2017-03-25 13:08:00

കര്‍ദ്ദിനാള്‍ വില്യം കീലറിന്‍റെ നിര്യാണത്തില്‍ പാപ്പായുടെ ദു:ഖം


അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ വില്യം ഹെന്‍ട്രി കീലറിന്‍റെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചിക്കുന്നു.

സഭൈക്യത്തിനും മതാന്തരധാരണയ്ക്കും കര്‍ദ്ദിനാള്‍ കീലര്‍ ദീര്‍ഘകാലം നല്കിയ സംഭാവനകള്‍ ഫ്രാന്‍സീസ് പാപ്പാ ബാള്‍ട്ടിമോര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് വില്യം ലോറിക്കയച്ച അനുശോചനസന്ദേശത്തില്‍ അനുസ്മരിക്കുകയും പരേതന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ ടെക്സസില്‍ 1931 മാര്‍ച്ച് 4 ന് ജനിച്ച കര്‍ദ്ദിനാള്‍ വില്യം കീലറിന് വ്യാഴാഴ്ച (23/03/17) അന്ത്യം സംഭവിക്കുമ്പോള്‍ പ്രായം 86 ആയിരുന്നു.

അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍സംഘത്തിലെ അംഗസംഖ്യ 223 ആയി താണു. ഇവരി‍ല്‍ പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കൊണ്‍ക്ലേവില്‍ സമ്മതിദാനാവകാശമുള്ളവര്‍  117 ആണ്. ശേഷിച്ച 106 പേര്‍ക്ക് 80 വയസ്സു പൂര്‍ത്തിയായതിനാല്‍ ഈ അവകാശം ഇല്ല. 








All the contents on this site are copyrighted ©.