2017-03-12 16:00:00

''പരിശുദ്ധാത്മാവ് ക്രിസ്തുരഹസ്യത്തിലേക്കു നമ്മെ നയിക്കുന്നു'': ഫാ. റനിയേരോ കാന്തെലമേസ്സ


സാര്‍വത്രികസഭയുടെ വാര്‍ഷികധ്യാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന വലിയ നോമ്പുകാലത്തിലാണു നാം.  സ്വര്‍ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂര്‍ണരായിരിക്കുക എന്ന യേശുവിന്‍റെ സ്നേഹകല്‍പ്പന സ്വീകരിച്ച നമുക്ക് പരിശുദ്ധാത്മാവിലൂടെ നമ്മുടെ മാതാവായ സഭ ദൈവത്തോടുള്ള പൂര്‍ണമായ സംസര്‍ഗത്തിനായി ഈ നോമ്പുകാലത്ത് നമ്മെ പ്രത്യേകമായി ക്ഷണിക്കുകയാണ്. 

ദൈവം മനുഷ്യനെ തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചത് തന്നെ അറിഞ്ഞു സ്നേഹിച്ച് ആ സ്നേഹത്തില്‍ നിലനില്‍ക്കാന്‍, അതായത് രക്ഷയിലെത്തിച്ചേരുന്നതിനുവേണ്ടിയാണ്.  ദൈവത്തെ അറിയുന്നതിന് അവിടുത്തെ അരൂപിയുടെ സഹായമില്ലാതെ നമുക്കാവുകയുമില്ല.   പേപ്പല്‍ വസതിയിലെ ധ്യാനപ്രഭാഷകനായ കപ്പുച്ചിന്‍ വൈദികന്‍ ഫാ. കന്തെലമേസ, നോമ്പുകാലം-2017 എന്ന പ്രഭാഷണപരമ്പരയുടെ പൊതുപ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത്, ''യേശു കര്‍ത്താവാണ് എന്നേറ്റുപറയാന്‍ പരിശുദ്ധാത്മാവുമുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ല'' (1 കോറി 12:3) എന്ന പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍നിന്നുള്ള വചനമാണ്.  ആദ്യത്തെ പ്രഭാഷണം  ''പരിശു ദ്ധാത്മാവ് ക്രിസ്തുരഹസ്യത്തിലേയ്ക്കു നമ്മെ നയിക്കുന്നു'' എന്ന വിഷയത്തെ ആധാരമാക്കി മാര്‍ച്ചു പത്താം തീയതി, വെള്ളിയാഴ്ച നല്‍കുകയുണ്ടായി. ഇറ്റാലിയന്‍ ഭാഷയില്‍ അദ്ദേഹം നല്‍കിയ ഈ ധ്യാനവിചിന്തനമാണ് ഞായറാഴ്ചയിലെ ചിന്താമലരുകളായി നമ്മുടെ ആത്മീയദര്‍ശനങ്ങള്‍ക്കു സൗരഭ്യമേകുന്നത്.

നോമ്പുകാലത്തിലെ ആചരണങ്ങള്‍, അതായത്, ഉപവാസം, പ്രാര്‍ഥന, ഉപവിപ്രവൃത്തികള്‍എന്നിവ ശരിയായി നിര്‍വഹിക്കുന്നതിനുള്ള കൃപയ്ക്കുവേണ്ടിയല്ല, മറിച്ച്, ക്രിസ്തുരഹസ്യത്തെക്കുറിച്ചുള്ള അറിവില്‍വളരുന്നതിനുള്ള കൃപയ്ക്കുവേണ്ടിയാകണം ഈ നോമ്പുകാലത്ത് നാം ദൈവത്തോടു പ്രാര്‍ഥിക്കേണ്ടത്. പരിശുദ്ധാരൂപി എങ്ങനെയാണ് സത്യത്തിലേയ്ക്ക്, ക്രിസ്തുവിന്‍റെയും അവിടുത്തെ പെസഹായുടെയും അതായത്, അവിടുത്തെ സത്തയുടെയും പ്രവര്‍ത്തനത്തിന്‍റെയും രഹസ്യത്തിലേയ്ക്ക് നയിക്കുന്നതെന്ന് തെളിച്ചുകാണിക്കുന്നതിനാണ് ഈ നോമ്പുകാലപ്രഭാഷണം കൊണ്ട് താന്‍ ഉദ്ദേശിക്കുന്നതെന്നു അദ്ദേഹം ആദ്യമേതന്നെ വ്യക്തമാക്കുന്നു. വിശ്വാസപ്രമാണത്തില്‍നാം ഏറ്റുപറയുന്ന ക്രിസ്തു രഹസ്യത്തെ വിശദീകരിച്ചുകൊണ്ടു പുരോഗമിക്കുന്ന ഈ പ്രഭാഷണം നാലു ഭാഗങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

1.  അവിടുന്ന് എനിക്കു സാക്ഷ്യം നല്‍കും.

