2017-03-13 12:49:00

''കുരിശിന്മേല്‍ തറയ്ക്കപ്പെട്ട യേശുവിന്‍റെ രൂപം ധ്യാനിക്കുക'': പാപ്പായുടെ ത്രികാലജപസന്ദേശം


2017 മാര്‍ച്ച് 12, ഞായറാഴ്ച, ത്രികാലപ്രാര്‍ഥനയില്‍ പങ്കുകൊള്ളുന്നതിനും അതിനോടനുബന്ധിച്ച് പാപ്പാ നല്‍കുന്ന സന്ദേശം ശ്രവിച്ച് അപ്പസ്തോലികാശീര്‍വാദം സ്വീകരിക്കുന്നതിനു മായി മുപ്പത്തയ്യായിരം പേര്‍ വത്തിക്കാനിലെ വി. പത്രോസിന്‍റെ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നു എന്നു കണക്കാക്കപ്പെടുന്നു.

പതിവുപോലെ,  ഫ്രാന്‍സീസ് പാപ്പാ അങ്കണത്തിന്‍റെ എല്ലാഭാഗവും വീക്ഷിച്ചുകൊണ്ട് മന്ദഹാസത്തോടെ  കൈകളുയര്‍ത്തി വീശി വത്തിക്കാന്‍ അരമന കെട്ടിടസമുച്ചയത്തിലെ ജാലകത്തിങ്കലണഞ്ഞപ്പോൾ തീര്‍ഥാടകര്‍ ആരവം മുഴക്കി ആഹ്ലാദത്തോടെ പാപ്പായെ എതിരേറ്റു. ലത്തീന്‍ ക്രമമനുസരിച്ച് ഈ ഞായറാഴ്ചയിലെ വി. ഗ്രന്ഥവായന വി. മത്തായി യുടെ സുവിശേഷം പതിനേഴാം മധ്യായത്തിലെ 1 - 9 വാക്യങ്ങളായിരുന്നു.  യേശുവിന്‍റെ രൂപാന്തരപ്പെടലിനെക്കുറിച്ച് സുവിശേഷകന്‍ നല്‍കുന്ന ഈ വിവരണത്തെ അധികരിച്ചാണ് പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കിയത്.

''പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം'', എന്ന് അഭിസംബോധന ചെയ്തു കൊണ്ട് പാപ്പാ ത്രികാലജപത്തിനു മുമ്പുള്ള സന്ദേശം ആരംഭിച്ചു:

''വലിയ നോമ്പിലെ രണ്ടാം ഞായറാഴ്ചയില്‍ സുവിശേഷം നമുക്കുമുമ്പില്‍ അവതരിപ്പിക്കുന്നത്, യേശുവിന്‍റെ രൂപാന്തരീകരണമാണ്. മൂന്ന് അപ്പസ്തോലന്മാരെ, അതായത് പത്രോസ്, യാക്കോബ് യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ടാണ് ഒരു ഉയര്‍ന്ന മലയിലേക്ക് അവി ടുന്നു പോയത്. അവിടെ അപരിചിതമായ ഒരു പ്രതിഭാസമാണുണ്ടായത്.  യേശുവിന്‍റെ ''മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി, അവിടുത്തെ വസ്ത്രങ്ങള്‍ പ്രകാശംപോലെ ധവളമായി'' (വാ. 2).  അങ്ങനെ യേശു താനെന്ന വ്യക്തിയിലുള്ള ദൈവികമഹത്വത്താല്‍ തേജോപൂര്‍ണനായി. വിശ്വാസം മൂലം, അവിടുത്തെ പ്രഭാഷണങ്ങളിലൂടെയും അത്ഭുതപ്രവൃത്തികളി ലൂടെയും  നമുക്കു ഗ്രഹി ക്കാന്‍ കഴിയുന്ന ദൈവികമഹത്വമാണത്. മലയില്‍ വച്ചുനടന്ന ഈ രൂപാന്തരീകരണ സമയത്ത്, യേശുവിനോടുകൂടെ മോശയും ഏലിയായും പ്രത്യക്ഷപ്പെടുകയും ''അവിടുത്തോടു സംസാരിക്കുകയും ചെയ്തു'' (വാ. 3).

