2017-03-08 08:43:00

ദൈവത്തിന്‍റെ ജ്വലിക്കുന്ന നിശ്ശബ്ദതയോടെ യേശുവിന്‍റെ പീ‍ഡാനുഭവം: പാപ്പാ നോമ്പുകാലധ്യാനം


പാപ്പായും റോമന്‍ കൂരിയാ അംഗങ്ങളും നോമ്പുകാലധ്യാനത്തില്‍

2017 മാര്‍ച്ച് അഞ്ചാം തീയതി വൈകുന്നേരം പാപ്പായും കൂരിയാ അംഗങ്ങളും ധ്യാനത്തില്‍ പ്രവേശിച്ചു.  പൗളൈന്‍ സന്യാസസമൂഹത്തിന്‍റെ ധ്യാനകേന്ദ്രമായ കാസ ദിവീന്‍ മയെസ്ത്രോ (CASA DIVIN MAESTRO) എന്ന ധ്യാനകേന്ദ്രത്തില്‍, ആരാധന, സായാഹ്നപ്രാര്‍ഥന എന്നിവയോടെ ആരംഭിച്ച ധ്യാനപരിപാടിയില്‍ അനുദിനം രാവിലെയും ഉച്ചകഴിഞ്ഞുമുള്ള രണ്ടു ധ്യാനപ്രഭാഷണങ്ങളാണുള്ളത്. വി. മത്തായിയുടെ സുവിശേഷത്തിലെ പീഡാനുഭവവിവരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ധ്യാനപ്രഭാഷണങ്ങള്‍ക്കാമുഖമായി ധ്യാനഗുരു ഫാ. ജൂലിയോ മിഖെലീനി ഇപ്രകാരം പറഞ്ഞു:  

യേശുവിന്‍റെ മരണം ഒരു സാങ്കല്പിക കഥയല്ല. സുവിശേഷങ്ങള്‍ അവിടുത്തെ ജീവിതവും മരണവും യഥാര്‍ഥമാണെന്നു സാക്ഷിക്കുന്നു. യേശുവിന്‍റെ ജീവിതവും മരണവും സസൂക്ഷ്മം ബന്ധപ്പെട്ടിരിക്കുന്നു.  അതുകൊണ്ട്, ഓരോ ധ്യാനവിചിന്തനവും വി. മത്തായിയുടെ സുവിശേഷത്തില്‍നിന്ന്, യേശുവിന്‍റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നീ വിവരണങ്ങളില്‍നിന്നുള്ള ഒരു ഭാഗത്തിന്‍റെ വ്യാഖ്യാനം, യേശുവിന്‍റെ ഗലീലിയിലെ ശുശ്രൂഷയുടെ പുനര്‍വായനയിലൂടെ സമാപിക്കുന്ന വിധത്തിലായിരിക്കും. ഈ ധ്യാനദിനങ്ങള്‍ വി. പത്രോസിനോടൊപ്പമുള്ളതായിരിക്കും. ഭയത്തോടെയെങ്കിലും, പരിശുദ്ധാത്മാവിലുള്ള ആത്മവിശ്വാസത്തില്‍ ഈ ധ്യാനവിചിന്തനങ്ങള്‍ ഞാനാരംഭിക്കുന്നു.

മാര്‍ച്ച് ആറാംതീയതിയിലെ ധ്യാനപ്രഭാഷണങ്ങള്‍

പീഡാസഹനവേളയിലെ യേശുവിന്‍റെ നിശ്ശബ്ദതയെക്കുറിച്ചുള്ളതായിരുന്നു ആദ്യധ്യാനവിചിന്തനം.  ‘‘യേശു ഈ വചനങ്ങളെല്ലാം അവസാനിപ്പിച്ചശേഷം’’ താന്‍ ക്രൂശിക്കപ്പെടുന്നതിനായി ഏല്പിക്കപ്പെടുമെന്ന് പ്രഖ്യാപിക്കുന്നു (മത്താ 26: 1-5). പ്രതിയോഗികള്‍ക്കുമുന്നിലുള്ള യേശുവിന്‍റെ നിശ്ശബ്ദതയാണ് തുടര്‍ന്നു നാം കാണുക. അത് പീഡാനുഭവവേളയിലെ സവിശേഷതയാണ്.

