2016-12-09 18:10:00

“ബിരുദമല്ല മാനുഷികവും ആത്മീയവുമായ പക്വതയാണ് വൈദികര്‍ക്ക് ആവശ്യം..”


പൗരോഹിത്യ രൂപീകരണത്തിനായുള്ള നവീകരിച്ച മാര്‍ഗ്ഗരേഖയാണ് (Ratio Fundamentalis Institutionis Sacerdotalis)  “പൗരോഹിത്യവിളിയെന്ന ദാനം”  ( The Gift of Priestly Vocation) .

ഡിസംബര്‍ 8-Ɔ൦ തിയതി അമലോത്ഭവനാഥയുടെ തിരുനാളില്‍ നവമായ മാര്‍ഗ്ഗരേഖ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ആഗോളസഭയിലെ സെമിനാരികളിലും വൈദികരുടെ രൂപീകരണത്തിനുള്ള സ്ഥാപനങ്ങളിലും (Seminaries and formation houses) ഉപയോഗിക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രബോധനത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട് ദൈവികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ (Prefect of the Congregation for Clergy), കര്‍ദ്ദിനാള്‍ ബെനിയാമീനോ സ്തേലാ  (Cardinal Beniamino Stella) വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരേ റോമാനോ’യ്ക്കു (L’Osservatore Romano) അഭിമുഖം നല്കുകയുണ്ടായി. അഭിമുഖത്തിലെ  പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

സഭ ഇന്നുവരെയും പ്രബോധിപ്പിച്ചിട്ടുള്ള വൈദികരുടെ രൂപീകരണം സംബന്ധിച്ച (Optatam Totius,  Presbyterorum Ordinis) സഭാപ്രബോധനങ്ങളുടെ തുടര്‍ച്ചയും, അവയെ ആധാരമാക്കിയുള്ളതുമാണ് നവമായ മാര്‍ഗ്ഗരേഖകള്‍. 1970-ലും 1990-ലും സഭ നല്കിയിട്ടുള്ള വൈദികരുടെ പരിശീലനത്തിനുള്ള രണ്ട് മാര്‍ഗ്ഗരേഖകളുടെ (Ratio Fundamentalis) തുടര്‍ച്ചയെന്നോണമാണ് കാലികമായ  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

അടുത്തകാലത്ത് അധികമായി കേട്ട വൈദികരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍, ഇന്നു സമൂഹം നേരിടുന്ന സ്വവര്‍ഗ്ഗരതിപോലുള്ള ധാര്‍മ്മിക ക്രമക്കേടുകള്‍, സഭയിലെ സാമ്പത്തിക ഇടപാടുകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നവീകരണത്തില്‍ പരിഗണിച്ചിട്ടുണ്ട്. ബിരുദവും ഭരണസാമര്‍ത്ഥ്യവും എന്നതിനെക്കാള്‍ മാനുഷികവും ആത്മീയവും അജപാലനപരവുമായ പക്വതയാണ് വൈദികരുടെ ജീവിതത്തിന് ഭൂഷണം, എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാന പ്രസ്താവം ഈ നവീകരണത്തിന് പ്രചോദനമായിട്ടുണ്ട്. വിപരീതവും നിഷേധാത്മകവുമായ ചുറ്റുപാടുകള്‍ നിറഞ്ഞ ലോകത്ത് പൗരോഹിത്യജീവിതം വെല്ലുവിളിയാണ്. എന്നാല്‍ വിളിക്കുന്ന ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചും, പതറാതെയും ജീവിക്കാന്‍ നവീകരിച്ച മാര്‍ഗ്ഗരേഖകള്‍ പ്രചോദനവും ശരിയായ കാഴ്ചപ്പാടും നല്കും.

