2017-02-18 13:15:00

സംഭാഷണത്തിന്‍റെ അഭാവം യുദ്ധഹേതു- പാപ്പാ


സംഭാഷണത്തിന്‍റെയും പരസ്പരാദരവിന്‍റെയും അഭാവം മാനവഹൃത്തില്‍ യുദ്ധത്തിനു തുടക്കമിടുമെന്ന് മാര്‍പ്പാപ്പാ.

റോമിലെ “ റോമ ത്രേ” അഥവാ, “റോമ മൂന്ന്” എന്നറയിപ്പെടുന്ന സര്‍വ്വകലാശാല വെള്ളിയാഴ്ച (17/02/17) രാവിലെ സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ പ്രസ്തുത സര്‍വ്വകലാശാലയിലെ അദ്ധ്യേതാക്കളെയും അദ്ധ്യാപകരുള്‍പ്പടെയുള്ള ജീവനക്കാരെയും സംബോധനചെയ്യുകയായിരുന്നു.

സര്‍വ്വകലാശാലാവിദ്യാര്‍ത്ഥികളുടെ 4 പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു പാപ്പായുടെ ചിന്തകള്‍.

മറ്റുള്ളവരോടു തുറവുകാട്ടാനും, അപരനെ ആദരിക്കാനും, മറ്റുള്ളവരോടും സംസാരിക്കാനും അപ്രാപ്തനാകുമ്പോള്‍ അവന്‍റെ ഹൃദയത്തില്‍ യുദ്ധാരംഭമാകുന്നുവെന്നു പാപ്പാ വിശദീകരിച്ചു.

ഈയൊരു പശ്ചാത്തലത്തില്‍ സംഭാഷണത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പാപ്പാ എല്ലാവര്‍ക്കും ഇടമേകുന്ന സര്‍വ്വകലാശാല സംഭാഷണത്തിനുള്ള വേദിയാണെന്നും അവിടെ ഓരോ വ്യക്തിയ്ക്കും സ്വന്തമായ രീതിയില്‍ ചിന്തിക്കാന്‍ കഴിയുമെന്നും സംഭാഷണവും, താരതമ്യപഠനവും, ശ്രവണവും, അപരന്‍റെ ചിന്തയോടുള്ള ആദരവും, സൗഹൃദവും, കലാകായിക വിനോദങ്ങളും ഒന്നുമില്ലെങ്കില്‍ അത് സര്‍വ്വകലാശാലയല്ലെന്നും പാപ്പാ പറഞ്ഞു.

കുടിയേറ്റത്തെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ  അത് ഒരു വിപത്തല്ല, പ്രത്യുത, വളരുന്നതിനുള്ള വെല്ലുവിളിയാണെന്ന് ഉദ്ബോധിപ്പിച്ചു.

കുടിയേറ്റത്തിനുള്ള മൂലകാരണങ്ങളിലേക്കു വിരല്‍ ചൂണ്ടിയ പാപ്പാ യുദ്ധം, പട്ടിണി തുടങ്ങിയവയില്‍ നിന്നുള്ള പലായനം ആണ് കുടിയേറ്റമെന്നും ആകയാല്‍ കുടിയേറ്റത്തിന് അറുതി വരണമെങ്കില്‍ ആ രാജ്യങ്ങളില്‍  യുദ്ധവും പട്ടിണിയുമെല്ലാം ഇല്ലാതാകുകയും സമാധാനം സംജാതമാകുകയും അവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും കാലക്ഷേപമാര്‍ഗ്ഗങ്ങള്‍ ലഭ്യമാകുകയും ചെയ്യേണ്ടതിന്‍റെ  അനിവാര്യത ചൂണ്ടിക്കാട്ടി.

ആകയാല്‍ ചൂഷണമരുതെന്ന്, മദ്ധ്യധരണ്യാഴിയെ ഒരു “ശവപ്പറമ്പാക്കുന്ന”തരത്തില്‍ കപ്പലുകള്‍ മുങ്ങത്തക്കവിധം കുടിയേറ്റക്കാരെ  കുത്തിനിറച്ചു അവരെ കടത്തുന്ന കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന ഭൂമിയിലെ ശക്തന്മാരോടു പാപ്പാ അഭ്യര്‍ത്ഥിക്കുന്നു.








All the contents on this site are copyrighted ©.