2017-02-20 20:14:00

സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം (30) ക്രിസ്തുവിലെ ദൈവികസാമീപ്യം


 

കര്‍ത്താവിന്‍റെ രക്ഷാകരശക്തി നന്മയും വിശ്വസ്തതയും നീതിയും സമാധാനവുമായി പ്രത്യക്ഷപ്പെടുന്നു. സങ്കീര്‍ത്തനം 85 (ഭാഗം 3)

85-Ɔ൦ സങ്കീര്‍ത്തന പദങ്ങളുടെ വ്യാഖ്യാനമാണ് കഴിഞ്ഞ ഭാഗത്തു ശ്രവിച്ചത്. വ്യാഖ്യാനം നമ്മെ ഗീതത്തിന്‍റെ ആസ്വാദനത്തിലേയ്ക്ക് നയിക്കുന്നു. ആസ്വാദനത്തോടെ നമുക്ക്  85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പഠനം അവസാനിക്കുകയാണ്. സാഹിത്യരൂപത്തില്‍ ഇതൊരു വിലാപ സങ്കീര്‍ത്തനമാണെന്നും, ഒപ്പം സമൂഹിക വിലാപവുമാണെന്ന് മനസ്സിലാക്കിയതാണ്. ക്രിസ്തുവിന് 600 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ബാബിലോണ്‍ വിപ്രവാസത്തിന്‍റെ വികാരങ്ങളാണ് ഈ ഗീതത്തിന് പശ്ചാത്തലം. ഇസ്രായേലിലെ ജൂദയ ഗോത്രത്തില്‍പ്പെട്ടവരെ ബാബിലോണിയന്‍ രാജാവായ നെബുക്കദനേസര്‍. 60 വര്‍ഷങ്ങളിലേറെ അടിമകളാക്കി എന്ന് ഓര്‍ക്കുമ്പോള്‍ ഇന്ന് ലോകത്ത് നടക്കുന്ന നവമായ വിപ്രാവസത്തെയും അടമത്വത്തെയുംകുറിച്ചുള്ള ചിന്തകളാണ് മനസ്സിലേയ്ക്ക് ഓടിവരുന്നത്. ഇസ്രായേലിന്‍റെ വിപ്രവാസത്തിന് സമാന്തരമായ പീഡനങ്ങളുടെ കദനകഥകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് അരങ്ങേറുന്നത്. ന്യൂനപക്ഷങ്ങളുടെ നേര്‍ക്കു തിരിഞ്ഞുള്ളതാണ് നവമായ പീഡനകഥകളും പുതിയ വിപ്രവാസവും. വേദനിക്കുന്ന പ്രവാസികളായ ജനത്തിനുവേണ്ടി, വിശിഷ്യ മദ്ധ്യപൂര്‍വദേശത്തെ പീഡിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയോടെ ഈ പരമ്പര സമര്‍പ്പിക്കാം.

Musical version of Psalms 85

കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

ബാബിലോണ്‍ വിപ്രവാസത്തിനുശേഷം ജരൂസലേമിലേയ്ക്കുള്ള ഇസ്രായേല്യരുടെ തിരിച്ചുവരവാണ് 85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പ്രതിപാദ്യവിഷയം എന്ന് മനസ്സിലാക്കിയതാണ്. എന്നാല്‍ മദ്ധ്യപൂര്‍വ്വദേശ രാജ്യങ്ങളിലെ വിപ്രവാസികളുടെ തിരിച്ചുപോക്ക് ഇനിയും വിദൂരസ്വപ്നമാണ്. ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്ന ഇസ്രായേലിന്‍റെ വിലാപം ആര്‍ക്കും ധൈര്യം പകരുന്നതാണ്. ജീവിതയാത്രയില്‍ മുന്നോട്ടു പോകുവാന്‍ അത് നമുക്കും കരുത്തു നല്കുന്നതാണ്. 85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ആദ്യത്തെ ആസ്വാദനമായി നമുക്ക് പറയാവുന്നതും ചൂണ്ടിക്കാണിക്കാവുന്നതും ഗീതം പകര്‍ന്നുനല്ക്കുന്ന ആത്മവിശ്വാസവും പ്രത്യാശയുമാണ്.

