2017-03-22 08:21:00

''ക്ഷമയ്ക്ക് പ്രാര്‍ഥനയും പശ്ചാത്താപവുമാവശ്യം'': ഫ്രാന്‍സീസ് പാപ്പാ.


ക്ഷമിക്കുന്നതിനും ക്ഷമിക്കപ്പെടുന്നതിനും, പ്രാര്‍ഥനയും പശ്ചാത്താപവുമാവശ്യമാണ്: ഫ്രാന്‍സീസ് പാപ്പാ.

മാര്‍ച്ച് ഇരുപത്തൊന്നാംതീയതി, ചൊവ്വാഴ്ച സാന്താമാര്‍ത്തായിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പാ.  നിങ്ങളെല്ലാവരും പാപികളാണോ? എന്നും പാപത്തിനു ക്ഷമ ലഭിക്കണമെങ്കില്‍ എന്തു ചെയ്യണം? എന്നും ചോദിച്ചുകൊണ്ട് ആരംഭിച്ച, വചനസന്ദേശത്തില്‍ പാപ്പാ ക്ഷമയെക്കുറിച്ചും അതു എങ്ങനെ ലഭിക്കും എന്നതിനെക്കുറിച്ചും വി. ഗ്രന്ഥവായനകളെ വ്യാഖ്യാനിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.

ക്ഷമിക്കുക എന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള രഹസ്യംതന്നെയാണ്.  ചെയ്ത പാപത്തെക്കുറിച്ച് ഒരു നാണക്കേട്, ലജ്ജ തോന്നുക എന്നതാണ് ക്ഷമിക്കപ്പെടുന്നതിനുള്ള ആദ്യപടി. ദാനിയേലിന്‍റെ ഗ്രന്ഥത്തില്‍ നിന്നുള്ള വായനയിലെ, ജനത്തിന്‍റെ തെറ്റുകളെക്കുറിച്ചു ഖേദിക്കുകയും ലജ്ജിക്കുകയും ചെയ്യുന്ന അസറിയായുടെ വാക്കുകള്‍ അതു വെളിപ്പെടുത്തുന്നുണ്ട്.  എന്നാല്‍ സുവിശേഷത്തിലെ സേവകനു തന്‍റെ തെറ്റിനെക്കുറിച്ച് ഒരു ലജ്ജയും തോന്നുന്നില്ല. തന്‍റെ വലുതായ കടം ഇളവു ചെയ്തുകിട്ടിയിട്ടും തന്‍റെ കടക്കാരോടു ക്ഷമിക്കാന്‍ കഴിയാത്ത വ്യക്തിയെയാണ് നാം അവിടെ കാണുന്നത്. കുമ്പസാരവേദിയില്‍ ദൈവത്തിന്‍റെ കരുണയെക്കുറിച്ച് നമുക്കു ബോധ്യമുണ്ടാകണം. ഞാന്‍ ക്ഷമിക്കപ്പെട്ട വ്യക്തിയായി എന്നു മനസ്സിലാക്കുന്ന ആള്‍ക്കേ ക്ഷമിക്കാന്‍ കഴിയുകയുള്ളു. യജമാനന്‍റെ ഔദാര്യത്തെക്കുറിച്ചു മനസ്സിലാക്കാത്ത സേവകന്‍ തന്‍റെ തെറ്റിനെക്കുറിച്ച് ലജ്ജിക്കുന്നില്ല. 

പാപത്തെക്കുറിച്ചുള്ള നാണക്കേട് ഒരു കൃപയാണെന്ന് ഉദ്ബോധിപ്പിച്ചകൊണ്ട് പാപ്പാ തുടര്‍ന്നു.   പാപത്തെക്കുറിച്ചുള്ള ലജ്ജ, അതൊരു കൃപയാണ്.  അതു ദൈവത്തില്‍ നിന്നു ചോദിച്ചുവാങ്ങുക.  പാപങ്ങളെക്കുറിച്ചു നാണക്കേടുണ്ടാകട്ടെ, അതു ദൈവത്തോടു ക്ഷമ ചോദിക്കുന്നതിനിടയാകും. ദൈവത്തില്‍ നിന്നു കിട്ടിയ ക്ഷമയെന്ന വലിയ കൃപ മറ്റുള്ളവര്‍ക്കു ഉദാരതയോടെ നല്‍കുന്നതിനു സാധിക്കുകയും ചെയ്യും.

കര്‍ത്താവു നമ്മോട് ഒരുപാടു ക്ഷമിച്ചെങ്കില്‍, ക്ഷമിക്കാതിരിക്കാന്‍ ഞാനാരാണ്? എന്ന ചോദ്യത്തോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.  








All the contents on this site are copyrighted ©.