2017-01-18 13:07:00

പ്രത്യാശയും പ്രാര്‍ത്ഥനയും- പാപ്പായുടെ പൊതുദര്‍ശന വിചിന്തനം


ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി, കഴി‍ഞ്ഞ വാരങ്ങളിലെന്നതുപൊലെതന്നെ, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാല ആയിരുന്നു ഈ ബുധനാഴ്ചയും(18/01/17). ശൈത്യകാലമെങ്കിലും റോമില്‍ താപനില, കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച്, അല്പമൊന്നു ഉയര്‍ന്നിട്ടുണ്ട്. പാപ്പായെ ഒരു നോക്കു കാണാനും സന്ദേശം കേള്‍ക്കാനുമുള്ള ആവേശത്തോടെ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള അതിവിശാലമായ ശാലയില്‍ സന്നിഹിതരായിരുന്നു. പാപ്പാ ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനങ്ങളുടെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു. പൊതുകൂടിക്കാഴ്ച നടക്കുന്നവേളയില്‍ മദ്ധ്യ ഇറ്റലിയിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്‍റെ പ്രകമ്പനം റോമിലും അനുഭവപ്പെട്ടു. എന്നിരുന്നാലും പൊതുകൂടിക്കാഴ്ചയ്ക്ക് വിഘ്നമൊന്നും ഉണ്ടായില്ല. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

“എന്നാല്‍ കര്‍ത്താവ് കടലിലേക്ക് ഒരു കൊടുങ്കാറ്റ് അയച്ചു; കടല്‍ക്ഷോഭത്തില്‍ കപ്പല്‍ തകരുമെന്നായി.  കപ്പല്‍യാത്രക്കാര്‍ പരിഭ്രാന്തരായി. ഓരോരുത്തരും താന്താങ്ങളുടെ ദേവന്മാരെ വിളിച്ചപേക്ഷിച്ചു. കപ്പിത്താന്‍ അടുത്തുവന്ന് യോനായോടു ചോദിച്ചു: നീ ഉറങ്ങുന്നോ? എന്താണ് ഇതിന്‍റെ അര്‍ത്ഥം? എഴുന്നേറ്റ് നിന്‍റെ ദൈവത്തെ വിളിച്ചപേക്ഷിക്കുക. നമ്മള്‍ നശിക്കാതിരിക്കാന്‍ ഒരുപക്ഷേ അവിടന്ന് നമ്മെ ഓര്‍ത്തേക്കും.”യോനാപ്രവാചകന്‍റെ പുസ്തകം, അദ്ധ്യായം 1, 4 മുതല്‍ 6 വരെയുള്ള വാക്യങ്ങളില്‍ നിന്ന്. (1:4,5 a 6)  

ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെക്കുറിച്ചു പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. പ്രത്യാശയും പ്രാര്‍ത്ഥനയും തമ്മിലുള്ള ബന്ധം പാപ്പാ, കപ്പലപകടത്തില്‍പ്പെടുന്ന യോനാ പ്രവാചകന്‍റെയും വിജാതീയരുടെയും പ്രതികരണത്തെ അവലംബമാക്കി വിശദീകരിച്ചു.

പാപ്പായുടെ പ്രഭാഷണം ഇപ്രകാരം സംഗ്രഹിക്കാം:

ഇസ്രേയേലിലെ പ്രവാചകന്മാര്‍ക്കിടയില്‍, വിചിത്രസ്വഭാവമുള്ള ഒരു വ്യക്തിയെ വേദഗ്രന്ഥത്തില്‍, കാണുന്നു. ദൈവികരക്ഷാകരപദ്ധതിയോടു സഹകരിക്കാന്‍ വിസ്സമതിച്ചുകൊണ്ട് കര്‍ത്താവിന്‍റെ വിളിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ഒരു പ്രവാചകന്‍. അത് യോനാ പ്രവാചകനാണ്. കേവലം 4 അദ്ധ്യായങ്ങള്‍ മാത്രമുള്ള ഒരു ചെറു പുസ്തകം അദ്ദേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. പൊറുക്കുന്ന ദൈവികകാരുണ്യത്തെക്കുറിച്ചുള്ള മഹത്തായ പ്രബോധനമടങ്ങുന്ന അന്യപദേശമാണ് അതെന്നുപറയാം.

