2017-03-17 09:20:00

DOCAT - XI: സഭയ്ക്ക് ഒരു സാമൂഹികദൗത്യമുണ്ട്


DOCAT - XI: സഭയ്ക്ക് ഒരു സാമൂഹികദൗത്യമുണ്ട്

ഡുക്യാറ്റ് പഠനപരമ്പരയുടെ പതിനൊന്നാം ഭാഗത്തില്‍ ഗ്രന്ഥത്തിന്‍റെ രണ്ടാം അധ്യായത്തിലേക്കു നാം കടക്കുകയാണ്.  ദൈവത്തിന്‍റെ സ്നേഹപദ്ധതിയനുസരിച്ചുള്ള സൃഷ്ടികര്‍മവും പാപം ചെയ്ത് ദൈവത്തില്‍ നിന്നകന്നെങ്കിലും മനുഷ്യനെ വീണ്ടെടുക്കുന്ന സ്നേഹപദ്ധതിയിലെ രക്ഷാകരകര്‍മവും നാം കാണുകയായിരുന്ന ഒന്നാമധ്യായത്തില്‍.  ദൈവികസ്നേഹത്തെക്കുറിച്ച്, അവിടുത്തെ പദ്ധതിയെക്കുറിച്ച് വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ തുടങ്ങി ഇന്നുവരെയുള്ള പാപ്പാമാരുടെ പ്രബോധനങ്ങളിലെ പ്രസക്തഭാഗങ്ങള്‍ ഒന്നാമധ്യായത്തിനു അനുയോജ്യമായി നല്‍കിയിരിക്കുന്ന ഉപസംഹാരഭാഗത്തിന്‍റെ പരിചിന്തനമായിരുന്നു കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നാം ചെയ്തത്.

ഡുക്യാറ്റ് ഗ്രന്ഥത്തിന്‍റെ രണ്ടാം അധ്യായത്തില്‍ സഭയുടെ സാമൂഹികദൗത്യത്തെക്കുറിച്ചുള്ള പ്രബോധനമാണുള്ളത്.  ഈ അധ്യായത്തില്‍ 25 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഒപ്പം വിശദീകരണഭാഗങ്ങളും, മാത്രമല്ല, സാമൂഹികപ്രബോധനങ്ങളുടെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്ന രേഖകളും അവയെക്കുറിച്ച് ചെറിയ വിശദീകരണങ്ങളും അവസാനം ഒന്നാമധ്യായത്തിലെന്നപോലെ, ഇവയില്‍നിന്ന് പ്രസക്തഭാഗങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഒരുമിച്ചായിരിക്കുമ്പോള്‍ നാം ശക്തരാണ് എന്നതാണ് ഈ അധ്യായത്തിന്‍റെ ശീര്‍ഷകം.

                                     അധ്യായം 2.  ഒരുമിച്ചായിരിക്കുമ്പോള്‍ നാം ശക്തരാണ്

                                                                        (സഭയുടെ സാമൂഹികദൗത്യം: ചോദ്യങ്ങള്‍ 22-46)

ആംഗ്ലിക്കന്‍ ദൈവശാസ്ത്രജ്ഞനായിരുന്ന ജോണ്‍ വെസ്ലിയുടെ (1703-1791) വാക്യമാണ് സഭയുടെ സാമൂഹിക ദൗത്യത്തെ വിശദീകരിക്കുന്ന ഈ അധ്യായത്തിന് ഉപശീര്‍ഷകമെന്നോ ആമുഖമെന്നോ ഉള്ള രീതിയില്‍ കൊടുത്തിരിക്കുന്നത്.  അതിപ്രകാരമാണ്: ‘‘കഴിയുന്ന എല്ലാ നന്മയും കഴിവുള്ള എല്ലാരീതിയി ലും മാര്‍ഗത്തിലും, കഴിയുന്ന എല്ലാ സ്ഥലങ്ങളിലും, കഴിയുന്ന എല്ലാ സമയത്തും കഴിയുന്ന ഏ വര്‍ക്കും നിങ്ങള്‍ക്കു കഴിയുന്ന കാലത്തോളം ചെയ്യുക’’. ഇത് ‘ജോണ്‍ വെസ്ലിയുടെ നിയമം’ എന്നാണ് അറിയപ്പെടുന്നത്. തുടര്‍ന്നു നല്‍കിയിരിക്കുന്ന ചോദ്യോത്തരങ്ങളില്‍,  22 മുതല്‍ 25 വരെയുള്ള ചോദ്യോത്തരങ്ങള്‍ ഇന്നു നമ്മുടെ പഠനത്തിനായി എടുക്കുകയാണ്.