സുവിശേഷഭാഗത്തെക്കുറിച്ച് ചുരുക്കമായി വിവരിച്ചശേഷം പാപ്പാ തന്‍റെ സന്ദേശത്തില്‍ മൂന്നു കാര്യങ്ങള്‍, അതായത്,  യേശുവിന്‍റെ രൂപാന്തരീകരണവേളയില്‍, സൂര്യനെപ്പോലെ വെട്ടിത്തിളങ്ങളിയ അവിടുത്തെ തേജസ്സ്, മിശിഹായുടെ സഹനം, രൂപാന്തരീകരണ വേളയില്‍പ്പോലും കുരിശിനെ ചൂണ്ടിക്കാണിക്കുന്നതിനാഗ്രഹിക്കുന്ന യേശു എന്നിവ പ്രത്യേകമായി വിശദീകരിച്ചു.

രൂപാന്തരീകരണവേളയില്‍, അവിടുത്തെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങിയെന്നും, വസ്ത്രങ്ങള്‍ പ്രകാശം പോലെ ധവളമായെന്നും ഉള്ള സുവിശേഷവചനം പാപ്പാ ഇങ്ങനെ വിശദമാക്കി:

''അസാധാരണമായ ഈ സംഭവത്തില്‍, 'യേശുവിന്‍റെ തേജസ്സ്' ലക്ഷ്യത്തിന്‍റെ പ്രതീകമാണ്.  ശിഷ്യന്മാരുടെ മനസ്സും ഹൃദയവും, ആരാണ് തങ്ങളുടെ ഗുരുവെന്ന് വ്യക്തമായി ഗ്രഹിക്കത്തക്കവിധം പ്രകാശപൂരിതമാക്കുക.  വളരെപ്പെട്ടെന്ന് യേശുവിന്‍റെ രഹസ്യത്തിലേക്കു പ്രവേശിച്ച് അവിടുത്തെ മുഴുവന്‍ വ്യക്തിത്വത്തെയും ചരിത്രത്തെയും വിവരിക്കുന്ന ഒരു മിന്നലാട്ടമായിരുന്നു അത്''.

രൂപാന്തരീകരണസമയത്തെ യേശുവിന്‍റെ മഹത്വത്തെക്കുറിച്ചുള്ള ചിന്തയില്‍ ശിഷ്യരെ നിലനിര്‍ത്തുന്നതിനല്ല യേശു ആഗ്രഹിച്ചത്. ജറുസലെമിലേക്കുള്ള തങ്ങളുടെ യാത്രയുടെ അവസാനം, താന്‍ കുരിശുമരണത്തിനായി വിധിക്കപ്പെടുമെന്നറിയാമായിരുന്ന യേശു താനേറ്റെടുക്കുന്ന കുരിശുമരണമെന്ന 'ഉതപ്പ്' നേരിടുന്നതിന് ശിഷ്യരെ സജ്ജമാക്കുന്നതിനായിരുന്നു ആഗ്രഹിച്ചത്.  കൊടും പാപികള്‍ക്കു നല്‍കുന്ന കുരിശുമരണമെന്ന ശിക്ഷ സ്വീകരിക്കുന്ന ഗുരു, ശിഷ്യര്‍ക്ക് വലിയ അപമാനമാണ്. ആ അപമാനത്തെ നേരിടുന്നതിന് ശിഷ്യരെ ഒരുക്കുന്നതിന് ആഗ്രഹിക്കുന്ന മിശിഹായെക്കുറിച്ചു പറഞ്ഞുകൊണ്ട് പാപ്പാ തുടര്‍ന്നു:

