2017-03-10 09:47:00

DOCAT - X : വിമോചകവും രക്ഷാദായകവുമായ സ്നേഹം


               DOCAT - X :  വിമോചകവും രക്ഷാദായകവുമായ സ്നേഹം

കഴിഞ്ഞ ആഴ്ചയില്‍, സ്നേഹത്തെക്കുറിച്ച്, വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍, വി. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ എന്നീ പാപ്പാമാരുടെ പ്രബോധനങ്ങളിലെ പ്രസക്തഭാഗങ്ങള്‍ ആണ് കഴിഞ്ഞ ആഴ്ചയിലെ വിചിന്തനവിഷയമായിരുന്നത്.

ഈ പ്രപഞ്ചം മുഴുവനും ദൈവസ്നേഹത്തിന്‍റെ വെളിപ്പെടുത്തലാണ്. എന്നാല്‍ ദൈവത്തിന്‍റെ സ്നേഹം തിരിച്ചറിയുകയും ആ സ്നേഹം ദൈവം നല്‍കിയ സ്വാതന്ത്ര്യമുപയോഗിച്ചു തെരഞ്ഞെടുക്കുകയും, ആ സ്നേഹത്തിന്‍റെ പ്രകാശനമായിരിക്കുകയും ചെയ്യാന്‍ അവിടുത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കു മാത്രമാണ് കഴിയുക. തന്നെക്കുറിച്ചുള്ള ഈ സ്നേഹപദ്ധതി തിരിച്ചറിയുന്ന ഒരു ക്രൈസ്തവനായിരിക്കുകയെന്നത് സ്നേഹിക്കാനുള്ള വിളിയല്ലാതെ മറ്റൊന്നുമല്ല. ഇക്കാര്യംതന്നെയാണ് ഒന്നാമധ്യായത്തിനു ഉപസംഹാരത്തില്‍ കൊടുത്തിരിക്കുന്ന തുടര്‍ന്നുള്ള സഭാപ്രബോധനഭാഗങ്ങളും നമ്മോടു പറയുന്നത്.  ബെനഡി ക്ട് പതിനാറാമന്‍ പാപ്പായുടെ ദേവൂസ് കാരിത്താസ് എസ്ത് (ദൈവം സ്നേഹമാകുന്നു) , കാരിത്താസ് ഇന്‍ വെരിത്താത്തെ (സത്യത്തില്‍ സ്നേഹം) എന്ന ചാക്രികലേഖനങ്ങളില്‍നിന്നും ഫ്രാന്‍സീസ് പാപ്പായുടെ എവാഞ്ചെലീ ഗാവുദിയും (സുവിശേഷത്തിന്‍റെ ആനന്ദം), ലൗദാത്തോ സീ (അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ) എന്നീ രേഖകളില്‍നിന്നുമുള്ള പ്രസക്തഭാഗങ്ങള്‍ ഇന്നു നമ്മുടെ ചിന്തയ്ക്കു വിഷയമാക്കാം.

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ദേവൂസ് കാരിത്താസ് എസ്ത് ( Deus Caritas est, 2005), ദൈവം സ്നേഹമാകുന്നു എന്ന ചാക്രികലേഖനത്തിലെ 19, 28 എന്നീ നമ്പറുകളും കാരിത്താസ് ഇന്‍ വെരിത്താത്തെ (Caritas in Veritate, 2009), സത്യത്തില്‍ സ്നേഹം എന്നീ ചാക്രികലേഖനത്തിലെ രണ്ടാം നമ്പറുമാണ് ഈ ഉപസംഹാരഭാഗത്തെ രണ്ടാം ഭാഗത്തു കൊടുത്തിരിക്കുന്നത്. രണ്ടു ചാക്രികലേഖനങ്ങളും അതിന്‍റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ, സ്നേഹത്തെക്കുറിച്ചുള്ള പ്രബോധനമാണ്. ഇവിടെ നല്‍കിയിരിക്കുന്ന മൂന്നുഭാഗങ്ങള്‍ സ്നേഹത്തെക്കുറിച്ച്, സഭയിലും സമൂഹത്തിലുമുള്ള അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നവയാണ്.

