സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

നിരാശപ്പെടുത്താത്ത പ്രത്യാശ- പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

ഫ്രാന്‍സീസ് പാപ്പാ - വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ 15/02/17 - RV

15/02/2017 12:23

ഈ ബുധനാഴ്ചയും (15/02/17)  ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുദര്‍ശനവേദി വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയായിരുന്നു. മലയാളികളുള്‍പ്പടെ, വിവിധരാജ്യക്കാരായിരുന്ന, ആയിരങ്ങള്‍ അതിവിശാലമായ ഈ ശാലയില്‍ സന്നിഹിതരായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കൃഷിവികസന അന്താരാഷ്ട്ര നിധിയുടെ, ഇഫാദിന്‍റെ (IFAD) ആഭിമുഖ്യത്തില്‍ റോമില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ആദിവാസി പ്രതിനിധികളുടെയോഗത്തില്‍ സംബന്ധിക്കുന്നവരടങ്ങിയ നാല്പതോളം പേരുടെ ഒരു സംഘവുമായി വത്തിക്കാനില്‍ത്തന്നെ നടത്തിയ കൂടിക്കാഴ്ചാനന്തരം  പൊതുദര്‍ശനം അനുവദിക്കുന്നതിനായി പാപ്പാ ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനങ്ങളുടെ ആനന്ദം ആര്‍പ്പുവിളികളായും കരഘോഷമായും ആവിഷ്കൃതമായി.ശാലയിലേക്കു കടന്ന പാപ്പാ പതിവുപോലെ, പുഞ്ചിരിയോടെ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും ഇടയ്ക്കിടെ ചിലോട് കുശലം പറഞ്ഞും മുന്നോട്ടു നീങ്ങി. പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.2 നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന്‍ മൂലം വിശ്വാസത്താല്‍ നമുക്ക് പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവമഹത്വത്തില്‍ പങ്കുചേരാമെന്നന് പ്രത്യാശയില്‍ നമുക്ക് അഭിമാനിക്കാം.3 മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു.4 എന്തെന്നാല്‍, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നുവെന്നു നാം അറിയുന്നു.5 പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂ‌ടെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചെരിയപ്പെട്ടിരിക്കുന്നു”. റോമാക്കാര്‍ക്കുള്ള ലേഖനം, അദ്ധ്യായം 5, വാക്യങ്ങള്‍ 1 മുതല്‍ 5 വരെ.ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയുടെ ഭാഗമായി. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന പൗലോസപ്പസ്തോലന്‍റെ ഉദ്ബോധനം വിശകലനം ചെയ്തു.   പാപ്പായുടെ പ്രസ്തുത പ്രഭാഷണത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു:                                   

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

പൊങ്ങച്ചം പറയുന്നത് നല്ലകാര്യമല്ലെന്ന് നമ്മെ ചെറുപ്പം മുതല്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്‍റെ നാട്ടില്‍ വീമ്പു പറയുന്നവരെ മയൂരങ്ങള്‍ എന്നാണ് വിളിക്കുക. അതു ശരിതന്നെ, കാരണം താന്‍ എന്തായിരിക്കുന്നു എന്നതിനെക്കുറിച്ചോ തനിക്കുള്ളതിനെക്കുറിച്ചോ ഒരുവന്‍ വീമ്പു പറയുകയാണെങ്കില്‍ അത് ഒരുതരം അഹങ്കാരം എന്നതിലുപരി മറ്റുള്ളവരോട്, വിശിഷ്യ നമ്മെക്കാള്‍ ദൗര്‍ഭാഗ്യമുള്ളവരോടു കാട്ടുന്ന അനാദരവുമാണ്. എന്നാല്‍ പൗലോസപ്പസ്തോലന്‍ റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ നമ്മെ വിസ്മയപ്പെടുത്തുകയാണ്. അഭിമാനിക്കാന്‍ അദ്ദേഹം നമ്മെ ഉപദേശിക്കുന്നത് രണ്ടു പ്രാവശ്യമാണ്. ആകയാല്‍ എന്തിനെക്കുറിച്ച് അഭിമാനിക്കുകയാണ് ഉചിതം? എന്തുകൊണ്ടാണ് പൗലോസ് അഭിമാനിക്കാന്‍ ഉപദേശിക്കുന്നത്, ചിലതിനെക്കുറിച്ച് അഭിമാനിക്കുക ഉചിതമാണെന്ന് പറയുന്നത്? മറ്റുള്ളവരെ ദ്രോഹിക്കാതെയും ഒഴിവാക്കാതെയും ഇതു ചെയ്യുക സാധ്യമാണോ?

