2017-03-01 17:06:00

ഷബാസ് ഭട്ടി - നീതിയുടെ സ്വരം : കര്‍ദ്ദിനാള്‍ പരോളിന്‍


പാക്കിസ്ഥാനിലെ ന്യൂനപക്ഷ കാര്യാലയത്തിന്‍റെ കൊല്ലപ്പെട്ട മുന്‍ മന്ത്രിയുടെ ജീവചരിത്രം,  “ഷബാസ് ഭട്ടി, നീതിയുടെ സ്വരം!” പുറത്തിറങ്ങി. ഗ്രന്ഥത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പെയെത്രോ പരോളിന്‍റെ ആമുഖം. ഇറ്റലിയിലെ സെന്‍റ് പോള്‍സ് പ്രസാധകര്‍ (St. Paul’s Publications) പുറത്തിറക്കിയ ഗ്രന്ഥം ഫെബ്രുവരി 28-Ɔ൦ തിയതി ചൊവ്വാഴ്ച മിലാനില്‍ പ്രകാശനംചെയ്യപ്പെട്ടു. ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഉര്‍ദു, ഹിന്ദി ഭാഷകളിലാണ് ഷബാസ് ഭട്ടിയുടെ ജീവചരിത്രം പുറത്തുവന്നിരിക്കുന്നത്. പ്രസാധകരുടെ പ്രസ്താവന വ്യക്തിമാക്കി. 

കര്‍ദ്ദിനാള്‍ പരോളിന്‍റെ ആമുഖമുള്ള ജീവചരിത്രത്തില്‍ ഇറ്റാലന്‍ ദേശീയ ടെലിവിഷന്‍ ‘റായി’യുടെ പ്രസിഡന്‍റ്, മോനിക്കാ മജ്ജീയോനിയുടെ ആശംസാസന്ദേശവും ചേര്‍ത്തിട്ടുണ്ട്. ഷബാസ് ഭട്ടിയുടെ ജീവചരിത്രം എഴുതിയത് പാക്കിസ്ഥാനിലെ ന്യൂനപക്ഷ കാര്യാലയത്തിന്‍റെ ഇപ്പോഴത്തെ മന്ത്രിയും,  പരേതന്‍റെ ഇളയസഹോദരനുമായ ഡോക്ടര്‍ പോള്‍ ഭട്ടിയാണ്. സുവിശേഷമൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിച്ച “ഷബാസ് യഥാര്‍ത്ഥത്തില്‍ നീതിയുടെ ശബ്ദമായിരുന്നെന്ന്…” കര്‍ദ്ദാനാള്‍ പരോളില്‍ ആമുഖത്തില്‍ പ്രസ്താവിച്ചു.

പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വക്താവായിരുന്നു ഷബാസ് ഭട്ടി. രക്തസാക്ഷിയായി ക്രൈസ്തവര്‍ ആദരിക്കുന്ന അദ്ദേഹത്തിന്‍റെ 6-Ɔ൦ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ പോള്‍ ഭട്ടി തന്‍റെ സഹോദരന്‍റെ ജീവിതവും ജീവസമര്‍പ്പണവും വെളിപ്പെടുത്തുന്ന ഗ്രന്ഥം പുറത്തുകൊണ്ടുവന്നത്. പാക്കിസ്ഥാനിലെ ദൈവദൂഷണക്കുറ്റനിയമം ഭേദഗതിചെയ്യുന്നതിനും, ന്യൂനപക്ഷങ്ങളെ കുടുക്കില്‍ വീഴ്ത്തുന്ന നിയമത്തിന്‍റെ വകുപ്പുകള്‍ എടുത്തുകളയണമെന്നുമുള്ള ചര്‍കള്‍ക്കിടയിലാണ് ഭീകരുടെ കരങ്ങളില്‍ ഷബാസ് ഭട്ടി ക്രൂരമായി കൊല്ലപ്പെട്ടത്.   

2011 മാര്‍ച്ച 2-Ɔ൦ തിയതിയായിരുന്നു പാക്കിസ്ഥാന്‍റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍വച്ച് ഷബാസ് ഭട്ടി തലിബാന്‍റെ ക്രൂരതയ്ക്ക് ഇരയായത്. ന്യൂപക്ഷ കാര്യാലയത്തിന്‍റെ പ്രഥമ കത്തോലിക്കാ മന്ത്രിയായിരുന്നു.  കൊല്ലപ്പെടുമ്പോള്‍ 43 വയസ്സായിരുന്നു.

വിവിധ മതങ്ങളുടെ സമാധാനപരമായ നിലനില്പിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു ഷബാസ്. 2005-ല്‍ പാക്കിസ്ഥാനിലുണ്ടായ ഭൂകമ്പക്കെടുതി, 2009-ലെ വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ജനങ്ങളെ സഹായിക്കാന്‍ ദേശീയതലത്തില്‍ നിസ്വാര്‍ത്ഥമായി ഇറങ്ങി പ്രവര്‍ത്തിച്ച മഹാമനസ്ക്കനും ജനസ്നേഹിയുമായിരുന്നു അദ്ദേഹം. നിര്‍ധനരെ സഹായിക്കുന്ന  ‘കാരിത്താസ്’,   ‘സാന്‍ എജീഡിയോ’പോലുള്ള രാജ്യാന്തര സംഘടകളുമായി ബന്ധമുണ്ടായിരുന്ന ഷബാസ്, ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുമായിരുന്നു.

അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പതറാതെനിന്നുകൊണ്ട് പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ ജീവന്‍ സമര്‍പ്പിച്ച പുണ്യദേഹത്തിന്‍റെ സ്മരകള്‍ക്കുമുന്നില്‍ ആദരാഞ്ജലി!

 








All the contents on this site are copyrighted ©.