2017-02-27 14:36:00

സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം (31) “ഇന്നു നിങ്ങള്‍ ഹൃദയം കഠിനമാക്കരുതേ...!”


95-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പഠനം – ആദ്യഭാഗം.

ഈ പ്രക്ഷേപണത്തില്‍ 95-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിക്കുകയാണ്. സാഹിത്യരൂപത്തില്‍ ഇതൊരു പ്രവചനപരമായ സങ്കീര്‍ത്തനമാണ്. പ്രവചനം പ്രബോധനമാണ്, പ്രവാചകശബ്ദം ജനത്തെ പ്രബോധിപ്പിക്കുവാനുള്ളതാണ്. അങ്ങനെ  രചനയില്‍ പ്രവചനശൈലി ഉപയോഗിച്ചുകൊണ്ട് സങ്കീര്‍ത്തകന്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നതും, ദൈവത്തിങ്കലേയ്ക്ക് ക്ഷണിക്കുന്നതും. ഇത് നാം പഠനവിഷയമാക്കുന്ന ഈ ഗീതത്തിന്‍റെ സവിശേഷതയാണ്.

പ്രഭണിതമായി ഉപോയോഗിച്ചിരിക്കുന്ന ആദ്യത്തെ രണ്ടു സങ്കീര്‍ത്തനപദങ്ങള്‍ പരിശോധിച്ചുകൊണ്ട് മനോഹരമായ ഗീതത്തിന്‍റെ പഠനത്തിലേയ്ക്ക് കടക്കാം. 95-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ സംഗീതാവിഷ്ക്കാരത്തില്‍ പ്രഭണിതമായി എടുത്തിരിക്കുന്നത് 9-Ɔ മത്തെ പദമാണ്.

9 സീനായ് മരുപ്രദേശത്തൂടെയുള്ള പ്രയാണത്തില്‍ മെരീബായിലും മാസ്സായിലും ചെയ്തതുപോലെ  ഹൃദയം കഠിനമാക്കാതെ നിങ്ങള്‍ കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍

ഈണംപകരുന്നതിനും, പ്രായോഗികമായി പ്രാര്‍ത്ഥനാ സമൂഹത്തിലോ, ദേവാലയത്തിലോ ഉപയോഗിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രഭണിതം ഓര്‍മ്മയില്‍ ഉള്‍ക്കൊള്ളാനും സഹായകമാകുന്നതിനും, ഹൃദിസ്ഥമാക്കുവാനും തക്കവിധത്തില്‍ വൃത്തബദ്ധമായി രണ്ടു വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങളുടെ ഹെബ്രായ മൂലകൃതി കവിതകളാണെങ്കിലും പരിഭാഷകളില്‍ അളവോ വൃത്തമോ പാലിക്കുന്നില്ല എന്നതാണ് ഈ പ്രശ്നത്തിനു കാരണം. അശയങ്ങള്‍ ചോര്‍ന്നുപോകാതെ പരിഭാഷചെയ്യാനുള്ള തത്രപ്പാടില്‍ മൂലകൃതിയിലെ ശൈലി പാടെ ഉപേക്ഷിച്ചിരിക്കുകയാണ്.

Recitation :

ഇന്നു നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്

കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍.

പ്രഥമപദത്തില്‍ത്തന്നെ സങ്കീര്‍ത്തനത്തിന്‍റെ പ്രവചനഭാവം വ്യക്തമാണ്.

നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്. കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുവിന്‍!’ കഠിനമാക്കരുത്, ശ്രവിക്കുവിന്‍....എന്നിങ്ങനെയുള്ള കര്‍മ്മത്തിന്‍റെ ആജ്ഞാനുവര്‍ത്തിയായ പ്രയോഗങ്ങളാണ് അതിന്‍റെ പ്രവചനപരമായ സ്വഭാവം വെളിപ്പെടുത്തുന്നത്, വ്യക്തമാക്കുന്നത്.

95-Ɔ൦ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവുമാണ്...

          Musical version of Psalm 95

          ഇന്നു നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്

         കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍.

