2017-02-24 08:57:00

നാം സ്നേഹിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവര്‍: DOCAT (19-21) - VIII


ഇന്നത്തെ സഭാദര്‍ശനം പരിപാടിയില്‍, ഡുക്യാറ്റ് പഠനപരമ്പരയുടെ ഏഴാം ഭാഗമാണു നാം ശ്രവി ക്കുക. കഴിഞ്ഞ ആഴ്ചയിലെ സഭാദ൪ശനം പരിപാടിയിൽ ഡുക്യാറ്റ് എന്ന, സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള അനുരൂപണ ഗ്രന്ഥത്തിന്‍റെ പതിനാറുമുതല്‍ പതിനെട്ടുവരെയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് വിചിന്തനത്തിനെടുത്തത്. 'നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക' എന്ന കല്‍പ്പനയെ, 'ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നി ങ്ങളും പരസ്പരം സ്നേഹിക്കുക' എന്ന് മനുഷ്യരായ നമുക്കുവേണ്ടിയുള്ള അവിടുത്തെ ജീവിതബലിയോടു ചേര്‍ത്തു യേശു നവീകരിച്ചുവെന്നു നാം കണ്ടു. ക്രിസ്തുവിന്‍റെ ഈ സ്നേഹം ഈ ഭൂമിയില്‍ ദൈവരാജ്യത്തിനു തുടക്കമിട്ടു. ആ സ്നേഹം സ്വീകരിച്ച്, പങ്കുവച്ചാല്‍  ദൈവരാജ്യം ഈ ഭൂമിയില്‍ കൈവരുത്താന്‍ നമുക്കു കഴിയും. അതാണ് സഭയുടെ, എന്നു പറഞ്ഞാല്‍ ദൈവജനത്തിന്‍റെ, ദൗത്യം. ഈ സ്നേഹമില്ലാത്ത അവസ്ഥയാണ്, അഥവാ സ്വാര്‍ഥതയാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനമെന്നും, ക്രിസ്തുവിനാല്‍ സ്ഥാപിതമായതും നമ്മില്‍ ഇപ്പോള്‍ത്തന്നെ സ്ഥാപിതമാകേണ്ടതും നിത്യതയില്‍ പൂര്‍ണമാക്കപ്പെടേണ്ടതുമായ ദൈവരാജ്യം തിന്മയുടെമേല്‍ എങ്ങനെ വിജയം വരിക്കുമെന്നും പത്തൊമ്പതുമുതല്‍ ഇരുപത്തൊന്നുവരെയുള്ള ചോദ്യോത്തരങ്ങളില്‍ ചര്‍ച്ച ചെയ്യുന്നു. ഒന്നാമധ്യായത്തിലെ ഈ അവസാനചോദ്യോത്തരങ്ങളാണ് ഇന്നത്തെ സഭാദര്‍ശനത്തിലുള്ളത്.

പത്തൊമ്പതാം ചോദ്യത്തില്‍ മഹനീയമായ ക്രിസ്തുസ്നേഹം നാം നമ്മുടെ ജീവിതത്തിലുള്‍ക്കൊള്ളാത്തതാണ്  അഥവാ തന്നിലേക്കു തന്നെ തിരിഞ്ഞിരിക്കുന്ന ഒരാളുടെ സ്നേഹം, സ്വാര്‍ഥസ്നേഹമാണ് എല്ലാ പാപങ്ങള്‍ക്കും കാരണം ആയിത്തീരുന്നത് എന്നു വിശദീകരിക്കുന്നു. 

19.  എല്ലാ മാനവപാപത്തിന്‍റെയും കാതല്‍ മനുഷ്യന്‍റെ സ്വാര്‍ഥതയായിരിക്കുന്നത് എന്തുകൊണ്ടാണ്?