ചോദ്യം 22.  എന്തുകൊണ്ടാണ് സഭയ്ക്ക് ഒരു സാമൂഹികാനുശാസനം ഉണ്ടായിരിക്കുന്നത്?
ഉത്തരം: മനുഷ്യന്‍ അടിസ്ഥാനപരമായി സാമൂഹികജീവിയാണ്. സ്വര്‍ഗത്തിലും ഭൂമിയിലും മനുഷ്യന്‍ ഒരു സമൂഹത്തെ ആശ്രയിച്ചിരിക്കുന്നു.  പഴയനിയമത്തില്‍, ദൈവം തന്‍റെ ജനത്തിനു നീതിയും നന്മ യുമുള്ള ഒരു ജീവിതം നയിക്കേണ്ടതിന് മാനുഷികമായ ചട്ടങ്ങളും പ്രമാണങ്ങളും നല്‍കി. നീതിയി ലുള്ള ഒരു സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്നതിന്, മനുഷ്യബുദ്ധിക്ക് നീതിയുടെ പ്രവൃത്തികളില്‍നിന്ന് അനീതിയുടെ പ്രവൃത്തികളെ വേര്‍തിരിക്കാന്‍കഴിയും. ആ നീതി സ്നേഹത്തിലൂടെമാത്രമേ നിറവേറ്റ പ്പെടുകയുള്ളു എന്ന് യേശുവില്‍ നാം കാണുന്നുണ്ട്. ഐക്യദാര്‍ഢ്യത്തിന്‍റെ ആനുകാലികാശയങ്ങള്‍ അയല്‍ക്കാരനോടുള്ള സ്നേഹമെന്ന ക്രിസ്തീയാശയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടവയാണ്.

സാമൂഹികം എന്നു നാം വിവര്‍ത്തനം ചെയ്യുന്ന സോഷ്യല്‍ (social) എന്ന ഇംഗ്ലീഷ്പദം സോചാലിസ് (socialis) എന്ന ലത്തീന്‍ പദത്തില്‍നിന്നുള്ള തദ്ഭവരൂപമാണ്. ഒരു രാഷ്ട്രത്തിലോ സമൂഹത്തിലോ മനുഷ്യര്‍ ഒരുമിച്ചു സഹവസിക്കുന്നതിനെക്കുറിച്ചുള്ളത് എന്ന അര്‍ഥത്തിലാണ് നാമത് ഉപയോഗി ക്കുക. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, സഭയുടെ സാമൂഹികപ്രബോധനങ്ങളെക്കുറിച്ചു പഠിപ്പിക്കുന്നു. പത്തുപ്രമാണങ്ങളെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ അതിലെ ഏഴാമത്തെ ‘മോഷ്ടിക്കരുത്’ എന്ന കല്‍പ്പനയോടു ബന്ധപ്പെടുത്തിയാണ് സഭയുടെ സാമൂഹികപ്രബോധനത്തെക്കുറിച്ച് അവതരിപ്പിക്കുന്നത്. 2419 മുതലുള്ള ഖണ്ഡികളില്‍ ഈ പ്രബോധനം കാണാം.

