2017-02-11 11:39:00

ലൂര്‍ദ്ദുനാഥയ്ക്ക് ഒരു സ്തുതിപ്പ്! അമല്‍ദേവിന്‍റെ നല്ലൊരു ഭക്തിഗാനം


അമല്‍ദേവിന്‍റെ മരിയ ഗീതവും ലൂര്‍ദ്ദ് തീര്‍ത്ഥസ്ഥാനത്തെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസന്‍റെ ചിന്തകളും..

ഗാനത്തെക്കുറിച്ച്...

ജെറി അമല്‍ദേവിന്‍റെ ഈ ഗാനം ആലപിച്ചിരിക്കുന്നത് സവിത രാമമൂര്‍ത്തി, കെസ്റ്റര്‍ സംഘമാണ്.

ഗാനം രചിച്ചത്  ഒ.എസ്.ജെ സഭാംഗമായ ഫാദര്‍ ജോസഫ് കളത്തിപ്പറമ്പിലാണ്. ഈ പാട്ടോടെ അദ്ദേഹം തൂലിക മടക്കിയതുപോലെയാണെങ്കലും... നല്ല എഴുത്തുകാരനാണെന്ന് വരികള്‍ തെളിയിക്കുന്നു.  അദ്ദേഹം ഇപ്പോള്‍ തെക്കെ ഇറ്റലിയില്‍ ‘ചേലി ദേല്‍ കാമ്പോ’ എന്ന സ്ഥലത്തെ ഒഎസ്ജെ സമൂഹത്തില്‍ സേവനംചെയ്യുന്നു.

ഈ ഗാനം സവിത എന്ന ‘അറിയപ്പെടാത്ത’ തൃപ്പൂണിത്തുറക്കാരി ഗായിക ഭക്തിരസത്തോടെ മനോഹരമായി ആലപിച്ചിരിക്കുന്നുവെന്ന് പറയേണ്ടതില്ല. പിന്നെ  കെസ്റ്റര്‍ ശ്രദ്ധേയമായ വിധത്തില്‍ പാടിയിരിക്കുന്ന സ്തുതിപ്പ്, ആവേ...! വിഖ്യാതനായ ഷൂബെര്‍ട്ടിന്‍റെ  (Franz Peter Schubert 1797-1828) ആവേ മരീയ... എന്ന രചനയുടെ ശകലമാണ്.  ഒരു ഇന്ത്യന്‍ രാഗവുമായി ഏറെ തന്മയത്വത്തോടെ അമല്‍ദേവ് അത് കൂട്ടിയിണക്കുന്നതും  ഈ മരിയഗീതത്തിന്‍റെ സവിശേഷതതന്നെ.  ഇതിന്‍റെ നിര്‍മ്മാതാക്കള്‍ കൊടുങ്ങല്ലൂരിലെ ഒഎസ്ജെ സന്ന്യാസസമൂഹമാണ് (Congregation of the Oblates of St. Joseph). സമൂഹമായി ആലപിക്കാവുന്ന ഒരു നല്ലമരിയ ഗീതം  നല്കിയ അമല്‍ദേവിനും, സ്തുതിപ്പിന്‍റെ പണിപ്പുരിയിലെ കലാകാരന്മാര്‍ക്കും, ഒഎസ്ജെ അച്ചന്മര്‍ക്കും നന്ദിയും അഭിനന്ദനങ്ങളും!

ലൂര്‍ദ്ദിനെക്കുറിച്ച്...

ഫ്രാന്‍സിലെ പിരനീസ് മലഞ്ചരിവിലുള്ള ലൂര്‍ദ്ദിലെ ചെറുഗുഹയില്‍, അല്ലെങ്കില്‍ ഗ്രോട്ടോയിലാണ് 1858 ഫെബ്രുവരി 11-Ɔ൦ തിയതി ബര്‍ണ്ണഡീറ്റ് സുബേരോ എന്ന ഒരു പാവം പെണ്‍കുട്ടിക്ക് പരിശുദ്ധ കന്യകാനാഥ പ്രത്യക്ഷപ്പെട്ടത്. പിന്നീടും  ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.   എല്ലാവര്‍ഷവും ലൂര്‍ദ്ദുനാഥയുടെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11-‍Ɔ൦ തിയതിയാണ് ലോകമെമ്പാടും സഭ രോഗീദിനം ആചരിക്കുന്നത്. അജപാലന കാരണങ്ങളാല്‍ പലേയിടങ്ങളിലും ആ ദിനത്തോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയിലും ഈ ദിനം ആചരിക്കാറുണ്ട്. രാജ്യാന്തര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദിലാണ് ഈ വര്‍ഷത്തെ ലോകരോഗീദിനം ഫെബ്രുവരി 11-Ɔ൦ തിയതി, ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍ത്തന്നെ ആചരിക്കപ്പെട്ടത്. ലോക രോഗീദീനാചരണത്തിന്‍റെ 25-Ɔ൦ വാര്‍ഷികമാണെന്ന പ്രത്യേകതയുമുണ്ട് ഇക്കുറി!

