2016-12-07 16:10:00

അഴിമതിക്കെതിരെയും മനുഷ്യാവകാശത്തിനായും അഭ്യര്‍ത്ഥനകള്‍


ഡിസംബര്‍ 7-Ɔ൦ തിയതി ബുധനാഴ്ച, വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ രണ്ട് അഭ്യര്‍ത്ഥനകള്‍ നടത്തിയത്. പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള വത്തിക്കാനിലെ ഹാളില്‍ സമ്മേളിച്ച ആയിരങ്ങളോടും ലോകത്തോടുമായിരുന്നു അഭ്യര്‍ത്ഥനകള്‍.

ഐക്യരാഷ്ട്ര സംഘടന ഡിസംബര്‍ 9, 10 വെള്ളി, ശനി ദിവസങ്ങളില്‍ ആചരിക്കുന്ന അഴിമതിക്ക് എതിരായ ദിനത്തോടും (UN Day against Corruption), മനുഷ്യാവകാശ ദിനത്തോടും (UN Day for Human Rights) അനുബന്ധിച്ചുള്ളതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥനകള്‍.

ഡിസംബര്‍ 9-Ɔ൦ തിയതി വെള്ളിയാഴ്ചയാണ് അഴിമതിക്കെതിരായ യു.എന്‍. ദിനം (UN Day against Corruption) ആചരിക്കപ്പെടുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് സമൂഹത്തിലെ അഴിമതി. നാം എന്നും പോരാടേണ്ട സമൂഹത്തിന്‍റെ പുഴുക്കുത്താണത്. വ്യക്തിയുടെ മനസ്സാക്ഷിയെയും സാമൂഹിക ജീവിതത്തെയും, ഒപ്പം പ്രതിസന്ധിയില്‍ കഴിയുന്ന പാവങ്ങളുടെ ജീവിതത്തെയും ബാധിക്കുന്ന തിന്മയാണതെന്നും. അതിനെതിരെ നാം നിരന്തരം പോരാടണമെന്നുമായിരുന്നു ആദ്യത്തെ അഭ്യര്‍ത്ഥന.

രണ്ടാമതായി, ഐക്യരാഷ്ട്ര സംഘടന ഡിസംബര്‍ 10-Ɔ൦ തിയതി ശനിയാഴ്ച ആചരിക്കുന്ന മനുഷ്യാവകാശദിനത്തോട് (UN Day for Human Rights) അനുബന്ധിച്ചുള്ള അഭ്യര്‍ത്ഥനയായിരുന്നു. അനുദിനം വളര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യേണ്ട അടിസ്ഥാനമൂല്യമാണ് മനുഷ്യാവകാശം. വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങള്‍ ഒരിടത്തും, ഒരിക്കലും നിഷേധിക്കപ്പെടാന്‍ ഇടയാകരുതെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.