''യേശു രഹസ്യത്തിന്‍റെ ഉള്ളറകളിലേക്കു പ്രകാശം വീശിയ ഈ അല്‍പ്പനേരത്തെ പ്രശോഭ, പക്ഷെ, ജറുസലെമിലേക്കു പോകുന്ന വഴിയില്‍ വച്ചാണു സംഭവിക്കുക. ജറുസലെമില്‍ അവിടുന്നു സഹിക്കുകയും കുരിശുമരണത്തിനു വിധിക്കപ്പെടുകയും ചെയ്യും. യേശു, തനിക്കു സ്വന്തമായുള്ളവരെ ഈ അപമാനം നേരിടുന്നതിന് - കുരിശു നല്‍കുന്ന അപമാനം - നേരിടുന്നതിനു വേണ്ടി തയ്യാറാ ക്കുന്നതിന് ആഗ്രഹിച്ചു. അവരുടെ വിശ്വാസത്തിനേറ്റെടുക്കാനാവുന്നതിനെക്കാളും ശക്തിയുള്ള ഈ അപമാനം, അതേസമയം തന്നെ, അവിടുത്തെ ഉയിര്‍പ്പിനെ മുന്‍കൂട്ടി വിളംബരം ചെയ്യുന്നതുമായിരുന്നു; എങ്ങനെയാണ് ''മിശിഹാ, ദൈവത്തിന്‍റെ പുത്രന്‍'' എന്ന് വെളിപ്പെടുത്തുകയായിരുന്നു. വാസ്തവത്തില്‍, എങ്ങനെയായിരിക്കും യഥാര്‍ഥ മിശിഹായെന്ന്, അവരുടെ സങ്കല്‍പ്പത്തില്‍ ഉണ്ടായിരുന്ന മിശിഹായില്‍ നിന്നു വ്യത്യസ്തമായ ഒരു മിശിഹായായ താന്‍ എന്ന് യേശു കാണിച്ചുകൊടുക്കുകയായിരുന്നു''.

ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകളോളം മറ്റു രാജ്യങ്ങളുടെ അധീനതയിലായിരുന്ന യഹൂദര്‍, യേശുവിന്‍റെ കാലത്ത് റോമാക്കാരുടെ ആധിപത്യത്തിലായിരുന്ന യഹൂദര്‍, തങ്ങള്‍ക്കു രാഷ്ട്രീയ സ്വാതന്ത്ര്യം നേടിത്തരുന്ന ഒരു മിശിഹായെ പ്രതീക്ഷിച്ചിരുന്നു.  അങ്ങനെ ശക്തനും മഹത്വപൂര്‍ണനുമായി വരുന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന മിശിഹാ അല്ല യേശു എന്നു വിശദീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: 

''എന്നാല്‍ വിനീതനായ ഒരു ദാസനായി, നിരായുധനായി; സമ്പത്തുള്ള ഒരു മാന്യനോ, ഐശ്വര്യത്തിന്‍റെ ഒരു അടയാളമോ ആയിട്ടല്ല, മറിച്ച്, തലചായ്ക്കാന്‍ ഒരിടം പോലുമില്ലാത്ത ദരിദ്രനായ ഒരു മനുഷ്യനായി; അനേകം സന്താനങ്ങളുള്ള ഒരു ഗോത്രത്തലവനായിട്ടല്ല, വീടും കൂടുമില്ലാത്ത ഒരു ബ്രഹ്മചാരിയായി യേശു തന്നെത്തന്നെ അവതരിപ്പിക്കുകയാണ്. യഥാര്‍ഥത്തില്‍, പ്രതീക്ഷകളെ കീഴ്മേല്‍ മറിക്കുന്ന ദൈവത്തിന്‍റെ ഒരു വെളിപ്പെടുത്തലാണ് ഇത്. അന്യായമായ ഈ തലകീഴ്മ റിയലിന്‍റെ ഏറ്റവും സംഭ്രമിപ്പിക്കുന്ന അടയാളമാണ് കുരിശ്.  എന്നാല്‍ കുരിശിലൂടെയാണ് യേശു ഉത്ഥാനത്തിന്‍റെ മഹത്വത്തിലേക്കു വരുന്നത് എന്നത് വളരെ കൃത്യമാണ്. അത് എന്നേയ്ക്കുമുള്ളതാണ്,  നേരത്തേയ്ക്കു നീണ്ടുനിന്ന രൂപാന്തരപ്പെടല്‍ പോലെ, ക്ഷണികമല്ല''.

