2017-02-08 18:31:00

ഫാദര്‍ ടോമിന്‍റെ മോചനവും പാപ്പായുടെ ഭാരതസന്ദര്‍ശനവും


ഇന്ത്യയിലെ മൂന്നു കര്‍ദ്ദിനാളന്മാരാണ് പ്രധാനമന്ത്രിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയത്.  ഫാദര്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. പാപ്പാ ഫ്രാന്‍സിസിന്‍റെ ഭാരത സന്ദര്‍ശനത്തെക്കുറിച്ച് അനുകൂലമായ മനോഭാവമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. പ്രധാനമന്ത്രി മോ‍ദിയുടെ വാഗ്ദാനങ്ങള്‍ ഇങ്ങനെയായിരുന്നു.

ഫെബ്രുവരി 8-Ɔ൦ തിയതി ബുധനാഴ്ചയാണ് ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിനിധികളായി മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ-മലബാര്‍ സഭാദ്ധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി, ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസി‍ഡന്‍റും തിരുവനന്തപുരം മലങ്കര കത്തോലിക്ക അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് എന്നിവര്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡെല്‍ഹിയില്‍ പാര്‍ളിമെന്‍റ് മന്ദിരത്തിലെ ഓഫിസില്‍ കൂടിക്കാഴ്ച നടത്തിയത്.

യെമനില്‍ ഭീകരര്‍ ബന്ധിയാക്കിയ ഫാദര്‍ ടോം ഉഴുന്നാലിനായുള്ള മോചനശ്രമങ്ങള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്താമെന്നു പ്രധാനമന്ത്രി സമ്മതിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ ഭാരതസന്ദര്‍ശനത്തെക്കുറിച്ച് അനുകൂലമായ മനോഭാവമാണ് സര്‍ക്കാര്‍ ഇപ്പോഴും പുലര്‍ത്തുന്നത്. പ്രധാനമന്ത്രി മോ‍ദി പറഞ്ഞതായി വത്തിക്കാന്‍ റേഡിയോയ്ക്കു ലഭിച്ച കര്‍ദ്ദിനാളന്മാരുടെ പ്രസ്താവന വെളിപ്പെടുത്തി. കര്‍ദ്ദിനാളന്മാര്‍ സമര്‍പ്പിച്ച രേഖാപരമായ അഭ്യര്‍ത്ഥനയോടു പ്രതികരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി  ഇങ്ങനെ ഒരു മറുപടി നേര്‍ക്കാഴ്ചയില്‍ നല്കിയത്.  ദേശത്തിന്‍റെ സമഗ്രപുരോഗതിക്കും വളര്‍ച്ചയ്ക്കുമായി ക്രൈസതവര്‍ പരിശ്രമിക്കുമെന്ന വാഗ്ദാനവുമായി കര്‍ദ്ദിനാളന്മാര്‍ മടങ്ങിയതായി പ്രസ്താന അറിയിച്ചു 

യെമനില്‍ കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ ഭീകരര്‍ ബന്ധിയാക്കിയ ഫാദര്‍ ടോം ഉഴുന്നാലിന്‍റെ വിമോചനത്തിനായി ജനുവരി 21-‍Ɔ൦ തിയതി ശനിയാഴ്ച, 22-Ɔ൦ തിയതി ഞായറാഴ്ച പ്രാര്‍ത്ഥനാദിനങ്ങളായി  ഭാരതത്തില്‍ ആചരിക്കുകയുണ്ടായി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തോടും,  മന്ത്രി, സുഷ്മ സ്വരാജിനോടും ഫാദര്‍ ടോമിന്‍റെ വിമോചന ശ്രമത്തിനായി നിരന്തരമായ അഭ്യര്‍ത്ഥനകള്‍ സഭാ പ്രതിനിധികള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ മുഖേനയുള്ള അന്വേഷണങ്ങള്‍ക്കായി എപ്പോഴും സഭയുടെ ഭാഗത്തുനിന്നും അഭ്യര്‍ത്ഥനകള്‍ തുടരുന്നുമുണ്ട്. ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ ഡെല്‍ഹി ഓഫീസില്‍നിന്നും വിദേശകാര്യ മന്ത്രാലയംവഴിയുമുള്ള വിമോചനശ്രമങ്ങള്‍ തുടരുകയാണ്. കൂടാതെ വത്തിക്കാന്‍റെ പ്രതിനിധിയായ തെക്കന്‍ അറേബ്യന്‍ പ്രവിശ്യയ്ക്കായി യെമനിലുള്ള അപ്പസ്തോലിക വികാരി,  ബിഷപ്പ് പോള്‍ ഹിന്‍ററും ഫാദര്‍ ടോമിന്‍റെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. യെമനിലെ സലീഷ്യന്‍ മിഷണറിയായ  ഫാദര്‍ ടോമിന്‍റെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയും പരിശ്രമവും പ്രത്യാശയോടെ തുടരണമെന്ന് കര്‍ദ്ദിനാളന്മാര്‍ പ്രസ്താവനയിലൂടെ  അഭ്യര്‍ത്ഥിച്ചു. 

ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിലുള്ള താല്പര്യത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസാണ് ആദ്യം പറഞ്ഞത്. 2016 ഒക്ടോബര്‍ 2-Ɔ൦ തിയതിയായിരുന്നു അത്. അസര്‍ബൈജാനിലെ അപ്പസ്തോലിക സന്ദര്‍നം കഴിഞ്ഞ് റോമിലേയ്ക്ക് മടങ്ങവെ വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര മാധ്യമപ്രവര്‍ത്തകരുടെ സംഘത്തോടാണ് പാപ്പാ തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട്, തനിക്ക് ബാംഗ്ലാദേശും ഇന്ത്യയും സന്ദര്‍ശിക്കാന്‍ താല്പര്യമുണ്ടെന്നും, കാലാവസ്ഥയും രാഷ്ട്രീയാന്തരീക്ഷവും ഒത്തുവന്നാല്‍ അത് യാഥാര്‍ത്ഥ്യമാകുമെന്ന് പാപ്പാതന്നെ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തിന്‍റെ അന്തസ്സു സൂക്ഷിക്കുന്ന ചെറിയ വത്തിക്കാന്‍റെ തലവനും, ആത്മീയപിതാവുമായ പാപ്പായുടെ സന്ദര്‍ശനത്തിന് നല്ല മനോഭാവത്തോടൊപ്പം ഔദ്യോഗികമായ ക്ഷണവും, ഒപ്പം മറ്റു ക്രിയാത്മകമായ നീക്കങ്ങളുമായിരിക്കും ഇനിയും ആവശ്യം. നമുക്കു പ്രത്യാശിക്കാം..! 








All the contents on this site are copyrighted ©.