2017-02-06 15:05:00

സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം ഭാഗം 28 –കാരുണ്യം തേടുന്ന മനുഷ്യന്‍


ഇത് 85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പഠനം ആദ്യഭാഗമാണ്. സാഹിത്യരൂപത്തില്‍ ഇതൊരു വിലാപസങ്കീര്‍ത്തനമാണ്. ഒപ്പം സമൂഹവിലാപവുമാണെന്ന് നിരൂപകന്മാര്‍ തരംതിരിച്ചിട്ടുണ്ട്. വിലാപത്തിന്‍റെ സാഹചര്യം വിപ്രവാസമാണ്. ക്രിസ്തുവിന് ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഇസ്രായേലിന്‍റെ അടിമത്വത്തിന്‍റെ ചരിത്രമാണ്. ഇസ്രായേലിലെ ജൂദയ ഗോത്രത്തില്‍പ്പെട്ടവരെയാണ് ബാബിലോണിയന്‍ രാജാവായ നെബുക്കദനേസര്‍ അടിമകളാക്കിയത്.

60 വര്‍ഷങ്ങളിലേറെ നീണ്ടുനിന്ന ബാബിലോണ്‍ വിപ്രവാസത്തിനുശേഷം ജരൂസലേമിലേയ്ക്കുള്ള ഇസ്രായേല്യരുടെ, ജൂദയാ ഗോത്രക്കാരുടെ തിരിച്ചുവരവാണ് നാം പഠനവിഷയമാക്കുന്ന സങ്കീര്‍ത്തനത്തിന്‍റെ പശ്ചാത്തലവും പ്രതിപാദ്യവിഷയവും. സങ്കീര്‍ത്തന പദങ്ങളുടെ പരിശേധനയില്‍ ഇതൊരു 85-Ɔ൦ സങ്കീര്‍ത്തനം വിലാപ ഗീതമാണെന്ന് കൂടുതല്‍ വ്യക്തമാകും. വിപ്രവാസത്തില്‍നിന്നുമുള്ള തിരിച്ചു വരവിലാണ് വിലാപമെന്ന് നാം മനസ്സിലാക്കണം. അപ്പോള്‍ എന്തിനെക്കുറിച്ചാണ് വിലാപമെന്നു ചോദിക്കാം. എന്തിനെക്കുറിച്ചാണ് ഈ വിലാപം എന്നു മനസ്സിലാക്കാന്‍  നിരൂപകന്മാര്‍ സങ്കീര്‍ത്തനത്തെ മൂന്നു ഖണ്ഡങ്ങളായി, 3 ഭാഗങ്ങളായി തിരിച്ചിരിക്കുന്നത് പരിശേധിച്ചാല്‍ മതിയാകും.

പരമ്പരയില്‍ ഉപയോഗിക്കുന്ന 85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം പ്രിന്‍സിയും സംഘവുമാണ്.

Musical version of Psalms 85

കര്‍ത്താവേ, അങ്ങെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

85-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ശാസ്ത്രീയമായ വശങ്ങളിലേയ്ക്കോ, വ്യാഖ്യാനത്തിലേയ്ക്കു കടക്കുംമുന്‍പ് ആദ്യം അതിന്‍റെ പദങ്ങള്‍ നമുക്കൊന്ന് പരിചയപ്പെടാം, അങ്ങനെ സങ്കീര്‍ത്തനത്തിന്‍റെ സാഹിത്യരൂപത്തിലേയ്ക്കും അതിന്‍റെ സ്വഭാവത്തിലേയ്ക്കും ആത്മീയ ഭാവത്തിലേയ്ക്കും നമുക്ക് ആദ്യം പ്രവേശിക്കാം.

പദങ്ങളെ നിരൂപകന്മാര്‍, ബൈബിള്‍ പണ്ഡിതന്മാര്‍ മൂന്നായി തരം തിരിച്ചിട്ടുണ്ട്, 3 ഖണ്ഡങ്ങളായി അല്ലെങ്കില്‍ ഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. അത് സങ്കീര്‍ത്തനത്തിന്‍റെ ഘടന തന്നെയാണ്.