ആദ്യം     നാം ക്ഷണിക്കപ്പെട്ടത് വിശ്വാസത്താല്‍ യേശുക്രിസ്തുവില്‍ നമുക്ക് സമൃദ്ധമായി ലഭിച്ച     കൃപയെക്കുറിച്ച് അഭിമാനിക്കാനാണ്. പരിശുദ്ധാരൂപിയുടെ വെളിച്ചത്താല്‍  നാം കാര്യങ്ങളെല്ലാം വായിക്കാന്‍ പഠിക്കുകയാണെങ്കില്‍ സകലവും കൃപയാണ് എന്ന ബോധ്യം നമുക്കുണ്ടാകുമെന്ന് നമുക്കു മനസ്സിലാക്കിത്തരാന്‍ പൗലോസ് ശ്രമിക്കുന്നു. സര്‍വ്വവും ദാനമാണ്. വാസ്തവത്തില്‍ നമ്മള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ കാണാന്‍ സാധിക്കും, ചരിത്രത്തിലും, നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തിക്കുന്നത് നമ്മള്‍ മാത്രമല്ല, സര്‍വ്വോപരി ദൈവമാണ് എന്ന്. സകലത്തെയും സ്നേഹദാനമാക്കിത്തീര്‍ക്കുന്ന പരമനായകന്‍ അവിടന്നാണ്. അവിടന്നാണ് തന്‍റെ രക്ഷാകരപദ്ധതി തയ്യാറാക്കുകയും സ്വപുത്രന്‍ വഴി നമുക്കായി അത് പൂര്‍ത്തിയാക്കുകയും ചെയ്തത്. ഇതൊക്കെ തിരിച്ചറിയാനും, കൃതജ്ഞതാപൂര്‍വ്വം സ്വീകരിക്കാനും അവയെ സ്തുതിയുടെയും അനുഗ്രഹത്തിന്‍റെയും മഹാനന്ദത്തിന്‍റെയും കാരണമാക്കിത്തീര്‍ക്കാനും നാം ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്രകാരം ചെയ്യുന്നപക്ഷം നമ്മള്‍ ദൈവവുമായി സമാധാനത്തിലാകുകയും സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യും. ഈ സമാധാനം സകല ചുറ്റുപാടുകളിലും നമ്മുടെ ജീവിതത്തിലെ എല്ലാ ബന്ധങ്ങളിലേക്കും വ്യാപിക്കും. നാം നമ്മോടുതന്നെ സമാധനമുള്ളവരാകും. കുടുംബത്തില്‍, നമ്മുടെ സമൂഹത്തില്‍, തൊഴിലില്‍ നാം സമാധാനമുള്ളവരാകും. അനുദിനം നമ്മു‍ടെ ജീവിതയാത്രയില്‍ നാം കണ്ടുമുട്ടുന്നവരുമായി നാം സമാധനത്തിലാകും.

കഷ്ടതകളിലും അഭിമാനിക്കാന്‍ പൗലോസ് ക്ഷണിക്കുന്നുണ്ട്. ഇത് മനസ്സിലാക്കുക അത്ര എളുപ്പമല്ല. ഇത് ആയാസകരമാണ്. തന്നെയുമല്ല, നേരത്തെ വിവരിക്കപ്പെട്ട സമാധാനത്തിന്‍റെ അവസ്ഥയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നു തോന്നുകയും ചെയ്യാം. എന്നാല്‍ അതിനുള്ള ഏറ്റം അധികൃതവും യഥാര്‍ത്ഥവുമായ മുന്‍വ്യവസ്ഥയാണിത്. വാസ്തവത്തില്‍ കര്‍ത്താവ് നമുക്കേകുകയും നമുക്കുറപ്പു നല്കുകയും ചെയ്യുന്ന സമാധാനം ഉത്ക്കണ്ഠകളുടെയും വ്യാമോഹങ്ങളുടെയും സഹനകാരണങ്ങളുടെയും അഭാവമായി കരുതരുത്. കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍, അത്തരത്തില്‍ നമുക്ക് സമാധാനം അനുഭവിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, ആ നിമിഷം പെട്ടെന്ന് അവസാനിക്കുകയും നമ്മള്‍ അനിവാര്യമായും, അസ്വസ്ഥതയില്‍ നിപതിക്കുകയും ചെയ്യും. നേരെമറിച്ച്, വിശ്വാസത്തില്‍ നിന്ന് നിര്‍ഗ്ഗമിക്കുന്ന സമാധാനമാകട്ടെ ഒരു ദാനമാണ്. ‌അതുകൊണ്ടുതന്നെ ക്രിസ്തീയ പ്രത്യാശ സുദൃഢമാണ്, നിരാശപ്പെടുത്താത്തതാണ്. അത് ഒരിക്കലും വ്യാമോഹിപ്പിക്കില്ല. അത് നമുക്ക് ചെയ്യാന്‍ കഴിയുന്നതിലൊ, നമുക്ക് ആകാന്‍ സാധിക്കുന്നതിലൊ, നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നതിലൊ അധിഷ്ഠിതമല്ല. അതിന്‍റെ, അതായത്, ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം ഏറ്റം വിശ്വസ്തവും, ഏറ്റം ഉറപ്പുള്ളതുമാണ്. അതായത്, ദൈവത്തിന് നമ്മോടുള്ള സ്നേഹമാണ്. ദൈവം നമ്മെ സ്നേഹിക്കുന്നു എന്നു പറയുക എളുപ്പമാണ്. എല്ലാവരും അതു പറയുന്നുമുണ്ട്. എന്നാല്‍ ചിന്തിക്കുക. ദൈവം എന്നെ സ്നേഹിക്കുന്നു എന്ന് എിക്ക് ഉറപ്പുണ്ട് എന്നു പറയാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കുമോ?..... മോശവും മ്ലേച്ഛവുമായ കാര്യങ്ങള്‍ ചെയ്ത എന്നെ ദൈവം സ്നേഹിക്കുന്നുണ്ടോ?... ദൈവം എന്നെ സ്നേഹിക്കുന്നു. ഈ ഉറപ്പ് ആര്‍ക്കും എന്നില്‍ നിന്നെടുത്തുകളയാന്‍ സാധിക്കില്ല. ദൈവം എന്നെ സ്നേഹിക്കുന്നു എന്ന് ഒരു പ്രാര്‍ത്ഥനയെന്നോണം നാം ആവര്‍ത്തിക്കണം. ദൈവം എന്നെ സ്നേഹിക്കുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.