കത്തോലിക്കാ സഭയ്ക്ക് ഒരു സാമൂഹികാനുശാസനം ഉണ്ട് എന്നതിനുള്ള കാരണം അതില്‍ പറയുന്നുണ്ട്: ''പൊതുനന്മയുടെ കാലികവശങ്ങളില്‍ സഭയ്ക്കു താല്പര്യമുണ്ട്. കാരണം, അവ നമ്മു‌ടെ ആത്യന്തിക ലക്ഷ്യമായ പരമനന്മയിലേക്കു നയിക്കുന്നവയാണ്.  ഭൗതികവസ്തുക്കളെ സംബന്ധിച്ചും സാമൂഹിക- സാമ്പത്തിക ബന്ധങ്ങളിലും ശരിയായ മനോഭാവങ്ങള്‍ സൃഷ്ടിക്കുന്നവാന്‍ അവള്‍ പരിശ്രമിക്കുന്നു'' (No. 2420). സഭയ്ക്കു സാമൂഹികാനുശാസനം ഉണ്ട് എങ്കില്‍ അതിന്‍റെ ലക്ഷ്യമെന്താണ് എന്നതിനെക്കുറി ച്ചാണ് തുടര്‍ന്നുള്ള ചോദ്യം.

ചോദ്യം 23: എന്തൊക്കെയാണ് സഭയുടെ സാമൂഹികപ്രബോധനത്തിന്‍റെ ലക്ഷ്യങ്ങള്‍?
ഉത്തരം: സാമൂഹികപ്രബോധനത്തിനു രണ്ടു ലക്ഷ്യങ്ങളാണുള്ളത്. 
1.  സുവിശേഷത്തില്‍ കാണപ്പെടുന്നതുപോലെ, നീതിപൂര്‍വമായ സാമൂഹികപ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങളെ പ്രതിപാദിക്കുക
2.  നീതിയുടെ പേരില്‍, സുവിശേഷസന്ദേശത്തിനെതിരായി വരുന്ന സന്ദര്‍ഭങ്ങളില്‍,  സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയപ്രവര്‍ത്തനങ്ങളെയും ഘടനകളെയും തള്ളിപ്പറയുക.
ക്രിസ്തീയവിശ്വാസത്തിന് മാനവാന്തസ്സിനെക്കുറിച്ചു വ്യക്തമായ ഒരാശയമുണ്ട്. ഈ ആശയത്തില്‍ നിന്ന് ഉരുവാക്കപ്പെടുന്ന നിയതമായ തത്വങ്ങളും, നിബന്ധനകളും മൂല്യനിര്‍ണയങ്ങളും സ്വതന്ത്രവും  നീതിപൂര്‍വകവുമായ ഒരു സാമൂഹികക്രമത്തെ സാധ്യമാക്കുന്നു. സാമൂഹികപ്രബോധനങ്ങളിലെ ത ത്വങ്ങള്‍ വ്യക്തമായിരിക്കുന്നതിനാല്‍, അവ, ആനുകാലിക സാമൂഹിക തര്‍ക്കവിഷയങ്ങളില്‍ വീണ്ടും വീണ്ടും പ്രയോഗിക്കണം.  സഭ അവളുടെ സാമൂഹികാനുശാസനങ്ങള്‍ ഇങ്ങനെ പ്രയോഗിക്കു ന്നതി ലൂടെ സഭ, വ്യത്യസ്തകാരണങ്ങളാല്‍ തങ്ങളുടെ ശബ്ദമുയര്‍ത്തുന്നതിനു കഴിവില്ലാത്ത, എന്നാല്‍ നിരന്തരമായി നീതിരഹിതമായ പ്രവര്‍ത്തനങ്ങളുടെയും ഘടനകളുടെയും പരിണിതഫലമേല്‍ക്കുന്ന എല്ലാ ജനങ്ങള്‍ക്കും വേണ്ടി വാദിക്കുന്നു.

യേശുക്രിസ്തുവിന്‍റെ സ്നേഹം എന്തിനുവേണ്ടിയായിരുന്നുവോ, എങ്ങനെയായിരുന്നുവോ വെളിപ്പെട്ടത്, അതിനുവേണ്ടി, അങ്ങനയായിരിക്കുന്നതിനു തന്നെയാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്. ലോകരക്ഷയ്ക്കായി ദൈവരാജ്യത്തിന്‍റെ വെളിപ്പെടുത്തലായിരുന്നു യേശുവെങ്കില്‍, നമ്മുടെ സാമൂഹികദൗത്യം ലക്ഷ്യം വയ്ക്കുന്നത് മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടിത്തന്നെയാണ്.  ഫ്രാന്‍സീസ് പാപ്പായുടെ സുവിശേഷത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോലികാഹ്വാനത്തില്‍ ഇതു വിശദീകരിക്കുന്നു.

