2017-01-21 12:52:00

അമേരിക്കയുടെ പുതിയ പ്രസിഡന്‍റിന് പാപ്പായുടെ ആശംസകള്‍.


അമേരിക്കന്‍ ഐക്യനാടുകളുടെ 45Ͻമത്തെ പ്രസിഡന്‍റായി വെള്ളിയാഴ്ച(20/01/17) അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന് മാര്‍പ്പാപ്പാ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.

പ്രസിഡന്‍റിനടുത്ത ഉന്നതമായ അധികാരം വിനിയോഗിക്കുന്നതിനുള്ള ബുദ്ധിയും ശക്തിയും സര്‍വ്വശക്തന്‍ നല്കട്ടെയെന്നും ഫ്രാന്‍സീസ് പാപ്പാ അദ്ദേഹത്തിനയച്ച ആശംസാസന്ദേശത്തില്‍ പ്രാര്‍ത്ഥിക്കുന്നു

ദീര്‍ഘവീക്ഷണമുള്ളതും ഏകീകൃതവുമായ രാഷ്ട്രീയ പ്രതികരണങ്ങള്‍ ആവശ്യമുള്ള ഗുരുതരമായ മാനവിക പ്രതിസന്ധികള്‍ മാനവകുടുംബത്തെ വളഞ്ഞിരിക്കുന്ന ഈ സമയത്ത് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് എടുക്കുന്ന തീരുമാനങ്ങള്‍ അമേരിക്കന്‍ ജനതയുടെ ചരിത്രത്തിനും മാനവാന്തസ്സും സ്വാതന്ത്ര്യവും വിശ്വമാകെ പരിപോഷിപ്പിക്കുന്നതിനുള്ള അമേരിക്കന്‍ ഐക്യനാടുകളുടെ പ്രതിജ്ഞാബദ്ധതയ്ക്കും രൂപമേകിയ സമ്പന്നമായ ആദ്ധ്യാത്മിക ധാര്‍മ്മിക മൂല്യങ്ങളാല്‍ നയിക്കപ്പെടട്ടെയെന്നും പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണനേതൃത്വത്തിന്‍ കീഴില്‍, അമേരിക്കന്‍ ഐക്യനാടുകളുടെ ഔന്നത്യത്തിന്‍റെ അളവുകോല്‍, സര്‍വ്വോപരി, അന്നാടിന് പാവപ്പെട്ടവരോടും ബഹിഷ്കൃതരോടും ആവശ്യത്തിലിരിക്കുന്നവരോടുമുള്ള ഔത്സുക്യംതന്നെ ആയിരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും പ്രിയപ്പെട്ട അമേരിക്കന്‍ ജനതയ്ക്കും ദൈവം സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും ഭൗതികവും ആദ്ധ്യാത്മികവുമായ ഐശ്വര്യത്തിന്‍റെയും അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനായും മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.








All the contents on this site are copyrighted ©.