2017-02-04 14:48:00

വിവാഹത്തിന്‍റെ ഔന്നത്യത്തെ വിലമതിക്കുക


വിവാഹത്തിന്‍റെ ഐക്യവും നൈര്‍മ്മല്യവും അന്തസ്സും ആദരിക്കാന്‍ ഭോപ്പാല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ലെയൊ കൊര്‍ണേലിയൊ കുടുംബങ്ങളെ ആഹ്വാനം ചെയ്യുന്നു.

ഭോപ്പാലില്‍, ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ സി സി ബി ഐയുടെ, (Conference of the Catholic Bishops of India)  29Ͻ-മത് സമ്പൂര്‍ണ്ണ സമ്മേളനത്തെ വെള്ളിയാഴ്ച (03/02/17) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

വിവാഹമെന്ന കൂദാശയെ ദമ്പതികള്‍ ആദരിക്കുകയും ആ കൂദാശയേകുന്ന കടമ പൂര്‍ണ്ണ വിശ്വസ്തതയോടെ ജീവിക്കുകയും ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ച ആര്‍ച്ചുബിഷപ്പ് കൊര്‍​ണേലിയൊ വിവാഹജിവിതത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നത് ദമ്പതികളുടെ അവിശ്വസ്തതയും തെറ്റിദ്ധാരണയും സ്വാതന്ത്ര്യത്തിന്‍റെ തെറ്റായ വ്യാഖ്യാനവുമാണെന്ന വസ്തുത ചൂണ്ടിക്കാട്ടി.

തങ്ങളുടെ വൈവാഹികകടമകളില്‍ ദമ്പതികള്‍ വീഴ്ചവരുത്തുമ്പോള്‍ അതിന് ഇരകളായിത്തീരുന്നത് അവരുടെ മക്കളാണെന്ന് അദ്ദേഹം പറഞ്ഞു.

നരകുലത്തെ രക്ഷിക്കുന്നതിന് ബലിയാകാന്‍ യേശുവിനെ പ്രേരിപ്പിച്ച ആ സ്നേഹത്താല്‍ ദമ്പതികള്‍ നിറഞ്ഞാല്‍ മാത്രമെ സന്തോഷകരമായ കുടുംബജീവിതം നയിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ആര്‍ച്ചുബിഷപ്പ് കൊര്‍​ണേലിയൊ ഓര്‍പ്പിക്കുകയും ചെയ്തു.  

സിസിബിഐ ജനുവരി 31 ന് ആരംഭിച്ച സമ്പൂര്‍ണ്ണസമ്മേളനത്തില്‍ ഭാരതത്തിലെ 132 ലത്തീന്‍ രൂപതകളില്‍നിന്നുള്ള 180 ഓളം മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്.








All the contents on this site are copyrighted ©.