2017-02-12 17:26:00

ലൂര്‍ദ്ദ് ഒരു അനുഗ്രഹ സ്രോതസ്സ് - ലോക രോഗീദിനം രജതജൂബിലിവര്‍ഷം


ലോക രോഗീദിനത്തിലെ സന്ദേശവും സൗഖ്യദാനത്തിന്‍റെ സ്രോതസ്സായ ലൂര്‍ദ്ദിനലെ ഗ്രോട്ടോയും ( ഒരു ശബ്ദരേഖ )

ല്ലാവര്‍ഷവും ലൂര്‍ദ്ദുനാഥയുടെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11-‍Ɔ൦ തിയതിയാണ് ലോകമെമ്പാടും രോഗീദിനം ആചരിക്കപ്പെടുന്നത്. അജപാലന കാരണങ്ങളാല്‍ പലേയിടങ്ങളിലും  ആ ദിനത്തോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയിലും ഈ ദിനം ആചരിക്കാറുണ്ട്. രാജ്യാന്തര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദിലാണ് ഈ വര്‍ഷത്തെ ലോകരോഗീദിനം ആചരിക്കപ്പെട്ടത്. ലോക രോഗീദീനാചരണത്തിന്‍റെ 25-Ɔ൦ വാര്‍ഷികമാണെന്ന പ്രത്യേകതയുമുണ്ട് ഇക്കുറി!

1. രോഗീദിനത്തിന് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ സംഗ്രഹം :

“ശക്തനായവന്‍ എന്നില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു...!   ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതാവഹങ്ങളാണ്” (ലൂക്കാ 1, 49) എന്നതാണ് ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍  ഫെബ്രുവരി 11-ന് അരങ്ങേറിയ 25-Ɔമത് ലോകരോഗീ ദിനത്തിന്‍റെ പ്രതിപാദ്യവിഷയം. അമലോത്ഭവയെന്നും ആരോഗ്യദായിനിയെന്നും ആയിരങ്ങള്‍ വിളിച്ചപേക്ഷിക്കുന്ന കന്യകാനാഥയുടെ ദര്‍ശനസ്ഥാനമായ ലൂര്‍ദ്ദിലെ രോഗീദിനാചരണത്തിന് പാപ്പാ ഫാന്‍സിസ് നല്കിയ സന്ദേശം ആ തീര്‍ത്ഥസ്ഥാനത്തെ കേന്ദ്രീകരിച്ചായിരുന്നു.

ലൂര്‍ദ്ദുനാഥയുടെ തിരുനാളിലും ലോകരോഗീദിനത്തിന്‍റെ ഈ ജൂബിലിനാളിലും പ്രത്യേകം രോഗികളായ സഹോദരങ്ങളുടെ കൂടെയായിരിക്കാന്‍ പരിശ്രമിക്കാം. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. മാത്രമല്ല, അവരെ പരിചരിക്കുന്ന സകലരെയും നമ്മുടെ പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കാം. രോഗികള്‍ക്ക് ആശ്രയമായ അമ്മയാണ് പരിശുദ്ധ കന്യകാനാഥ എന്ന വിശ്വാസപ്രകരണം നമുക്ക് മറക്കാതിരിക്കാം. ജീവിതത്തിലെ സുഖദുഃഖങ്ങള്‍ ദൈവഹിതത്തിന് സമര്‍പ്പിച്ച മറിയം മനുഷ്യകുലത്തിന് ദൈവസ്നേഹത്തിന്‍റെ ഉറപ്പുള്ള അടയാളവും പ്രത്യാശയുടെ പ്രതീകവുമാണ്. നമ്മുടെ ആരോഗ്യത്തെ എന്നപോലെതന്നെ വിശ്വാസത്തെ ദൈവവചനത്താലും കൂദാശകളാലും, ദൈവസ്നേഹത്താലും പരിപോഷിപ്പിക്കാന്‍ എന്നും പരിശ്രമിക്കാം.