ലോകത്തിന്‍റെ സാമൂഹിക സാംസ്ക്കാരിക തലങ്ങളിലും, സഭയില്‍ത്തന്നെയും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് നവമായ മാര്‍ഗ്ഗരേഖകള്‍ പാപ്പാ ഫ്രാന്‍സിസ് സഭയ്ക്കു നല്കുന്നത്. പണത്തോടുള്ള ആര്‍ത്തി, അധികാരപ്രമത്തത, കാര്‍ക്കശ്യമാര്‍ന്ന നിയമപാലകന്‍റെ മനഃസ്ഥിതി, പ്രശസ്തിക്കായുള്ള പരിശ്രമം, പൊങ്ങച്ചം എന്നിങ്ങനെയുള്ള സാമൂഹിക തിന്മകള്‍ വൈദികരുടെ ജീവിതത്തിലും കടന്നുകൂടുന്നുണ്ട്. വൈദിക വിദ്യാര്‍ത്ഥികളുടെ രൂപീകരണം സംബന്ധിച്ചുള്ള സഭാ പാരമ്പര്യങ്ങളും പൈതൃകവും (The existing patrimony), അവയുടെ ബലതന്ത്രവും ലക്ഷ്യവും അടിസ്ഥാനപരമായി ഉള്‍ക്കൊണ്ടും നിലനിര്‍ത്തിയും, അതിന്‍റെ തുടര്‍ച്ച എന്നോണവുമാണ് വൈദികരുടെ രൂപീകരണ പദ്ധതിയില്‍ നവീകരണങ്ങള്‍ വരുത്തിയിരിക്കുന്നത്. നവീകരണങ്ങള്‍ ഒരിക്കലും സഭയുടെ പാരമ്പര്യങ്ങളെ അവഗണിക്കുന്നതല്ല, മറിച്ച് അവ ഉള്‍ക്കൊണ്ട് മെച്ചപ്പെടാനും വളരുവാനും ശ്രമിക്കുന്നവയാണ്. മാനുഷികവും ആത്മീയവും ബൗദ്ധികവും, അജപാലനപരവുമായ ഘടകങ്ങളെ ഏകോപിപ്പിക്കുകയും സന്തുലിതമാക്കുകയുംചെയ്യുന്ന പദ്ധതിയാണ് ദൈവികരുടെ നവവും സമഗ്രവുമായ രൂപീകരണം ഉന്നംവയ്ക്കുന്നത്.

നവീകരണത്തിലെ ശ്രദ്ധേയമാകുന്ന ഒരു ഘടകത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഇനിയുള്ള രൂപീകരണഘട്ടത്തില്‍ വൈദികാര്‍ത്ഥി കടുന്നുപോകേണ്ട  ഒന്ന് അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ‘പ്രാഥമിക പരിശീലന ഘട്ട’മായിരിക്കും (Introductory period). രണ്ടുവര്‍ഷത്തില്‍ അധികമാകാത്ത ഒരു പരിശീലന സമയമാണിത്. വ്യക്തിയുടെ ദൈവവിളിയെ വിശകലനംചെയ്തു വിലയിരുത്തുന്ന രൂപീകരണത്തിന്‍റെ ആമുഖകാലം കാലത്തിന്‍റെ ആവശ്യമായി സഭ കാണുന്നു.

ലൈംഗിക ക്രമക്കേടുകളുള്ള വ്യക്തിള്‍ പൗരോഹിത്യ ജീവിതത്തിലേയ്ക്ക് പ്രവേശിക്കപ്പെടാതിരിക്കാന്‍ രൂപതകളും സന്ന്യാസസഭകളും ജാഗ്രത പുലര്‍ത്തണമെന്ന് മാര്‍ഗ്ഗരേഖ എടുത്തുപറയുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വൈദികരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ തുടങ്ങിയ ക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള കരുതലിനെക്കുറിച്ച് മാര്‍ഗ്ഗരേഖ (Ratio) വ്യക്തമായ ധാരണ നല്കുന്നുണ്ട്. ‘ശുശ്രൂഷാപട്ടങ്ങള്‍’ സ്വീകരിക്കേണ്ടവര്‍ കുറ്റകൃത്യങ്ങളോ സാമൂഹിക പ്രശ്നങ്ങളിലോ ഉള്‍പ്പെട്ടവരാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. സ്വവര്‍ഗ്ഗരതിപോലുള്ള വഴിതെറ്റിയ രീതികള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സഭയുടെ പ്രബോധനപരമായ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്വവര്‍ഗ്ഗ ലൈംഗികവേഴ്ചപോലുള്ള (Gay Culture) ക്രമമില്ലാത്തതും വഴിപിഴച്ചതുമായ രീതികളും, ധാര്‍മ്മികതയ്ക്ക് ഇണങ്ങാത്ത ചിന്താഗതികളും ഉള്ളവരോട് സഭ വിദ്വേഷം പുലര്‍ത്താതെ, അജപാലനപരമായ സഹാനുഭാവമാണ് പ്രകടമാക്കുന്നത്. എന്നാല്‍ അത്തരക്കാരെ വൈദിക പരിശീലനത്തിനായി പരിഗണിക്കേണ്ടതില്ലെന്നും, അജപാലന മേഖലയില്‍ അങ്ങനെയുള്ളവര്‍ വരുത്തിവയ്ക്കാവുന്ന വിനകളെയും പ്രത്യാഘാതങ്ങളെയും മനസ്സിലാക്കി ശ്രദ്ധാപൂര്‍വ്വകമായ തിരഞ്ഞെടുപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍ സഭ മുന്നോട്ടുവയ്ക്കുന്നുണ്ട് (cf. Ratio Fundamentalis 199, CCC nn. 2357-58).

