2017-02-16 18:31:00

കുടിവെള്ളത്തിനു കേഴുന്ന ശ്രീലങ്ക


ശ്രീലങ്ക ജലക്ഷാമത്താല്‍ വലയുന്നെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന അറിയിച്ചു.

രൂക്ഷമായി അനുഭവപ്പെടുന്ന വേനല്‍ വറുതിയും പാരിസ്ഥിതിക വിനകളുമാണ് ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയെ വലയ്ക്കുന്നതെന്ന് ഫെബ്രുവരി 15-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലൂടെ ദേശീയ മെത്രാന്‍ സമിതി വെളിപ്പെടുത്തി.

ജലത്താല്‍ ചുറ്റപ്പെട്ട രാജ്യമാണെങ്കിലും, ഭൂമിയില്‍നിന്നും ലഭിക്കുന്ന ജലം കുടിക്കാന്‍ സാധിക്കാനാവാത്തവിധം ഉപ്പും മറ്റു ലവണങ്ങളും കലര്‍ന്നതാണ്. ശ്രീലങ്കയില്‍ ആയിരങ്ങള്‍ ഇന്ന് അനുഭവിക്കുന്ന വൃക്കരോഗത്തിനു കാരണം ഭൂമിയില്‍നിന്നും ലഭിക്കുന്ന ജലത്തിലുള്ള രാസാംശങ്ങളും മലിനീകരണവുമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ തേയില തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കുന്ന കീടനാശിനികള്‍, കൃത്രിമവളം, രാസവസ്തുക്കള്‍ എന്നിവ കാരണമാക്കുന്ന പ്രകൃതിയുടെയും ജലസ്രോതുസ്സുക്കളുടെയും മലിനീകരണം പ്രശ്നങ്ങളുടെ മൂലകാരണമായി പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെയും പൊതുവെ ജീവനെയും ബാധിക്കുന്ന അതിരൂക്ഷമായ ജലക്ഷാമത്തിനു പിന്നില്‍ കാലാവസ്ഥ കെടുതി, അന്തരീക്ഷമലിനീകരണം എന്നിവയാണെന്ന് പ്രസ്താവ വ്യക്തമാക്കുന്നു. നാലുലക്ഷത്തിലേറെ ജനങ്ങളാണ് കഴിഞ്ഞൊരു വര്‍ഷത്തില്‍ ശ്രീലങ്കയില്‍ വൃക്കരോഗത്തിന് ഇരകളായിട്ടുള്ളത്. അത്യപൂര്‍വ്വവും ഇനിയും പ്രതിവിധി കണ്ടെത്താനാവാത്തതുമായ രോഗകാരണം ജലമലിനീകരണമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ലങ്കാ ദ്വീപിന്‍റെ വടക്കന്‍ പ്രദേശങ്ങളിലെ അനുരാധപുരാ, പുഹൂദിവുല പ്രദേശങ്ങളാണ് ഏറ്റവും അധികം വരള്‍ച്ച അനുഭവിക്കുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.

സര്‍ക്കാരേതര സംഘടനകളും സന്നദ്ധപ്രസ്ഥാനങ്ങളും ഈ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കണമെന്നും മെത്രാന്‍ സംഘം പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.