''തങ്ങളുടെ ഇടയന്മാരടക്കം സകലക്രൈസ്തവരും മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കുന്നതില്‍ താല്പര്യം പ്രകടമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. സഭയുടെ സാമൂഹിക ചിന്ത പ്രാഥമികമായി സര്‍ഗാത്മകമായതിനാല്‍ ഇത് അനുപേക്ഷണീയമാണ്. അത് നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നു, അത് മാറ്റത്തിനു വേണ്ടി പ്രയത്നിക്കുന്നു.  ഈ അര്‍ഥത്തില്‍ അത് നിരന്തരമായി യേശുക്രിസ്തുവിന്‍റെ സ്നേഹം നിറഞ്ഞ ഹൃദയത്തില്‍നിന്നു പുറപ്പെടുന്ന പ്രത്യാശ ചൂണ്ടിക്കാട്ടുന്നു'' (സുവിശേഷത്തിന്‍റെ ആനന്ദം, 183).

സുവിശേഷത്തില്‍നിന്നുത്ഭവിക്കുന്ന ഈ പ്രബോധനങ്ങള്‍ ഒരിക്കലും സുവിശേഷത്തിനുമുപരിയല്ല, പ്രത്യുത, അതിനെ സേവിക്കുവാനുള്ളതാണെന്നുകൂടി സഭ പഠിപ്പിക്കുന്നുണ്ട്: ''ഏല്പിക്കപ്പെട്ടിരിക്കുന്നതല്ലാതെ മറ്റൊന്നും സഭ പഠിപ്പിക്കുന്നില്ല'' (ദൈവാവിഷ്ക്കരണം, 10).

മതബോധനഗ്രന്ഥം ഈ ലക്ഷ്യത്തെ കൃത്യമായി നിര്‍വചിക്കുന്നുണ്ട്: ''സഭയുടെ സാമൂഹികപ്രബോധനം പരിചിന്തനത്തിനുള്ള തത്വങ്ങള്‍ നിര്‍ദേശിക്കുകയും വിധിതീര്‍പ്പിനു ള്ള മാനദണ്ഡങ്ങള്‍ ആവിഷ്ക്കരിക്കുകയും പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു'' (No. 2423).

ചോദ്യം 24: എന്തായിരിക്കണം സഭയുടെ സാമൂഹികപ്രബോധനം എന്നു നിശ്ചയിക്കുന്നതാരാണ്?
ഉത്തരം:  സഭയുടെ എല്ലാ അംഗങ്ങളും അവര്‍ക്കുള്ള പ്രത്യേകമായ ദൗത്യത്താലും കഴിവിനാലും സാമൂഹികപ്രബോധനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ പങ്കുകാരാകുന്നുണ്ട്.  സാമൂഹികാനുശാസന ങ്ങളുടെ തത്വങ്ങള്‍ സുപ്രധാന സഭാരേഖകളിലെല്ലാം ഉരുവിടപ്പെട്ടിട്ടുണ്ട്. സാമൂഹികപ്രമാണങ്ങള്‍ അഥവാ അനുശാസനങ്ങള്‍ സഭയുടെ ഔദ്യോഗികപ്രബോധനങ്ങളാണ്. സഭയുടെ മജിസ്തേരിയം - പാപ്പായും പാപ്പായോടുചേര്‍ന്ന് മെത്രാന്മാരും - നീതിയുള്ള, സമാധാനപൂര്‍ണമായ സമൂഹങ്ങളുടെ ആവശ്യതയെക്കുറിച്ച് സഭയെയും മാനവകുലം മുഴുവനെയും ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു.

