2017-02-11 13:12:00

പാപ്പായുടെ പ്രത്യേക പ്രതനിധി മെജഗോറിയെയിലേക്ക്


ബോസ്നിയ ഹെര്‍സഗൊവീനയിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മെജഗോറിയെയിലെ അജപാലനപരമായ അവസ്ഥകള്‍ പഠിക്കുന്നതിന് മാര്‍പ്പാപ്പാ ഒരു പ്രത്യേക പ്രതിനിധിയെ നിയമിച്ചു.

പോളണ്ടിലെ വര്‍സ്വാ-പ്രാഗ രൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ഹെ൯റിക് ഹോസെറിനെയാണ് പാപ്പാ ഈ ദൗത്യം ഏല്പിച്ചിരിക്കുന്നത്.

മെജഗോറിയെ തീര്‍ത്ഥാടന കേന്ദ്രത്തിലെ അജപാലനപരമായ യാഥാര്‍ത്ഥ്യം, അവിടെയത്തുന്ന തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ എന്നിവ ആഴത്തില്‍ വിശകലനം ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഭാവി അജപാലനപദ്ധതികള്‍ നര്‍ദ്ദേശിക്കുകയും ചെയ്യുകയാണ് അദ്ദേഹത്തിന്‍റെ ദൗത്യമെന്നും ആകയാല്‍ ഇത് തീര്‍ത്തും അജപാലനപരമാണെന്നും ഈ നിയമനത്തെ അധികരിച്ചുള്ള പത്രക്കുറിപ്പ് വിശദീകരിക്കുന്നു.

1981 ജൂണ്‍ 24 മുതലാണ് മെജഗോറിയെയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ  ദര്‍ശനം ഉണ്ടാകാന്‍ തുടങ്ങിയത്. ഈ ദര്‍ശന വേളയില്‍ അവിടെയുണ്ടായിരുന്ന ആറുപേരും പേടിച്ച് ഓടിയതിനാല്‍ അടുത്ത ദിവസം, അതായത്, ജൂണ്‍ 25 നുണ്ടായതാണ് പ്രഥമ ദര്‍ശനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

1981 ജൂലൈ ഒന്നുവരെ തുടര്‍ച്ചയായും പിന്നിടും ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ദര്‍ശനവേളയില്‍ നല്കപ്പെട്ട നിര്‍ദ്ദേശാനുസരണം “സമാധാന രാജ്ഞി” എന്ന അഭിധാനത്താലാണ് മെജഗോറിയയില്‍ പരിശുദ്ധ മറിയം വണങ്ങപ്പെടുന്നത്. ജൂണ്‍ 25 നാണ് സമധാന രാജ്ഞിയു‌ടെ തിരുന്നാള്‍ അവിടെ ആചരിക്കപ്പെടുന്നത്. 








All the contents on this site are copyrighted ©.