Pope Benedict XVI, Encyclical, Deus Caritas est, 2005, 19

ദൈവം സ്നേഹമാകുന്നു എന്ന ചാക്രികലേഖനം, നമ്പര്‍ 19-ല്‍ സഭയുടെ മുഴുവന്‍ പ്രവര്‍ത്തനവും സ്നേഹത്തിന്‍റെ പ്രകാശനമാണെന്ന് പാപ്പാ പറയുന്നു.  ഈ സ്നേഹ പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്‍റെ സമഗ്രനന്മയെ അന്വേഷിക്കുന്നവയാണ്. താല്‍ക്കാലിക നന്മയല്ല, നിത്യ നന്മയെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് സഭയുടേത്. ഇക്കാരണത്താല്‍ താല്‍ക്കാലിക, നൈമിഷികസുഖങ്ങള്‍ക്കുവേണ്ടി, സമഗ്രതയെയും നിത്യതയയെയും തള്ളിപ്പറയാന്‍ നമുക്കു കഴിയില്ല. അതിനാല്‍ സഭയുടെ പ്രവൃത്തി ധീരസാഹസികമായതാണ്. ഇക്കാര്യം ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പ്രബോധനത്തില്‍ വ്യക്തമാണ്. 

സ്നേഹം സഭയ്ക്കുവേണ്ടിയുള്ള ശുശ്രൂഷയായി 
സഭയുടെ മുഴുവന്‍ പ്രവര്‍ത്തനവും മനുഷ്യന്‍റെ സമഗ്രനന്മയെ അന്വേഷിക്കുന്ന സ്നേഹത്തിന്‍റെ പ്ര കാശനമാണ്.  വചനത്തിലൂടെയും കൂദാശകളിലൂടെയും മനുഷ്യന്‍റെ സുവിശേഷവത്ക്കരണത്തിനായി അതു പരിശ്രമിക്കുന്നു. ഈ സംരംഭം മിക്കപ്പോഴും ധീരസാഹസികമായതാണ്. ചരിത്രത്തില്‍ അതു നടപ്പു വരുത്തിയത് അപ്രകാരമാണ്.  ജീവിതത്തിന്‍റെയും മാനുഷികപ്രവര്‍ത്തനത്തിന്‍റെയും വിവിധ പ്രവര്‍ത്തനരംഗങ്ങളില്‍ മനുഷ്യനെ വളര്‍ത്താന്‍ അതു പരിശ്രമിക്കുന്നു.  അതുകൊണ്ട്, സ്നേഹമെ ന്നത്, മനുഷ്യന്‍റെ സഹനങ്ങളിലും ഭൗതികാവശ്യങ്ങള്‍ ഉള്‍പ്പെടെ അവന്‍റെ ആവശ്യങ്ങളിലും നിരന്ത രം ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടി സഭ നടത്തുന്ന സേവനമാണ്.

Pope Benedict XVI, Encyclical, Deus Caritas est, 2005, 28b

സ്നേഹമാണ് സര്‍വോത്കൃഷ്ടം എന്ന പൗലോസ്ശ്ലീഹായുടെ വാക്കുകളെ അനുസ്മരിപ്പിക്കുന്ന പ്രബോധനമാണ് ഇതേ ചാക്രികലേഖനം ഇരുപത്തെട്ടാം നമ്പറില്‍.  നീതി സ്നേഹത്തെ നിരാകരിക്കുന്നതല്ല. സ്നേഹിക്കുകയെന്ന നീതിയെക്കുറിച്ചാണ് സഭ പഠിപ്പിക്കുന്നത്. അതുകൊണ്ട്, ഏതൊരു നിയമത്തെയും നീതിയെയും അതിശയിക്കുന്ന സ്നേഹം ഉള്ളപ്പോഴാണ് രാഷ്ട്രങ്ങളും സമൂഹങ്ങളും അതിലെ വ്യക്തികളുടെ സമഗ്രമായ നന്മയും താല്‍പ്പര്യങ്ങളും ഉറപ്പുവരുത്തുക എന്നു പാപ്പാ പഠിപ്പിക്കുന്നു. അവിടെ ആശ്വാസവും സഹായവും ഉണ്ടായിരിക്കും.  ഇരുപത്തെട്ടാം നമ്പറില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കാം.