അതു നിശ്ചയിക്കുമ്പോള്‍ ദൈവജനത്തിന്‍റെ മുഴുവന്‍ ഭാഗഭാഗിത്വവുമുണ്ട് എന്നു പറയുന്നതാകും ശരി. കാലത്തിന്‍റെ അടയാളങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ളതാണ് അത്. നീതിപൂര്‍വമായ സമൂഹങ്ങളുടെ ആവശ്യകതയെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍ അതു യേശുവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ തുടര്‍ച്ച തന്നെയായിരിക്കണമെന്നുള്ള തത്വത്തിലധിഷ്ഠിതമാണത്. കാരണം, യേശുവിനെക്കുറിച്ച് സ്നാപകയോഹന്നാന്‍റെ ശിഷ്യന്മാര്‍ അറിയിച്ചതുതന്നെയാണ് സഭയുടെ പ്രേഷിതദൗത്യമായി അറിയിക്കപ്പടുന്നത്: ''അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു'' (മത്താ 11,5).

ഫ്രാന്‍സീസ് പാപ്പാ ചോദിക്കുന്നു: ''പാര്‍പ്പിടമില്ലാത്ത പ്രായാധിക്യമുള്ള ഒരാള്‍ അനാവൃതനായതുകൊണ്ടു മരിക്കുമ്പോള്‍ അത് വാര്‍ത്തയാകാതിരിക്കുകയും സ്റ്റോക് മാര്‍ക്കറ്റില്‍ രണ്ടു പോയിന്‍റുകള്‍ നഷ്ടപ്പെടുമ്പോള്‍ അതു വാര്‍ത്തയാകുകയും ചെയ്യുന്നതെങ്ങനെയാണ്? ഇത് ഒഴിവാക്കലിന്‍റെ ഒരു കാര്യമാണ്.  ആളുകള്‍ പട്ടിണികി ടക്കുന്ന സമയത്ത് ഭക്ഷണം പാഴാക്കിക്കളയുന്നതിനെ നമുക്ക് തുടര്‍ന്നും അനുകൂലിക്കുവാന്‍ കഴി യുമോ?'' (സുവിശേഷത്തിന്‍റെ ആനന്ദം, 53).

സുവിശേഷത്തിലടിയുറച്ച സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ എന്നുമുണ്ടായിരുന്നു എന്നു കാണാം.  എന്നിരുന്നാലും ഇന്ന് ‘സാമൂഹികപ്രബോധനം’ എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത് കുറച്ചുകൂടി നിഷ്കൃഷ്ടാര്‍ഥത്തിലുള്ള വിഷയത്തോടു ബന്ധപ്പെട്ടും പ്രത്യേക കാലഘട്ടത്തില്‍ സാമൂഹിക പ്രശ്നങ്ങളോടു ബന്ധപ്പെട്ടും സഭയുടെ പ്രബോധനാധികാരം പുറപ്പെടുവിച്ചിട്ടുള്ള രേഖകളാണ്.  അതിനെ ക്കുറിച്ചുള്ളതാണ് അടുത്തുവരുന്ന ചോദ്യവും ഉത്തരവും.

