2017-01-14 16:23:00

ലൂതറന്‍ സഭയുടെ അഞ്ചാംശതാബ്ദിയും ബാഹിന്‍റെ അനുസ്മരണവും


ജര്‍മ്മന്‍കാരനും ലൂതറന്‍ സംഭാംഗവുമായിരുന്ന ജൊഹാന്‍ സെബാസ്റ്റ്യന്‍ ബാഹിന്‍റെ സംഗീതസൃഷ്ടികളുടെ സ്മരണയില്‍ ഒരു ക്രൈസ്തവൈക്യ ചിന്ത:  

“സെബാസ്റ്റ്യന്‍ ബാഹിന്‍റെ സംഗീതം സഭകളെ ഒന്നിപ്പിക്കും. നമ്മെ ഉന്നിപ്പിക്കുന്ന നല്ലകാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്, ഭിന്നിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചു ചിന്തിച്ചു വിഷമിക്കുന്നതിലും നല്ലത്.” ജര്‍മ്മനിയിലെ ദേശീയ മെത്രാന്‍ സമിതിയുടെയും യൂറോപ്പിലെ ആകമാനം മെത്രാന്‍ സംഘത്തിന്‍റെയും പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റെയിനാര്‍ഡ് മാക്സാണ് ഇങ്ങനെ പ്രസ്താവിച്ചത്.  “ബാഹ് 2017”- എന്ന സംഗീതപരമ്പരയുടെ ആദ്യപരിപാടി ഉദ്ഘാടനംചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് ജര്‍മ്മനിയിലെ മ്യൂനിക്ക്-ഫ്രെയ്സിങ് അതിരൂപതാ മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ മാക്സ്  സഭൈക്യത്തിന്‍റെ ചിന്തകള്‍ പങ്കുവച്ചത്. നവോത്ഥാന പ്രസ്ഥാനത്തിന്‍റെ 500-Ɔ൦ വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ജര്‍മ്മനിയിലെ മൊനാക്കോയിലെ വിശുദ്ധ മൈക്കളിന്‍റെ നാമത്തിലുള്ള ഈശോസഭാ സമൂഹമാണ് “ബാഹ് 2017” സംഗീതോത്സവത്തിന്‍റെ പ്രായോജകര്‍. ജനുവരി 8-Ɔ൦ തിയതി ഞായറാഴ്ച കര്‍ദ്ദിനാള്‍ മാക്സ് ഉത്ഘാടനംചെയ്ത സംഗീതോത്സവത്തിന് ജനുവരിമുതല്‍ ഡിസംബര്‍വരെ എല്ലാമാസങ്ങളിലും അരങ്ങേറുന്ന 9 പതിപ്പുകളുണ്ട്.

1685 -1750 കാലഘട്ടത്തില്‍ ജര്‍മ്മനിയിലാണ് ജൊഹാന്‍ സെബാസ്റ്റ്യന്‍ ബാഹ് തന്‍റെ വിശ്വത്തര സംഗീതസൃഷ്ടികള്‍ നിര്‍വ്വഹിച്ചത്. ഐസ്നാഗിലായിരുന്നു ജനനം. ജൊഹാന്‍ കുടുംബത്തിലെ ഏറ്റവും ഇളയ പുത്രനായിരുന്നു ബാഹ്. തലമുറകളുടെ സംഗീതപാരമ്പര്യമുള്ള കുടുംബമാണിത്. ലൂതറന്‍ സഭക്കാരായിരുന്നു ജൊഹാന്‍ കുടുംബം. പിതാവ് ജൊഹാന്‍ അംബ്രോസിയൂസ് വളരെ ചെറുപ്പത്തിലെ ബാഹിനെ വയലിന്‍ പഠിപ്പിച്ചു. പിന്നീട് ഓര്‍ഗനും മറ്റ് ഉപകരണങ്ങളും ബാഹ് തനിയെ പഠിച്ചെടുത്തു. പാടാനുള്ള സ്വയസിദ്ധമായ കഴിവുകൊണ്ട് ബാഹ് പള്ളിയിലെ ഗായകസംഘത്തില്‍ ആദ്യം സ്ഥിരം അംഗമായി. പിന്നീട് അതിന്‍റെ സംവിധായകനും! 1707-ല്‍ നല്ലൊരു ഓര്‍ഗനിസ്റ്റായിട്ടാണ് ബാഹിന്‍റെ അരങ്ങേറ്റം. അത് അണ്‍സ്റ്റാറ്റിലായിരുന്നു.