സ്നേഹമില്ലാത്ത സമൂഹം?
ഏറ്റവും നീതിപൂര്‍വകമായ സമൂഹത്തില്‍പ്പോലും സ്നേഹം - കാരിത്താസ് - എപ്പോഴും അത്യാവശ്യമാണ്.  സ്നേഹസേവനമെന്ന ആവശ്യത്തെ നിരാകരിക്കത്തക്കവിധം അത്രമാത്രം നീതിപൂര്‍വകമായ രാഷ്ട്രവത്ക്കരണം ഉണ്ടാവുകയില്ല. സ്നേഹത്തെ തള്ളിക്കളയാന്‍ ആഗ്രഹിക്കുന്ന ഏതു വ്യക്തിയും മനുഷ്യനെത്തന്നെ തള്ളിക്കളയുവാന്‍ തയ്യാറാവുകയാണ്.  ആശ്വാസത്തിനും സഹായത്തി നുംവേണ്ടി വിലപിക്കുന്ന സഹനം എല്ലായ്പോഴുമുണ്ട്.  ഏകാന്തതയും  ഭൗതികാവശ്യങ്ങളുടെ സാഹചര്യങ്ങളും എപ്പോഴുമുണ്ടായിരിക്കും. അയല്‍ക്കാരനോടുള്ള സ്നേഹത്തിന്‍റെ വസ്തുനിഷ്ഠമായ രൂപത്തിലുള്ള സഹായം അവിടെ അനുപേക്ഷണീയമാണ്.  എല്ലാം തന്നിലേക്കു വലിച്ചെടുത്തുകൊണ്ട് വിതരണം ചെയ്യുന്ന ചെയ്യുന്ന രാഷ്ട്രം, ആത്യന്തികമായി കേവലം ഒരു ബ്യൂറോക്രസി (ഉ ദ്യോഗസ്ഥഭരണം) ആയിത്തീരും.  സഹിക്കുന്ന മനുഷ്യന് - ഓരോ വ്യക്തിക്കും - യഥാര്‍ഥത്തില്‍ ആവശ്യമായിരിക്കുന്നത്, അതായത് സ്നേഹപൂര്‍വകമായ വ്യക്തിപരമായ താത്പര്യം  - ഉറപ്പുവരുത്താന്‍ കഴിയാത്ത ഒന്നാണത്.

Pope Benedict XVI, Encyclical, Caritas in Veritate, 2009, 2

സത്യം അത് സ്നേഹമാണ്. ഇവ രണ്ടും ദൈവത്തിന്‍റെ മറ്റു പേരുകളായി നാം മനസ്സിലാക്കുകയും ചെയ്യുന്നു.  യോഹന്നാന്‍ ശ്ലീഹാ പറയുന്നു: ''ദൈവം സ്നേഹമാകുന്നു'' (1 Jn 4:16).  നാലാം സുവിശേഷത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു, യേശുവിന്‍റെ വാക്കുകളില്‍: ''വഴിയും സത്യവും ജീവനും ഞാനാകുന്നു'' (Jn 14:6). നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും ദൈവത്തെ സത്യം എന്നു സംശയലേശമെന്യേ വിശേഷിപ്പിക്കുന്നുണ്ട്. സ്നേഹം സഭയുടെ സാമൂഹികസിദ്ധാന്തത്തിന്‍റെ കേന്ദ്രസ്ഥാനത്താണെന്നു പാപ്പാ ഉദ്ബോധിപ്പിക്കുന്നത് അതിനെ സുവിശേഷത്തിന്‍റെ - യേശുവിന്‍റെ പ്രബോധനമനുസരിച്ച്, മുഴുവന്‍ നിയമത്തിന്‍റെ - സംഗ്രഹമാണെന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ്.  പാപ്പായുടെ വാക്കുകള്‍ ഈ ചാക്രികലേഖനത്തിലെ രണ്ടാം നമ്പറില്‍ കേള്‍ക്കാം.

സ്നേഹമെന്ന കേന്ദ്രമൂല്യം
സഭയുടെ സാമൂഹികസിദ്ധാന്തത്തിന്‍റെ കേന്ദ്രസ്ഥാനത്തു സ്നേഹം നിലകൊള്ളുന്നു.  ആ സിദ്ധാന്തം ആവശ്യപ്പെടുന്ന ഓരോ ഉത്തരവാദിത്വവും ഓരോ സമര്‍പ്പണവും സ്നേഹത്തില്‍നിന്ന് ഉദ്ഭവിക്കുന്നതാണ്.  ആ സ്നേഹമാകട്ടെ, യേശുവിന്‍റെ പ്രബോധനമനുസരിച്ച് മുഴുവന്‍ നിയമത്തിന്‍റെയും സംഗ്രഹമാണ് (മത്താ 22:36-40).  ദൈവത്തോടും അയല്‍ക്കാരനോടുമുള്ള വ്യക്തിപരമായ ബന്ധ ത്തിന് അത് യഥാര്‍ഥസാരം നല്‍കുന്നു. ചെറിയ തോതിലുള്ള ബന്ധങ്ങളുടെ (കൂട്ടുകാര്‍, കുടുംബാംഗങ്ങള്‍, ചെറിയ സമൂഹങ്ങള്‍ എന്നിവരുമായുള്ള ബന്ധങ്ങള്‍) മാത്രമല്ല, വന്‍തോതിലുള്ള ബന്ധങ്ങളുടെയും (സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയബന്ധങ്ങള്‍) അടിസ്ഥാനതത്വം അതാണ്... എല്ലാറ്റിന്‍റെ ഉദ്ഭവം ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്നാണ്... സര്‍വതും അതിനാല്‍ രൂപീകൃതമാകുന്നു.  സര്‍വതും അതിലേക്കു നയിക്കപ്പെടുകയും ചെയ്യുന്നു. ദൈവം മനുഷ്യവംശത്തിനു നല്‍കിയ ഏറ്റവും വലിയ ദാനമാണു സ്നേഹം.  അത് അവിടുത്തെ വാഗ്ദാനവും നമ്മുടെ പ്രത്യാശയുമാണ്.