മനുഷ്യന്‍ തന്നെത്തന്നെ അഹങ്കാരത്തോടെ നോക്കുമ്പോള്‍ എല്ലാം ഉപയോഗശൂന്യമാക്കുന്നു.  നാം ന മുക്കുതന്നെ മതിയായതല്ല, എന്ന രീതിയിലാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  നമുക്കു മാനവസമൂഹവും  അതുപോലെ, ആത്യന്തികമായി നമ്മുടെ അസ്തിത്വത്തിന്‍റെ ഉറവിടവും പൊരുളുമായവനെ, ദൈവത്തെ, നോക്കിക്കൊണ്ടുള്ള ഒരു വിമോചനക്രമീകരണവും ആവശ്യമാണ്. നാം നമ്മില്‍നിന്നു പുറത്തുകടക്കണം, എന്തെന്നാല്‍ നാം സ്നേഹിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്.  സ്നേഹിക്കുന്നതിലൂടെ, നാം നമുക്കുമുപരിയായി, അപരവ്യക്തിയിലേക്ക്, ആത്യന്തികമായി ദൈവത്തിലേക്ക് എത്തുന്നു. നമ്മിലേക്കു തന്നെ തിരിഞ്ഞിരിക്കുക എന്നത് പാപത്തിനു പര്യായമായി ഭവിക്കുന്നു. സ്നേഹിക്കാന്‍ കഴിയാത്ത ഒരാള്‍ താന്‍ സ്വയംഭരമേല്‍ക്കുന്ന ഒറ്റപ്പെടലി‍ല്‍ ജീവിക്കുന്നു.ഇത് എല്ലാ സാമൂഹ്യസ്ഥിതികളിലും ഇതു സത്യമാണ്.  എവിടെ ഉല്‍പ്പാദനവും ഉപഭോഗവും ദീര്‍ഘായു സ്സും പ്രഥമമായി വരുന്നുവോ അവിടെ ദൃഢബന്ധവും യഥാര്‍ഥ മനുഷ്യത്വവും കുറഞ്ഞുവരുന്നു.

ആദിപാപം സ്വാര്‍ഥതയില്‍നിന്നുദിച്ചതാണെന്നു നമുക്കറിയാം.  ആത്മാവിന്‍റെ ആന്തരികശക്തികളല്ല, അവരെ ഭരിച്ചത്, പകരം ശരീരത്തിന്‍റെ ദുരാശകളാണ്.  ദൈവത്തിന്‍റെ സൃഷ്ടിയെന്ന അവസ്ഥയെ അംഗീകരിക്കാതെ സ്രഷ്ടാവിനെ അനുസരിക്കാതെ തങ്ങളുടെ ഇഷ്ടം നിറവേറ്റാന്‍ ശ്രമിച്ച അവര്‍ തങ്ങ ളിലേക്കു തന്നെ തിരിയുകയായിരുന്നു.  നന്മതിന്മകളെ തെരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യം ദൈവത്തെ ഉപേക്ഷിക്കുന്നതിനായി അഥവാ തങ്ങളെത്തന്നെ ഉയര്‍ത്തുന്നതിനായി, പിശാചിന്‍റെ തോന്നിപ്പുകളോടു സഹകരിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തിച്ചു.  ഇതിനു പരിഹാരവും ദൈവഹിത ത്തിനു അടിയറവയ്ക്കുന്നതിനു മാതൃകയുമാണ് യേശുവിന്‍റെ ജീവിതം.  തന്നെത്തന്നെ താഴ്ത്തി കുരിശുമരണത്തോളം അവിടുന്നു തന്നെത്തന്നെ ശൂന്യനാക്കി.  മനുഷ്യന്‍റെ പാപം മൂലം ലോകത്തി ലേക്കു പ്രവേശിച്ച മരണത്തെ തന്‍റെ സ്നേഹത്താല്‍ വിജയിച്ചു.  ദൈവസ്നേഹംവഴി, പരസ്പര സ്നേഹം വഴി ഈ മരണത്തെ ജയിക്കാന്‍ കഴിയുന്നതിന് അവിടുന്നു തന്നെത്തന്നെ ബലിയാക്കി.  ഒപ്പം നമുക്കൊരു മാതൃക തരികയും ചെയ്തു.  ആ ദൈവസ്നേഹത്തിന്‍റെ പരസ്നേഹത്തിന്‍റെയും ബന്ധത്തെക്കുറിച്ച് യോഹന്നാന്‍ അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നത് വി. ആഗസ്തീനോസും വിശ ദീകരിക്കുന്നു, നിങ്ങളുടെ കണ്‍മുമ്പിലുള്ള സഹോദരനെ നിങ്ങള്‍ സ്നേഹിക്കുന്നില്ലെങ്കില്‍ കാണപ്പെടാ ത്ത ദൈവത്തെ സ്നേഹിക്കാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. ‌‌എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവ ര്‍ക്ക് എല്ലാക്കാര്യങ്ങളും, അവരുടെ അലച്ചിലുകളും തെറ്റുകള്‍പോലും നന്മയായിത്തീരുന്നു.