2. ക്രിസ്തുവിനെക്കുറിച്ചുളള ജ്ഞാനം വസ്തുനിഷ്ഠവും വ്യക്തിനിഷ്ഠവുമായ രീതിയില്‍

3.  ക്രിസ്തുവിനെക്കുറിച്ചുള്ള ഉദാത്തമായ അറിവ്

4.  യേശുരൂപത്തില്‍ നിന്നും യേശുവെന്ന വ്യക്തിയിലേക്ക്

1.  സഭയുടെ മുഴുവന്‍ ജീവിതത്തിലും പരിശുദ്ധാത്മാവിന്‍റെ ഉള്‍പ്രവേശമുണ്ട്. നിഖ്യാ വിശ്വാസപ്രമാണത്തിലെ രണ്ടാം വാക്യത്തില്‍ നാം ഇങ്ങനെ ഏറ്റുപറയുന്നതിനെ അടിസ്ഥാനമാക്കിയാണ് ആദ്യഭാഗം അദ്ദേഹം വികസിപ്പിച്ചിരിക്കുന്നത്. 

ദൈവത്തിന്‍റെ ഏകപുത്രനും എല്ലാ യുഗങ്ങള്‍ക്കുംമുമ്പ് പിതാവില്‍ നിന്നു ജനിച്ചവനുംദൈവത്തില്‍നിന്നുള്ള ദൈവവും, പ്രകാശത്തില്‍നിന്നുള്ള പ്രകാശവുംസത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും, പിതാവുമായി സത്തയില്‍ ഏകനായ, ഏകകര്‍ത്താവായ യേശുക്രിസ്തുവിലും ഞാന്‍ വിശ്വസിക്കുന്നു.  അവിടുന്നുവഴി സകലതും സൃഷ്ടിക്കപ്പെട്ടു.

വിശ്വാസപ്രമാണത്തിലെ ഈ കേന്ദ്രവാക്യം നമ്മുടെ വിശ്വാസത്തിന്‍റെ രണ്ടു വ്യത്യസ്തപടികളെ പ്രതിഫലിപ്പിക്കുന്നു. ''ഏക കര്‍ത്താവായ യേശുവില്‍ ഞാന്‍ വിശ്വസിക്കുന്നു'' ഈ വിശ്വാസസത്യം  ഈസ്റ്റര്‍ കഴിഞ്ഞ ഉടനെയുള്ള സഭയുടെ ആദ്യകാലവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്.  ''എല്ലാ യുഗങ്ങള്‍ക്കും മുമ്പ് പിതാവില്‍ നിന്നു ജനിച്ചവന്‍'' എന്ന ഭാഗം പിന്നീടു പരിണമിച്ചതാണ്, അതായത്, ആര്യന്‍ പാഷണ്ഡതയ്ക്കുശേഷം നിഖ്യാ കൗണ്‍സില്‍ വികസിപ്പിച്ച ഭാഗമാണ്.

ഇത്രയും വിശദീകരിച്ചശേഷം വിശ്വാസപ്രമാണം അതിന്‍റെ പൂര്‍ണതയില്‍ രൂപപ്പെട്ടു വരുന്നതിലെ ആദ്യപടിയായ, ''ഏക കര്‍ത്താവായ യേശുവില്‍ ഞാന്‍ വിശ്വസിക്കുന്നു'' എന്ന ഭാഗം അദ്ദേഹം പരിചിന്തനവിഷയമാക്കി:

