിച്ച ചെന്തേസിമൂസ് ആന്നൂസ് ആണ്.  നൂറാം വര്‍ഷം എന്നര്‍ഥം വരുന്ന ചെന്തെസിമൂസ് ആന്നൂസ്, റേരും നൊവാരുമിന്‍റെ നൂറാം വര്‍ഷത്തില്‍, കമ്മ്യൂണിസത്തിന്‍റെ പതനത്തിനുശേഷം എഴുതപ്പെട്ടതാണ്. പേരു സൂചിപ്പിക്കുന്നതുപോലെ, ഇതില്‍, ആദ്യ സാമൂഹികപ്രബോധനരേഖയായ റേരും നൊവാരുമിന്‍റെ  നൂറാം വര്‍ഷത്തില്‍ ആ രേഖയുടെ ഒരപഗ്രഥനവും അതില്‍നിന്നുണ്ടായ സദ്ഗുണങ്ങളും അതിന്‍റെ അനശ്വരപ്രസക്തിയും, ഒപ്പം ജനാധിപത്യത്തിന്‍റെ പ്രാധാന്യവും ഊന്നിപ്പറയുന്നു. 

13. CARITAS IN VERITATE (CiS)

ബെന‍ഡിക്ട് പതിനാറാമന്‍ പാപ്പായുടെ ഈ ചാക്രികലേഖനം, ആഗോളവത്ക്കരണത്തിന്‍റെ വിവിധവശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. 2007-ല്‍ പോപ്പുളോരും പ്രോഗ്രെസിയോയുടെ നാല്‍പ്പതാം വര്‍ഷത്തില്‍ പ്രസിദ്ധീകരിക്കാനിരുന്ന ഈ രേഖ, വിവിധ കാരണങ്ങളാല്‍ 2009 ജൂലൈ 7-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

14. LAUDATO Sì (LS)

ഫ്രാന്‍സീസ് പാപ്പായുടെ രണ്ടാമത്തെ ചാക്രികലേഖനമായ ഇത് അങ്ങേയ്ക്കു സ്തുതി എന്നു വിവര്‍ത്തനം ചെയ്യാവുന്നതാണ്. 2015 ജൂണ്‍ പതിനെട്ടിനു ഈ രേഖ പ്രസിദ്ധീകരിച്ചു.   ജീവിക്കാനും, സമഗ്രവും മാന്യവുമായ വളര്‍ച്ചയ്ക്കും ഉള്ള മനുഷ്യന്‍റെ അവകാശത്തിന്‍റെ വെളിച്ചത്തില്‍ പ്രകൃതി സംരക്ഷണത്തെ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മറ്റു സാമൂഹികപ്രബോധനങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ പ്രമേയമാണ് ഇതിനുള്ളതെങ്കിലും, മുന്‍ഗാമികളുടെ പ്രബോധനത്തിലൂന്നിനിന്നുകൊണ്ട്, സഹോദരിയും അമ്മയുമായ ഭൂമിയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പാപ്പാ പ്രബോധനം നല്‍കുന്നു.  കാലഘട്ടത്തിന്‍റെ ആവശ്യങ്ങളോടു പ്രതികരിക്കുന്ന ഈ രേഖ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

അടുത്തയാഴ്ചയില്‍, DOCAT XIV.








All the contents on this site are copyrighted ©.