2017-01-19 09:24:00

ദേശീയപ്രാര്‍ത്ഥനാദിനം : ഫാദര്‍ ടോം ഉഴുന്നാലിന്‍റെ മോചനത്തിന്


യെമനില്‍ കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ ഭീകരര്‍ ബന്ധിയാക്കിയ ഫാദര്‍ ടോം ഉഴുന്നാലിന്‍റെ വിമോചനത്തിനായി ജനുവരി 21-‍Ɔ൦ തിയതി ശനിയാഴ്ചയോ, 22-Ɔ൦ തിയതി ഞായറാഴ്ചയോ പ്രാര്‍ത്ഥനാദിനമായി ഭാരതത്തില്‍ ആചരിക്കും. ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് നടത്തിയ ആഹ്വാനമാണിത്.

ജനങ്ങളുടെ സൗകര്യാര്‍ത്ഥം മേല്പറഞ്ഞ ഏതെങ്കിലും ഒരു ദിവസം ഭാരതത്തിലെ എല്ലാ ഇടവകകളിലും, സ്ഥാപനങ്ങളിലും സന്ന്യാസസമൂഹങ്ങളിലും ഫാദര്‍ ടോമിന്‍റെ മോചനത്തിനായും,  ഒപ്പം അദ്ദേഹത്തെ ബന്ധിയാക്കിയിരിക്കുന്ന ഭീകരരുടെ മാനസാന്തരത്തിനായും പ്രാര്‍ത്ഥിക്കണമെന്ന്, ജനുവരി 14-ന് ഡെല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ കര്‍ദ്ദിനാള്‍ ക്ലീമിസ് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തോടും, വിദേശകാര്യമന്ത്രി, സുഷ്മ സ്വരാജിനോടും ഫാദര്‍ ടോമിന്‍റെ വിമോചന ശ്രമത്തിനായി നിരന്തരമായ അഭ്യര്‍ത്ഥനകള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ മുഖേനയുള്ള അന്വേഷണങ്ങള്‍ എപ്പോഴും സഭയുടെ ഭാഗത്തുനിന്നും ഊജ്ജിതപ്പെടുത്തുന്നുമുണ്ട്. ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ ഡെല്‍ഹി ഓഫീസില്‍നിന്നും സര്‍ക്കാരുമായി – വിശിഷ്യ പ്രധാനമന്ത്രിവഴിയും, വിദേശകാര്യ മന്ത്രാലയംവഴിയുമുള്ള വിമോചനശ്രമങ്ങള്‍ ഇന്നും തുടരുന്നുണ്ട്. കൂടാതെ വത്തിക്കാന്‍റെ പ്രതിനിധിയായ തെക്കന്‍ അറേബ്യന്‍ പ്രവിശ്യയ്ക്കായി യെമനിലുള്ള അപ്പസ്തോലിക വികാരി, ബിഷപ്പ് പോള്‍ ഹിന്‍ററും ഫാദര്‍ ടോമിന്‍റെ മോചനത്തിനായി നിരന്തരമായി പരിശ്രമിക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവനയില്‍ വ്യക്തമാക്കി.  

ധീരനായ സലീഷ്യന്‍ മിഷണറി, ഫാദര്‍ ടോമിനെക്കുറിച്ചുള്ള അന്വേഷണശ്രമങ്ങള്‍ പ്രാര്‍ത്ഥനാസഹായത്തോടെ പ്രത്യാശയില്‍ ഇനിയും തുടരണമെന്നും, ഈ ഏകദിന പ്രാര്‍ത്ഥനാദിനത്തില്‍ സകലരും സഹകരിക്കുകയും അത് കൂട്ടായ്മയോടെ നിര്‍വ്വഹിക്കുകയും വേണമെന്നും കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 

ഫാദര്‍ ടോം ഉഴുന്നാലില്‍ 56, കേരളത്തില്‍ പാലാ രാമപുരം സ്വദേശിയാണ്. സലീഷ്യന്‍ സഭയുടെ ബാംഗളൂര്‍ പ്രേവിന്‍സ് അംഗവുമാണ്. പ്രോവിന്‍സിന്‍റെ പ്രഥമ ഇക്കോണമറും കൗണ്‍സിലറുമായിരുന്ന ഫാദര്‍ മാത്യു ഉഴുന്നാലില്‍ - ഫാദര്‍ ടോമിന്‍റെ പിതൃസഹോദരന്‍  തുടക്കമിട്ടതാണ് യെമനിലെ സലീഷ്യന്‍ മിഷന്‍. തീക്ഷ്ണമതിയായിരുന്ന ഫാദര്‍ മാത്യു ഉഴുന്നാലിനെ പിന്‍ചെന്നാണ് നാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് സൗമ്യസ്വഭാവക്കാരനും സമര്‍ത്ഥനുമായ ഫാദര്‍ ടോമും യെമനിലെ സലീഷ്യന്‍മിഷനില്‍ എത്തിയത്.  2016 മാര്‍ച്ച് 4-ന് മദര്‍ തെരേസയുടെ സഹോദരിമാരുടെ യെമനില്‍ എയിഡനിലുള്ള (Aden) സമൂഹത്തില്‍ ദിവ്യബലിയര്‍പ്പിക്കവെയാണ് ഭീകരര്‍ ഫാദര്‍ ടോമിനെ ബന്ധിയാക്കിയത്. നാലു സിസ്റ്റേഴ്സിനെ അവര്‍ ഉടനെ വകവരുത്തുകയും ചെയ്തു.

നീതിബോധം വളര്‍ന്ന്, ഭാരതസഭയുടെ ഈ പ്രേഷിതനെ ഭീകരര്‍ മോചിക്കാന്‍ ഇടയാക്കണമേ, എന്നു പ്രാര്‍ത്ഥിക്കാം! വൈദികപരിശീലനകാലത്ത് ഫാദര്‍ ടോമിന്‍റെകൂടെ ജീവിക്കാനും, അദ്ദേഹത്തിന്‍റെ വ്യക്തഗത സമര്‍പ്പണത്തെയും പ്രേഷിതതീക്ഷ്ണതയെയും അടുത്തറിയാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മോചനത്തിനും തിരിച്ചുവരവിനുമുള്ള നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കൊപ്പം ഈ വരികളും ദൈവസന്നിധിയിലെ യാചനമായി സമര്‍പ്പിക്കുന്നു!

 








All the contents on this site are copyrighted ©.