വിപ്രവാസത്തില്‍നിന്നുമുള്ള തിരിച്ചുവരവ് ജനങ്ങള്‍ക്ക് ഏറെ സന്തോഷകരമായ അനുഭവമാണ്. അത് ദൈവം നല്കിയ തിരിച്ചുവരവാണെന്ന് ഇസ്രായേല്‍ വിശ്വസിച്ചു. ദൈവിക നന്മ ഏറ്റുപറഞ്ഞ് ജനം സന്തോഷിക്കുന്നതും, ജനങ്ങളുടെ ജീവിതത്തില്‍ ദൈവത്തിനുള്ള പ്രഥമസ്ഥാനം അംഗീകരിക്കുന്നതും സങ്കീര്‍ത്തന പദങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തിരിച്ചെത്തിയിട്ടും, തിരികെ ചെന്നിട്ടും, ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പച്ചയായ ക്ലേശങ്ങള്‍ ബാക്കി നില്ക്കുന്നതായിട്ടാണ് ജനത്തിന് അനുഭവപ്പെട്ടത്. അതിനെ ചൊല്ലിയാണ് അവരുടെ പിന്നീടുള്ള ഖേദമെന്ന് 85-Ɔ൦ സങ്കീര്‍ത്തനത്തിലെ വിലാപവാക്യങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തിലും തന്‍റെ ജനത്തിന് കര്‍ത്താവു നല്കുന്ന പ്രത്യാശ സങ്കീര്‍ത്തന പദങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നു. ദൈവത്തിലുള്ള തുടര്‍പ്രത്യാശ ഈ സങ്കീര്‍ത്തനത്തെ ഇന്നും പ്രസക്തവും ആസ്വാദ്യവുമാക്കുന്നു. 

Musical version of Psalm 85

കര്‍ത്താവേ, അങ്ങെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നു

തന്‍റെ ജനത്തിനടവിടുന്ന് സമാധാനം അരുളുന്നു.

അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്.

കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളുന്നു.

ദൈവം തന്‍റെ ജനത്തിനു നല്കുന്ന പ്രത്യാശയുടെ വാഗ്ദാനങ്ങളും, ജീവിത പ്രതിസന്ധികളില്‍ അവിടുന്നു നല്കുന്ന ഉത്തരവുമാണ്, നാം പഠിക്കുന്ന 85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ഉള്ളടക്കമെന്നതു സ്പഷ്ടമാണ്. നമ്മോടൊത്തു വസിക്കുകയും, നമ്മുടെ ജീവിത യാതനളില്‍ പങ്കുചേരുകയും ചെയ്യുന്ന, നമ്മെ തുണയ്ക്കുന്ന ദൈവത്തിന്‍റെ ചിത്രം വരച്ചുകാട്ടുന്നത് 85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ തനിമയാണ്. തന്നെയും പിന്നെയും അവസാനിക്കാത്തതുപോലെ വ്യഥകള്‍ പൊന്തിവരുമ്പോഴും, അനുദിന ജീവിതത്തില്‍ തന്‍റെ കാരുണ്യവും വിശ്വസ്തയുംകൊണ്ട് ജനത്തെ അനുധാവനംചെയ്ത ദൈവത്തെക്കുറിച്ചുള്ള സങ്കീര്‍ത്തന ധ്യാനം ഇന്നും പ്രത്യാശ പകരുന്നു, കരുത്തേകുന്നു.

കര്‍ത്തവേ, അങ്ങേ ദേശത്തോട് അങ്ങു കരുണ കാണിച്ചു.

യാക്കോബിന്‍റെ ഭാഗധേയം അവിടുന്നു പുനഃസ്ഥാപിച്ചു.

അങ്ങയുടെ ജനത്തിന്‍റെ അകൃത്യം അങ്ങു മറന്നുകളഞ്ഞു, മായിച്ചുകളഞ്ഞു...

അവരുടെ പാപങ്ങള്‍ക്ക് അവിടുന്നു മാപ്പുനല്കി.