3 ഭാഗങ്ങള്‍. അതില്‍ ആദ്യമായി...

1-3 വരെ പദങ്ങള്‍ ദൈവത്തിന്‍റെ രക്ഷാകര പ്രവര്‍ത്തനത്തെ അനുസ്മരിക്കുന്നു.

4-7 വരെ വാക്യങ്ങള്‍ ജനങ്ങളുടെ ഞെരുക്കത്തിന്‍റെ വിവരണവും, അവരുടെ മനസ്സില്‍ ഉയരുന്ന അപേക്ഷയുമാണ്.

8-13 വരെ വാക്യങ്ങള്‍ സങ്കീര്‍ത്തകന്‍ കുറിക്കുന്ന പ്രവചനാത്മകമായ രക്ഷയുടെ അരുളപ്പാടാണ്

ഇനി നമുക്കീ മൂന്നും ഭാഗങ്ഹലും ഒന്നൊന്നായി പരിശോധിച്ചുകൊണ്ട് 85-‍Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ഉള്‍ക്കമ്പിലേയ്ക്കും അതിന്‍റെ വിലാപഭാവത്തിലേയ്ക്കും കടക്കാം. കര്‍ത്താവിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്ന ഘടനയുടെ ആദ്യഭാഗം, 1-മുതല്‍ 3-വരെയുള്ള പദങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കാം. അതിന്‍റെ ഉള്ളടക്കത്തിലേയ്ക്ക് കടക്കാം.

Psalm 85, 1-3

കര്‍ത്തവേ, ദേശത്തോട് അങ്ങു കരുണ കാണിച്ചു.

യാക്കോബിന്‍റെ ഭാഗധേയം അവിടുന്നു പുനഃസ്ഥാപിച്ചു.

അങ്ങയുടെ ജനത്തിന്‍റെ അകൃത്യം അങ്ങു മറന്നുകളഞ്ഞു

അവരുടെ പാപങ്ങള്‍ക്ക് അവിടുന്നു മാപ്പുനല്കി.

അങ്ങയുടെ ക്രോധമെല്ലാം അങ്ങു പിന്‍വലിച്ചു

തീക്ഷണമായ കോപത്തില്‍നിന്നും അങ്ങു പിന്‍മാറി

വിപ്രവാസത്തില്‍നിന്നുള്ള തിരിച്ചുവരവ്, ജനം കാണുന്നത് കര്‍ത്താവിന്‍റെ വലിയ രക്ഷാപ്രവര്‍ത്തനമായിട്ടാണ് സങ്കീര്‍ത്തന പദങ്ങളില്‍ വിവരിക്കുന്നതും, അനുസ്മരിക്കുന്നതും. കര്‍ത്താവ് ഇസ്രായേലിനു വസിക്കാന്‍ കൊടുത്തതാണ് അവിടുത്തെ ദേശം, വാഗ്ദത്തഭൂമി, ജരൂസലേം. എന്നാല്‍ പിന്നീട് തങ്ങളുടെ അവിശ്വസ്തതമൂലം ദൈവം അത് ശത്രുക്കള്‍ക്ക് ഏല്പിച്ചുകൊടുക്കുന്നു. അങ്ങനെ ഇസ്രായേലിന് തങ്ങളുടെ ഭാഗധേയം നഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ തിരിച്ചു ലഭിച്ചിരിക്കുന്നു. അവിടുന്ന് അവരുടെ പാപം പൊറുക്കുന്നു, അവിടുന്നു തന്‍റെ കോപം മറയ്ക്കുന്നു, മറക്കുന്നു. ഇസ്രായേല്‍ വിപ്രവാസത്തില്‍നിന്നും തരിച്ചു വരുന്നു. തന്‍റെ ജനത്തിന് കര്‍ത്താവ് വീണ്ടും ശ്രേയസ്സും, സമാധാനവും നല്കുന്നു, പുനഃപ്രതിഷ്ഠിക്കുന്നു. സങ്കീര്‍ത്തന പദങ്ങളില്‍ ഗായകന്‍ വിവിരിക്കുന്നതും അനുസ്മരിക്കുന്നതും അതുതന്നെയാണ്.