ലൂര്‍ദ്ദില്‍‍ കന്യകാനാഥയുടെ ദര്‍ശനഭാഗ്യമുണ്ടായ വിശുദ്ധ ബര്‍ണഡീറ്റിനെപ്പോലെ കന്യകാംബികയില്‍ ദൃഷ്ടിപതിപ്പിച്ച് നമുക്ക് ആ ഗ്രോട്ടയുടെ താഴെ, അമലോത്ഭവനാഥയുടെ തീര്‍ത്ഥത്തിരുനടയില്‍ നില്ക്കാം. ലോകത്തെ സമാധാനത്തില്‍ നയിക്കണമേ, പാപികളെ മാനസാന്തരപ്പെടുത്തണമേ, എന്നു പ്രാര്‍ത്ഥിക്കാം. രോഗികള്‍ക്ക് സൗഖ്യമായും സാന്ത്വനസാമീപ്യവുമായും എത്തിയ ആ സ്വര്‍ഗ്ഗീയസൗന്ദര്യധാമം നമ്മെ ഇന്നും കടാക്ഷിക്കുന്നു! വിശിഷ്യാ രോഗികളായ നമ്മുടെ എല്ലാ സഹോദരങ്ങളെയും അമ്മ കാത്തുപാലിക്കുന്നു. മസബിയേലിലെ ഗുഹയില്‍ പ്രത്യക്ഷപ്പെട്ട ശുഭ്രവസ്ത്രധാരിണി ഗര്‍വ്വോടെയല്ല, വാത്സല്യത്തോടും അനുകമ്പയോടും, കരുണാര്‍ദ്രയുമായിട്ടാണ് വിറകുപെറുക്കാന്‍ ചെന്ന പാവപ്പെട്ട കര്‍ഷക പെണ്‍കിടാവിനെ നോക്കിയത്. അതുപോലെ നമ്മുടെ സഹോദരങ്ങളെ, വിശിഷ്യാ രോഗങ്ങളാല്‍ വേദനിക്കുന്നവരെ അനുകമ്പയോടും വാത്സല്യത്തോടുംകൂടെ നമുക്ക് സമീപിക്കാനും, പരിചരിക്കാനും ശ്രദ്ധിക്കാം. അവരോട് കരുണയും സ്നേഹവുമുള്ളവരായിരിക്കാം.

കന്യകാംബികയുടെ ദര്‍ശനം ലഭിച്ച ദരിദ്രയും വിനീതയുമായ ബര്‍ണഡീറ്റ് തന്‍റെ സഹോദരങ്ങളുടെ ബലഹീനതയും രോഗങ്ങളും ജീവിതക്ലേശങ്ങളും മനസ്സിലാക്കാന്‍ ശ്രദ്ധാലുവായി മാറിയെന്നത് ചരിത്രമാണ്. കന്യാകാനാഥയില്‍നിന്നും പകര്‍ന്നുകിട്ടിയ വാത്സല്യവും സ്നേഹവും മറ്റുള്ളവരോട്, വിശിഷ്യാ രോഗികളോടും നിരാലംബരോടും അംഗവൈകല്യമുള്ളവരോടും അവള്‍ സ്നേഹമായും സേവനമായും ശുശ്രൂഷയായും അനുകമ്പയായും പകര്‍ന്നുനല്കി. ഒരു നല്ലവാക്കാകൊണ്ടും, പ്രവൃത്തികൊണ്ടും തന്‍റെ പുഞ്ചിരകൊണ്ടും വേദനിക്കുന്ന മനുഷ്യര്‍ക്ക് സാന്ത്വനമേകാന്‍ സാധിച്ചതാണ് ബര്‍ണഡീറ്റയുടെ ജീവിതവിജയവും, അവളുടെ വിശുദ്ധിയുടെ രഹസ്യവും!  

പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നത് ലൂര്‍ദ്ദില്‍ കന്യകാനാഥ നല്കിയ പ്രത്യേക സന്ദേശമായിരുന്നു. ഇതിനര്‍ത്ഥം, ക്രൈസ്തവവീക്ഷണത്തില്‍ സൗഖ്യമെന്നു പറയുന്നത്, ശാരീരികസൗഖ്യം മാത്രമല്ല ആത്മീയസൗഖ്യം കൂടിയാണ്. അങ്ങനെ ഉപവിയുടെ ഒരു സമര്‍പ്പിതയാകാനുള്ള വിളിയും ദൗത്യവും ബര്‍ണഡീറ്റിനു ലഭിച്ചത് കന്യകാനാഥയില്‍നിന്നാണ്. നമ്മുടെ സഹായം തേടുകയും, സഹായം അര്‍ഹിക്കുകയുംചെയ്യുന്ന രോഗികളായ സഹോദരങ്ങളോട് ഇടപഴകാനും, അവരെ തുണയ്ക്കാനുമുള്ള മനോഭാവവും ശുശ്രൂഷാചൈതന്യവും തരണമേ, എന്ന് ഇന്നേദിവസം അമലോത്ഭവനാഥയോട് നമുക്ക് അപേക്ഷിക്കാം.

