2017-02-06 12:38:00

ഉപ്പും വെളിച്ചവുമാകുക -പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാസന്ദേശം


പൊതുവെ കാര്‍മേഘാവൃകമായിരുന്ന റോമാപുരിയില്‍, കാലാവസ്ഥാപ്രവചനമനുസരിച്ച് മഴയ്ക്കുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും, ഞായറാഴ്ച (05/02/17), ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് പപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ തങ്ങളുടെ ആനന്ദം അറിയിച്ചു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ഈ ഞായറാഴ്ച (05/02/17) ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം അദ്ധ്യായം 5, 13 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍, അതായത്, ലോകത്തില്‍ ഉപ്പും വെളിച്ചവുമായിരിക്കാന്‍ ക്രിസതുനാഥന്‍ അവിടത്തെ ശിഷ്യര്‍ക്കുള്ള കടമയെക്കുറിച്ചോര്‍മ്മിപ്പിക്കുന്ന ഭാഗം  അവലംബമാക്കി ഇറ്റാലിയന്‍ ഭാഷയില്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനാസന്ദേശം നല്കി.

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാസന്ദേശം :               

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം

വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗിരി പ്രഭാഷണമാണ് ഈ ഞായറാഴ്ചകളില്‍  ആരാധനാക്രമം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച “സുവിശേഷസൗഭാഗ്യങ്ങള്‍” അവതരിപ്പിച്ചതിനുശേഷം ഇന്ന് ലോകത്തില്‍ തന്‍റെ ശിഷ്യരുടെ ദൗത്യം എന്തെന്ന് വിശദീകരിക്കുന്ന യേശുവിന്‍റെ വചസ്സുകളാണ് എടുത്തുകാട്ടുന്നത്. ഉപ്പ്, വെളിച്ചം എന്നീ സാദൃശ്യങ്ങള്‍ യേശു ഉപയോഗിക്കുന്നു. അവിടത്തെ വചനങ്ങള്‍ എക്കാലത്തെയും ക്രിസ്തുശിഷ്യര്‍ക്കുള്ളതാണ്, ആകയാല്‍ ആ വാക്കുകള്‍ നമുക്കുള്ളതുമാണ്.

യേശു നമ്മെ ക്ഷണിക്കുന്നത് സല്‍പ്രവൃത്തികള്‍ വഴി അവിടത്തെ പ്രകാശത്തിന്‍റെ  പ്രതിഫലനമാകാനാണ്. അവിടന്നു പറയുന്നു: അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവര്‍ത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.  (മത്തായി 5,16). വാസ്തവത്തില്‍, സര്‍വ്വോപരി നമ്മുടെ പെരുമാറ്റമാണ്, അത് നല്ലതാകാം മോശമായതാകാം, മറ്റുള്ളവരില്‍ ഒരു അടയാളം പതിക്കുക. ആകയാല്‍ നമുക്ക് ലഭിച്ചിട്ടുള്ള ദാനത്തിന്‍റെ കാര്യത്തില്‍ നമുക്ക് ഒരു ധര്‍മ്മവും ഉത്തരവാദിത്വവും ഉണ്ട്: ക്രിസ്തുവഴി, പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താല്‍ നമ്മിലുള്ള വിശ്വാസ വെളിച്ചം നമ്മുടെ സ്വന്തമെന്നോണം നമുക്കായി സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല. അത് ലോകത്തിന് പ്രകാശം ചൊരിയുന്നതാക്കിത്തീര്‍ക്കാനും നല്ല പ്രവൃത്തികളിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു  നല്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. സ്വീകരിക്കുന്നവരെ രൂപാന്തരപ്പെടുത്തുകയും സൗഖ്യമാക്കുകയും രക്ഷ ഉറപ്പുനല്കുകയും ചെയ്യുന്ന സുവിശേഷവെളിച്ചം ലോകത്തിന് എത്രയേറെ ആവശ്യമായിരിക്കുന്നു!. നമ്മുടെ സത്പ്രവര്‍ത്തികള്‍ വഴി ഈ വെളിച്ചം നാം സംവഹിക്കണം.

നമ്മുടെ വിശ്വാസവെളിച്ചം, ദാനംചെയ്യപ്പെടുമ്പോള്‍,  അത് അണയുകയല്ല മറിച്ച് കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്നേഹവും ഉപവിപ്രവര്‍ത്തനങ്ങളും വഴി പരിപോഷിപ്പിക്കാത്തപക്ഷം അതിന് ക്ഷയം സംഭവിക്കാം. അങ്ങനെ, പ്രകാശത്തിന്‍റെയും ഉപ്പിന്‍റെയും രൂപകങ്ങള്‍ സമാഗമിക്കുന്നു. ക്രിസ്തുവിന്‍റെ ശിഷ്യരെന്ന നിലയില്‍, നമ്മളും, ഭൂമിയുടെ ഉപ്പാണെന്ന് സുവിശേഷത്താള്‍ പറയുന്നു. ഉപ്പ് രുചിയേകുന്നതോടൊപ്പം, ഭക്ഷണപദാര്‍ത്ഥത്തെ കേടുകൂടാതെയും അഴിയാതെയും സൂക്ഷിക്കുന്നു. യേശുവിന്‍റെ കാലത്ത് ശീതികരണയന്ത്രം (ഫ്രിഡ്ജ്) ഉണ്ടായിരുന്നില്ലല്ലൊ! ആകയാല്‍, സമൂഹത്തില്‍ ക്രൈസ്തവരുടെ ദൗത്യം,  വിശ്വാസം വഴിയും ക്രിസ്തു നമുക്കേകിയ സ്നേഹത്താലും ജീവിതത്തിന് സ്വാദ് പകരുകയും, ഒപ്പം,  സ്വാര്‍ത്ഥത, അസൂയ, അപവദിക്കല്‍ തുടങ്ങിയ മലീനീകരണാണുക്കളെ അകറ്റി നിറുത്തുകയും ചെയ്യുകയാണ്. സ്വാഗതം ചെയ്യലിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും വേദികളായി വിളങ്ങേണ്ട നമ്മുടെ സമൂഹങ്ങളുടെ ഘടനയെ ഈ അണുക്കള്‍ നശിപ്പിക്കും. ക്ഷയിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്നതായ ലോകത്തിന്‍റെ സ്വാധീനങ്ങളില്‍ നിന്ന്, ക്രിസ്തുവിനും സുവിശേഷത്തിനും വിരുദ്ധമായ ഈ സ്വാധീനങ്ങളില്‍ നിന്ന്,   നാം വിമുക്തരാകുകയാണ് നമ്മുടെ ദൗത്യം നിറവേറ്റുന്നതിനുള്ള ആദ്യ ചുവടുയ്പ്. ഈ ശുദ്ധീകരണപ്രക്രിയയ്ക്ക് അവസാനമില്ല, അത് നിരന്തര പ്രക്രിയയാണ്, അനുദിനം ചെയ്യേണ്ടതാണ്.