ചോദ്യം 25: സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ രൂപംകൊണ്ടതെങ്ങനെ?
ഉത്തരം: സാമൂഹികമായ വെല്ലുവിളിക്കപ്പെട്ടുകൊണ്ടല്ലാതെ ഒരുവനും സുവിശേഷം കേള്‍ക്കപ്പെടാനാവില്ല. എന്നിരുന്നാലും 'സാമൂഹികപ്രബോധനം' എന്ന സംജ്ഞ പരാമര്‍ശിക്കുന്നത്, സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ലെയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരും മുതല്‍ സഭയുടെ പ്രബോധനാധികാരം പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവനകളാണ്. പത്തൊമ്പതാംനൂറ്റാണ്ടിലെ വ്യാവസായിക മുന്നേറ്റത്തോടുകൂടി, തികച്ചും നവമായ ഒരു സാമൂഹികപ്രശ്നം ഉയര്‍ന്നുവന്നു.  മിക്കവാറും ജനങ്ങള്‍ കാര്‍ഷികജോലികളില്‍നിന്ന് വ്യാവസായികരംഗത്ത് ജോലി ചെയ്തുതുടങ്ങി. അവിടെ തൊ ഴിലാളിലകള്‍ക്ക് സംരക്ഷണമോ, ഇന്‍ഷുറന്‍സോ, വിശ്രമസമയമോ ഉണ്ടായിരുന്നില്ല.  ബാലവേലപോലും സാധാരണമായി.  തൊഴിലാളികളെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് അവരെ ഉയര്‍ത്തുന്നതിന് തൊഴിലാളി യൂണിയനുകള്‍ രൂപീകൃതമായി.  ലെയോ പതിമൂന്നാമന്‍ പാപ്പാ അനന്യസാധാരണമായ രീതിയില്‍ ഈ വ്യവസ്ഥയോടു പ്രതികരിക്കേണ്ടിയിരുന്നു എന്നു വ്യക്തമാണ്.  റേരും നൊവാരും എന്ന ചാക്രികലേഖനത്തില്‍, പാപ്പാ നീതിപൂര്‍വമായ ഒരു സാമൂഹിക ക്രമത്തിന്‍റെ രൂപരേഖ വരയ്ക്കുന്നുണ്ട്.  അതിനുശേഷമുള്ള പാപ്പാമാര്‍, കാലത്തിന്‍റെ അടയാളങ്ങളോടു വീണ്ടും വീണ്ടും പ്രത്യുത്തരിക്കുന്നുണ്ട്.  പ്രത്യേകിച്ചും അടിയന്തിരമായ സാമൂഹികപ്രശ്നങ്ങളെ,  റേരും നൊവാരുമിന്‍റെ പാരമ്പര്യമനുസരിച്ചു സംബോധന ചെയ്യുന്നുണ്ട്. ഇപ്രകാരമുള്ള പ്രസ്താവനകളുടെ സമാഹാരമാണ് സഭയുടെ സാമൂഹികപ്രബോധനങ്ങള്‍.  സാര്‍വത്രികസഭയുടെ ഈ രേഖകള്‍ക്ക്, അതായത്, പാപ്പാമാരുടെയോ, സൂനഹദോസിന്‍റെയോ, അല്ലെങ്കില്‍ റോമന്‍കൂരിയായുടെയോ രേഖകള്‍ക്കുപുറമേ പ്രാദേശികമായുള്ളവയും, ഉദാഹരണമായി, സാമൂഹികപ്രശ്നങ്ങളെ സംബന്ധിച്ച് മെത്രാന്‍സമിതികളുടെ ഇടയലേഖനങ്ങളും സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ ഭാഗമായി കരുതപ്പെടുന്നു.

‘എവിടെയാണ് നിന്‍റെ സഹോദരന്‍?’ എന്നു ചോദിക്കുന്ന ദൈവത്തോട് ഇന്നും കായേനെപ്പോലെ ഉത്തരം പറയുന്നവരുണ്ട്: ‘എനിക്കറിഞ്ഞുകൂടാ, ഞാനാണോ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍?’. നീതിമാനായ ആബേലിനെപ്പോലെ വധിക്കപ്പെടുന്നവരുമുണ്ട്. രണ്ടുകൂട്ടരുടെയും രക്ഷയ്ക്കുവേണ്ടി ഒരു വിശ്വാസി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നതിനാല്‍ സഭയ്ക്കു സാമൂഹികപ്രബോധനമുണ്ട്: സാമൂഹികമായ തെറ്റുകള്‍ തിരുത്തിയും, നേര്‍വഴി ചൂണ്ടിക്കാണിച്ചും തെറ്റുകള്‍ക്കു പരിഹാരം ചെയ്തും നീതിയിലുള്ള ഒരു സമൂഹം കെ‌ട്ടിപ്പടുക്കുന്നതിന്.

സഭ ദൈവജനമാണ്.  അതുകൊണ്ട് സഭയുടെ സാമൂഹിക ദൗത്യമെന്നത് ദൈവജനത്തിലൂടെ നിര്‍വഹിക്കപ്പടേണ്ടതാണ്.  സ്വര്‍ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂര്‍ണരാകാനുള്ള വിളിയുടെ ഭാഗമാണ് സഭയുടെ സാമൂഹികദൗത്യം.  അതു സ്വര്‍ഗസ്ഥനായ പിതാവിനെപ്പോലെ കരുണയുള്ളവരാകുന്നതിനുള്ള വിളിയുമാണ്. ഈ വിളി സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ദൈവത്തിന്‍റെ കൃപയ്ക്കായി പ്രാര്‍ഥിക്കാം.








All the contents on this site are copyrighted ©.