അങ്ങയുടെ ക്രോധമെല്ലാം അങ്ങു പിന്‍വലിച്ചു

തീക്ഷ്ണമായ കോപത്തില്‍നിന്നും അങ്ങു പിന്‍മാറി

കര്‍ത്താവ് പാപത്തെ വെറുക്കുന്നു, പാപിയെ ശിക്ഷിക്കുന്നു എന്നത്  പഴയ കാഴ്ചപ്പാടാണ്. എന്നാല്‍ ദൈവം പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ പുതിയ നിയമ വീക്ഷണമാണിത്. ഇവിടെ പഴയ ചിന്തയെ ആധാരമാക്കി,  ജനങ്ങളുടെ അധിക്രമങ്ങളും അവിശ്വസ്തതയും മൂലം കര്‍ത്താവ് അവരെ അന്യരാജാക്കന്മാരുടെ കൈകളില്‍ ഏല്പിച്ചുകൊടുത്തു, എന്നായിരുന്നു ഇസ്രായേലിന്‍റെ വിശ്വാസം. എന്നാല്‍ ഇതാ, വീണ്ടും അവിടുന്ന് ജനത്തോട് കരുണകാണിക്കുകയും, ഉടമ്പടി പുനഃസ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. തന്‍റെ ജനവുമായി ഉടമ്പടി പുതുക്കുന്ന കര്‍ത്താവ്, അവരുടെ പാപങ്ങള്‍ മായിച്ചുകളഞ്ഞു. ജനത്തിന്‍റെ കുറവുകള്‍ അവിടുന്നു മറന്നിരിക്കുന്നു അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ പറയുന്നത്.

കര്‍ത്താവേ, ജനത്തിന്‍റെ അകൃത്യങ്ങള്‍ അങ്ങു മറന്നുകളഞ്ഞു, മായിച്ചുകളഞ്ഞു

അവരുടെ പാപങ്ങള്‍ക്ക് അവിടുന്നു മാപ്പുനല്കി.

അങ്ങയുടെ ക്രോധമെല്ലാം അങ്ങു പിന്‍വലിച്ചു

തീക്ഷണമായ കോപത്തില്‍നിന്നും അങ്ങു പിന്മാറി..

ഗായകന്‍റെ പ്രത്യാശയുടെ വികാരം നമുക്ക് സ്വായത്തമാക്കാം. ദൈവം കാരുണ്യവാനാണ്, മാപ്പു നല്കുന്നവാനാണ് നമ്മുടെ പാപങ്ങളും അധിക്രമങ്ങളും കഠിനമായിരുന്നാലും, തന്‍റെ സ്നേഹവും കാരുണ്യവും നമ്മില്‍ ചൊരിയുന്ന പിതാവാണ് അവിടുന്ന് എന്ന ധ്യാനം ജീവിതത്തില്‍ ഏറെ പ്രത്യാശയും, മുന്നോട്ടു ചരിക്കുവാനുള്ള ആത്മവിശ്വസവും പകരട്ടെ!

               Musical version of Psalm 85

കര്‍ത്താവേ, അങ്ങെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും

നീതിയും സമാധാനവും പരസ്പരം ചുംബിക്കും

ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കുന്നു.

നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കുന്നു,

കടാക്ഷിക്കുന്നു.