Pope Francis, Apostolic Exhortation, Evangelii Gaudium, 2013, 8

ദൈവം മനുഷ്യവംശത്തിനു നല്‍കിയ ഏറ്റവും വലിയ ദാനമാണു സ്നേഹം എന്നു ഫ്രാന്‍സീസ് പാപ്പായും മറ്റുവാക്കുകളില്‍ പ്രബോധിപ്പിക്കുകയാണ് സുവിശേഷത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോലികപ്രബോധനത്തില്‍. ​അതു നമ്മെ സ്വാര്‍ഥതയില്‍നിന്നും മോചിപ്പിച്ച് നമ്മുടെ പരിധികള്‍ക്കപ്പുറത്തേയ്ക്ക് ആനയിക്കുന്നു. എട്ടാം ഖണ്ഡികയിലെ  പാപ്പായുടെ ലളിതവും മനോഹരവുമായ വാക്കുകളിതാണ്.

സ്നേഹം വിമോചനമേകുകയും വീണ്ടെടുക്കുകയും ചെയ്യുന്നു.
ഈ കണ്ടുമുട്ടലിന്‍റെ - നവീകൃതമായ ഈ കണ്ടുമുട്ടലിന്‍റെ - ഫലമായി, ധന്യതയേകുന്ന ഒരു സൗഹൃദമായി വികസിക്കുന്ന ദൈവത്തിന്‍റെ സ്നഹത്താല്‍, നമ്മുടെ സങ്കുചിതത്വത്തില്‍നിന്നും സ്വാര്‍ഥതയില്‍നിന്നും നാം വിമുക്തരാകുന്നു.  ആത്മസത്തയുടെ സമ്പൂര്‍ണസത്യം സ്വായത്തമാകുന്നതിനുവേണ്ടി നമ്മുടെ പരിധികള്‍ക്കപ്പുറത്തേക്ക് നമ്മെ ആനയിക്കുവാന്‍ ദൈവത്തെ നാം അനുവദിക്കുമ്പോള്‍; മനുഷ്യസഹജമായവയ്ക്ക് അതീതരായി നാം മാറുമ്പോള്‍, നാം പൂര്‍ണമായി മനുഷ്യത്വമുള്ളവരായി ത്തീരുന്നു.  സുവിശേഷവത്ക്കരണത്തിനുള്ള നമ്മുടെ എല്ലാ പരിശ്രമങ്ങളുടെയും സ്രോതസ്സും പ്രചോദനവും ഇവിടെ നാം കണ്ടെത്തുന്നു.  നമ്മുടെ ജീവിതത്തിന് അതിന്‍റെ അര്‍ഥം വീണ്ടെടുത്തു നല്‍കുന്ന സ്നേഹം നാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുവാന്‍ നമുക്കെങ്ങനെയാണ് കഴിയുക?

Pope Francis, Apostolic Exhortation, Evangelii Gaudium, 2013, 114

സഭയായിരിക്കുക എന്നുവച്ചാല്‍ ദൈവത്തിന്‍റെ സ്നേഹപദ്ധതിയനുസരിച്ച് ദൈവത്തിന്‍റെ ജനമായിരിക്കുക എന്നതാണെന്ന് ഇതേ അപ്പസ്തോലികാഹ്വാനത്തിലെ നം. 114-ല്‍ വിശദീകരിക്കുന്നു. ക്ഷമിക്കുകയും പ്രോത്സാഹിപ്പിക്കുകയും സൗജന്യമായ കരുണ നല്‍കുകയും ചെയ്യുന്ന സഭയെക്കുറിച്ചുള്ള പാപ്പായുടെ വാക്കുകള്‍ ഇങ്ങനെയാണ്.