പ്രബോധനപരമായ ഗീതങ്ങളുടെ ഗണത്തില്‍പ്പെട്ടതാണ് പ്രവചന സ്വഭാവമുള്ള  95-Ɔ൦ സങ്കീര്‍ത്തനം എന്ന് പറയുകയുണ്ടായി. കുറച്ചുകൂടെ വിസ്തരിക്കുമ്പോള്‍, പ്രവാചക സാഹിത്യത്തിന്‍റെ സവിശേഷതകളായ വാഗ്ദാനത്തിന്‍റെയും ശിക്ഷയുടെയും പ്രയോഗങ്ങള്‍, മുന്നറിയിപ്പുകള്‍, ആരാധനാസമൂഹത്തിലെ അരുളപ്പാടുകള്‍, ആനുകാലിക പ്രശ്നങ്ങള്‍ക്ക് ദൈവത്തിന്‍റെ ഉത്തരം എന്നിവ ഗീതത്തില്‍ കാണാം. പ്രവാചക ശാസനയും ഭര്‍ത്സനവും ഭീഷണിയും നെടുവീര്‍പ്പുകളും, അതുപോലെ തിന്മയുടെ വളര്‍ച്ചയിലും സ്വാധീനത്തിലുമുള്ള ദുഃഖവും വിലാപവും ഇവയില്‍ കണ്ടെന്നുവരാം. പ്രവാചക പുസ്തകത്തില്‍നിന്നുള്ള പല ആശയങ്ങളും ഈ ഗീതത്തിലുണ്ട്. അതുകൊണ്ടാണ് ഇതിന് ഉപോദ്ബലകമായി, ഉറപ്പുനല്കുന്ന വിധത്തില്‍ ഗായകന്‍ പ്രവചന ശൈലിയില്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നത്. പ്രവചനശൈലി ആരുടേതാണ് എന്ന് ചോദിക്കാറുണ്ട്. അരുളപ്പാടുകള്‍ നടത്തുന്ന പ്രവാചകന്മാരെപ്പറ്റിയും അവര്‍ ആരാധനാസമൂഹത്തില്‍ നടത്തുന്ന പ്രവചനങ്ങളെപ്പറ്റിയും പഴയനിയമത്തില്‍ ധാരാളം പരാമര്‍ശങ്ങള്‍ ഉണ്ട്. അങ്ങനെയുള്ള പ്രവചനങ്ങള്‍ വിലപിക്കുന്ന ആരാധനകനെയും അതില്‍ പങ്കെടുക്കുന്ന വിശ്വാസസമൂഹത്തെയും, ദൈവത്തെ അന്വേഷിക്കുന്ന ശരണ ഭാവത്തിലേയ്ക്കും, കൃതജ്ഞതാ സ്തോത്രത്തിലേയ്ക്കും നയിക്കുന്നു, അങ്ങനെ അവ ജനങ്ങള്‍ക്ക് സാന്ത്വനം പകരുന്നു,  പ്രത്യാശപകരുന്നുവെന്ന് വരികള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം.  വിശുദ്ധ ഗ്രന്ഥത്തിലെ വളരെ ജനകീയമായതും അറിയപ്പെട്ടതുമായ ഗീതമാണ്,  95-Ɔ൦ സങ്കീര്‍ത്തനം. ആദ്യപദംതന്നെ പ്രാര്‍ത്ഥിക്കുവാനുള്ള ക്ഷണമാണ്.