ക്രിസ്തുവിനെക്കുറിച്ചുള്ള യഥാര്‍ഥ അറിവിന്‍റെ ഉടയവനായ പരിശുദ്ധാത്മാവിനെക്കുറിച്ച് പുതിയനിയമം നമ്മോടു പറയുന്നത് എന്താണ് എന്നു നമുക്കു നോക്കാം.  പൗലോസ് ശ്ലീഹാ പറയുന്നു, ക്രിസ്തു വെളിപ്പെട്ടത്, വിശുദ്ധിയുടെ ആത്മാവിനു ചേര്‍ന്ന വിധം ശക്തിയില്‍ ദൈവത്തിന്‍റെ പുത്രനായിട്ടാണ് (റോമാ 1:4); അതായത്, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിലൂടെയാണ്.  പൗലോസ് ശ്ലീഹാ ഇപ്രകാരം പ്രഖ്യാപിക്കുന്നതിലേയ്ക്കുവരെ അദ്ദേഹത്തിന്‍റെ ജ്ഞാനം എത്തിനില്‍ക്കുന്നു:  ''യേശു കര്‍ത്താവാണ് എന്നേറ്റുപറയാന്‍ പരിശുദ്ധാത്മാവുമുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ല'' (1 കോറി 12:3). അദ്ദേഹം ''ക്രിസ്തുവിന്‍റെ രഹസ്യത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച'' ആരോപിക്കുന്നത് പരിശുദ്ധാത്മാവിലാണ്, മാത്രവുമല്ല, ''അപ്പസ്തോലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും വെളിപ്പെട്ടതു''പോലെയാണ് അദ്ദേഹത്തിനും ഈ ഉള്‍ക്കാഴ്ച ലഭിക്കുന്നത് (എഫേ 3:4-5). പൗലോസ്ശ്ലീഹാ വീണ്ടും, ''അവന്‍റെ ആത്മാവിലൂടെ ശക്തിപ്പെട്ടുകൊണ്ട്...എല്ലാ വിശുദ്ധരോടുമൊപ്പം, ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ.  അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്‍റെ സ്നേഹം നിങ്ങള്‍ ഗ്രഹിക്കട്ടെ'' (എഫേ 3:16, 19) എന്നു പറഞ്ഞുകൊണ്ട് വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു.

പരിശുദ്ധാത്മാവു വരുമ്പോള്‍ ക്രിസ്തുവിനെക്കുറിച്ചുള്ള സത്യത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുമെന്ന് യോഹന്നാന്‍റെ സുവിശേഷം, പതിനാറാം അധ്യായത്തില്‍ വിവരിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. പന്തക്കുസ്താത്തിരുനാളിലെ പരിശുദ്ധാത്മാവിന്‍റെ ആഗമനം ക്രിസ്തുവെന്ന വ്യക്തിയുടെ മുഴുവന്‍ ജീവിതത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും അപ്പസ്തോലന്മാര്‍ക്കു വളരെ പെട്ടെന്നു നല്‍കപ്പെട്ട ഒരു ഉള്‍പ്രകാശമായി ഭവിച്ചു . അതിനെത്തുടര്‍ന്നുള്ള പത്രോസ് ശ്ലീഹായുടെ പ്രഭാഷണം, അതായത്, ഇന്ന് ഊര്‍ബി എത് ഓര്‍ബി എന്നു വിളിക്കപ്പെടുന്ന പ്രഭാഷണം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം കര്‍ത്താവും ദൈവവുമാക്കി എന്ന് ഇസ്രായേല്‍ ജനം മുഴുവനും അറിയട്ടെ'' (അപ്പ 2:36).

2.  ക്രിസ്തുവിനെക്കുറിച്ചുള്ള വസ്തുനിഷ്ഠവും വ്യക്തിനിഷ്ഠവുമായുള്ള ജ്ഞാനത്തെക്കുറിച്ചുള്ള രണ്ടാം ഭാഗത്തില്‍ അദ്ദേഹം ഇപ്രകാരം തുടര്‍ന്നു.

പുതിയനിയമമനുസരിച്ച് പരിശുദ്ധാത്മാവ് നമുക്കു ക്രിസ്തുവിനെക്കുറിച്ചു നല്‍കുന്ന ജ്ഞാനം രണ്ടു തരത്തിലുണ്ട്.  ഒന്ന് വസ്തുനിഷ്ഠമാണ്, അതായത്, ക്രിസ്തുവിന്‍റെ സത്തയെക്കുറിച്ച്, ക്രിസ്തുരഹസ്യത്തെക്കുറിച്ച്, അവിടുത്തെ വ്യക്തിത്വത്തെക്കുറിച്ച് ഉളളതാണത്.

