2017-03-25 12:57:00

ഈ കാലഘട്ടം വെല്ലുവിളിയുടെയും അവസരത്തിന്‍റെയും സമയം - പാപ്പാ


പ്രത്യാശയിലേക്കു നയിക്കുന്ന പാത തിരിച്ചറിയുക എന്ന ദൗത്യം യൂറോപ്യന്‍ സമിതിയെ നയിക്കുന്നവര്‍ക്കുണ്ടെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

യൂറോപ്യന്‍ സാമ്പത്തിക സമിതിക്കും ആണവോര്‍ജ്ജ യൂറോപ്യന്‍ സമൂഹത്തിനും അടിത്തറയായ ഉടമ്പടികള്‍,  60 വര്‍ഷം മുമ്പ്, 1957 മാര്‍ച്ച് 25 ന് റോമില്‍ വച്ച് ഒപ്പുവയ്ക്കപ്പെട്ടതിന്‍റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എത്തിയ യൂറോപ്യന്‍ സമിതിയില്‍പ്പെട്ട നാടുകളുടെയും യൂറോപ്യന്‍ ഭരണസമിതിയുടെയും തലവന്മാരുടെ 27 പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (24/03/17) വൈകുന്നേരം വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സാമ്പത്തിക പ്രതിസന്ധി, കുടുംബത്തെ അലട്ടുന്ന പ്രതിസന്ധികള്‍, കുടിയേറ്റ പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ പ്രതിസന്ധിയെ ദ്യോതിപ്പിക്കുന്ന പദത്തിന്‍റെ ഉല്പത്തി ഗ്രീക്കു പദമായ ക്രീനൊ (κρινω) യില്‍ നിന്നാണെന്നും അതിന്‍റെ വിവക്ഷ, നിരീക്ഷിക്കുക, വിവേചിക്കുക, മൂല്യനിര്‍ണ്ണയനം നടത്തുക എന്നൊക്കെയാണെന്നു വിശദീകരിച്ചു.

ആകയാല്‍, സത്താപരമായതിനെ വിവേചിച്ചറിയാനും അതിന്മേല്‍ കെട്ടിപ്പടുക്കാനും നമ്മെ ക്ഷണിക്കുന്നതാണ് നമ്മുടെ ഈ കാലഘട്ടമെന്നും ഇത് വെല്ലുവിളിയുടെയും അവസരത്തിന്‍റെയും സമയമാണെന്നും പാപ്പാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.