1 വരുവിന്‍ നമുക്ക് കര്‍ത്താവിനു സ്തോത്രഗീതം ആലപിക്കാം

നമ്മുടെ ശിലയായ കര്‍ത്താവിനെ പാടിപ്പുകഴ്ത്താം

ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു, ഗായകന്‍ കര്‍ത്താവിനെ ‘ശില’യെന്നാണ് വിശേഷിപ്പിക്കുന്നത്. ‘രക്ഷാശില’ കര്‍ത്താവിന്‍റെ വിശേഷണമാണ്. ജരൂസലേമില്‍ വളര്‍ന്ന ആരാധനാ പരാമ്പര്യത്തില്‍ ദൈവത്തെ പല പേരുകളിലാണ് മഹത്വപ്പെടുത്തിയിരുന്നത്. അത്യുന്നതനായ ദൈവം, എല്ലാ ദേവന്മാരുടെമേലും രാജാവായ ദൈവം, രക്ഷാശിലയായ ദൈവം, സ്രഷ്ടാവ്, രക്ഷകനായ ദൈവം എന്നിങ്ങനെ. ഇതെല്ലാമായ, സര്‍വ്വശക്തനായ കര്‍ത്താവിന്‍റെ മുമ്പിലാണ് ജനങ്ങള്‍ സാഷ്ടാംഗ പ്രണാമംചെയ്യുന്നത്. കാരണം, അവിടുന്നു സ്രഷ്ടാവും ലോകത്തിന്‍റെ മുഴുവന്‍ കര്‍ത്താവുമാണ്. പിന്നെയും സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ ശക്തിയെ വിവരിക്കുന്നുണ്ട്. അവിടെയും തീരുന്നില്ല ഭൂമിയുടെ അഗാധതലങ്ങള്‍ (താഴ്ന്നവ) മരണത്തിന്‍റെ ശക്തിയെയും, ഗിരിശൃംഗങ്ങള്‍ (ഉയര്‍ന്നവ), ജീവന്‍റെ ശക്തികളെയും സൂചിപ്പിക്കുന്നു. ഇതുവഴി താഴെയും മുകളിലും സകലത്തെയും ഭരിക്കുന്ന ദൈവം എങ്ങനെയാണ് എല്ലാ ദേവാന്മാരുടെയും രാജാവാകുന്നതെന്നു പറഞ്ഞു സ്ഥാപിക്കുകയാണ് സങ്കീര്‍ത്തകന്‍. അങ്ങനെ സൃഷ്ടിവഴിയുള്ള ദൈവത്തിന്‍റെ ലോകാധിപത്യം ഈ സങ്കീര്‍ത്തനത്തില്‍ വ്യംഗ്യാര്‍ത്ഥത്തില്‍ വെളിവാക്കപ്പെടുന്നു.

ഈ ഗീതത്തിന്‍റെ ആലാപന സന്ദര്‍ഭത്തെക്കുറിച്ച് ഇങ്ങനെയാണ് മനസ്സില്‍ വരുന്നത്. ഒരുകൂട്ടം സാധാരണക്കാരായ ജനങ്ങള്‍, വിശ്വാസികള്‍ ജരൂസേലമില്‍ എത്തിയിരിക്കുന്നു. പല ദിവസത്തെ നീണ്ട യാത്രയ്ക്കുശേഷമാണ് അവരുടെ എത്തിച്ചേരല്‍. പിന്നെ അവര്‍, ആബാലവൃന്ദം ജനങ്ങള്‍ ദേവാലയ കവാടത്തിങ്കല്‍ അണിഞ്ഞൊരുങ്ങി, ഉടുത്തൊരുങ്ങി ആശ്ചര്യപൂര്‍വ്വം നില്‍ക്കുന്നു. അങ്ങനെയുള്ള സന്ദര്‍ഭത്തിലായിരിക്കണം ഈ ഗീതം ആലപിക്കപ്പെട്ടിരുന്നത്.  ഗീതത്തിന്‍റെ ആന്തരിക ഭാവത്തിലേയ്ക്കും വിശദാംശങ്ങളിലേയ്ക്കും കടക്കുന്നതിനുമുന്‍പ് നമുക്ക് പദങ്ങളുമായി പരിചയപ്പെടാം. പ്രവചനഭാവമുള്ളതും പ്രബോധനശൈലിയുളളതുമായ സങ്കീര്‍ത്തനത്തിന്‍റെ ആന്തരിക അരൂപിയിലേയ്ക്കു കടക്കാന്‍ പരിശ്രമിക്കാം.

Musical version of Psalm 85

ഇന്നു നിങ്ങള്‍ ഹൃദയം കഠിനമാക്കരുതേ

കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍.

1 വരുവിന്‍ നമുക്ക് കര്‍ത്താവിനു സ്തോത്രഗീതം ആലപിക്കാം

നമ്മുടെ ശിലയായ കര്‍ത്താവിനെ പാടിപ്പുകഴ്ത്താം

കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധി ചേരാം

ആനന്ദത്തോടവിടുത്തേയ്ക്ക് സ്തുതിഗീതങ്ങള്‍ ആലപിക്കാം.