Musical version of Psalm 85

കര്‍ത്താവേ, അങ്ങെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നു

തന്‍റെ ജനത്തിനടവിടുന്ന് സമാധാനം അരുളുന്നു.

അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് രക്ഷ സമീപസ്ഥമാണ്.

കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്ത് കുടികൊള്ളുന്നു,

കുടികൊള്ളുന്നു.

ഇനി രണ്ടാം ഖണ്ഡത്തെക്കുറിച്ച് പുറയുമ്പോള്‍, 4-7 വരെ വാക്യങ്ങള്‍ വിപ്രവാസത്തില്‍ ഇസ്രായേല്യര്‍ക്കുണ്ടായ ഞെരുക്കത്തിന്‍റെ വിവരണവും അപേക്ഷയുമാണ്:

രക്ഷകനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ

ഞങ്ങളോടുള്ള അങ്ങയുടെ രോഷം പരിത്യജിക്കണമേ.

അങ്ങ് എന്നേയ്ക്കും ഞങ്ങളോടു കോപിഷ്ഠനായിരിക്കുമോ

തലമുറകളോളം അങ്ങയുടെ കോപം നീണ്ടുനില്‍ക്കുമോ

അങ്ങയുടെ ജനം ആനന്ദിക്കേണ്ടതിന് ഞങ്ങള്‍ക്കു നവജീവന്‍ നല്കുകയില്ലയോ.

കര്‍ത്തവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍  ചൊരിയണമേ.

ഞങ്ങള്‍ക്കു രക്ഷ പ്രദാനംചെയ്യണമേ.

തീര്‍ച്ചയായും, കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് അറിയാം, പ്രയാസങ്ങളുടെയും ക്ലേശങ്ങളുടെയും വിവരണവും, ദൈവിക കാരുണ്യത്തിനായുള്ള യാചനയുമാണിതെല്ലാം. വിപ്രവാസം അവസാനിച്ച് ജനം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും അവിടെയും ഞെരുക്കങ്ങളാണ്. അതുകൊണ്ടാണ്, ഞങ്ങളെ പുനരുദ്ധരിക്കണമേ, പരിത്യജിക്കരുതേ, കോപിക്കരുതേ, കൃപകാണിക്കണമേ... എന്നെല്ലാം പ്രാര്‍ത്ഥിക്കുന്നത്. ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും – വിലാപം ചില ചോദ്യങ്ങളിലേയ്ക്ക് തിരിയുകയാണ്. കര്‍ത്താവിലുള്ള സന്തോഷത്തിനുവേണ്ടി സമൂഹം കാത്തിരിക്കുന്നു. ദൈവത്തിന്‍റെ നന്മയ്ക്കും രക്ഷയ്ക്കുംവേണ്ടി അവര്‍ ദാഹിക്കുന്നു.

Musical version of Psalm 85

കര്‍ത്താവേ, അങ്ങെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും

നീതിയും സമാധാനവും പരസ്പരം ചുംബിക്കും

ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കുന്നു.

നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കുന്നു,

കടാക്ഷിക്കുന്നു.

മൂന്നാമത്തെ ഭാഗത്തേയ്ക്ക് കടക്കുമ്പോള്‍ 8-13 വരെ വാക്യങ്ങള്‍ സങ്കീര്‍ത്തകന്‍റെ രക്ഷയുടെ അരുളപ്പാടാണ്. അതായത് പ്രാര്‍ത്ഥിക്കുന്ന ജനം കര്‍ത്താവിന്‍റെ ഉത്തരത്തിനായി കാത്തിരിക്കുന്നു.

കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നതു ഞാന്‍ കേള്‍ക്കും

അവിടുന്നു തന്‍റെ ജനത്തിനു സമാധാനം അരുളും.