വേദനയനുഭവിക്കുകയും ആവശ്യത്തിലായിരിക്കുകയും ചെയ്യുന്ന നമ്മുടെ സഹോദരങ്ങളെ തുണയ്ക്കാനുള്ള സഭയുടെ അനുദിനസമര്‍പ്പണം പ്രകാശപൂര്‍ണ്ണമാക്കുന്നതും, അതിനെ ഫലവത്താക്കുന്നതും ക്ലേശിതര്‍ക്ക് ആശ്വാസമായ കന്യാകാനാഥയാണ്. പിതൃഹിതത്തിന് കീഴ്പ്പെട്ട്, പാപികളോടും രോഗികളോടും സഹാനുഭാവവും ദൈവികകാരുണ്യവും പ്രകടമാക്കി ജീവിച്ച ലോകരക്ഷകന്‍…, പീഡകള്‍ സഹിക്കുകയും കുരിശുമരണം വരിക്കുകയുംചെയ്ത ക്രിസ്തു  ഈ അമ്മയുടെ ഉദരഫലമാണ്. മനുഷ്യജീവിതങ്ങള്‍ ലോലവും, വിനീതവും പാര്‍ശ്വവത്ക്കരിക്കപ്പെട്ടതുമായി ഇന്ന് അനേകര്‍ യാതനകള്‍ അനുഭവിക്കുന്നു. അങ്ങനെ ജീവതങ്ങള്‍ എഴുന്നേല്‍ക്കാനോ മുന്നോട്ടു നീങ്ങുവാനോ കെല്പില്ലാതാകുമ്പോള്‍ സര്‍വ്വശക്തനായ ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹം നമ്മെ തുണയ്ക്കും എന്ന ധൈര്യംലഭിക്കുന്നത് മേരീസുതനായ ക്രിസ്തുവിലുള്ള പ്രത്യാശയില്‍നിന്നുമാണ്!

മാനവികതയെക്കുറിച്ചുള്ള നന്മയുടെ ധാരണയും, ദൈവത്തിലുള്ള വിശ്വാസവും നമ്മില്‍നിന്നും ഒരിക്കലും വാര്‍ന്നുപോകരുത്, ഇല്ലാതായിപ്പോകരുത്. സഹോദരങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ടും ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ടും ഇന്നിന്‍റേതായ പ്രതിസന്ധികളെയും വെല്ലുവിളികളെയും ആലസ്യങ്ങളെയും നേരിടാനുള്ള കരുത്ത് ആര്‍ജ്ജിച്ചെടുക്കാനാണ് നാം പരിശ്രമിക്കേണ്ടത്, നിരാശരാകരുത്. ആരോഗ്യത്തോടും ജീവനോടും പരിസ്ഥിതിയോടും ആദരവുള്ളൊരു സംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ നാം പരിശ്രമിക്കേണ്ടതാണ്. മനുഷ്യവ്യക്തിയുടെ അന്തസ്സും സമഗ്രതയും മാനിച്ചുകൊണ്ട്, നവമായ സമര്‍പ്പണത്തോടും ജീവനെ പരിരക്ഷിക്കാനുള്ള കരുതലോടുംകൂടെയാണ് നാം മുന്നോട്ടു ചരിക്കേണ്ടത്!

അനുദിന ജീവിതവ്യഗ്രതയില്‍ നമ്മുടെ വിശ്വാസത്തെ കന്യകാനാഥ പിന്‍തുണയ്ക്കുകയും ബലപ്പെടുത്തുകയും ചെയ്യും! ആരോഗ്യപരിചരണത്തിലും സൗഖ്യദാനത്തിനുമുള്ള നമ്മുടെ എളിയ പരിശ്രമങ്ങളെ സഫലമാക്കാനുള്ള പ്രത്യാശയും ബോദ്ധ്യവും സേവനമനോഭാവവും  തന്‍റെ തിരുക്കുമാരനില്‍നിന്നും അമലോത്ഭവനാഥ നമുക്കായി നേടിത്തരം! അങ്ങനെ സമഗ്രമാനവപുരോഗതിയുടെ പാതയില്‍ സാഹോദര്യത്തിന്‍റെ ഉത്തരവാദിത്ത്വമുള്ള മനോഭാവം വളര്‍ത്താനും, ദൈവം നമ്മില്‍ വര്‍ഷിക്കുന്ന കാരുണ്യത്തിനും വിശ്വസ്തതയ്ക്കും നന്ദിയുള്ളവരായി എന്നും ജീവിക്കാനും പരിശ്രമിക്കാം.

2. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കമിട്ട ലോക രോഗീദിനം

വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ മനസ്സില്‍ 1992-ല്‍ വിരിഞ്ഞ ചിന്തയാണ് ലോക രോഗീദിനം! തുടര്‍ന്ന് 1993-ല്‍ പ്രഥമ ലോക രോഗീദിനം ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ആചരിക്കപ്പെട്ടു. ബര്‍ണഡീറ്റ് സുബിയേരോ എന്ന യുവതിക്ക് കന്യകാനാഥ നല്കിയ പ്രഥമ ദര്‍ശനദിനമായ ഫെബ്രുവരി 11-നാണ് ലോക രോഗീദിനം ആചരിക്കപ്പെടുന്നത്. ആരോഗ്യദായിനിയായ ലൂര്‍ദ്ദുനാഥയുടെ തിരുനാള്‍ദിനമാണിത്.

1858-Ɔമാണ്ടിലാണ് ഫ്രാന്‍സിലെ പിറനീസ് പര്‍വ്വത താഴ്വാരത്തെ മസബിയേല മലയില്‍, ഇന്നത്തെ ലൂര്‍ദ്ദില്‍ കന്യകാനാഥ പ്രത്യക്ഷപ്പെട്ട് ‘അമലോത്ഭവ’സത്യം സ്ഥിരീകരിച്ചതും, ശാരീരികവും ആത്മീയവുമായ സൗഖ്യത്തിനായി സകലരെയും ക്ഷണിച്ചതും, പാപികളുടെ മാനസാന്തരത്തിനായി എന്നും പ്രാര്‍ത്ഥിക്കണമെന്ന് ലോകത്തെ അനുസ്മരിപ്പിച്ചതും. സമൂഹത്തില‍ രോഗികളെക്കുറിച്ചും. അതുപോലെ, ശാരീരികവും മാനസികവുമായ വ്യഥകളും, മറ്റു വിധത്തിലുള്ള ക്ലേശങ്ങളും അനുഭവിക്കുന്നവരെക്കുറിച്ച് സമൂഹം പരിചിന്തിക്കുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുന്ന ദിവസവുമാണിത്. രോഗകിളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വൈദ്യശാസ്ത്രത്തിന്‍റെ മേഖലയിലെ സാങ്കേതിക വിദഗ്ദ്ധര്‍‍, ഗവേഷകര്‍, എന്നിവരെയും ഈ ദിനത്തില്‍ സഭ അനുസ്മരിക്കുകയും അവരെ ആദരിക്കുകയും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

സമൂഹത്തിന്‍റെ അടിയന്തിര സാഹചര്യങ്ങളിലേയ്ക്ക് നിസ്വാര്‍ത്ഥമായി ഇറങ്ങിപ്പുറപ്പെടുന്ന ആരോഗ്യപരിചാരകരെയും സന്നദ്ധസേവകരെയും, നിശ്ശബ്ദമായും നിസ്വാര്‍ത്ഥമായും രോഗികളായ സഹോദരങ്ങളെ പരിചരിക്കുകയുംചെയ്യുന്ന ത്യാഗമനസ്ക്കരായ വ്യക്തികളെയും ലോകരോഗീ ദിനത്തില്‍ സഭ പ്രത്യേകമായി നന്ദിയോടെ ഓര്‍ക്കുന്നു. ജീവിതയാത്രയില്‍ രോഗഗ്രസ്ഥരാകുന്ന സഹോദരങ്ങളെ ശുശ്രൂഷിക്കുവാനും, ജീവിതാന്ത്യംവരെ ക്ഷമയോടും സാന്ത്വനത്തോടുംകൂടി അവരെ അനുധാവനം ചെയ്യാനുമുള്ള സന്നദ്ധതയാണ് രോഗീപരിചരണത്തിന്‍റെ സ്നേഹപാതയും സമര്‍പ്പണവും! രോഗീപരിയരണത്തെ, ഒരു തൊഴില്‍ എന്നതിനെക്കാള്‍, ദൈവവിളിയായി നാം കാണേണ്ടതാണ്. അതിനാല്‍ ഈ ദിനത്തില്‍ സഭ പ്രബോധിപ്പിക്കുന്ന ഏറെ ശക്തമായ സന്ദേശം, “രോഗികളായ നമ്മുടെ സഹോദരങ്ങളെ സന്തോഷത്തോടും സഹോദര മനോഭാവത്തോടുംകൂടെ ശുശ്രൂഷിക്കണം… ഒരിക്കലും നാം അവരെ ഭാരമായി കാണരുത്.”

