2016-12-06 11:10:00

ചരിത്രസ്മൃതികളുമായി റോമിലെ അമലോത്ഭവമഹോത്സവം


ഡിസംബര്‍ 8, വ്യാഴം - അമലോത്ഭവനാഥയുടെ തിരുനാള്‍.

  1. അമലോത്ഭവ പ്രഖ്യാപനത്തിന്‍റെ ചരിത്രസ്മാരകം :

റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്താണ് സ്പാനിഷ് ചത്വരം. വിശാലമായ ചത്വരത്തിന്‍റെ പടിഞ്ഞാറു ഭാഗത്താണ് പതിറ്റാണ്ടുകള്‍ പഴക്കുമുള്ള അമലോത്ഭവനാഥയുടെ വെങ്കല പ്രതിമ സ്ഥിതിചെയ്യുന്നത്. നൂറ് അടി ഉയരമുള്ള വെണ്ണക്കല്‍ സ്തംഭത്തിലാണ് 16 അടി ഉയരമുള്ള അമലോത്ഭവനാഥയുടെ അതിമനോഹരമായ വെങ്കലശില്പം ഉയര്‍ന്നു നില്ക്കുന്നത്. പാപമാകുന്ന സര്‍പ്പത്തിന്‍റെ തലയില്‍ ചവിട്ടിയും, ചന്ദ്രനെ പാദപീഠമാക്കിയും ചുളിവുകളുള്ള ഉടയാടയണിഞ്ഞും, ശിരസ്സില്‍ 12 നക്ഷത്രങ്ങളെ കിരീടമാക്കിയും ചൂഴ്ന്നുനില്ക്കുന്ന അനുപമയായ രാജ്ഞി നസ്രത്തിലെ മറിയമാണ്. പാപരഹിതയാണ് യേശുവിന്‍റെ അമ്മയെന്ന് പ്രഖ്യാപിക്കുന്നതാണ് അമലോത്ഭവസത്യം. 1854-Ɔമാണ്ടിലെ ഡിസംബര്‍

8-Ɔ൦ തിയതി ഈ വിശ്വാസസത്യം 9-Ɔ൦ പിയൂസ് പാപ്പാണ് പ്രഖ്യാപിച്ചത്. അതിന്‍റെ സ്മരണാര്‍ത്ഥമാണ് സഭയുടെ വിശ്വാസപ്രചാരണ സംഘത്തിന്‍റെ കാര്യാലയത്തിനു മുന്‍പിലും സ്പാനിഷ് ചത്വരത്തോടുചേര്‍ന്നും അമലോത്ഭവനാഥയുടെ സ്മാരകസ്തംഭം സ്ഥാപിക്കപ്പെട്ടത്. ഇറ്റാലിയന്‍ ശില്പി ജുസേപ്പെ ഓബീചിയാണ് (1808-1878) അമലോത്ഭവസ്വരൂപത്തിന്‍റെ സ്രഷ്ടാവ്.

പ്രതിമയ്ക്ക് ഇണങ്ങുന്ന സ്തംഭത്തിന്‍റെ കീഴ്ത്തട്ട് ഏറെ കലാപരവും വാസ്തു ചാതുരിയുള്ളതുമാണ്. മോസസ്, ഏശയാ, ദാവീദ് എന്നിങ്ങനെ രക്ഷയുടെ ചരിത്രത്തില്‍ ക്രിസ്തുവോട് ചേര്‍ന്നുനില്ക്കുന്ന സമാനതകളില്ലാത്ത ആത്മീയവ്യക്തിത്വങ്ങളാണ് അമലോത്ഭവ സ്തൂപത്തിന്‍റെ പാദപീഠം അലങ്കരിക്കുന്നത്. ക്രിസ്തുവില്‍ ലോകത്ത് തുറക്കപ്പെട്ട ദൈവരാജ്യസന്ദേശം പ്രഘോഷിച്ച 4 സമാന്തര സുവിശേഷകന്മാര്‍ - മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവരുടെ മാര്‍ബിളില്‍ തീര്‍ത്ത ശില്പങ്ങളും അമലോത്ഭവ സ്തംഭത്തോട് മനോഹരമായി സംയോജിക്കപ്പെട്ടിട്ടുണ്ട്.

  1. പാപ്പാ പങ്കെടുക്കുന്ന തിരുനാള്‍ :

റോമാനഗരത്തിന്‍റെ ഹൃദയഭാഗത്ത് ഉയര്‍ന്നുനില്ക്കുന്ന ഇറ്റാലിയന്‍ കലാചാതുരിയുടെ ഈ ദൃശ്യാവിഷ്ക്കാരം അതിന്‍റെ തികവിലെത്തുന്നത് എല്ലാവര്‍ഷവും അമലോത്ഭവനാഥയുടെ തിരുനാളിലാണ്. എല്ലാ പാപ്പാമാരും മുടങ്ങാതെ സംബന്ധിക്കുന്ന റോമാക്കാരുടെ ഈ തിരുനാളില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷവും ഡിസംബര്‍ 8-ാം തിയതി, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പാപ്പാ ഫ്രാന്‍സിസ് എത്തിചേരുമ്പോള്‍, അത് മാതൃഭക്തനായ ലാറ്റിനമേരിക്കന്‍ പാപ്പായുടെ നാലാമത്തെ ഊഴമായിരിക്കും. റോമിന്‍റെ മേയര്‍, വെര്‍ജീനിയ രാജിയും, അതുപോലെ മറ്റു നാഗരാധിപന്മാരും ഉദ്യോഗസ്ഥരും, വിവിധ തുറകളില്‍നിന്നുള്ള പ്രമുഖരും സകുടുംബം മേരിയന്‍ പ്രാര്‍ത്ഥനാശുശ്രൂഷ്യില്‍ പങ്കെടുക്കും.

