2016-12-29 20:07:00

പ്രത്യാശ മനുഷ്യരില്‍ സഹോദരസ്നേഹം വളര്‍ത്തും : ഒലാവ് ഫിക്സേ


വിശ്വാസത്തിന്‍റെ ഹൃദയമാണ് പ്രത്യാശ! ക്രൈസ്തവസഭകളുടെ ആഗോള കൂട്ടായ്മയുടെ (World Council of Churches) സെക്രട്ടറി ജനറല്‍, ഒലാവ് ഫിക്സേ ത്വൈതിന്‍റെയാണ് ഈ പ്രസ്താവന.

ഡിസംബര്‍ 28-ന് തുടങ്ങി 2017-ജനുവരി ഒന്നിനു സമാപിക്കുന്ന തെയ്സെ രാജ്യാന്തര പ്രാര്‍ത്ഥന സംഗമത്തിന് അയച്ച ആശംസയിലാണ് ഒലാവ് ഫിക്സേ പ്രത്യാശയെക്കുറിച്ച് ഇങ്ങനെ വ്യാഖ്യാനിച്ചത്.

ഏതു മതത്തിലും, എവിടെയും ആരായാലും പ്രത്യാശയുള്ളവര്‍ക്കേ മറ്റുള്ളവരോട് സ്നേഹവും പരിഗണനയുമുള്ളവരായിരിക്കാനാവൂ. വിശ്വാസത്തിന്‍റെ മേന്മയും മാറ്റുമാണ് പ്രത്യാശ.

വിശ്വാസം നമ്മെ നീതിയുടെയും സമാധാനത്തിന്‍റെയും പാതിയില്‍ നയിക്കുന്നു. വിശ്വാസം പ്രവൃത്തിപദത്തില്‍ വരുന്നത് പ്രത്യാശയിലൂടെയാണ്. ദൈവത്തിലുള്ള പ്രത്യാശ സേവനത്തിനും പങ്കുവയ്ക്കലിനുമുള്ള പ്രചോദനമേകുന്നു. വിശ്വാസസമൂഹം മുഴുവനും പ്രത്യാശയില്‍ ജീവിക്കുമ്പോള്‍ അതിന്‍റെ പ്രായോഗികത ലോകത്ത് സമാധാനവും സ്നേഹവും വളര്‍ത്തുമെന്ന് ഫിക്സെ സന്ദേശത്തില്‍ വ്യക്തമാക്കി.

മാനവകുലത്തിന്‍റെ ഭാവി സുസ്ഥിതിയും വികസനവും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു തന്നെ മുന്നേറണം!

384 ഓര്‍ത്തഡോക്സ് സഭാസമൂഹങ്ങളുടെയും, ലോകത്തുള്ള ആംഗ്ലിക്കന്‍, പ്രോട്ടസ്റ്റന്‍റ് സഭകളുടെയും കൂട്ടായ്മയാണ് ക്രൈസ്തവ സഭകളുടെ ആഗോള കൂട്ടായ്മ  (WCCWorld Council of Churches). സ്വിറ്റ്സര്‍ലണ്ടിലെ ജനീവ നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു.








All the contents on this site are copyrighted ©.