ശക്തനായവന്‍ എന്നില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു...!   ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതാവഹങ്ങളാണ്” (ലൂക്കാ 1, 49) എന്നതാണ് ലൂര്‍ദ്ദില്‍ അരങ്ങേറിയ 25-Ɔമത് ലോകരോഗീ ദിനത്തിന്‍റെ പ്രതിപാദ്യവിഷയം. അമലോത്ഭവയെന്നും ആരോഗ്യദായിനിയെന്നും ആയിരങ്ങള്‍ വിളിച്ചപേക്ഷിക്കുന്ന കന്യകാനാഥയുടെ ദര്‍ശനസ്ഥാനമായ ലൂര്‍ദ്ദിലെ രോഗീദിനാചരണത്തിന് പാപ്പാ ഫാന്‍സിസ് നല്കിയ സന്ദേശം ലൂര്‍ദ്ദ് തീര്‍ത്ഥസ്ഥാനത്തെ കേന്ദ്രീകരിച്ചായിരുന്നു. ആമുഖഭാഗം മാത്രം ചുവടെ ചേര്‍ക്കുന്നു:

ലൂര്‍ദ്ദുനാഥയുടെ തിരുനാളിലും, ലോകരോഗീദിനത്തിന്‍റെ ഈ ജൂബിലിനാളിലും രോഗികളായ സഹോദരങ്ങളുടെ കൂടെയായിരിക്കാന്‍ പ്രത്യേകം പരിശ്രമിക്കാം. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. മാത്രമല്ല, അവരെ പരിചരിക്കുന്ന സകലരെയും - ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വൈദ്യശാസ്ത്രത്തിന്‍റെ മേഖലയിലെ സാങ്കേതിക വിദഗ്ദ്ധര്‍‍, ഗവേഷകര്‍, വീടുകളില്‍ രോഗികളായ സഹോദരങ്ങളെ നോക്കുന്നവര്‍, സന്നദ്ധസേവകര്‍.. എന്നിങ്ങനെ ഈ മേഖലയിലുള്ള ആയരിങ്ങളെ നമ്മുടെ പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കാം. രോഗികള്‍ക്ക് ആശ്രയമായ അമ്മയാണ് പരിശുദ്ധ കന്യകാനാഥ എന്ന വിശ്വാസപ്രകരണം നമുക്ക് മറക്കാതിരിക്കാം. ജീവിതത്തിലെ സുഖദുഃഖങ്ങള്‍ ദൈവഹിതത്തിന് സമര്‍പ്പിച്ച മറിയം മനുഷ്യകുലത്തിന് ദൈവസ്നേഹത്തിന്‍റെ ഉറപ്പുള്ള അടയാളവും പ്രത്യാശയുമാണ്. നമ്മുടെ ആരോഗ്യത്തെ എന്നപോലെതന്നെ വിശ്വാസത്തെയും ദൈവവചനത്താലും കൂദാശകളാലും, ദൈവസ്നേഹത്താലും പരിപോഷിപ്പിക്കാന്‍ എന്നും പരിശ്രമിക്കാം. ലൂര്‍ദ്ദില്‍‍ കന്യകാനാഥയുടെ ദര്‍ശനഭാഗ്യമുണ്ടായ വിശുദ്ധ ബര്‍ണ്ണഡിറ്റ് പുണ്യവതിയെപ്പോലെ കന്യകാംബികയില്‍ ദൃഷ്ടിപതിപ്പിച്ച് നമുക്ക് ആ ഗ്രോട്ടയുടെ താഴെ, അമലോത്ഭവനാഥയുടെ തീര്‍ത്ഥത്തിരുനടയില്‍ എന്നും വിശ്വാസത്തില്‍ നിലകൊള്ളാം! ഈ ചിന്തകള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തിന്‍റെ ആമുഖമാണ്.

ലൂര്‍ദ്ദുനാഥ നമ്മെ എല്ലാവരെയും, വിശിഷ്യ രോഗികളായ നമ്മുടെ സഹോദരങ്ങളെ അനുഗ്രഹിക്കട്ടെ!








All the contents on this site are copyrighted ©.