സ്നേഹത്തിന്‍റെ മഹാപദ്ധതി
സഭയായിരിക്കുക എന്നുവച്ചാല്‍, അവിടുത്തെ പിതൃനിര്‍വിശേഷമായ സ്നേഹത്തിന്‍റെ മഹാപദ്ധതി യനുസരിച്ച്, ദൈവജനമായിരിക്കുക എന്നാണ്.  ഇതിന്‍റെയര്‍ഥം മാനവരാശിയുടെ മധ്യത്തില്‍ നാം ദൈവത്തിന്‍റെ പുളിമാവായിരിക്കണം എന്നാണ്.  ഇതുകൊണ്ട് അര്‍ഥമാക്കുന്നത് ദൈവത്തിന്‍റെ രക്ഷ പ്രഘോഷിക്കുകയും അതിനെ പലപ്പോഴും വഴിതെറ്റിപ്പോകുന്നതും പ്രോത്സാഹനം ആവശ്യമുള്ള തുമായ നമ്മുടെ ലോകത്തിലേയ്ക്ക് ആനയിക്കുകയും ചെയ്യുക എന്നതാകുന്നു.  അതിനു പ്രത്യാശ നല്‍കേണ്ടതും യാത്രയില്‍ അതിനെ ശക്തിപ്പെടുത്തേണ്ടതുമാവശ്യമാണ്. സ്വാഗതം ചെയ്യപ്പെടുന്നതായും സ്നേഹിക്കപ്പെടുന്നതായും ക്ഷമിക്കപ്പെടുന്നതായും സുവിശേഷ ത്തിന്‍റെ നല്ല ജീവിതം നയിക്കാന്‍ പ്രോത്സാഹിപ്പിക്ക പ്പെടുന്നതായും എല്ലാവര്‍ക്കും അനുഭവപ്പെടുന്ന സൗജന്യമായി കരുണ നല്‍കപ്പെ ടുന്ന ഒരു സ്ഥലമായിരിക്കണം സഭ.

Pope Francis, Apostolic Exhortation, Evangelii Gaudium, 2013, 161

ക്രൈസ്തവധാര്‍മികതയെക്കുറിച്ചുള്ള പുതിയനിയമപ്രബോധനം സഹോദരസ്നേഹമാണ് എന്നു ഫ്രാന്‍സീസ് പാപ്പാ നിരന്തരം പ്രബോധിപ്പിക്കുന്നു.  സുവിശേഷത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോ ലികലേഖനത്തിലെ നമ്പര്‍ 161-ല്‍ നാം ശ്രവിക്കുന്നു.

അവസാന സംഗ്രഹം - സ്നേഹം
ക്രൈസ്തവധാര്‍മികസന്ദേശത്തിന്‍റെ കാതല്‍ അവതരിപ്പിക്കാന്‍ പുതിയ നിയമഗ്രന്ഥ കര്‍ത്താക്കള്‍ ആരംഭിക്കുമ്പോഴൊക്കെ, അവര്‍ അയല്‍ക്കാരനോടുള്ള സ്നേഹത്തിന്‍റെ സര്‍വപ്രധാനമായ ആവശ്യം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്: ''അയല്‍ക്കാരനെ സ്നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ...അതുകൊണ്ട് നിയമത്തിന്‍റെ പൂര്‍ത്തീകരണം സ്നേഹമാണ്'' (റോമാ 13:8, 10).  ഇവ വി. പൗലോസിന്‍റെ വാക്കുകളാണ്.  അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്‍റെ കല്പന നിയമത്തെ ക്രോഡീകരിക്കുക മാത്രമല്ല, അതിന്‍റെ ഹൃദയത്തെയും ലക്ഷ്യത്തെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു: ''നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹക്കുക എന്ന ഒരേയൊരു കല്‍പ്പനയില്‍ നിയമം മുഴുവനും അടങ്ങിയിരിക്കുന്നു'' (ഗലാ 5:14).  ക്രൈസ്തവജീവിതത്തെ സ്നേഹത്തിലുള്ള വളര്‍ച്ചയുടെ ഒരു യാത്രയായി പൗലോസ് അവതരിപ്പിക്കുന്നു: ''നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടുമുള്ള സ്നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ'' (1 തെസ്സ 3:12).  അതേരീതിയില്‍, ഏതെങ്കിലും കല്‍പ്പനയില്‍ കുറവുണ്ടാകാതിരിക്കാന്‍വേണ്ടി, ''നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വിശുദ്ധലിഖിതത്തിലെ രാജകീയനിയമം'' (2:8) പാലിക്കാന്‍ വി. യാക്കോബ് ക്രൈസ്തവരെ ഉദ്ബോധിപ്പിക്കുന്നു.