ബിരുദധാരിയാകുന്നതിലുമുപരി  മാനുഷികവും ആത്മീയവും അജപാലനപരവുമായ പക്വതയാണ് വൈദിക ജീവിതത്തില്‍ ആവശ്യം. മനുഷ്യത്വം, ആദ്ധ്യാത്മീകത, വിവേകം അല്ലെങ്കില്‍ കാര്യബോധം ഇവയാണ് വൈദികരൂപീകരണത്തിനുള്ള നവമായ മാര്‍ഗ്ഗരേഖയിലെ ‘സുത്രവാക്കുകള്‍’ (Key words). വൈദികരൂപീകരണത്തില്‍ ഏറെ ‘വിവേചനബുദ്ധി’യുടെ  കുറവ്  ഇന്ന് ഏറെ കാണുന്നുണ്ട് (lack of discernment), എന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളാണ് (Address to Jesuits in Rome, 24 Oct. 2016). കറുപ്പും വെളുപ്പുപോലെ, വോട്ടിട്ട് വ്യക്തികളെ നൈയ്യാമികമായി തിരഞ്ഞെടുക്കുന്ന രീതി പൗരോഹിത്യത്തിന്‍റെ കാര്യത്തില്‍ നടപ്പാക്കാനാവില്ല. സാമൂഹിക ചുറ്റുപാടികള്‍ക്കും സംസ്ക്കാരത്തിനും ഇണങ്ങാത്തതും വിവേകമില്ലാത്തതുമായ കാര്‍ക്കശ്യത്തിന്‍റെ രീതികളും സെമിനാരികളിലും വൈദികരുടെ പരിശീലനത്തില്‍ കടന്നുകൂടിയിട്ടുള്ളത് നീക്ഷിച്ചതിന്‍റെയും വെളിച്ചത്തിലാണ് ഈ മാറ്റങ്ങള്‍.

മാറ്റങ്ങള്‍ കണ്ട് വൈദികരും വൈദികവിദ്യാര്‍ത്ഥികളും ഭയപ്പെടുകയോ നിരാശപ്പെടുകയോ അരുത്. ദൈവികമായ വാഗ്ദാനങ്ങള്‍ക്ക് കുറവോ, അവ പിന്‍വലിക്കപ്പെടുകയോ ചെയ്യുന്നില്ല. വിളിച്ചവന്‍ ശക്തനും വലിയവനുമാണ്. വിളികേട്ടവരെയും, അതിനോട് വിശ്വസ്ത പുലര്‍ത്തുന്നവരെയും അതിനാല്‍ അവരുടെ ബലഹീനതയിലും ദൈവം പ്രകാശപൂര്‍ണ്ണരാക്കും! അതുപോലെ   സമൂഹത്തിലെ വിപരീതവും നിഷേധാത്മകവുമായ ചുറ്റുപാടുകളും സംഭവങ്ങളും കണ്ട് വൈദികര്‍ ‘ആരോഗ്യകര’മെന്നു ചിന്തിക്കുന്ന ഒരു നിസ്സംഗഭാവം സ്വയം ഉള്‍ക്കൊണ്ട്, പതുങ്ങി ജീവിക്കരുത്.  അജപാലന ജീവിതത്തില്‍ നന്മയുടെ വെട്ടം കെട്ടുപോകാതിരിക്കട്ടെ!! ഉണര്‍വ്വോടും നവചൈതന്യത്തോടുംകൂടെ സുവിശേഷസന്തോഷത്തിന്‍റെ (Evangelium Gaudium) പ്രഘോഷകരും പ്രയോക്താക്കളുമാകാം!!








All the contents on this site are copyrighted ©.