2017-01-31 13:51:00

സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം - ഭാഗം 27 ദൈവം കരുണാര്‍ദ്രന്‍


103-Ɔ൦ സങ്കീര്‍ത്തനപഠനത്തിന്‍റെ മൂന്നാമത്തെ പരമ്പരയാണിത്. കഴിഞ്ഞ രണ്ടു പ്രക്ഷേപണങ്ങളില്‍ നാം പദങ്ങളുടെ വ്യാഖ്യാനം, exegesis –ആണ് ശ്രവിച്ചത്. ഇന്നു നമുക്ക്  103-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പൊതുവായ appreciation ആസ്വാദനം നടത്തുവാന്‍ പരിശ്രമിക്കുകയാണ്. ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങളില്‍ ഏറെ മനോഹരമായ സ്തുതിപ്പാണിതെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചിട്ടുള്ളതാണ്.

‘ആര്‍ദ്രഹൃദയനും കാരുണ്യവാനുമായ’ കര്‍ത്താവിന് അവിടുത്തെ നിരവധിയായ നന്മകള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് സങ്കീര്‍ത്തകന്‍ അവിടുത്തെ സ്തുതിക്കുന്നു. അങ്ങനെ ദൈവത്തെ സ്തുതിക്കുന്ന തിരുനാള്‍ ഗീതമായിട്ടാണ് നിരൂപകന്മാര്‍ ഇതിനെ വിലയിരുത്തുന്നത്. ഇതിന്‍റെ ഹെബ്രായ മൂലരൂപം പരിശോധിക്കുമ്പോള്‍ ധാരാളം Aramaic അറമായ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് വിപ്രവാസകാലത്ത് രചിക്കപ്പെട്ടതാണ് ഈ സങ്കീര്‍ത്തനം എന്ന നിഗമനത്തിലാണ് നിരൂപകന്മാര്‍.

Musical version of Psalms 103

കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും

കാരുണ്യവാനുമത്രേ.

വിചിത്രമെന്നു പറയട്ടെ, സങ്കീര്‍ത്തകന്‍ തന്നോടുതന്നെ സംസാരിക്കുന്ന രീതിയിലാണ് ഗീതം തുടങ്ങുന്നതെന്ന് നാം കണ്ടതാണ്, മനസ്സിലാക്കിയതാണ്. സാധാരണ ഗതിയില്‍, ദേവാലയത്തില്‍ സമ്മേളിക്കുന്ന ആരാധനാ സമൂഹത്തെയോ, പ്രാര്‍ത്ഥനാ സമൂഹത്തെയോ ഗായകന്‍ അഭിസംബോധനചെയ്യുന്ന രീതിയില്‍നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് സങ്കീര്‍ത്തകന്‍ ആദ്യംതന്നെ തന്‍റെ ആത്മാവിനോട് കര്‍ത്താവിനെ സ്തുതിക്കുവാന്‍ പറയുന്നു.

എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.

എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.

എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക

അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുതേ.

1-മുതല്‍ 5-വരെയുള്ള പദങ്ങള്‍ സങ്കീര്‍ത്തകന്‍റെ ഹൃദയംനിറഞ്ഞ നന്ദിപ്രകടനമാണ്. അതിന്‍റെ ഗാനരൂപം നമുക്ക് ശ്രവിച്ചിട്ട് അതിന്‍റെ ആസ്വാദനത്തിലേയ്ക്കും നമുക്ക് കടക്കാം.

Musical Version of Psalm 103

എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക,

അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുതേ.

അവിടുന്നു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു

നിന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.

അവിടുന്നു സ്നേഹവും കാരുണ്യവും കൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.

നിന്‍റെ യൗവ്വനം കഴുകന്‍റേതുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി

നിന്‍റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു.