ഫ്രാന്‍സീസ് അസ്സീസ്സി, വാക്കുകള്‍ ഉപയോഗിച്ചും അവരുടെ ലാളിത്യമാര്‍ന്ന ജീവിതസാക്ഷ്യത്തിലൂടെയും സുവിശേഷപ്രസംഗം നടത്തേണ്ടതിനു ശിഷ്യന്മാരോടു നിര്‍ദ്ദേശിച്ചിരിക്കുന്നതു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു. വിവിധ തരത്തിലുള്ള നിശ്ശബ്ദതയുണ്ട്.  പ്രതികാരം ചെയ്യുന്നതിനുവേണ്ടി നിശ്ശബ്ദരാകുന്നവരുണ്ട്, ഇരകളുടെ നിസ്സഹായതയിലുള്ള നിശ്ശബ്ദതയുണ്ട്.  യേശുവിന്‍റെ പീഡാസഹനവേളയിലെ നിശ്ശബ്ദത നിരായുധമാക്കുന്ന, സമാധാനപൂര്‍ണമായ നിശ്ശബ്ദതയാണ്.  അത് ദൈവത്തിന്‍റെ ജ്വലിക്കുന്ന നിശ്ശബ്ദതയാണ്.  പിതാവിലാശ്രയിച്ചുകൊണ്ടുള്ള നിശ്ശബ്ദത.  ‘‘എന്‍റെ നിശ്ശബ്ദത ഏതുതരത്തിലുള്ളതാണ്?’’

യേശുവിന്‍റെ പീഡാസഹനവേളയിലെ മൗനത്തെക്കുറിച്ചുള്ള പരിചിന്തനത്തോടെ ആരംഭിച്ച വിചിന്തനത്തില്‍ ധ്യാനഗുരു ഫാ. ജൂലിയോ മിഖെ ലീനി യേശുവിനെ വധിക്കാനുള്ള ആലോചനയില്‍ അവിടെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെ ഇപ്രകാരം വിശദീകരിച്ചു: ഒരു വശത്ത്,  യഹൂദനിയമങ്ങളനുഷ്ഠാന നിഷ്‌ഠയോ‌ടെ പെസഹാ ആചരിക്കുന്നതിനായി തയ്യാറെടുക്കുന്ന സാധാരണക്കാരനായ യേശു.  എന്നാല്‍ മറുവശത്ത്, പെസഹാത്തിരുനാളില്‍ നിഷ്ക്കളങ്കനായ വ്യക്തിയെ വധിക്കുന്നതിനാലോചിക്കുന്ന പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും.  അവര്‍ പെസഹാത്തിരുനാളിനെ ഭയപ്പെടുന്നു. കാരണം തിരുനാള്‍ ദിവസം യേശുവിനെ വധിച്ചാല്‍ ജനങ്ങള്‍ ബഹളമുണ്ടാക്കും. ഈ ബൈബിള്‍ഭാഗം വിശദീകരിച്ചുകൊണ്ട് വ്യക്തിയുടെ അവകാശങ്ങളെ ബലികഴിച്ചുകൊണ്ട് തങ്ങളുടെ മുഖം രക്ഷിക്കാനുള്ള വ്യഗ്രതയെക്കുറിച്ചുള്ള മനോഭാവത്തെ വിലയിരുത്തുന്നതി നായി ക്ഷണിക്കുകയായിരുന്നു.

തുടര്‍ന്നുവരുന്ന തൈലാഭിഷേകത്തെക്കുറിച്ചുള്ള സുവിശേഷ വിചിന്തനം ഇപ്രകാരമാണ് അദ്ദേഹം നല്‍കിയത്. നാലു സുവിശേഷങ്ങളും വിവരിക്കുന്ന ഈ തൈലാഭിഷേകത്തില്‍, യേശുവിനു സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് അറിവുള്ള ഏക വ്യക്തി ആ സ്ത്രീയാണെന്നാണു വിവരണത്തില്‍നിന്നും മനസ്സിലാകുക. അതുകൊണ്ട് ആ തൈലാഭിഷേകം വളരെ പ്രതീകാത്മകമാകുന്നു. ഈ തൈലാഭിഷേകം രാജകീയമെന്നോ ശവസംസ്ക്കാരച്ചടങ്ങിന്‍റെ ഭാഗമെന്നോ വ്യാഖ്യാനിക്കപ്പെടാം. യേശു ആ സ്ത്രീയുടെ പ്രവൃത്തിയെ വിലമതിക്കുന്നു. വിലപിടിച്ച സുഗന്ധദ്രവ്യത്തിനുവേണ്ടി ചെലവഴിച്ച തുക പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നില്ലേ എന്നു ചിന്തിച്ചവരുണ്ട്.  പക്ഷേ ആ വേള യേശുവിനെ ശുശ്രൂഷിക്കുന്നതിനുള്ളതായിരുന്നു. ദൈവത്തോടും സഹോദരരോടുമുള്ള സ്നേഹം രണ്ടും പ്രധാനമാണെന്നുള്ള പ്രബോധനത്തോടെയാണ് മാര്‍ച്ച് ആറാംതീയതിയിലെ ധ്യാനപ്രഭാഷണങ്ങള്‍ അവസാനിച്ചത്.








All the contents on this site are copyrighted ©.