2017-02-17 13:02:00

സര്‍വ്വകലാശാല: മനസ്സാക്ഷിരൂപീകരണത്തിനുള്ള സവിശേഷ വേദി- പാപ്പാ


മനസ്സാക്ഷിരൂപീകരണത്തിനുള്ള സവിശേഷ വേദിയായണ് സര്‍വ്വകലാശാലയെന്ന് മാര്‍പ്പാപ്പാ.

റോമിലെ 4 പൊതുസര്‍വ്വകലാശാലകളില്‍ മൂന്നാമതായി സ്ഥാപിക്കപ്പെട്ടതും 1992 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമായ “ റോമ ത്രേ” അഥവാ, “റോമ മൂന്ന്” എന്നറയിപ്പെടുന്ന സര്‍വ്വകലാശാല വെള്ളിയാഴ്ച (17/02/17) രാവിലെ സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ പ്രസ്തുത സര്‍വ്വകലാശാലയിലെ അദ്ധ്യാപകാദ്ധ്യേതാക്കള്‍ക്കായി തയ്യറാക്കി റെക്ടര്‍ പ്രൊഫസര്‍ മാരിയൊ പനീത്സായെ ഏല്പിച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.

സര്‍വ്വകലാശാലാവിദ്യാര്‍ത്ഥികളുടെ 4 പ്രതിനിധികള്‍ ഉന്നയിച്ച ഏതാനും ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍, സര്‍വ്വകലാശാലയുടെ ദൗത്യം, അഹിംസ, മൂല്യങ്ങള്‍ കണ്ടെത്തല്‍, വ്യക്തിമാഹാത്മ്യം വീണ്ടെടുക്കല്‍ സാമൂഹ്യ നവീകരണം തുടങ്ങിയ ആശയങ്ങളിലൂന്നിയതായിരുന്നു പാപ്പായുടെ സന്ദേശം.

നന്മയുടെയും സത്യത്തിന്‍റെയും സൗഷ്ഠവത്തിന്‍റെയും ആവശ്യങ്ങളെയും വൈരുദ്ധ്യങ്ങളോടുകൂടിയ യാഥാര്‍ത്ഥ്യത്തെയും സസൂക്ഷ്മം വിശകലനംചെയ്തുകൊണ്ട് മനസ്സാക്ഷിരൂപീകരണ ദൗത്യം സര്‍വ്വകലാശാല നടത്തുന്നതെന്ന് പാപ്പാ വിശദീകരിക്കുന്നു. നമ്മുടെ സമൂഹം നന്മയാലും അപരനോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും കര്‍മ്മങ്ങളാലും സമ്പന്നമാണെങ്കിലും ലോകത്തില്‍ ശത്രുതയും അക്രമവും ഏറെ ദൃശ്യമാണെന്ന വസ്തുത ചൂണ്ടിക്കാട്ടുന്ന പാപ്പാ ഇക്കൊല്ലത്തെ വിശ്വശാന്തിദിനത്തിനു താന്‍ നല്കിയ സന്ദേശം, അഹിംസ ജീവിതത്തിന്‍റെയു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെയും ശൈലിയാക്കാണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നത് അനുസ്മരിക്കുന്നു. പട്ടിണി, രോഗം എന്നിവയ്ക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ ആയുധങ്ങള്‍ക്കായി വന്‍ തുകകള്‍ നീക്കിവയ്ക്കുന്ന അപമാനകരമായ വൈരുദ്ധ്യം ദൃശ്യമാണെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.ലോകത്തിന്‍റെ ഇന്നത്തെ ഇത്തരം അവസ്ഥകള്‍ക്കു മുന്നില്‍ പ്രത്യാശ വെടിയരുതെന്നും നഷ്ടധൈര്യരാകരുതെന്നും പറഞ്ഞ പാപ്പാ പ്രത്യാശയുടെ അഭാവം അതിനാല്‍ത്തന്നെ ജീവന്‍റെ അഭാവമാണെന്ന് ഉദ്ബോധിപ്പിച്ചു.

ഈ ഒരവസ്ഥയില്‍ മനുഷ്യന്‍ ക്ഷണികവും പൊള്ളയുമായ ആനന്ദം വില്ക്കുന്നവരുടെ പിന്നാലെ പോകുന്ന അപകടമുണ്ടാകുമെന്ന് മുന്നറിയപ്പു നല്കുന്ന പാപ്പാ മനുഷ്യന്‍ ചൂതാട്ടം മയക്കുമരുന്നു തുടങ്ങിയ വിവിധങ്ങളായ തിന്മകള്‍ക്ക് അടിമകളാകുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, ബോംബുകള്‍ ശരീരത്തെ നശിപ്പിക്കുമ്പോള്‍ ഇത്തരം അടിമത്തമാകട്ടെ മനസ്സിനെയും ആത്മാവിനെയും ശരീരത്തെയും നശിപ്പിക്കുന്നുവെന്നും പറയുന്നു. വ്യക്തികള്‍ക്കും കുടുംബത്തിനും ഗുരുതരമായ ഹാനിവരുത്തുന്ന ചൂതാട്ടഭ്രമത്തിന് കടിഞ്ഞാണിടുന്നതിന് വിലയേറിയ സംഭാവനയേകാനും സമൂഹത്തിന്‍റെ നവീകരണത്തിനുള്ള സവിശേഷവും അനിവാര്യവുമായ പങ്കുവഹിക്കാനും സര്‍വ്വകലാശാലയ്ക്ക് കഴിയുമെന്നും പാപ്പാ പറഞ്ഞു.

ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വന്‍ പരിവര്‍ത്തനങ്ങളെപ്പറ്റിപരാമര്‍ശിക്കുന്ന പാപ്പാ സാമ്പത്തിക, സാംസ്കാരിക, സാമൂഹ്യ മാതൃകകളെക്കുറിച്ചുള്ള ഒരു പുനര്‍വിചിന്തനം മനഷ്യവ്യക്തിയുടെ മൂല്യത്തിന്‍റെ പ്രാഥമ്യം വീണ്ടെടുക്കുന്നതിന് ആവശ്യമാണെന്നു പ്രസ്താവിക്കുന്നു.

സമാഗമ സംസ്കൃതിയും ഭിന്ന സാംസ്കാരിക മത പാരമ്പര്യങ്ങളില്‍പ്പെട്ടവരെ സ്വീകരിക്കുന്ന സംസ്കാരവും ഊട്ടിവളര്‍ത്തുന്ന ഒരു വേദിയാകാന്‍ സര്‍വ്വകലാശാലയ്ക്ക് കഴിയുമെന്നും പാപ്പാ പറയുന്നു. 








All the contents on this site are copyrighted ©.