ഹൃദയപൂര്‍വ്വം തന്നിലേയ്ക്കു തിരിയുന്ന

വിശുദ്ധര്‍ക്കവിടുന്നു സമാധാനം നല്കും. 

അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്.

മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.

കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും,

നീതിയും സമാധാനവും പരസ്പരം ചുംബിക്കും

 

ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും.

നീതി ആകാശത്തിനിന്നു ഭൂമിയെ കടാക്ഷിക്കും.

കര്‍ത്താവു നന്മ പ്രദാനംചെയ്യും

നമ്മുടെ ദേശം സമൃദ്ധമായി വളവു നല്‍കും.

നീതി അവിടുത്തെ മുന്‍പേ നടന്ന്, അവിടുത്തേയ്ക്കു വഴിയൊരുക്കും.

ദൈവം തന്‍റെ ജനത്തിനു നല്കുന്ന പ്രത്യാശയുടെ വാഗ്ദാനങ്ങളും, ജീവിത പ്രതിസന്ധികള്‍ക്ക് നല്കുന്ന ഉത്തരവുമാണെന്നു മനസ്സിലാക്കാം. ഈ ഉത്തരം പ്രവാചകന്‍റെ അരുളപ്പാടായിട്ടാണു കിട്ടുന്നത്. ഇവിടെ പതിവുള്ള പ്രവാചക ശൈലിയിലല്ല, ഉത്തമപുരുഷനിലല്ല സംസാരിക്കുന്നത്, മറിച്ച് പ്രഥമ പുരുഷനിലാണ്. പ്രഥമപുരുഷനിലാണ്.. ഞാന്‍, നമ്മുടെ എന്നിങ്ങനെയാണ് ... കാര്യങ്ങള്‍ അറിയിക്കുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രവാചകനാണ്. കര്‍ത്താവിന്‍റെ സഹായം സമീപസ്ഥമാണ്. കര്‍ത്താവിന്‍റെ മഹത്വം ദേശത്തു വസിക്കും. വിപ്രവാസകാലത്ത് കര്‍ത്താവിന്‍റെ തേജസ്സാര്‍ന്ന സാന്നിദ്ധ്യം, ഇസ്രായേലില്‍നിന്നും മാറിപ്പോയി. വിപ്രവാസത്തിനുശേഷം ജനം കര്‍ത്താവിന്‍റെ മഹത്വം തങ്ങളിലേയ്ക്ക് വീണ്ടും പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുകയാണ്.

ദൈവിക സാന്നിധ്യത്തിന്‍റെ പ്രകാശമാണ് അത് രക്ഷാകര ശക്തികളായ നന്മയും വിശ്വസ്തതയും നീതിയും സമാധാനവും പ്രത്യക്ഷപ്പെടുന്നു. പഴയ നിയമത്തിലെ രക്ഷയെപ്പറ്റിയുള്ള സജീവ വിവരണ ശൈലിയാണിത്. കര്‍ത്താവിന്‍റെ ശക്തികള്‍കൊണ്ട് ഭൂമി നിറയുന്നു. വിളവു വര്‍ദ്ധിക്കുന്നു. നീതി  മുമ്പില്‍ നടന്നു നീങ്ങുന്നു. ദൈവത്തിന്‍റെ കാലടികളില്‍നിന്ന് രക്ഷ മുളച്ചുവരുന്നു.

Musical version of Psalm 85

കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ

നിന്‍ രക്ഷ ഞങ്ങള്‍ക്കു നല്കണമേ.

കര്‍ത്താവു നന്മ ഭൂമിയില്‍ പ്രദാനംചെയ്യുന്നു.

നമ്മുടെ ദേശത്തു സമൃദ്ധമായ് വിള നല്‍കുന്നു.

നീതി അവിടുത്തെ മുന്‍പേ നടന്ന് വഴിയൊരുക്കുന്നു.

കര്‍ത്താവിന്‍റെ രക്ഷ മന്നില്‍ ആഗതമാകുന്നു,

ആഗതമാകുന്നു.








All the contents on this site are copyrighted ©.