ലോകത്തുള്ള നിരവധിയായ പാവങ്ങളെയും രോഗികളെയും, വിവിധ തരത്തിലും തലത്തിലും യാതനകള്‍ അനുഭവിക്കുന്നവരെയും,  പരിത്യക്തരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളാനും ശുശ്രൂഷിക്കുവാനുമുള്ള സഭയുടെ അടിസ്ഥാന വീക്ഷണവും ലക്ഷ്യവും നവീകരിക്കുകയും ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്യുന്ന ദിവസംകൂടിയാണ് അനുവര്‍ഷം സഭ ആചരിക്കുന്ന ലോകരോഗീദിനം (Doletium Hominum, 11, Feb. 1985).  അന്നേദിവസം ലോകത്തെവിടെയുമുള്ള സഭാകേന്ദ്രങ്ങളിലും, വിശിഷ്യാ  രോഗികള്‍ക്ക് ആശ്രയവും അഭയവും സൗഖ്യംപകരുകയും ചെയ്യുന്ന ലൂര്‍ദ്ദുനാഥയുടെ സന്നിധിയില്‍ പ്രാര്‍ത്ഥനയും, ദിവ്യകാരുണ്യശുശ്രൂഷയും, രോഗീലേപനവും നടത്തപ്പെടുന്നു. കൂടാതെ, ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലുള്ള ആശുപത്രികളിലും, വൃദ്ധമന്ദിരങ്ങളിലും മറ്റും സ്ഥാപനങ്ങളിലും ഈ ദിനത്തില്‍ പ്രത്യേകമായി നടത്തപ്പെടുന്ന ജീവന്‍റെ ധാര്‍മ്മികതയെക്കുറിച്ചുള്ള പഠനങ്ങള്‍, ജീവനുവേണ്ടിയുള്ള അജപാലനപരവും ദൈവശാസ്ത്രപരവുമായ ചര്‍ച്ചാസമ്മേളനങ്ങള്‍ എന്നിവ ലോക രോഗീദിനത്തിന്‍റെ പ്രത്യേകതകള്‍ തന്നെയാണ്.

3. ലൂര്‍ദ്ദുനാഥയുടെ ഗ്രോട്ടോ 

ഫ്രാന്‍സിലെ പിരനീസ് മലഞ്ചരിവിലുള്ള ലൂര്‍ദ്ദിലെ ചെറുഗുഹയില്‍ 1858  ഫെബ്രുവരി 11-Ɔ൦ തിയതി ബര്‍ണ്ണഡീറ്റ് സുബേരോ എന്ന ഒരു പാവംപെണ്‍കുട്ടിക്ക് പരിശുദ്ധ കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ ഭക്തിസ്മാരകങ്ങളാണ് ഇന്ന് നാം ലോകമെമ്പാടും കാണുന്ന മേരിയന്‍ ഗ്രോട്ടോകള്‍. 1861-ല്‍ ലൂര്‍ദ്ദ്-ടാര്‍ബ്സ് മെത്രാനായിരുന്ന ബെറ്റ്ട്രാന്‍ഡ് സവിയോര്‍ ദിവ്യജനനി പ്രത്യക്ഷപ്പെട്ട ചെറുഗുഹയും പരിസരവും പട്ടണാധികാരികളില്‍നിന്നു വാങ്ങി, രൂപതയുടെ പേരില്‍ സംരക്ഷിക്കുകയും, സന്ദര്‍ശകര്‍ക്കും വിശ്വാസികള്‍ക്കുമായി ചെറിയൊരു അള്‍ത്താരയും, ഗ്രോട്ടോയും പണികഴിപ്പിക്കുകയുംചെയ്തു. അവിടേയ്ക്ക് എത്തിപ്പെടാനുള്ള വഴിയും മറ്റു പ്രാഥമിക സൗകര്യങ്ങളും അദ്ദേഹം സംവിധാനംചെയ്തു. കന്യകാനാഥയുടെ ദര്‍ശനവും, “ഞാന്‍ അമലോത്ഭവയാണ്” എന്ന വെളിപ്പെടുത്തലും, 1854-ല്‍ പിയൂസ് 9-Ɔമന്‍ പാപ്പാ പ്രഖ്യാപിച്ച ‘ദൈവമാതാവിന്‍റെ അമലോത്ഭവ’ സത്യത്തിന്‍റെ സ്ഥിരീകരണമായിരുന്നു.