യുവാവായിരിക്കെ ഓര്‍ഗന്‍ നിര്‍മ്മിക്കുന്നതിലും ബാഹ് വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു. ഓര്‍ഗന്‍ വായനയുടെയും നിര്‍മ്മിതിയുടെയും അനിതരസാധാരണമായ നൈപുണ്യം സംഗീതസൃഷ്ടിയിലേയ്ക്കു വ്യാപിച്ചു. ക്രിസ്തുവിലുള്ള വിശ്വാസവും, ദൈവമഹത്വവും എന്നും തന്‍റെ കൃതികളില്‍ അദ്ദേഹം പ്രതിഫലിപ്പിച്ചു. ജര്‍മ്മനിയിലെ രാജകുടുംബങ്ങളുടെയും, പട്ടണങ്ങളുടെയും ദേവാലയങ്ങളുടെയും ശ്രേഷ്ഠമായ വേദികളില്‍ ബാഹ് ജീവിതകാലമൊക്കെയും അജയ്യനായ സംഗീതപ്രതിഭയായി ഉയര്‍ന്നുനിന്നു.

ബാഹ്-ബാര്‍ബരാ ദമ്പതികള്‍ക്ക് സംഗീജ്ഞാനമുള്ള 7 മക്കളുണ്ടായിരുന്നു. അവരില്‍ 4 പേര്‍ അതിസമര്‍ത്ഥരായിരുന്നു. 1721-ല്‍ ഭാര്യമരിച്ചപ്പോള്‍ അന്ന ബാള്‍ക്കന്‍ എന്ന ഗായികയെ ബാഹ് വിവാഹം കഴിച്ചു. 65-Ɔമത്തെ വയസ്സില്‍ ഈ വിശ്വത്തര സംഗീതജ്ഞന്‍ അന്തരിച്ചു. മഹത്തരമെന്നു അംഗീകരിക്കപ്പെട്ട 1000-ല്‍ അധികം സൃഷ്ടികള്‍ ലോകത്തിനു നല്കിക്കൊണ്ടാണ് ബാഹ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ലൂതറന്‍ ക്രൈസ്തവ ആരാധനയുടെയും സമൂഹപ്രാര്‍ത്ഥനയുടെയും പശ്ചാത്തലത്തിലാണ് ബാഹിന്‍റെ അധികവും ബഹുസ്വന സംവിധാനത്തിലുള്ളതും ശാസ്ത്രീയ സ്വഭാവമുള്ളതുമായ രചനകള്‍ വിരിഞ്ഞുവിടര്‍ന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ സാമൂഹിക സ്വഭാമുള്ള സംഗീതനാടകങ്ങള്‍, ബഹുസ്വനഗീതങ്ങള്‍, വാദ്യസംഗീത സൃഷ്ടികള്‍ എന്നിവ യൂറോപ്പിലും അമേരിക്കയിലും പ്രശസ്തമായി. കത്തോലിക്കാ ദേവാലയങ്ങളില്‍ അദ്ദേഹത്തിന്‍റെ ഈണങ്ങള്‍ ഇന്നും കേള്‍ക്കാം. ബാഹിന്‍റെ ശ്രേഷ്ഠസംഗീതം കാലാതീതവും അനശ്വരവുമായ ഈണങ്ങളായി ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ക്ക് അപ്പുറം ഇന്നും നിലകൊള്ളുന്നു.

“ദൈവത്തെ സ്തുതിക്കാനുള്ള സ്വരങ്ങളുടെയും കൂട്ടുചേരലും, അതില്‍നിന്നും ഉതിരുന്ന ആത്മാവിന്‍റെ ആനന്ദാനുഭവവുമാണ് സംഗീതം....!”  ഇത് ബാഹിന്‍റെ വാക്കുകളാണ്.

 








All the contents on this site are copyrighted ©.