സങ്കീര്‍ത്തനത്തിന്‍റെ സമൂഹ്യപശ്ചാത്തലം പരിശേധിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കാം - പഴയനിയമ കാലത്തിന്‍റെ അന്ത്യത്തില്‍ എത്തിയപ്പോഴേയ്ക്കും ജരുസലേം ദേവാലയവും അതിന്‍റെ ചുറ്റുവട്ടങ്ങളും വളരെ വിസ്തൃതമായ പ്രദേശമായി വളര്‍ന്നിരുന്നു. വിപുലമായ പടവുകള്‍ കയറിയാണ് ദൈവാലയത്തിന്‍റെ അങ്കണത്തിലും പിന്നെ പടിക്കലും ജനം എത്തിച്ചേരുന്നത്.  പടി കടന്നാല്‍ തീര്‍ത്ഥാടകന്‍ ആദ്യം കാണുന്നത് court of the gentiles, വിജാതീയരുടെ തളത്തിലാണ്. അക്കാലത്ത് ധാരാളം ഗ്രീക്കുകാര്‍ യഹൂദവിശ്വാസം സ്വീകരിച്ചിരുന്നു. ഇരുകൂട്ടരും തമ്മില്‍ – യഹൂദരും ഗ്രീക്കുകാരും തമ്മില്‍ അടുക്കുകയോ, സംബന്ധംചെയ്യുകയോ ഇല്ലായിരുന്നെങ്കിലും ഗ്രീക്കുകാര്‍ക്ക് ദേവാലയ്ത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ അനുവാദമുണ്ടായിരുന്നു. വിശാലമയൊരു തളം അവര്‍ക്കായി മാറ്റിവച്ചിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്ക് മാത്രമുള്ള മണ്ഡപമാണ്. അതിനുശേഷമാണ്  ഇസ്രായേല്യര്‍ സമ്മേളിച്ചിരുന്ന ദേവാലയത്തിന്‍റെ പ്രധാനഭാഗം, മുഖ്യഭാഗം. അങ്ങനെ ദേവാലയത്തിന്‍റെ ഉള്ളില്‍ പ്രവേശിച്ച ജനമാണ് അത്യുന്നതനായ ദൈവത്തെ സ്തുതിക്കുന്നത്. ദൈവത്തെക്കുറിച്ചുള്ള പ്രബോധനംതന്നെയാണ് പദങ്ങളില്‍ നാം ശ്രവിക്കുന്നത്. - അവിടുന്ന് അത്യുന്നതനാണ്. സകലത്തിനും അധിപനായ രാജനാണ്. ഭൂമിയുടെ അഗാധതലങ്ങള്‍- താഴ്വാരങ്ങളും പുഴയും സമുദ്രവും എന്നപോലതന്നെ, ഉന്നതതലങ്ങളും - അതായത് പര്‍വ്വതശൃംഗങ്ങളും മലകളും മാമരങ്ങളും പക്ഷികളും കിളികളുമെല്ലാം കര്‍ത്താവിന്‍റേതാണ്. സ്രഷ്ടാവായ ദൈവത്തിന്‍റേതാണെന്ന്  പദങ്ങളില്‍ പ്രസ്താവിച്ചുകൊണ്ട്,  ജനങ്ങള്‍ ദൈവമായ കര്‍ത്താവിനെ പാടിസ്തുതിക്കുന്നു, പ്രകീര്‍ത്തിക്കുന്നു.

Recitation

3 എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനായ ദൈവമാണ്,

എല്ലാ ദേവന്മാര്‍ക്കും അധിപനായ രാജാവാണ്.

4 ഭൂമിയുടെ അഗാധതലങ്ങള്‍ അവിടുത്തെ കൈയിലാണ്

പര്‍വ്വതശൃംഗങ്ങളും അവിടുത്തേതാണ്... ആകയാല്‍

ഇന്നു നിങ്ങള്‍ ഹൃദയം കഠിനമാക്കരുതേ

കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവന്‍.

Musical version of Psalm 95

ഇന്നു നിങ്ങള്‍ ഹൃദയം കഠിനമാക്കരുതേ

കര്‍ത്താവിന്‍റെ വചനം ശ്രവിക്കുവിന്‍.

2 വരുവിന്‍ നമുക്ക് കര്‍ത്താവിനെ കുമ്പിട്ടാരാധിക്കാം

നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്‍റെ മുന്നില്‍ ശരസ്സുനമിക്കാം

എന്തെന്നാല്‍ അവിടുന്നു നമ്മുടെ ദൈവമാകുന്നു.

നാമിവടുത്തെ ജനവും അജഗണവുമല്ലോ.

നന്ദി! സങ്കീര്‍ത്തനം 50-ന്‍റെ പഠനം ഇനി അടുത്തയാഴ്ചയില്‍... സങ്കീര്‍ത്തനങ്ങളിലെ ദൈവവാവിഷ്ക്കാരം എന്ന ശീര്‍ഷകത്തില്‍








All the contents on this site are copyrighted ©.