ദൈവം “അതിരുകളിലേക്കയക്കുന്ന”, “പുറത്തേക്കിറങ്ങുന്ന” ഒരു പ്രവാചകനാണ് യോനാ, ഒളിച്ചോടുന്ന ഒരു പവാചകനും. അദ്ദേഹം നിനിവേ നഗരത്തിലെ നിവാസികളെ മാനസാന്തരത്തിലേക്കാനയിക്കാന്‍ ആ നഗരത്തിലേക്കയയ്ക്കപ്പെടുന്നു. യോനായെപ്പോലുള്ള ഒരു ഇസ്രായേല്‍ക്കാരനെ സംബന്ധിച്ചിടത്തോളം ഭീഷണി ഉയര്‍ത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്, ജെറുസലേമിനെത്തന്നെ അപകടത്തിലാക്കുന്ന ശത്രുവാണ്, ആകയാല്‍ അത് രക്ഷിക്കപ്പെടാനുള്ളതല്ല, പ്രത്യുത, നശിപ്പിക്കപ്പെടാനുള്ളതാണ്. എന്നാല്‍ ദൈവം ആ നഗരത്തില്‍ പ്രസംഗിക്കാന്‍ അവിടത്തെ നന്മയെക്കുറിച്ചും പൊറുക്കാനുള്ള മനസ്സിനെക്കുറിച്ചും അറിവുള്ള പ്രവാചകനെ അയയ്ക്കുന്നു. ആ പ്രവാചകനാകട്ടെ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും പലായനം ചെയ്യുകയും ചെയ്യുന്നു.

ദൈവത്തില്‍ നിന്നും സ്വന്തം ദൗത്യത്തില്‍ നിന്നുമുള്ള ഈ പലായനവേളയില്‍ പ്രവാചകന്‍, അദ്ദേഹം കയറിയ കപ്പലില്‍ വിജാതീയരായ ജീവനക്കാരെ കണ്ടുമുട്ടുന്നു. പ്രവാചകന്‍ ഒളിച്ചോടുന്നത് അകലങ്ങളിലേക്കാണ്. കാരണം നിനിവെ ഇറാക്കിലുള്ള ഒരു പ്രദേശമാണ് എന്നാല്‍ അദ്ദേഹം പലായനം ചെയ്യുന്നത് സ്പെയിനിലേക്കാണ്. വാസ്തവത്തില്‍ നിനിവെ നഗരത്തിലെ നിവാസികളുടേതിനു സമാനമായ ഈ മനുഷ്യരുടെ പ്രവൃത്തികളാണ് ഇന്നു പ്രത്യാശയെക്കുറിച്ച്, അപകടത്തിന്‍റെയും മൃത്യുവിന്‍റെയും മുന്നില്‍ പ്രാര്‍ത്ഥനയില്‍ ആവിഷ്കൃതമാകുന്ന പ്രത്യാശയെക്കുറിച്ച്, അല്പമൊന്നു മനനം ചെയ്യാന്‍ നമുക്കവസരമേകുന്നത്.

വാസ്തവത്തില്‍ കടല്‍യാത്രാവേളയില്‍ വന്‍കൊടുങ്കാറ്റുണ്ടാകുന്നു. യോനാ കപ്പലിന്‍റെ   ഉള്ളറയില്‍ നിദ്രയിലാണ്ടു. എന്നാല്‍ കപ്പലിലുണ്ടായിരുന്ന മറ്റുള്ളവര്‍ പരിഭ്രാന്തരായി ഒരോരുത്തരും താന്താങ്ങളുടെ ദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ തുടങ്ങി. കപ്പിത്താന്‍ യോനായെ ഉറക്കത്തില്‍ നിന്നുണര്‍ത്തി ചോദിക്കുന്നു: “നീ ഉറങ്ങുന്നോ? എന്താണ് ഇതിന്‍റെ അര്‍ത്ഥം? എഴുന്നേറ്റ് നിന്‍റെ ദൈവത്തെ വിളിച്ചപേക്ഷിക്കുക. നമ്മള്‍ നശിക്കാതിരിക്കാന്‍ ഒരുപക്ഷേ അവിടന്ന് നമ്മെ ഓര്‍ത്തേക്കും.”

മരണത്തിനു മുന്നില്‍, വിപത്തിനുമുന്നില്‍, ന്യായമായിരുന്നു വിജാതീയരുടെ ഈ പ്രതികരണം. എന്തെന്നാല്‍ അത്തരം അവസരങ്ങളിലാണ് മനുഷ്യന് അവന്‍റെ ബലഹീനതയുടെ, അവന് രക്ഷ ആവശ്യമായിരിക്കുന്നതിന്‍റെ, പൂര്‍ണ്ണ അനുഭവം ഉണ്ടാകുന്നത്. മരിക്കാന്‍ മനുഷ്യനുള്ള സ്വാഭാവിക ഭീതി, ജീവന്‍റെ ദൈവത്തില്‍ ശരണംവയ്ക്കേണ്ടതിന്‍റെ ആവശ്യകത അവനിലുണര്‍ത്തുന്നു. നമ്മള്‍ നശിക്കാതിരിക്കാന്‍ ഒരുപക്ഷേ അവിടന്ന് നമ്മെ ഓര്‍ത്തേക്കും   ഇത് പ്രാര്‍ത്ഥനയായി മാറുന്ന പ്രത്യാശയുടെ വാക്കുകളാണ്. മരണമെന്ന അത്യാസന്നമായ വിപത്തിനുമുന്നില്‍ മനുഷ്യന്‍റെ അധരത്തില്‍ നിന്നുയരുന്ന ആശങ്കാഭരിതമായ യാചനയാണിത്.