സുവിശേഷാരൂപിയിലും ദൈവരാജ്യത്തിന്‍റെ വീക്ഷണത്തിലും മാനവയാഥാര്‍ത്ഥ്യത്തെ നവീകരിക്കുകയെന്ന ദൗത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് അനുദിനജീവിതത്തില്‍ സ്വന്തം ചുറ്റുപാടുകളില്‍ വെളിച്ചവും ഉപ്പും ആയിരിക്കാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. യേശുവിന്‍റെ പ്രഥമ ശിഷ്യയും തങ്ങളുടെ വിളിയും ദൗത്യവും അനുദിനം ജീവിക്കുന്ന വിശ്വാസികളുടെ മാതൃകയും ആയ ഏറ്റം പരിശുദ്ധയായ കന്യാകാമറിയത്തിന്‍റെ സംരക്ഷണം നമുക്ക് എന്നും സഹായമായിരിക്കട്ടെ. ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവും ആയിത്തീരുന്നതിന്  നാം കര്‍ത്താവിനാല്‍ സദാ പവിത്രീകരിക്കപ്പെടുകയും പ്രബുദ്ധരാകുകയും ചെയ്യുന്നതിന് നമ്മെത്തന്നെ വിട്ടുകൊടുക്കാന്‍ നമ്മുടെ അമ്മയായ മറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ സകലരെയും കുടുംബങ്ങളെയും, വിവിധ സംഘടനകളെയും ഇടവക സമൂഹങ്ങളെയും പ്രത്യേകം അഭിവാദ്യം ചെയ്തു.

ഇറ്റലിയില്‍ അഞ്ചാം തിയതി ഞായറാഴ്ച ജീവനു വേണ്ടിയുള്ള ദിനം ആചരിക്കപ്പെട്ടത് പാപ്പാ പ്രത്യേകം അനുസ്മരിച്ചു.  “കല്‍ക്കട്ടയിലെ വിശുദ്ധ തെരേസയുടെ ചുവടു പിടിച്ച് സ്ത്രീപുരുഷന്മാര്‍ ജീവനുവേണ്ടി” എന്ന വിചിന്തന പ്രമേയം ഈ ദിനാചരണത്തിന് സ്വീകരിക്കപ്പെട്ടിരുന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഓരോ മനുഷ്യജീവനും പവിത്രമാണെന്നും പാഴ്വസ്തുകണക്കെ വലിച്ചെറിയുന്നതായ യുക്തിയ്ക്കും ജനസംഖ്യ കുറഞ്ഞുവരുന്നതിനുമുള്ള ഒരു മറുപടിയെന്നോണം ജീവന്‍റെ സംസ്കൃതിയുമായി നമുക്കു മുന്നേറാമെന്നും പറഞ്ഞു. ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ നശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായും, അതുപോലെതന്നെ, ജീവിതാന്ത്യത്തിലെത്തിയിരിക്കുന്നവര്‍ക്കായും പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. “ജീവന്‍ സൗന്ദര്യമാണ്, അതിനെ പുകഴ്ത്തുക, ജീവന്‍ ജീവനാണ്, അതിനെ സംരക്ഷിക്കുക” മദര്‍ തെരേസയുടെ ഈ വാക്കുകള്‍ അനുസ്മരിച്ച പാപ്പാ ജീവന്‍, അത് ഗര്‍ഭസ്ഥശിശുവിന്‍റെതായാലും, മരണാസന്നന്‍റേതായലും പവിത്രമാണ് എന്ന് ഓര്‍മ്മിപ്പിച്ചു.  

എല്ലാവരേയും ആശ്ലേഷിക്കുന്നതും മനുഷ്യോചിതവുമായ ഒരു സമൂഹം കെട്ടപ്പടുക്കുന്നതിന് പുതിയ തലമുറകളെ പ്രാപ്തരാക്കുന്ന പരിശീലനമേകാന്‍ പരിശ്രമിക്കുന്ന റോമിലെ സര്‍വ്വകലാശാലാദ്ധ്യാപകരേയും അതിന് സഹകരിക്കുന്ന സകലരേയും ജീവനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയും പാപ്പാ അഭിവാദ്യം ചെയ്തു.എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയും എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ "അറിവെദേര്‍ചി" (arrivederci) അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.