20.  ദൈവത്തിന്‍റെ മാസ്റ്റര്‍ പ്ലാനില്‍ സഭയുടെ ദൗത്യമെന്താണ്?

ദൈവസ്നേഹത്തിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തന്‍റെ പുത്രനായ യേശുക്രിസ്തുവിലൂടെയുള്ള സകല മനുഷ്യ രുടെയും രക്ഷയും വീണ്ടെടുപ്പും ആണ്.  സഭ നിലനില്‍ക്കുന്നു, എന്തുകൊണ്ടെന്നാല്‍ യേശു നമ്മെ, അഗാധവും രക്ഷണീയവുമായ ഒരു സംസര്‍ഗത്തിലേയ്ക്കു പ്രവേശിക്കാന്‍ നമ്മെ ക്ഷണിക്കുന്നു.  ഈ സംസര്‍ഗം, ''ക്രിസ്തുവിന്‍റെ ശരീരം'' ആണ് സഭ. മാമ്മോദീസായിലൂടെയും മറ്റു കൂദാശകളിലൂടെയും, നാം ക്രിസ്തുവിന്‍റെ സ്വന്തമായിത്തീര്‍ന്നു, അവിടുന്നിലൂടെ, നവ്യവും ശാശ്വതവുമായ ജീവന്‍ ചൊരിയപ്പെട്ടവരായിത്തീര്‍ന്നു.  ദൈവത്തിന്‍റെ വചനം ചെവിക്കൊള്ളുന്നതിലൂടെ നാം അവിടുത്തെ ഹിതം അനുസരിക്കുകയാണ്. ദൈവത്തിന്‍റെ സ്നേഹം നമുക്കു വര്‍ധിതമാക്കാന്‍ കഴിയുന്ന സ്ഥലം സഭയാണ്.  സഭ അവളില്‍തന്നെ അന്ത്യമല്ല.  അവള്‍, തന്‍റെ പ്രവര്‍ത്തനത്തിലൂടെ മാനവകുടുംബ ത്തിന്‍റെ സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള സംഭാവന നല്കിക്കൊണ്ട് മനുഷ്യവര്‍ഗ ത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയുമുള്ള ഉത്തരവാദിത്വം ഭരമേല്‍ക്കുന്നു.

ക്രിസ്തുവിന്‍റെ മൗതികശരീരമാണ് സഭ, ദൈവജനമായ നാം. ക്രിസ്തു ശരീരത്തിലേറ്റെടുത്തവ ഏറ്റെ ടുത്തുകൊണ്ട്, നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി നമ്മെത്തന്നെ വ്യയം ചെയ്തുകൊണ്ടുമാത്രമേ, ക്രി സ്തുവിന്‍റെ രാജ്യം ഇന്നു നമ്മുടെയിടയില്‍ ഉണ്ട് എന്നു പറയാനാവൂ. അപ്പോള്‍ മാത്രമേ കൂദാശക ളിലൂടെ നാം സ്വീകരിക്കുന്ന വരപ്രസാദം നമ്മില്‍ ഫലമണിയുകയുള്ളു. സ്വാര്‍ഥതയാല്‍ പ്രേരിതരായി നാം എന്തെല്ലാം നേടിയാലും ഇവിടെത്തന്നെ നമുക്കതു അനുഭവിക്കാന്‍ കഴിയുകയില്ല എന്നറിയുന്നതിനു സാമാന്യബുദ്ധി മതിയാകും.