സ്വന്തം ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാനാകുമ്പോള്‍ യോനാ  സഹയാത്രികരെ രക്ഷിക്കുന്നതിന് അവരെക്കൊണ്ട് തന്നെ കടലിലേക്കെറിയിക്കുന്നു. അപ്പോള്‍ കടല്‍ ശാന്തമാകുന്നു. സംഭവിക്കാന്‍ പോകുന്ന മരണത്തെക്കുറിച്ചുള്ള ഭയം വിജാതീയരെ പ്രാര്‍ത്ഥനയിലേക്കുനയിക്കുന്നു. ആ ഭയം അപരനുവേണ്ടി സ്വയം ദാനമാകാന്‍ സന്നദ്ധനായി സ്വന്തം വിളി ജീവിക്കാന്‍  പ്രവാചകന് പ്രചോദനം പകരുന്നു. അപകടത്തെ അതിജീവിച്ചവര്‍ യഥാര്‍ത്ഥ കര്‍ത്താവിനെ തിരിച്ചറിയുന്നതിനും അവിടത്തേക്കു സ്തുതിയര്‍പ്പിക്കുന്നതിനും അത് ഇടയാക്കുകയും ചെയ്യുന്നു.

പിന്നീട് നിനിവെ നിവാസികളും തങ്ങള്‍ നശിപ്പിക്കപ്പെടുമെന്ന അവസ്ഥ സംജാതമാകുമ്പോള്‍ ദൈവം പൊറുക്കുമെന്ന പ്രത്യാശയാല്‍ പ്രേരിതരായി പ്രാര്‍ത്ഥിക്കുന്നു. രാജാവുള്‍പ്പടെ എല്ലാവരും പാപപ്പരിഹാരം ചെയ്യുകയും കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുന്നു. “ദൈവം മനസ്സുമാറ്റി തന്‍റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്തേക്കാം”  എന്നു പറഞ്ഞുകൊണ്ട് പ്രത്യാശയ്ക്ക് അവര്‍ സ്വരമേകുന്നു. അവരും കടല്‍ക്ഷോഭത്തില്‍പ്പെട്ട കപ്പലിലുണ്ടായിരുന്നവരെപ്പോലെ മരണത്തെ അഭിമുഖീകരിക്കുകയും അതില്‍ നിന്ന് രക്ഷപ്പെടുകയും   സത്യത്തിലേക്കാനയിക്കപ്പെടുകയും ചെയ്യുന്നു. അപ്രകാരം മരണം, വിശിഷ്യ, പെസഹാരഹസ്യത്തിന്‍റെ വെളിച്ചത്തില്‍, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിക്കെന്ന പോലെ നമുക്കും “സഹോദരി”യാകുകയും പ്രത്യാശ എന്തെന്നറിയാനും കര്‍ത്താവിനെ കണ്ടുമുട്ടാനുമുള്ള വിസ്മയകരമായ ഒരവസരത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു. പ്രാര്‍ത്ഥനയും പ്രത്യാശയും തമ്മിലുള്ള ഈ ബന്ധം മനസ്സിലാക്കാന്‍ കര്‍ത്താവ് നമുക്കിടയാക്കട്ടെ. പ്രാര്‍ത്ഥന നിന്നെ പ്രത്യാശയില്‍ മുന്നോട്ടു നയിക്കുന്നു. എല്ലാം ഇരുളടയുമ്പോള്‍ കുടൂതല്‍ പ്രാര്‍ത്ഥന ആവശ്യമാണ്. അപ്പോള്‍ പ്രത്യാശ സംവര്‍ദ്ധകമാകും. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. പതിവുപോലെ, പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത്, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ ഈ ബുധനാഴ്ച (18/01/17) ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരം ആരംഭിക്കുന്നത് അനുസ്മരിക്കുകയും ക്രൈസ്തവരെല്ലാം വീണ്ടും ഏക കുടുംബമായിത്തീരുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവരെ, പ്രത്യേകിച്ച്, യുവജനങ്ങളെ ക്ഷണിക്കുകയും ചെയ്തു.

തദ്ദനന്തരം ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം ഫ്രാന്‍സീസ് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി 








All the contents on this site are copyrighted ©.