2017-02-15 18:46:00

തദ്ദേശജനതകളുടെ രാജ്യാന്തര പ്രതിനിധികള്‍ വത്തിക്കാനില്‍


തദ്ദേശ ജനതകളുടെ രാജ്യാന്തര പ്രതിനിധികള്‍ വത്തിക്കാനില്‍... പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. പ്രതിനിധിസംഘത്തിന് പാപ്പാ സന്ദേശം നല്കി.

ഫെബ്രുവരി 15-Ɔ൦ തിയതി ബുധനാഴ്ച രാവിലെ, പൊതുകൂടിക്കാഴ്ചാ പരിപാടിക്കു തൊട്ടുമുന്‍പായിട്ടാണ് 40-ല്‍ അധികം പേരുണ്ടായിരുന്ന തദ്ദേശജനതകളുടെ രാജ്യാന്തര പ്രതിനിധികളുമായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹോളിനോടുചേര്‍ന്നുള്ള വേദിയില്‍ പാപ്പാ കൂടിക്കാഴ്ച നടത്തിയത്. തദ്ദേശ സംസ്ക്കാരങ്ങളുടെ ഭരണസമിതിയുടെ റോമില്‍ ചേര്‍ന്ന 40-Ɔമത് കൗണ്‍സിലില്‍ പങ്കെടുക്കാന്‍ എത്തിയതാണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധകള്‍ (International Fund for Agricultural Development - IFAD).

കൂടിക്കാഴ്ചയില്‍ പാപ്പാ അവര്‍ക്ക് ഹ്രസ്വമായ സന്ദേശം നല്കി:

തദ്ദേശ ജനതകളുടെ വികസനത്തിനുള്ള അവകാശത്തോടൊപ്പം, അവരുടെ ജീവിത ചുറ്റുപാടുകളും സംസ്ക്കാരത്തനിമയും സംരക്ഷിക്കപ്പെടണം. സമൂഹവും സര്‍ക്കാരുമായുമുള്ള ബന്ധങ്ങള്‍ കൂട്ടിയിണക്കിയും അനുരഞ്ജനപ്പെട്ടുമാണ് ജീവിക്കേണ്ടത്. തദ്ദേശീയ സമൂഹങ്ങളുടെ സാമ്പാത്തിക ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ സംഘട്ടനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഭരണകൂടവുമായി ധാരണയോടും നേരായ അനുവാദം വാങ്ങിക്കൊണ്ടും വേണം ഭൂസ്വത്തും പൗരാണികമായ ചുറ്റുപാടുകളും, സംസ്ക്കാരത്തനിമയും സമാധാനപരമായി സംരക്ഷിക്കാന്‍ പരിശ്രമിക്കേണ്ടത്.

നവമായ വികസന  പദ്ധതികളില്‍ തദ്ദേശസമൂഹത്തിലെ യുവജനങ്ങളെയും സ്ത്രീകളെയും പ്രത്യേകമായി ഉള്‍ക്കൊള്ളിക്കുകയും, അവരുടെ ആവശ്യങ്ങളും നവമായ വിദ്യാഭ്യാസ-പുരോഗമന രീതികളെ അംഗീകരിക്കുകയുംവേണം. പാരിസ്ഥിതിക സുസ്ഥിതിയുള്ള നല്ലൊരു ലോകത്തെ വിഭാവനം ചെയ്യുന്നതായിരിക്കണം നവമായ സാങ്കേതിക സമ്പത്തിക പുരോഗതിയെന്നും, അത് ജീവന്‍റെ സമഗ്രമായ വികസനവും നിലനില്പും പരിഗണിക്കുന്നതാവണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു (Laudato Si’, 194).

സന്ദര്‍ശനത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ടും, തദ്ദേശജനതയുടെ സാമ്പത്തിക വികസന കൗണ്‍സിലിന്‍റെ റോമിലെ 40-Ɔമത് സമ്മേളനത്തിന് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടും അവരെ അനുഗ്രഹിച്ചാണ് പാപ്പാ യാത്രയാക്കിയത്. എന്നിട്ട് പൊതുകൂടിക്കാഴ്ചാ വേദിയിലേയ്ക്ക് പുറപ്പെട്ടു. 








All the contents on this site are copyrighted ©.