2017-02-01 18:52:00

ഭാരതത്തിലെ ലത്തീന്‍ സഭയുടെ സമ്പൂര്‍ണ്ണ സംഗമത്തിന് തുടക്കമായി


ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രന്മാന്‍ സംഘത്തിന്‍റെ (Conference of the Catholic Bishops of India) 29-Ɔമത് സമ്പൂര്‍ണ്ണ സമ്മേളനത്തിന് ഭോപാലില്‍ തുടക്കമായി.

“കുടുംബങ്ങളിലെ സ്നേഹത്തിന്‍റെ ആനന്ദം,” എന്ന പ്രമേയവുമായിട്ടാണ് ലത്തീന്‍ കത്തോലിക്കാ ദേശീയ മെത്രാന്‍ സംഘത്തിന്‍റെ സംഗമത്തിന് ജനുവരി 31-Ɔ൦ തിയതി ചൊവ്വാഴ്ച ഭോപാലിലെ സെന്‍റ് ജോസഫ്സ് കോളെജ് ഓഡിറ്റോറിയത്തില്‍ തുടക്കമായത്. കുടുംബങ്ങളെ ബലപ്പെടുത്താനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അടിയന്തിരമായ ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ടാണ്

ഈ ചര്‍ച്ചാസംഗമം. നാടിന്‍റെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തില്‍ സഭയുടെ പ്രബോധനങ്ങള്‍ക്കനുസൃതമായ പ്രായോഗിക തീരുമാനങ്ങള്‍ കുടുംബങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ രൂപപ്പെടുത്താനാണ് മെത്രാന്മരുടെ ശ്രമം. ഭാരതത്തിലെ 132 ലത്തീന്‍ രൂപതകളില്‍നിന്നുമുള്ള 182 മെത്രാന്മാര്‍ ഭോപാലിലുണ്ട്. എട്ടുദിവസങ്ങള്‍ നീളുന്നതാണ്  ചര്‍ച്ചാസംഗമം. പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റും, മുമ്പൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടന ദിവസത്തില്‍ അര്‍പ്പിച്ച ബലിമദ്ധ്യേ സംഗമത്തിന്‍റെ ലക്ഷ്യവും പ്രാധാന്യവും വിവരിച്ചു പറഞ്ഞു.

നല്ല കുടുംബങ്ങളെ കൂടുതല്‍ നന്മയിലേയ്ക്കും, വിശുദ്ധിയുള്ള കുടുംബങ്ങളെ ആഴമായ വിശുദ്ധിയിലേയ്ക്കും നയിക്കുകയുമാണ് ഈ സംയുക്തസമ്മേളനത്തിന്‍റെ ലക്ഷ്യം. മാറിമറിയുന്ന ഇന്നിന്‍റെ ജീവിതപരിസരത്ത് കുടുബജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ സഭാ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍, വിശിഷ്യ പാപ്പാ ഫ്രാന്‍സിസ് നല്കിയ സനേഹത്തിന്‍റെ ആനന്ദം, Amoris Laetitia  എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ പഠിക്കുകയാണ് സമ്മേളനത്തിന്‍റെ മുഖ്യലക്ഷ്യമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമാക്കി.

കാരുണ്യവും, കാരുണ്യപ്രവര്‍ത്തികളും ക്രൈസ്തവരെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പല്ല. അത് ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ട ക്രൈസ്തവ സംസ്ക്കാരത്തനിമയാണ്. അതിനാല്‍ വൈവാഹിക ബന്ധത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും ചുറ്റുപാടുകളിലെ പ്രതിസന്ധികളെ വീക്ഷിക്കുമ്പോള്‍ കാരുണ്യം ജീവിക്കേണ്ടതും, അത് ലഭ്യമാക്കേണ്ടതും ഔദാര്യത്താലല്ല, അത് ക്രിസ്തു പകര്‍ന്നു നല്കിയിട്ടുള്ള ക്രൈസ്തവജീവിതത്തിന്‍റെ ഭാഗമായ പുണ്യപ്രവൃത്തിയായിട്ടാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ആമുഖമായി സമ്മേളനത്തോട് ആഹ്വാനംചെയ്തു.

റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ, സമിതിയുടെ ഉപാദ്യക്ഷന്‍ ഗോവയുടെ പാത്രിയര്‍ക്കിസ് ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി, ഭോപാല്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലിയോ കൊര്‍ണേലിയോ, സെക്രട്ടറിയും കണ്ണൂര്‍ രൂപതാമെത്രാനുമായ ബിഷപ്പ് വര്‍ഗ്ഗിസ് ചക്കാലക്കല്‍, സെക്രട്ടറി ജനറള്‍ ഫാദര്‍ സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വംനല്കും. 

ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ ഹെന്റി ഗോഡ്സിന്‍സ്ക്കി സമ്മേളനത്തിലെ നിരീക്ഷകനായും സന്നിഹിതനാണെന്ന് സംഗമത്തിന്‍റെ ഓഫിസില്‍നിന്നും ജനുവരി 31-ന് ലഭിച്ച പ്രസ്താവനയില്‍ സെക്രട്ടറി ജനറല്‍ ഫാദര്‍ ആലത്തറ അറിയിച്ചു.  








All the contents on this site are copyrighted ©.