2017-01-21 12:37:00

ഭാരതത്തിനും നേപ്പാളിനും പുതിയ അപ്പസ്തോലിക് നുണ്‍ഷ്യൊ.


ഇന്ത്യയിലെയും നേപ്പാളിലെയും പുതിയ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി ആര്‍ച്ച്ബിഷപ്പ് ജ്യംബാത്തിസ്ത ദിക്വാത്രൊയെ മാര്‍പ്പാപ്പാ നാമനിര്‍ദ്ദേശം ചെയ്തു.

ശനിയാഴ്ചയാണ്(21/01/17) ഫ്രാന്‍സീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ പെന്നാക്കിയൊയെ പാപ്പാ 2016 ആഗസ്റ്റ് 6 ന് പോളണ്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി സ്ഥലം മാറ്റിയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് പുതിയ നിയമനം.

ഇറ്റലിയിലെ ബൊളോഞ്ഞ സ്വദേശിയാണ് പുതിയ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് ജ്യംബാത്തിസ്ത ദിക്വാത്രൊ.

1954 മാര്‍ച്ച് 18ന് ജനിച്ച അദ്ദേഹം 1981 ആഗസ്റ്റ് 24ന് പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട് പരിശുദ്ധസിംഹാസനത്തിന്‍റെ  നയതന്ത്രപരിശീലന പഠനവിഭാഗത്തില്‍ ചേരുകയും 2005 ജൂണ്‍ 4ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

2005 ഏപ്രില്‍ 2ന് മദ്ധ്യഅമേരിക്കന്‍ നാടായ പനമായിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി നമാനിര്‍ദ്ദേശം ചെയ്യപ്പെട്ട ആര്‍ച്ചുബിഷപ്പ് ജ്യംബാത്തിസ്ത ദിക്വാത്രൊ 2008 നവമ്പര്‍ 21ന്, തെക്കെ അമേരിക്കന്‍ നാടായ ബൊളീവിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആയി സ്ഥലം മാറ്റപ്പെട്ടു. അന്നാട്ടില്‍  സേവനമനുഷ്ഠിച്ചു വരവെയാണ് അദ്ദേഹത്തിന് ഈ പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.