ഇസ്രായേലിന്, ശിഷ്യന്മാര്‍ക്കുണ്ടായിരുന്ന മെസയാനികപ്രതീക്ഷകള്‍ക്ക് കടകവിരുദ്ധമായ ഒരു മിശിഹാ ആയി അവതരിച്ച യേശു, താബോര്‍ മലയിലെ സംഭവത്തിലൂടെ തന്‍റെ മഹത്വത്തെ കാണിച്ചുകൊണ്ട് കുരിശിന്‍റെ വഴിയില്‍ നിന്നും ശിഷ്യന്മാരെ അകറ്റുകയായിരുന്നില്ല എന്നു പഠി പ്പിക്കുന്ന പാപ്പാ, കുരിശില്‍ മരിച്ച് ഉയിര്‍ത്ത യേശുവിനെ ഈ വലിയ നോമ്പുകാലത്ത് ധ്യാനി ക്കുന്നതിനാഹ്വാനം ചെയ്യുകയായിരുന്നു തന്‍റെ സന്ദേശത്തിന്‍റെ അവസാനഭാഗത്ത്.

''യേശു താബോര്‍മലയില്‍ വച്ച് രൂപാന്തരപ്പെട്ടപ്പോള്‍, അവിടുന്ന് ശിഷ്യര്‍ക്കു തന്‍റെ മഹത്വം വെളിപ്പെടുത്തി, കുരിശിന്‍റെ വഴിയിലൂടെ പോകുന്നതില്‍ നിന്നും അവരെ തടയുന്നതിനല്ല ആഗ്രഹി ച്ചത്.  മറിച്ച്, എവിടേയ്ക്കാണ് കുരിശു നമ്മെ കൊണ്ടുപോകുന്നത് എന്നു ചൂണ്ടിക്കാണിക്കാനാണ്.  ക്രിസ്തുവിനോടുകൂടി മരിക്കുന്നവന്‍ ക്രിസ്തുവിനോടുകൂടി ഉയിര്‍ക്കും.  ഉത്ഥാനത്തിന്‍റെ വാതിലാണ് കുരിശ്.  അവിടുത്തോടുകൂടി സഹിക്കുന്നവന്‍ അവിടുത്തോടുകൂടി വിജയിക്കും.  ഇതാണ് നമ്മുടെ നിലനില്‍പ്പിന്‍റെ ശക്തിയിലേയ്ക്ക് നമ്മെ വ്യഗ്രതപ്പെടുത്തുന്ന യേശുവിന്‍റെ കുരിശ് ഉള്‍ക്കൊള്ളുന്ന സന്ദേശം. ക്രൈസ്തവരുടെ കുരിശ്, ഒരു ഒരു ഭവനത്തിന്‍റെ പ്രൗഢിയുടെ അളവുകോലോ, ധരിക്കുന്നതിനുള്ള ഒരാഭരണമോ അല്ല, മറിച്ച്, അത്, മനുഷ്യവര്‍ഗത്തെ തിന്മ യില്‍നിന്നും പാപത്തില്‍നിന്നും മാനവകുലത്തെ രക്ഷിക്കുന്നതിനായി തന്നെത്തന്നെ ബലി നല്‍കിയ സ്നേഹത്തിന് ഒരു ജ്ഞാപകമാണ്.  ഈ നോമ്പുകാലത്ത്, കുരിശിന്മേല്‍ തറയ്ക്കപ്പെട്ട യേശുവിന്‍റെ രൂപം നമുക്കു ധ്യാനിക്കാം.  ഇതാണ് ക്രിസ്തീയവിശ്വാസത്തിന്‍റെ അടയാളം, ഇതാണ് മരിച്ചുയിര്‍ത്ത യേശുവിന്‍റെ അടയാളം. പാപത്തിന്‍റെ ഗൗരവവും നമ്മെ മോചിപ്പിച്ച രക്ഷകന്‍റെ ബലിയുടെ മൂല്യവും കൂടുതലായി മനസ്സിലാക്കുന്നതിന് നമ്മുടെ നോമ്പുകാല യാത്രയിലെ ഓരോ പടിയിലും കുരിശ് നമുക്ക് അടയാളമായിരിക്കട്ടെ!''