എന്നാല്‍ നമുക്കു വ്യക്തിപരമായി ലഭിക്കുന്ന അറിവുണ്ട്. അത്, വ്യക്തിനിഷ്ഠവും പ്രായോഗികവുമായതും, ‘‘ക്രിസ്തു ആരാണ്?’’ എന്നതിനെക്കാള്‍, ‘’അവിടുന്ന് എനിക്ക് ആരാണ്?’’, ‘‘എന്താണ് അവിടുന്ന് എനിക്കുവേണ്ടി ചെയ്തത്’?’ എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ ആന്തരികവും, ആത്മീയവുമായ ജ്ഞാനമാണ്.  പൗലോസ് ശ്ലീഹാ ഇത്തരത്തിലുള്ള അറിവാണ് നമുക്കായി പങ്കുവയ്ക്കുന്നത്.   എന്നാല്‍ ക്രിസ്തുവിനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ അറിവ് യോഹന്നാന്‍റെ സുവിശേഷത്തില്‍ പ്രബലമാണ്.  ''ക്രിസ്തു തന്നില്‍ത്തന്നെ ആരാണ്'' എന്നു വ്യക്തമാക്കിക്കൊണ്ട് സുവിശേഷകന്‍ ക്രിസ്തുവിന്‍റെ വാക്കുകള്‍ ഉദ്ധരിക്കുന്നു: ''ഞാനും പിതാവും ഒന്നാണ്'' (യോഹ 10:30)

സഭാപിതാക്കന്മാരുടെ കാലഘട്ടത്തില്‍, ജ്ഞാനവാദത്തിന്‍റെ തത്വങ്ങളെ എതിര്‍ക്കുന്നതിനായി  അപ്പസ്തോലികപ്രബോധനങ്ങള്‍ക്ക് ഉറപ്പു നല്‍കിക്കൊണ്ട് അവരുടെമേലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം നാം കാണുന്നു. സഭാസൂനഹദോസുകളില്‍ ക്രിസ്തുരഹസ്യത്തെക്കുറിച്ചുള്ള വിശ്വാസ പ്രമാണങ്ങള്‍ ക്രോഡീകരിക്കുന്നത് പരിശുദ്ധാത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ടുകൊണ്ടാണ്. അവിടെ ക്രിസ്തുവിജ്ഞാനീയം കൂടുതല്‍ വസ്തുനിഷ്ഠമാണ്, പ്രാമാണികവും സഭാപരവുമാണ്.

ക്രിസ്തുവിനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ അറിവ് കൂടുതല്‍ പ്രബലമായ ദൈവശാസ്ത്രമായി നവീകരണകാലഘട്ടം വരെ തുടരുന്നുണ്ട്.  പിന്നീട് പ്രൊട്ടസ്റ്റന്‍റ് നവീകരണം ക്രിസ്തുവിന്‍റെ സ്വഭാവം, മനുഷ്യാവതാരം എന്നതിനെക്കുറിച്ചുള്ള പ്രമാണങ്ങളെക്കാള്‍ ക്രിസ്തു എനിക്കുവേണ്ടി എന്തു ചെയ്തു എന്ന വ്യക്തിനിഷ്ഠമായ ജ്ഞാനത്തിനു പ്രാധാന്യം കൊടുത്തതായി കാണാം. പിന്നീട് ചരിത്രപുരുഷനായ ക്രിസ്തുവിനെക്കുറിച്ചുള്ള അന്വേഷണവുമായി പരിശുദ്ധാത്മാവിന്‍റെ പ്രകാശം സ്വീകരിക്കാത്ത അന്വേഷണവുമുണ്ടായിട്ടുണ്ട്.  യേശു ചരിത്രത്തില്‍ ജീവിച്ചു എന്നതല്ല, യേശു ചരിത്രം സൃഷ്ടിച്ചു എന്നും ഇന്നും അവിടുന്നു ജീവിക്കുന്നവനാണ് എന്നും പരിശുദ്ധാത്മാവു വെളിപ്പെടുത്തുന്നു.

ഇപ്രകാരം ചരിത്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ ഇടപെടലുകളെ വ്യാഖ്യാനിച്ചശേഷം മൂന്നാം ഭാഗം, അതായത്, ക്രിസ്തുവിനെക്കുറിച്ചുള്ള ഉദാത്തമായ ജ്ഞാനത്തെക്കുറിച്ച്  വിശദീകരിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു:

ക്രിസ്തുവിനെക്കുറിച്ചുള്ള ദൈവശാസ്ത്രപരവും ആത്മീയവുമായ അറിവിന് ഇന്നും അന്വേഷണ ങ്ങള്‍ നല്‍കുന്ന പുതിയ ദര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ട്.  എന്നിരുന്നാലും ദൈവവചനത്തിലധിഷ്ഠി തമായ വസ്തുതകളെ വീണ്ടും കണ്ടെത്തുന്നതിന് പരിശുദ്ധാത്മാവു നമ്മെ സഹായിക്കുമ്പോഴാണ് നമുക്ക് ഇങ്ങനെ ഉദ്ഘോഷിക്കാന്‍ കഴിയുക. യേശുക്രിസ്തുവാണ്, കര്‍ത്താവ്! ക്രിസ്തുവിന്‍റെ കര്‍തൃത്വം പുതിയ ലേകമാണ്, അതിലേക്കു പ്രവേശിക്കാന്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം കൂടാതെ നമുക്കു കഴിയുകയില്ല.  യേശു കര്‍ത്താവാണ് എന്നതായിരുന്നു സഭയുടെ മുഴുവന്‍ പ്രഘോഷണത്തിന്‍റെയും വിത്ത്.  അതിന്മേലാണ് തുടര്‍ന്നുള്ള ക്രൈസ്തവ പ്രഘോഷണം വികസിച്ചതും.