പിയൂസ് 9-Ɔമന്‍ പാപ്പാതന്നെയാണ് ലൂര്‍ദ്ദുനാഥയോടുള്ള ഭക്തിക്ക് 1862-ല്‍ ഔദ്യോഗികമായി അംഗീകാരംനല്കിയത്.  1864-ല്‍ ജോസഫ് ഫാബിഷ് എന്ന ഫ്രഞ്ചുശില്പി കന്യകാനാഥയുടെ ദര്‍ശന ഭാഗ്യമുണ്ടായ ബര്‍ണ്ണഡീറ്റിന്‍റെ വിവരണപ്രകാരം ലൂര്‍ദ്ദിലെ ഇന്നു നാം കാണുന്ന ദിവ്യജനനിയുടെ തിരുസ്വരൂപം രൂപകല്പനചെയ്ത്, വെണ്ണക്കല്ലില്‍ കൊത്തിയുണ്ടാക്കി, അതോടെ കന്യകാനാഥയുടെ ദര്‍ശനസ്ഥാനമായ ഗുഹയില്‍ പ്രതിഷ്ഠിച്ചു. ലൂര്‍ദ്ദ് ഒരു രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രവും ബസിലിക്കയുമായി വത്തിക്കാന്‍ ഉയര്‍ത്തുന്നതിനു മുന്‍പുതന്നെ, കണ്ടുംകേട്ടും ഈ പുണ്യസ്ഥലത്തെക്കുറിച്ച് അറിഞ്ഞ് അവിടെ, അമലോത്ഭവനാഥയുടെ സന്നിധിയിലേയ്ക്ക് ജനങ്ങള്‍ പ്രവഹിക്കാന്‍ തുടിങ്ങി. മാത്രമല്ല, ആധുനീക വൈദ്യശാസ്ത്രത്തിനുപോലും വിവരിക്കാനാവാത്ത വിധം  ലൂര്‍ദ്ദുനാഥയുടെ സന്നിധിയില്‍ പൊട്ടിപ്പുറപ്പെട്ട നീരുറവയിലെ ജലസ്പര്‍ശത്താല്‍ നിരവധിപേര്‍ അത്ഭുതകരമായി സൗഖ്യംപ്രാപിച്ച സംഭവങ്ങളും ലോകമെമ്പാടും പ്രചരിച്ചു!

ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെയും അവിടെ സൂക്ഷിച്ചിരിക്കുന്ന തിരുസ്വരൂപത്തിന്‍റെയും മാതൃക അല്ലെങ്കില്‍ പകര്‍പ്പ് ലൂര്‍ദ്ദ്-ടാര്‍ബ്സ് രൂപതയുടെ അന്നത്തെ മെത്രാനായിരുന്ന ഫ്രാന്‍ഷ്വാ സാവിയോര്‍ ഷോഫെര്‍ 1902-ല്‍ വത്തിക്കാന്‍ തോട്ടത്തില്‍ പണികഴിപ്പിച്ച് ലിയോ 13-Ɔമന്‍ പാപ്പായ്ക്കു സമ്മാനിച്ചതാണ് ദൈവമാതാവിന്‍റെ ഗ്രോട്ടോ നിര്‍മ്മിതയുടെ ആദ്യചരിത്രം. തുടര്‍ന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളിലേയ്ക്ക് ഗ്രോട്ടോയും ഒപ്പം ലൂര്‍ദ്ദുനാഥയോടുള്ള ഭക്തിയും വ്യാപിച്ചു.