സകലത്തെയുംകുറിച്ച് അഭിമാനിക്കണമെന്ന് പൗലോസപ്പസ്തോലന്‍ ഉപദേശിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഇപ്പോള്‍ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. നമുക്കു നല്കപ്പെട്ടിരിക്കുന്ന പ്രത്യാശ നമ്മെ മറ്റുള്ളവരില്‍ നിന്ന് അകറ്റില്ല, അതിലുപരി മറ്റുള്ളവരെ തരംതാഴ്ത്തുന്നതിനൊ പുറന്തള്ളുന്നതിനൊ നമ്മെ അനുവദിക്കില്ല. പ്രത്യാശ ഒരു അസാധാരണ ദാനമാണ്. ആ ദാനം മറ്റുള്ളവരിലേത്തിക്കുന്നതിനുള്ള എളിമയോടും ലാളിത്യത്തോടും കൂടിയ ഒരു ചാലായി മാറാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നമ്മുടെ ഏറ്റം വലിയ അഭിമാനം ആരേയും വിവേചിക്കാത്ത, ആരെയും ഒഴിവാക്കാത്ത, സകല മനുഷ്യര്‍ക്കും, ഏറ്റം ചെറിയവരും വൂദൂരസ്ഥരും മുതല്‍ എല്ലാവര്‍ക്കും, തന്‍റെ ഭവനത്തിന്‍റെ വാതില്‍ തുറന്നുകൊടുക്കുന്ന പിതാവായ ദൈവം നമുക്കുണ്ട് എന്നതാണ്. അവിടത്തെ മക്കളെന്ന നിലയില്‍ നമുക്ക് പരസ്പരം സമാശ്വസിപ്പിക്കാനും പരസ്പരം തുണയാകാനും പഠിക്കാം. നിങ്ങള്‍ ഇതു മറന്നു പോകരുത്. പ്രത്യാശ നിരാശപ്പെടുത്തുന്നില്ല.

 പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

ഒറ്റയ്ക്കു കഴിയുന്നവരും പാര്‍പ്പിടമില്ലാത്തവരുമായവരെയും ആശ്ലേഷിക്കുന്ന ഒരു സംസകൃതി എന്നും കൂടുതലായി പരിപോഷിപ്പിക്കാന്‍ പാപ്പാ തദ്ദവസരത്തില്‍ എല്ലാവര്‍ക്കും പ്രചോദനം പകര്‍ന്നു.

പതിവുപോലെ, പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത്, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ചൊവ്വാഴ്ച (14/02/17) സ്ലാവ് ജനതയെ സുവിശേഷവത്ക്കരിച്ച പ്രേഷിതരും യുറോപ്പിന്‍റെ സഹ സ്വര്‍ഗ്ഗീയ മദ്ധ്യസ്തരുമായ വിശുദ്ധരായ സിറിലിന്‍റെയും മെത്തോഡിയൂസിന്‍റെയും തിരുന്നാള്‍ ആചരിക്കപ്പെട്ടത് അനുസ്മരിക്കുകയും അവരുടെ മാതൃക  പ്രേഷിതപ്രവര്‍ത്തനത്തിന് യുവജനത്തിന് പ്രചോദനമേകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. വിശുദ്ധരായ സിറിലിനും മെത്തോഡയൂസിനും കര്‍ത്താവിനോടുണ്ടായിരുന്ന സ്നേഹം  സുവിശേഷം കുടുംബജീവിതത്തിന്‍റെ മൗലികനിയമമാക്കാന്‍ നവദമ്പതികളെ പ്രബുദ്ധരാക്കട്ടെയെന്ന് തദ്ദവസരത്തില്‍ ആശംസിച്ച പാപ്പാ  തുടര്‍ന്ന് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി 

15/02/2017 12:23