2017-03-16 13:32:00

മനുഷ്യക്കടത്തിനറുതിവരുത്താന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം


യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അറുതിവരാത്തിടത്തോളം കാലം ലൈംഗികചൂഷണത്തിനായുള്ള മനുഷ്യക്കടത്ത്, നര്‍ബന്ധിത തൊഴില്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തഴച്ചുവളരുമെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ  സ്ഥിരം നിരീക്ഷകനായ ആര്‍ച്ച്ബിഷപ്പ്  ബെര്‍ണ്ണര്‍ദീത്തൊ ഔത്സ ആശങ്കപ്രകടിപ്പിക്കുന്നു.

ആകയാല്‍ സ്വന്തം ജനങ്ങള്‍ക്കെതിരായിത്തന്നെ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സംഘങ്ങള്‍ക്കും സൈന്യങ്ങള്‍ക്കും അവ എത്തിച്ചുകൊടുക്കാതിരിക്കുന്നതിനും ആയുധസംബന്ധിയായ ഉടമ്പടികള്‍ കര്‍ശനമായി നടപ്പിലാക്കാനും ആയുധക്കടത്തിനെതിരെ നിയമത്തിന്‍റെ പൂര്‍ണ്ണ പിന്‍ബലത്തോടെയുള്ള പോരാട്ടം തുടരാനും അദ്ദേഹം പരിശുദ്ധസിംഹാസനത്തിന്‍റെ നാമത്തില്‍ രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സംഘര്‍ഷാവസ്ഥകളില്‍ നടത്തപ്പെടുന്ന മനുഷ്യക്കടത്തിനെ അധികരിച്ച് അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി സംഘടിപ്പിച്ച  ചര്‍ച്ചയില്‍ ബുധനാഴ്ച (15/03/17) സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്പ് ഔത്സ.

മനുഷ്യക്കടത്ത് അടിമത്തത്തിന്‍റെ ഒരു രൂപവും നരകുലത്തിനെതിരായ കുറ്റകൃത്യവും മനുഷ്യാവകാശങ്ങളുടെ ലജ്ജാകരവും ഗുരുതരവുമായ ധ്വംസനവും ആണെന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ആവര്‍ത്തിച്ച അദ്ദേഹം ഈ കുറ്റകൃത്യം ലോകത്തില്‍ വിനോദസഞ്ചാര മേഖലയിലുള്‍പ്പടെ വ്യാപകമാണെന്ന് ഖേദം പ്രകടിപ്പിച്ചു.

കൊടുംദാരിദ്ര്യം, അല്പവികസനം, പരിത്യക്താവസ്ഥ, തൊഴിലില്ലായ്മ, വിദ്യഭ്യാസസാധ്യതകളുടെ അഭാവം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വ്യക്തികള്‍ മനുഷ്യക്കടത്തിന് എളുപ്പത്തില്‍ ഇരകളാകുന്ന വസ്തുത ചൂണ്ടിക്കാട്ടിയ ആര്‍ച്ചുബിഷപ്പ് ഔത്സ, ദാരിദ്ര്യം പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ അവസ്ഥകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വേധ്യരായവരെ ചൂഷണം ചെയ്യുന്നതില്‍ മനസ്സാക്ഷിക്കുത്തില്ലാത്തവരാണ് മനുഷ്യക്കടത്തുകാരെന്നു അപലപിച്ചു.

 








All the contents on this site are copyrighted ©.