  1. അമലോത്ഭവനാഥയും റോമിലെ ഫയര്‍ ഫോര്‍സും’:

റോമാനഗരത്തിലെ ‘ഫയര്‍ ഫോര്‍സി’ല്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ‘ക്രെയിനി’ന്‍റെ സഹായത്തോടെ ഉയര്‍ന്നുപൊങ്ങി നൂറ് അടിക്കുംമേല്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമലോത്ഭവ സ്വരൂപത്തിന്‍റെ വലതു കൈത്തണ്ടില്‍ വെളുത്ത പുഷ്പചക്രം സമര്‍പ്പിക്കുന്നത് പാരമ്പര്യമാണ്. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് പണിതീര്‍ത്ത അമലോത്ഭവസ്തംഭം അന്ന് ഉയര്‍ത്തിയതും, അതിനു മുകളില്‍ 10,000 കി.ലോ (20,000 Pounds) ഭാരമുള്ള വെങ്കലശില്പം സ്ഥാപിച്ചതും റോമാനഗരത്തിലെ അഗ്നിശമന സേനാംഗങ്ങളായിരുന്നു. അതിന്‍റെ പിന്‍തുടര്‍ച്ചയാണ് അവരുടെ പുഷ്പ്പാര്‍ച്ചന. അമലോത്ഭവ ശില്പത്തില്‍ അഗ്നിശമന സേന ചാര്‍ത്തുന്ന പുഷ്പചക്രത്തിലെ ലത്തീന്‍ ലിഖിതം അതിവിശിഷ്ടമാണ്. "Flammas domamus, donamus Corda ."   “ഹൃദയം കൊടുത്തും ഞങ്ങള്‍ തീ കെടുത്തും!”

  1. അമലോത്ഭവത്തിരുനാള്‍ റോമാക്കാരുടെ  പെരുനാള്‍:

വത്തിക്കാനില്‍നിന്നും 5 കി.മി. കാറില്‍ യാത്രചെയ്ത് അമലോത്ഭവോത്സവത്തിന്‍റെ വേദിയില്‍ പാപ്പാ എത്തിച്ചേരും. പാപ്പായും, നഗരാധിപയും അമലോത്ഭവസ്തംഭത്തിന്‍റെ ചുവട്ടില്‍ പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കും. എന്നിട്ടാണ് പ്രാര്‍ത്ഥന ആരംഭിക്കുന്നത്. ചത്വരത്തിന്‍റെ തുറസ്സായ വേദിയില്‍ അമലോത്ഭവത്തിരുനാളില്‍ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാനായി പത്രോസിന്‍റെ പിന്‍ഗാമി എത്തുന്നത് ചരിത്രപരമായ സവിശേഷതാണ്. റോമാ രൂപതയുടെ മെത്രാനും ആഗോളസഭയുടെ അദ്ധ്യക്ഷനുമായ പാപ്പായ്ക്കൊപ്പം ദൈവമാതാവിന്‍റെ അമലോത്ഭവ മഹോത്സവം ആഘോഷിക്കാന്‍ റോമാവാസികള്‍ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആയിരക്കണക്കിന് തീര്‍ത്ഥാടകരും അന്നേദിവസം സ്പാനിഷ് ചത്വരത്തില്‍ എത്തിച്ചേരാറുണ്ട്. പാപ്പാ നയിക്കുന്ന സായാഹ്ന പ്രാര്‍ത്ഥനാശുശ്രൂഷയും, വചനചിന്തയും റോമിന് അനുഗ്രഹദായകമെന്നാണ് നഗരവാസികളുടെ വിശ്വാസം. അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥ്യം തേടുന്ന പ്രാര്‍ത്ഥനശുശ്രൂഷയില്‍ ആത്മനിര്‍വൃതിയോടെ പങ്കെടുത്ത് അനുഗ്രഹം നേടാനായി ഡിസംബറിന്‍റെ തണുപ്പിനെ വെല്ലുവിളിച്ചും ആബാലവൃന്ദം ജനങ്ങള്‍ എത്തുന്നു. കുടുംബങ്ങളിലെ രോഗികളെയും പ്രായമായവരെയും കൂട്ടിക്കൊണ്ട് ആശിഷങ്ങള്‍ തേടി ആയിരങ്ങള്‍ ഭക്തിയോടെ മാതൃസന്നിധി അണയുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്.

ദൈവമാതാവിന്‍റെ ‘ലൂത്തീനിയ’പ്രാര്‍ത്ഥനയും വചനപാരായണവും കഴിഞ്ഞ്, പാപ്പാ ഹ്രസ്വമായി ധ്യാനചിന്ത പങ്കുവയ്ക്കും. എന്നിട്ടാണ് സമാപനാശീര്‍വ്വാദം നല്കുന്നത്. തുടര്‍ന്ന് അവിടെ എത്തിയിട്ടുള്ള രോഗികളെ സന്ദര്‍ശിച്ച്, അവരെ പാപ്പാ വ്യക്തിപരമായി ആശീര്‍വ്വദിക്കുന്നതും ശുശ്രൂഷയുടെ ഭാഗമാണ്.

തിരുനാള്‍ മംഗളങ്ങള്‍!

 

 








All the contents on this site are copyrighted ©.