Pope Francis, Encyclical, Laudato Sì, 2015, 13

സഹോദരസ്നേഹത്തോടും ദൈവസ്നേഹത്തോടും ബന്ധപ്പെടുത്തിയാണ് പ്രപഞ്ചത്തോടുള്ള നമ്മുടെ വീക്ഷണവും രൂപീകരിക്കേണ്ടത്.  പ്രപഞ്ചം അതു ദൈവത്തിന്‍റെ കരവേലയാണ്.  സ്രഷ്ടാവിനെ ആരാധിക്കുന്നതിന്‍റെ, സ്നേഹിക്കുന്നതിന്‍റെ ഭാഗമാണ്, അവിടുന്നു നമുക്കുവേണ്ടി തന്ന വലിയ ഈ ദാനത്തെ വിലമതിക്കുകയും അവിടുത്തെ ഹിതമനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുക എന്നത്.  എനിക്കുവേണ്ടി മാത്രമല്ല, അതു എന്‍റെ സഹോദരര്‍ക്കുംവേണ്ടിയുള്ളതായതുകൊണ്ട് സഹോദരരെ സ്നേഹിക്കുന്നതിന്‍റെ അടയാളമാണ് അവര്‍ക്കുള്ളത്, ഭാവിതലമുറയ്ക്കുള്ളത് ഞാന്‍ ചൂഷണം ചെയ്യുകയില്ല എന്നത്. സ്നേഹമില്ലായ്മയാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. പ്രകൃതിസംരക്ഷ ണത്തിനായി നമുക്കു ഒന്നുചേരാനുള്ള ആഹ്വാനം ലൗദാത്തോ സീ എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സീസ് പാപ്പാ നല്‍കുന്നു.

സ്നേഹം ഒരു വെല്ലുവിളിയെ സ്വാഗതം ചെയ്യുന്നു
സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി പരിശ്രമിക്കാന്‍വേണ്ടി മനുഷ്യകുടുംബം മുഴുവനെയും ഒരുമിപ്പിക്കാനുള്ള താത്‍പ്പര്യം, നമ്മുടെ പൊതുഭവനത്ത സംരക്ഷിക്കുകയെന്ന അടിയന്തിര വെല്ലുവിളിയുടെ ഭാഗം തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ കാര്യങ്ങള്‍ക്കു മാറ്റം വരാമെന്നു നാമറിയുന്നു. സ്രഷ്ടാവ് നമ്മെ ഉപേക്ഷിക്കുന്നില്ല. അവിടുന്ന് ഒരിക്കലും തന്‍റെ സ്നേഹപൂര്‍ണമായ പദ്ധതി പരിത്യജിക്കുകയില്ല. നമ്മെ സൃഷ്ടിച്ചതോര്‍ത്ത് അവിടുന്ന് ദുഃഖിക്കുന്നുമില്ല. അതിനാല്‍, നമ്മുടെ പൊതുവാസകേന്ദ്രത്തെ പടുത്തുയര്‍ത്താന്‍വേണ്ടി ഒന്നിച്ച് അധ്വാനിക്കാന്‍ വേണ്ട കഴിവ് ഇപ്പോഴും മനുഷ്യവംശത്തിനുണ്ട്.

ദൈവത്തിന്‍റെ സ്നേഹപൂര്‍ണമായ പദ്ധതി സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി നാമൊരുമിച്ചു പരിശ്രമിക്കാന്‍ നമ്മെ വിളിക്കുന്നു. അതുകൊണ്ട് സ്നേഹിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ഥിച്ചുകൊണ്ട് ദൈവത്തിന്‍റെ സ്നേഹപദ്ധതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒന്നാം അധ്യായത്തിന്‍റെ പഠനം സമാപിപ്പിക്കാം.  സ്നേഹമായ ദൈവത്തിനു നമ്മെത്തന്നെ സ്നേഹസമര്‍പ്പണം ചെയ്യാം.








All the contents on this site are copyrighted ©.