വിപ്രവാസകാലത്ത് കര്‍ത്താവിന്‍റെ തേജസ്സാര്‍ന്ന സാന്നിദ്ധ്യം ഇസ്രായേലില്‍നിന്നും മാറിപ്പോയി. എന്നാല്‍ ഇപ്പോഴിതാ, കര്‍ത്താവിന്‍റെ സഹായം സമീപസ്ഥമാണ്. അവിടുത്തെ മഹത്വം ദേശത്തു വസിക്കുന്നു, എന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപാടുമ്പോള്‍ ദൈവിക സാന്നിധ്യത്തിന്‍റെ പ്രകാശത്തെക്കുറിച്ചാണ് സങ്കീര്‍ത്തകന്‍ ഈ ഗാനത്തിന്‍റെ 19 പദങ്ങളിലും പരാമാര്‍ശിക്കുന്നത്. കര്‍ത്താവിന്‍റെ രക്ഷാശക്തി, രക്ഷാകരശക്തി നന്മയും വിശ്വസ്തതയും നീതിയും സമാധാനവുമായി പ്രത്യക്ഷപ്പെടുന്നു. പഴയ നിയമത്തിലെ രക്ഷയെപ്പറ്റിയുള്ള സജീവ വിവരണ ശൈലിയാണിത്. എന്നാല്‍ പുതിയ നിയമത്തില്‍ ഇത് ദൈവരാജ്യത്തിന്‍റെ ആഗനമാണ്. ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു... എന്നുതന്നെയാണ് സങ്കീര്‍ത്തകന്‍ മറ്റു വാക്കുകളില്‍ പ്രഖ്യാപിക്കുന്നത്, പ്രഘോഷിക്കുന്നത്. ‘ജെസ്സെയുടെ ഗോത്രത്തില്‍നിന്നും രക്ഷ  മുളയെടുക്കും’ എന്നുള്ള ഏശയായുടെ പ്രവചനം (ഏശയ 11, 1) പൂര്‍ത്തീകരിക്കപ്പെടുന്നത് ക്രിസ്തുവിലാണ്. രക്ഷകനായ ക്രിസ്തുവിനെ ചുണ്ടിക്കാണിക്കുന്ന പ്രവാചകശബ്ദം ഈ സങ്കീര്‍ത്തനത്തില്‍ പ്രതിധ്വനിക്കുന്നത് ശ്രദ്ധേയവും പ്രത്യാശപകരുന്നതുമാണ്.

ജസ്സെയുടെ കുറ്റിയില്‍നിന്നും മുള കിളിര്‍ത്തുവരും.

കര്‍ത്താവിന്‍റെ ആത്മാവ് അവന്‍റെമേല്‍ ആവസിക്കും, 

ദരിദ്രരെ അവിടുന്ന് ധര്‍മ്മനിഷ്ഠയോടെ വിധിക്കും..

എളിയവരോട് അവിടുന്ന് നീതി കാട്ടും....പിന്നെ

നീതിയും വിശ്വസ്തതയുംകൊണ്ട് കര്‍ത്താവ് അരമുറുക്കും.... (ഏശയാ 11, 1..).

അങ്ങനെ ക്രിസ്തുവില്‍ വിരിയുന്ന നവജീവനിലേയ്ക്കും ദൈവരാജ്യ സാന്നിദ്ധ്യത്തിലേയ്ക്കുമാണ് ഈ വചനഗീതം നയിക്കുന്നത് - എന്ന ധ്യാനത്തോടെ 85-Ɔ൦ സങ്കീര്‍ത്തനപഠനം നമുക്ക് ഉപസംഹരിക്കാം.

            Musical version of Psalm 85

കര്‍ത്താവേ, അങ്ങെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

കര്‍ത്താവു നന്മ ഭൂമിയില്‍ പ്രദാനംചെയ്യുന്നു.

നമ്മുടെ ദേശത്തു സമൃദ്ധമായ് വിള നല്‍കുന്നു.

നീതി അവിടുത്തെ മുന്‍പേ നടന്ന് വഴിയൊരുക്കുന്നു.

കര്‍ത്താവിന്‍റെ രക്ഷ മന്നില്‍ ആഗതമാകുന്നു,

ആഗതമാകുന്നു.

Note  :  സങ്കീര്‍ത്തനം 85-ന്‍റെ പഠനം ഇവിടെ അവസാനിക്കുന്നു. അടുത്ത ചൊവ്വാഴ്ച 95-Ɔ൦ സങ്കര്‍ത്തന പഠനം ആരംഭിക്കും. കര്‍ത്താവിന്‍റെ രക്ഷാകരശക്തി നന്മയും വിശ്വസ്തതയും നീതിയും സമാധാനവുമായി പ്രത്യക്ഷപ്പെടുന്നു.

നന്ദി. വീണ്ടും അടുത്തയാഴ്ചയില്‍....!








All the contents on this site are copyrighted ©.