സന്ദേശം അവസാനിപ്പിച്ച പാപ്പാ, യേശുവിന്‍റെ മനുഷ്യത്വത്തില്‍ മറയ്ക്കപ്പെട്ട മഹത്വത്തെ ധ്യാനിച്ച പരി. കന്യക, നമ്മെയും യേശുവിനോടുകൂടി നിശ്ശബ്ദപ്രാര്‍ഥനയില്‍ അവിടുത്തെ സാന്നിധ്യത്താല്‍ പ്രകാശിതരായി, ഏറ്റവും ഇരുളേറിയ രാത്രികളിലും അവിടുത്തെ മഹത്വ ത്തിന്‍റെ പ്രതിഫലനം നമ്മുടെ ഹൃദയങ്ങളില്‍ കൊണ്ടുവരുന്നതിന് സഹായിക്കട്ടെ എന്ന പ്രാര്‍ഥനാശംസയോടെ ത്രികാലജപം ചൊല്ലുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു.

ത്രികാലജപത്തിനുശേഷം, വത്തിക്കാന്‍ അങ്കണത്തില്‍ സമ്മേളിച്ചിരുന്ന അനേകായിരങ്ങളെ സം ബോധന ചെയ്തു കൊണ്ട് ഇപ്രകാരം തുടര്‍ന്നു:

''പ്രിയ സഹോദരീസഹോദന്മാരെ,

ഗ്വാട്ടിമാലയില്‍, പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള പുനരധിവാസകേന്ദ്രമായ കാസാ അസുന്‍സിയോണില്‍ അഗ്നി പടര്‍ന്നുണ്ടായ ദാരുണസംഭവത്തില്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ചിലര്‍ മരിക്കുകയും കുറച്ചുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.  ദുഃഖിക്കുന്ന ഗ്വാട്ടിമാലയിലെ ജനങ്ങളോടൊത്തുള്ള എന്‍റെ സാമീപ്യം ഞാനറിയിക്കുന്നു.  അവരുടെ ആത്മാക്കളെ കര്‍ത്താവു സ്വീകരിക്കട്ടെ, പരിക്കേറ്റവരെ കര്‍ത്താവു സഹായിക്കട്ടെ, വിലപിക്കുന്ന കുടുംബങ്ങളെയും മുഴുവന്‍ ദേശത്തെയും കര്‍ത്താവ് ആശ്വസിപ്പിക്കട്ടെ.  കൂടാതെ, അക്രമത്തിനും, ചൂഷണത്തിനും, യുദ്ധത്തിനും ഇരയായിട്ടുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുംവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു, എന്നോടൊത്തു നിങ്ങളും പ്രാര്‍ഥിക്കുക. ഈ പകര്‍ച്ചവ്യാധി, ഒളിച്ചു വയ്ക്കപ്പെട്ട നിലവിളി, ഇനിയും കണ്ടില്ല, കേട്ടില്ല എന്നു നടിച്ചുകൊണ്ട് നമുക്കു മുന്നോട്ടു പോകാനാവില്ല.  നാമെല്ലാവരും അതു കേള്‍ക്കുകതന്നെ വേണം''.

തുടര്‍ന്ന് റോമില്‍നിന്നും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നും എത്തിയിരിക്കുന്ന തീര്‍ഥാടകര്‍ക്കു പൊതുവായി ആശംസയര്‍പ്പിച്ച പാപ്പാ, ജര്‍മനിയിലെ ഫ്രൈബുര്‍ഗ്, മാന്‍ഹൈം എന്നിവിടങ്ങളില്‍നിന്നും ലെബനോണില്‍നിന്നും എത്തിയവര്‍ക്കും ഇടവകഗ്രൂപ്പുകള്‍ക്കും വിവിധ കൂട്ടായ്മകളില്‍പ്പെട്ട സംഘങ്ങള്‍ക്കും പ്രത്യേകമായ ആശംസകളര്‍പ്പിച്ചു.

നല്ല ഞായറാഴ്ച ആശംസിക്കുകയും തനിക്കുവേണ്ടി പ്രാര്‍ഥിക്കണമേ എന്ന പതിവുയാചന ആവര്‍ത്തിക്കുകയും ചെയ്ത പാപ്പാ ഏവര്‍ക്കും നല്ല ഉച്ചവിരുന്നാശംസിച്ചു ഗുഡ്ബൈ പറഞ്ഞപ്പോള്‍ ഞായറാഴ്ചയിലെ ത്രികാലജപത്തോടനുബന്ധിച്ചുള്ള പരിപാടി സമാപിച്ചു.      








All the contents on this site are copyrighted ©.