ഗായകന്‍റെ ആത്മാവും അന്തരംഗവും, സകല അവയവങ്ങളും കര്‍ത്താവിനെ സ്തുതിക്കുകയാണ്. കര്‍ത്താവിന്‍റെ നാമത്തെയാണ് സങ്കീര്‍ത്തകന്‍ സ്തുതിക്കുന്നത്. പുറപ്പാടു ഗ്രന്ഥത്തില്‍ മോശ കര്‍ത്താവിന്‍റെ നാമം വിളിച്ച് അപേക്ഷിക്കുന്നതുപോലെ, ഇവിടെ സങ്കീര്‍ത്തകനും കര്‍ത്താവിന്‍റെ നാമം തന്നെയാണ് വിളിച്ചപേക്ഷിക്കുന്നത്, പ്രകീര്‍ത്തിക്കുന്നത്. കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന ജനത്തിന് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്നു. താന്‍ ആരാണെന്ന് മോശയ്ക്ക് ദൈവം വെളിപ്പെടുത്തി കൊടുത്തത് നാം പുറപ്പാടു ഗ്രന്ഥത്തില്‍ വായിക്കുന്നുണ്ട്. മോശ യാഹ്വേയോട് ഇങ്ങനെയാണ് അപേക്ഷിച്ചത്: ‘കര്‍ത്താവേ അങ്ങയുടെ മഹത്വം എനിക്കു കാണിച്ചു തരണമെന്ന് അപേക്ഷിക്കുന്നു. അപ്പോള്‍ ദൈവം അരുള്‍ചെയ്തു. ‘എന്‍റെ മഹത്വം നിന്‍റെ മുന്‍പിലൂടെ കടന്നുപോകും. കര്‍ത്താവ് എന്ന എന്‍റെ നാമം നിന്‍ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. അപ്പോള്‍ ഞാന്‍ എനിക്ക് ഇഷ്ടമുള്ളവനില്‍ പ്രസാദിക്കും.’  പുറപ്പ് 33, 19.  അപ്പോള്‍ നമുക്ക് അനുമാനിക്കാവുന്നതാണ്, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് യാഹ്വേ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്നു. ഇത് മോശയുടെ പുറപ്പാട് അനുഭവമാണ്. അതുപോലെ, സങ്കീര്‍ത്തനത്തിന്‍റെ ആമുഖ ഭാഗത്തുതന്നെ ഗായകന്‍ ദൈവനാമം വിളിച്ചപേക്ഷിക്കുന്നു. ‘ആത്മാവേ, കര്‍ത്തിവിന്‍റെ വിശുദ്ധ നാമത്തെ പുകഴ്ത്തുക,’ എന്നാണ്. ദൈവനാമം ഉരുവിടുക, എന്നത് വളരെ മനോഹരമായ പൗരസ്ത്യ ധാരണയാണ്. ഭാരതീയ പ്രാര്‍ത്ഥനാരീതിയുടെയും സത്തയാണ്.

              Musical Version of  Psalm 103

കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും

കാരുണ്യവാനുമത്രേ

എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക

എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക

എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക

 അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും

 മറക്കരതേ, അങ്ങ് മറക്കരുതേ.

രണ്ടം ഭാഗത്ത്, സങ്കീര്‍ത്തകന്‍ കര്‍ത്താവില്‍നിന്നും സ്വീകരിച്ച വ്യക്തി നന്മകള്‍ പ്രഘോഷിക്കുകയാണ്. ഉദാഹരണത്തിന്, അവിടുന്ന് തന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു, എന്ന് പറയുമ്പോള്‍. എന്താണ് അകൃത്യങ്ങള്‍? എന്നു ചിന്തിച്ചേക്കാം. അകൃത്യങ്ങള്‍, വ്യക്തിയുടെ ദുഷ്ടതയും, വക്രതയും, സത്യസന്ധത ഇല്ലായ്മയുമായിട്ടാണ് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നത്. തന്‍റെ കുറവുകള്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ ഏറ്റുപറഞ്ഞ് സങ്കീര്‍ത്തകന്‍ ദൈവത്തെ സ്തുതിക്കുന്നു. ഒരാള്‍ ദൈവസന്നിധിയില്‍ ഇത്രയും വിശദമായി തന്‍റെ കറവുകള്‍ പറയുമോ, എന്നു നാം ചിന്തിച്ചു പോയേക്കാം. എന്നിരുന്നാലും ദൈവതിരുമുന്‍പിലുള്ള സങ്കീര്‍ത്തകന്‍റെ സുതാര്യതയും, തുറവും ആത്മാര്‍ത്ഥതയുമാണ് വരികളില്‍ നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്.

മൂന്നാമത്തെ പദത്തില്‍ തന്‍റെ രോഗങ്ങള്‍ ക്ഷമിച്ച കര്‍ത്താവിനെ സങ്കീര്‍ത്തകന്‍ പ്രകീര്‍ത്തിക്കുന്നു. കര്‍ത്താവ് തന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുക മാത്രമല്ല, പിന്നെ, അയാളുടെ രോഗങ്ങള്‍ അവിടുന്ന് സുഖപ്പെടുത്തുന്നു. പുരാതന തത്വശാസ്ത്രം അല്ലെങ്കില്‍ മാനുഷികശാസ്ത്രം മനസ്സിലാക്കിയിരുന്നതുപോലെ -  സത്തയില്‍ തന്‍റെ ആത്മാവിനെ ശരീരത്തില്‍ ബന്ധിയാക്കിയിരിക്കുന്ന അവസ്ഥയാണ് മനുഷ്യന്‍, എന്നായിരുന്നു. എന്നാല്‍ മനുഷ്യന്‍റെ മഹത്വം അവന്‍റെ ആത്മാവാണെന്ന നവമായ കാഴ്ചപ്പാട് 103-Ɔ൦ സങ്കീര്‍ത്തനം പുറത്തു കൊണ്ടുവരുന്നുവെന്ന് നമുക്കു പറയാം. മൂലത്തിലുള്ള Nephesh എന്ന വാക്കാണ്, ഹെബ്രായ മൂലത്തിലുള്ള നെഫേഷ് ‘ആത്മാവ്’ ഇംഗ്ലിഷില്‍ soul എന്ന അര്‍ത്ഥത്തില്‍ സങ്കീര്‍ത്തകന്‍ ഉപയോഗിച്ചിരിക്കുന്നത്.  അതായത് തന്നെത്തന്നെ, തന്‍റെ വ്യക്തിത്വം, തന്നിലുള്ള സകലതും ദൈവത്തെ സ്തുതിക്കട്ടെ എന്നാണ് സങ്കീര്‍ത്തകന്‍റെ ആമുഖ പ്രാര്‍ത്ഥന. അങ്ങനെ മനുഷ്യന്‍റെ അസ്തിത്വം ശരീരത്തെക്കാള്‍ ആത്മാവാണെന്ന് സങ്കീര്‍ത്തന പദങ്ങള്‍ സമര്‍ത്ഥിക്കുന്നതായി നമുക്ക്  മനസ്സിലാക്കുവാന്‍ സാധിക്കും.