ഗ്രോട്ടോ (grotto, grotte) എന്ന ഫ്രഞ്ചു വാക്കിന് ഗുഹ എന്നാണര്‍ത്ഥം.  “ഞാന്‍ അമലോത്ഭവയാണ്,” എന്നു പറഞ്ഞ്  സ്വയം ബര്‍ണ്ണഡിറ്റിന് വെളിപ്പെടുത്തിയ കന്യകാനാഥയുടെ വാക്കുകള്‍ ഗ്രോട്ടോയുടെ മുകള്‍ഭാഗത്ത്  ആലേഖനംചെയ്യപ്പെടാറുണ്ട്. ലൂര്‍ദ്ദിലെ ഗ്രോട്ടോയില്‍ പൊട്ടിപ്പുറപ്പെട്ട അത്ഭുത ഉറവയുടെ ജലസാന്നിദ്ധ്യവും ദൈവമാതാവിന്‍റെ നാമത്തിലുള്ള ഗ്രോട്ടോകളെ ആകര്‍ഷകമാക്കുകയും സജീവമാക്കുകയുംചെയ്യുന്നു. താഴേ മുട്ടുകുത്തി, കരങ്ങള്‍ കൂപ്പി, മുകളില്‍ ഗുഹാമുഖത്തു നില്ക്കുന്ന കന്യകാനാഥയെ നോക്കി അനുഗ്രഹംതേടുന്ന ബര്‍ണ്ണഡീറ്റ് പുണ്യവതിയുടെ രൂപവും ലൂര്‍ദ്ദുഗ്രോട്ടോയുടെ സന്ദേശത്തെ പൂര്‍ണ്ണമാക്കുന്നു.

ദൈവമാതാവ് പ്രത്യക്ഷപ്പെട്ട ഗുഹാമുഖത്തുനിന്നും പൊട്ടിപ്പുറപ്പെട്ട അരുവി, യേശുവിന്‍റെ അമ്മയ്ക്ക് മനുഷ്യകുലത്തോടുള്ള വറ്റാത്ത സ്നേഹത്തിന്‍റെ പ്രതീകമായി ഫ്രാന്‍സിലെ ലൂര്‍ദ്ദ് തീര്‍ത്ഥത്തിരുനടയില്‍  ഇന്നും നിര്‍ഗ്ഗളിക്കുന്നു. യേശുവിന്‍റെ അമ്മയോടുള്ള സമര്‍പ്പണത്തിന്‍റെയും സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതീകമാണ് ലോകമെമ്പാടും ഇന്ന് പ്രചരിച്ചിട്ടുള്ള ലൂര്‍ദ്ദുനാഥയുടെ ഗ്രോട്ടോകള്‍. വേദനിക്കുന്ന മനുഷ്യര്‍ക്ക് എപ്പോഴും സാന്ത്വനമേകുകയും സൗഖ്യംപകരുകയും, ജീവിതപ്രയാണത്തില്‍ മുന്നേറാന്‍‍ ശക്തിപകരുകയുംചെയ്യുന്ന ആത്മീയസ്രോതസ്സാണ് ലൂര്‍ദ്ദുനാഥ, കന്യകാനാഥ!

4. ലൂര്‍ദ്ദുനാഥയോടുള്ള പ്രാര്‍ത്ഥന

പരിശുദ്ധ അമ്മേ, അമലോത്ഭവനാഥേ, അങ്ങേ തിരുക്കുമാരനായ ക്രിസ്തുവിനോട് ഞങ്ങളെ ചേര്‍ത്തണച്ച്, വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളെ വളര്‍ത്തണമേ! ഞങ്ങളുടെ ബലഹീനതകളെയും യാതനകളെയും അങ്ങു മാറ്റിത്തരണമേ! യേശുവിലേയ്ക്ക് ഞങ്ങളെ ആനയിക്കണമേ! ഞങ്ങള്‍ക്കായി മഹത്ക്കാര്യങ്ങള്‍ ചെയ്ത സ്വര്‍ഗ്ഗീയപിതാവിന് എല്ലാം സമര്‍പ്പിച്ചു ജീവിക്കാന്‍ ഞങ്ങള്‍ക്ക് കൃപനല്കണമേ. ആമേന്‍!!








All the contents on this site are copyrighted ©.