യേശുവാണ് കര്‍ത്താവ് എന്ന തേജോപൂര്‍ണമായ കണ്ടെത്തല്‍ നമ്മുടെ കാലഘട്ടത്തിലും ദൈവം തരുന്ന കൃപതന്നെയാണ് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രഭാഷണത്തിന്‍റെ അവസാന ഭാഗ ത്തേക്കു കടക്കുന്നത്.  ഇന്നും ജനം യേശുവിനെ കര്‍ത്താവ് എന്നു വിളിക്കുന്നു.  പക്ഷേ, അത് ക്രിസ്തു എന്നതുപോലെയോ മറ്റേതൊരു പേരുപോലെയുമോ, ഇനിയും, ക്രിസ്തുവിന്‍റെ പേരിന്‍റെ പൂര്‍ണരൂപം അതായത്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു. ക്രിസ്തു ഒരു വ്യക്തിരൂപമല്ല, മറിച്ച്, ഒരു വ്യക്തിതന്നെയാണ്. അവിടുന്നു തത്വങ്ങളുടെ ഒരു സമാഹാരമല്ല, ‌ആരാധനയ്ക്കും സ്മരണയ്ക്കുംവേണ്ടിയുള്ള വെറുമൊരു രൂപമല്ല, മറിച്ച് ജീവിക്കുന്നവനും പരിശുദ്ധാത്മാവിലൂടെ എന്നും സന്നിഹിതനുമായ വ്യക്തിയാണ്.

ഫ്രാന്‍സീസ് പാപ്പായുടെ സുവിശേഷത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോലികാഹ്വാനത്തില്‍ നിന്നും ഉദ്ധരിച്ചുകൊണ്ടാണ് വലിയനോമ്പിലെ ഈ ആദ്യ ധ്യാനപ്രഭാഷണം ഫാ. റനിയേരോ കാന്തെലമേസ്സ അവസാനിപ്പിക്കുന്നത്:

ക്രിസ്തുവുമായുള്ള നവീകരിച്ച വ്യക്തിപരമായ കണ്ടുമുട്ടലിനുവേണ്ടി, കുറഞ്ഞ പക്ഷം അവിടുന്നു തങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി സ്വയം തുറന്നുകൊടുക്കുന്നതിനായി എല്ലായിടത്തുമുള്ള സകല ക്രൈസ്തവരെയും ഞാന്‍ ക്ഷണിക്കുന്നു.  ദിവസവും, വീഴ്ച വരുത്താതെ ഇപ്രകാരം ചെയ്യുവാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഈ ആഹ്വാനം തനിക്കുവേണ്ടിയുള്ളതല്ലെന്ന് ഒരു വ്യക്തി യും ചിന്തിച്ചുകൂടാ (നം. 3).

യേശുവിനെക്കുറിച്ചുള്ള അറിവില്‍ വളരുന്നതിന് പരിശുദ്ധാത്മാവിന്‍റെ പ്രകാശം നമുക്കുണ്ടായിരിക്കട്ടെ.   യേശുക്രിസ്തു കര്‍ത്താവാണ് എന്നേറ്റുപറയുന്നതിന് വസ്തുനിഷ്ഠമായ സഭാ പ്രബോധനങ്ങള്‍ ഗ്രഹിക്കാനും, ഒപ്പം അതു വ്യക്തിപരമാകുന്നതിന്, യേശുവിന്‍റെ രക്ഷയുടെ അനുഭവത്തില്‍,  ഇന്നും പരിശുദ്ധാത്മാവിലൂടെ അവിടുന്നു നമ്മോടൊപ്പമുണ്ട് എന്ന അനുഭവത്തില്‍ ആയിരിക്കാനും വേണ്ട കൃപയ്ക്കായി നമുക്കു പ്രാര്‍ഥിക്കാം.   








All the contents on this site are copyrighted ©.