ഒരു അമേരിക്കന്‍ എഴുത്തുകാരനായ ജോണ്‍ സ്റ്റൈന്‍ബക്ക് ചോദിക്കുന്നത് ഇവിടെ പ്രസക്തമാണ്, ഒരു മനുഷ്യന്‍ ലോകംമുഴുന്‍ നേടി സ്വന്തമാക്കിയിട്ട്, ഉദരത്തില്‍ അര്‍ബുദവും നെഞ്ചെരിച്ചി ലുമൊ ക്കെയായി വെറുതെ ഇരുന്നിട്ട് എന്തു നന്മയാണുണ്ടാവുക.

അതുകൊണ്ട് എല്ലാവര്‍ക്കുംവേണ്ടിയുള്ള ശുശ്രൂഷയാണ് സഭയുടെ ദൗത്യം.  ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍ പറയുന്നതിങ്ങനെ: ആവശ്യത്തിലിരിക്കുന്നവരെ സഭ ശുശ്രൂഷിക്കുന്നു, അത് അവര്‍ കത്തോ ലിക്കരായതുകൊണ്ടല്ല, നാം കത്തോലിക്കരായതു കൊണ്ടാണ്. പാപ്പാ ഇക്കഴിഞ്ഞ ഫെബ്രുവരി പത്തൊമ്പതാം തീയതി റോമിന്‍റെ പ്രാന്തപ്രദേശത്തുള്ള കസ്തേല്‍വേര്‍ദെ ഇടവകയില്‍ ഇടയ സന്ദര്‍ശനം നടത്തുമ്പോള്‍ രോഗികളും പ്രായമായവരുമായുള്ള കൂടിക്കാഴ്ചാസമയത്ത് അവരോട് ഇങ്ങനെ പറയുന്നുണ്ട്.  നമ്മോടു സഹായം ചോദിക്കുന്നതാരായാലും, തിന്മ പറയുന്നവരായാലും വിശ്വാസമില്ലാത്തവരായാലും ആരുതന്നെയായാലും അത് ക്രിസ്തുവാണ്. അവരാരാണ് എന്നതുകൊ ണ്ടല്ല, അവരില്‍ ക്രിസ്തുവുള്ളതുകൊണ്ട് നാം ക്രൈസ്തവരായതുകൊണ്ടാണ് ആവശ്യത്തിലിരിക്കു ന്നവരെ നാം സഹായിക്കുന്നത്.  അത് കര്‍ത്താവിന്‍റെ കല്പനയായതുകൊണ്ടാണ്. സ്വാര്‍ഥതയല്ല, സ്വ യത്യാഗമാണ് കര്‍ത്താവായ യേശു നമ്മില്‍നിന്നാഗ്രഹിക്കുന്നത്. അപ്രകാരം ദൈവത്തിന്‍റെ ഇഷ്ടം നി റവേറ്റപ്പെടുമ്പോഴാണ് ദൈവരാജ്യം ഇവിടെയുണ്ട് എന്നു പറയാനാവൂ. അക്കാര്യത്തെക്കുറിച്ചാണ് ഇരുപത്തൊന്നാമത്തെ ചോദ്യത്തിനുത്തരം വിശദീകരിക്കുന്നത്. ഇരുപത്തൊന്നാമത്തെ ചോദ്യമിതാണ്.

21. ദൈവരാജ്യം സഭയില്‍ ഇതിനകം തന്നെ ദൃശ്യമായിരിക്കുന്നതാണോ?

