2017-02-16 20:03:00

കീഴടക്കാനുള്ള പ്രേരകശക്തിയാണ് കായിക വിനോദങ്ങള്‍!


മാര്‍ച്ച് 14-മുതല്‍ 25-വരെ ഓസ്ട്രിയയിലെ സ്റ്റേറിയയില്‍ അരങ്ങേറുന്ന ഭിന്നശേഷിക്കാരുടെ ഒളിംപിക്സിന്‍റെ പ്രതിനിധി സംഘം ഫെബ്രുവരി 16-Ɔ൦ തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളിലായിരുന്നു കൂടിക്കാഴ്ച. പാപ്പായുമായുള്ള നേര്‍ക്കാഴ്ചയ്ക്ക് ഒളിംപിക്സ് കൂട്ടായ്മയുടെ 40 പ്രതിനിധികള്‍ ഉണ്ടായിരുന്നു.

സ്വയം കീഴടക്കാനുള്ള കഴിവ് കായികമത്സരങ്ങളുടെ പ്രത്യേകതയാണെന്ന ചിന്തയാണ് പാപ്പാ ഫ്രാന്‍സിസ് കായികമേളയിലെ താരങ്ങളും  സംഘാടകരും അടങ്ങിയ സംഘവുമായി പങ്കുവച്ചത്. കായിക താരങ്ങള്‍ ബൗദ്ധികമായോ കായികമായോ ബലഹഹീനതകള്‍ ഉള്ളവരാണെങ്കില്‍പ്പോലും കഠിനാദ്ധ്വാനം, ത്യാഗസമര്‍പ്പണം, ക്ഷമ, സ്ഥിരത, ധൈര്യം, നിരന്തരമായ പരിശീലനം എന്നിവയിലൂടെ അവര്‍ക്ക് സ്വയം കീഴടക്കാനും, ജീവിതവിജയം കൈവരിക്കാനുമുള്ള രൂപാന്തീരകരണ ശക്തി കായികവിനോദം നല്കുന്നു.

ഒളിഞ്ഞിരിക്കുന്ന കരുത്തും കഴിവുമാണ്, പലപ്പോഴും കണ്ടെത്തി പരിശീലിപ്പിച്ച് കായികമേന്മയായി വളര്‍ത്തിയെടുക്കുന്നത്. അത് അവസാനം നല്കുന്ന ആനന്ദവും  കണ്ണുകളില്‍ വിരിയിക്കുന്ന തിളക്കവും ജീവിതത്തെ പ്രത്യാശപൂര്‍ണ്ണമാക്കുന്നു. “ഞാന്‍ വിജയിക്കും! ഇനി വിജയിക്കാന്‍ പറ്റിയില്ലെങ്കിലും, ധീരമായ പരിശ്രമവും പ്രകടനവും കാഴ്ചവയ്ക്കും!!” ഈ നിശ്ചദാര്‍ഢ്യവും ബോദ്ധ്യവും, അത് വ്യക്തിയില്‍ വളര്‍ത്തിയെടുക്കുന്ന കായികമേന്മ ആനന്ദവും ആത്മവിശ്വാസവും പകരുന്നു.

കായികവിനോദം കൂട്ടായ്മയുടെയും സഹാനുഭാവത്തിന്‍റെയും സംസ്ക്കാരം വളര്‍ത്തുമെന്നതില്‍ സംശയമില്ല. വ്യക്തികളായ കായികതാരങ്ങളുടെ സമര്‍പ്പണത്തോട് അവരുടെ പരിശീലകരുടെ പിന്‍തുണയും മാതൃകയും കൂട്ടിയിണക്കുമ്പോള്‍ കീഴടക്കാനാവാത്ത ഉയരങ്ങളും, എത്തിപ്പെടാനാവാത്ത അതിര്‍ത്തികളും ഇല്ലെന്നു തോന്നിപ്പോകും! അങ്ങനെ കായികോത്സവങ്ങള്‍ പാവങ്ങളെയും പാര്‍ശ്വത്ക്കരിക്കപ്പെട്ടവരെയും, എന്തിന് കുറവുള്ളവരെപ്പോലും ആശ്ലേഷിക്കുന്ന സാകല്യസംസ്കൃതി വളര്‍ത്താന്‍ പോരുന്ന ഉപജീവനാര്‍ത്ഥമുള്ള വിനോദം തന്നെ!  ജീവിതം എത്ര ചെറുതോ നിസ്സാരമോ, വൈകല്യമുള്ളതോ ആയിരുന്നാലും വിലപ്പെട്ടതാണ്. അതിനാല്‍ കൂട്ടായ്മയും കൂട്ടുചേരലും, കുറവുള്ളവരെ ആശ്ലേഷിക്കുന്ന ഒരു സാകല്യസംസ്കൃതി നന്മയുടെയും ആനന്ദത്തിന്‍റെയും, നീതിയുടെയും സമത്വത്തിന്‍റെയും സമാധാനത്തിന്‍റെയും ലോകം നമുക്കു ചുറ്റും വിരിയിക്കും, വളര്‍ത്തും! ഈ ശീതകാല ഒളിംപിക്സ് മാമാങ്കത്തിന്‍റെ ആപ്തവാക്യം അനുസ്മരിപ്പിക്കുന്നതുപോലെ, “ലോകത്തിന്‍റെ ഹൃദയസ്പന്ദനമാണ് കായികോത്സവം!” പാപ്പാ ആശംസിച്ചു. 

ഈ പ്രത്യേക ഒളിംപിക്സ് കളികളുടെ വേദിയായ ഓസ്ട്രിയയിലെ സ്റ്റേറിയാ പ്രവിശിയിലെ മെത്രാന്‍, ഗ്രാസ് സെക്കാവിനും സ്പെഷ്യല്‍ ഒളിംപിക് കമ്മിറ്റിയുടെ പ്രസിഡന്‍റിനും മറ്റു പ്രതിനിധികള്‍ക്കും പാപ്പാ നന്ദിയര്‍പ്പിക്കുകയും ഭാവുകങ്ങള്‍ നേരുകയുംചെയ്തു.  സംഘാടകരെയും, കായികതാരങ്ങളെയും, പ്രസ്ഥാനത്തിന്‍റെ മേധാവികളെയും, അവരുടെ കുടുംബങ്ങളെയും കന്യകാനാഥയ്ക്കു സമര്‍പ്പിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ...! എന്ന അഭ്യര്‍ത്ഥനയോടെ പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു. 








All the contents on this site are copyrighted ©.