Musical Version of  Psalm സങ്കീര്‍ത്തനം 103

കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും

കാരുണ്യവാനുമത്രേ....

അവിടുന്നെന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു

അവിടുന്നെന്‍റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തുന്നു

അവിടുന്നെന്‍റെ ജീവിനെ പാതാളത്തില്‍നിന്നും രക്ഷിക്കുന്നു.

അവിടെത്തെ സ്നേഹവും കാരുണ്യവും കൊണ്ടെന്നെ

പരിരക്ഷിക്കുന്നു, അവിടുന്നെന്നെ പരിരക്ഷിക്കുന്നു.

പുതിയ നിയമത്തില്‍ നാം കാണുന്ന സൗഖ്യദായകനും രക്ഷകനുമായ ക്രിസ്തുവിന്‍റെ പ്രതിച്ഛായ ഈ സങ്കീര്‍ത്തനം നമുക്ക് പകര്‍ന്നുനല്കുന്നുണ്ട്. മാര്‍ക്കോസ് 2, 9-12. ക്രിസ്തു കഫര്‍ണാമില്‍വച്ച് താളര്‍വാദ രോഗിയോടു പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്. ‘ഏതാണ് എളുപ്പം. തന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് നിന്‍റെ കിടക്കയുമെടുത്തു നടക്കൂ, എന്നു പറയുന്നതോ. എന്നാല്‍ ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കുവാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്, അവിടുന്ന് തളര്‍വാദരോഗിയോടു പറഞ്ഞു. ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്‍റെ കിടക്കയുമെടുത്ത്, വീട്ടിലേയ്ക്കു പോവുക. അങ്ങനെ തല്‍ക്ഷണം, അയാല്‍ എഴുന്നേറ്റ് കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ, പുറത്തേയ്ക്കു പോയി. സംഭവം കണ്ട എല്ലാവരും ആശ്ചര്യപ്പെട്ട്, ദൈവത്തെ സ്തുതിച്ചു,’ എന്ന് സുവിശേഷകന്‍ മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, ‘കര്‍ത്താവേ, അങ്ങ് കാരുണ്യവാനും കൃപാനിധിയുമാണ്, എന്ന സങ്കീര്‍ത്തന സംജ്ഞ ക്രിസ്തുവില്‍ 100 ശതമാനം സാക്ഷാത്ക്കരിക്കപ്പെടുന്നതു നമുക്കു കാണാം. 

കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍ തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് മനുഷ്യകുലത്തോട് കരുണ കാണിക്കുന്നവന്‍....’ എന്നത്രേ, ഈ ഗീതം സ്തുതിക്കുന്നത്, സ്ഥാപിക്കുന്നത്, സമര്‍ത്ഥിക്കുന്നത്. അങ്ങനെ ഈ പഴയനിയമഗീതം പുതിയ നിയമത്തിലേയ്ക്ക്, ക്രിസ്തുവിലേയ്ക്ക് വിരല്‍ചൂണ്ടുന്നു. ഈ ഗീതം ക്രിസ്തുവിലേയ്ക്ക് നമ്മെ അടുപ്പിക്കുന്നു, എന്ന പ്രസ്താവത്തോടെ നമുക്ക് 103-Ɔ൦ സങ്കീര്‍ത്തന പഠനം ഉപസംഹരിക്കാം. 

               Musical Version of  Psalm സങ്കീര്‍ത്തനം 103

കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും

കാരുണ്യവാനുമത്രേ....

കര്‍ത്താവാര്‍ദ്രഹൃദയനും കാരുണ്യവാനുമത്രേ

അവിടുന്നു ക്ഷമാശീലനം സ്നേഹസമ്പന്നനും

അവിടുത്തെ കോപം നീണ്ടു നില്ക്കുന്നില്ല

അവിടുന്നു എന്‍റെ പാപങ്ങള്‍ക്കൊത്തവിധം ശിക്ഷിക്കുന്നില്ല,

അവിടുന്ന് എന്നെ ശിക്ഷിക്കുന്നില്ല.

നന്ദി!

 








All the contents on this site are copyrighted ©.