ഉത്തരം: സഭ നിലനില്‍ക്കുന്നത് ഒരിടം ദൈവത്തിനുവേണ്ടി നിര്‍മിക്കുന്നതിനായിട്ടാണ്, അങ്ങനെ ലോകം ദൈവത്തിന്‍റെ രാജ്യം ആയിത്തിരുന്നതിനുമാണ് (ജോസഫ് റാറ്റ്സിംഗര്‍).  യേശുക്രിസ്തു വിനോടുകൂടി, ദൈവരാജ്യം ഈ ഭൂമിയില്‍ ആരംഭിച്ചുകഴിഞ്ഞു.  എവിടെയൊക്കെ കൂദാശകള്‍ പരികര്‍മം ചെയ്യപ്പെടുന്നുണ്ടോ, പാപത്തിന്‍റെ പഴയലോകവും മരണവും അതിന്‍റെ മൂലത്തോടുകൂടി കീഴടക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നു.  ഒരു പുതിയ സൃഷ്ടി ആരംഭിക്കുന്നു, ദൈവരാ ജ്യം പ്രത്യക്ഷമായിത്തീരുന്നു. ക്രൈസ്തവര്‍ കൂദാശയിലൂടെ ലഭിക്കുന്ന നവജീവിതം ജീവിതപ്രവര്‍ത്ത നങ്ങളിലേക്കു പകര്‍ത്തുന്നില്ലെങ്കില്‍ അവ ശൂന്യമായ അടയാളങ്ങളായി മാറും. ഒരാള്‍ ദിവ്യകാരു ണ്യം സ്വീകരിക്കാനും ഒപ്പം മറ്റുള്ളവരുടെ അന്നന്നപ്പം നിഷേധിക്കാനും കഴിയുകയില്ല.  കൂദാശകള്‍ നമ്മെ വിളിക്കുന്നത് പുറത്തേയ്ക്കു പോകുന്ന, പ്രാദേശികമായി മാത്രമല്ല, അസ്തിത്വപരമായും അ തിര്‍ത്തികളിലേയ്ക്ക് പോകുന്ന, പാപരഹസ്യത്തിന്‍റെ, സഹനത്തിന്‍റെ, അനീതിയുടെ, അജ്ഞതയുടെ, മതത്തിന്‍റെ, ബൗദ്ധികതയുടെ, എല്ലാത്തരത്തിലുമുള്ള ദാരിദ്യത്തിന്‍റെ അതിര്‍ത്തികളിലേക്കു പോകുന്ന ഒരു സ്നേഹത്തെയാണ് (കര്‍ദിനാള്‍ ബെര്‍ഗോളിയോ, 2013-ലെ കോണ്‍ക്ലേവിനുമുമ്പുള്ള പ്രഭാഷണം).

ഇത് സുവിശേഷത്തില്‍ യേശുതന്നെ തന്‍റെ ദൗത്യത്തെക്കുറിച്ചു പറയുന്നതുതന്നെയാണ്.  എന്നു പറഞ്ഞാല്‍ യേശുവിന്‍റെ ദൗത്യമല്ലാതെ മറ്റൊരു ദൗത്യവും സഭ ഏറ്റെടുത്തില്ല എന്നര്‍ഥം. ലൂക്കായുടെ സുവിശേഷത്തില്‍ നാലാമധ്യായത്തില്‍ നാം വായിക്കുന്നതിങ്ങനെയാണ്. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു. കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്.  ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താ വിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.  പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി.  നിങ്ങള്‍ കേട്ടിരിക്കെ ത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു. (ലൂക്കാ 4:18-21).  ഈ സുവിശേഷ ഭാഗത്തിന്‍റെ ലളിതവും ഋജുവുമായ വ്യാഖ്യാനമാണ് പാപ്പാ ബെര്‍ഗോളിയോയുടേതായി നാം നേര ത്തെ കേട്ടത്. ഈ ദൈവരാജ്യസംസ്ഥാപനം, അല്ലെങ്കില്‍ ക്രിസ്തു പ്രോദ്ഘാടനം ചെയ്ത ദൈവ രാജ്യം നമ്മുടെ നിസ്വാര്‍ഥസ്നേഹത്തില്‍ മാത്രമേ തുടരുകയുള്ളു. അതുതന്നെയാണ് സഭയുടെ സാമൂ ഹികപ്രബോധനങ്ങളുടെയെല്ലാം സാരസംഗ്രഹം. ഈ സാമൂഹികപ്രബോധനങ്ങളില്‍ നിന്നുള്ള പ്രസ ക്തഭാഗങ്ങള്‍ ഒന്നാമധ്യായത്തില്‍ നാം ചര്‍ച്ചചെയ്തവയോടു ബന്ധപ്പെട്ടഭാഗങ്ങള്‍ അതിന്‍റെ അവസാ നത്തില്‍ നല്കിയിരിക്കുന്നത് ഇനി വിചിന്തനത്തിനായി നമുക്കു മുന്നിലുണ്‌‌ട്. അത് അടുത്ത ആഴ്ച. 








All the contents on this site are copyrighted ©.