2016-12-05 12:01:00

മാനസാന്തരം : ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥ


വത്തിക്കാനില്‍, പതിവുപോലെ, ഞായറാഴ്ച (04/12/16) മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. ശൈത്യകാലമെങ്കിലും സുഖശീതളമായ ഒരു കാലാവസ്ഥ അനുഭവപ്പെട്ടുരുന്നതിനാല്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാ‍ര്‍ത്ഥന നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാന്‍സീസ് പപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആരവങ്ങളും ഉയര്‍ന്നു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍.

ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ലോകരക്ഷകന്‍റെ ആഗമനം പ്രതീക്ഷിക്കുന്ന ക്രൈസ്തവലോകം അവിടത്തെ സ്വീകരിക്കുന്നതിന് ആത്മീയമായി ഒരുങ്ങുന്ന ആഗമനകാലത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, അതായത്, സ്നാപകയോഹന്നാന്‍ മരുഭൂമിയില്‍ വന്ന് മാനസാന്തരത്തിനാഹ്വാനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നതും അനേകര്‍ മാനസാന്തരപ്പെട്ട് ജ്ഞാനസ്നാനം സ്വീകരിക്കുന്നതും, തന്‍റെ പിന്നാലെ വരുന്ന ശക്തനായവന്‍റെ ചെരുപ്പു വഹിക്കാന്‍ പോലും താന്‍ യോഗ്യനല്ലെന്നു സ്നാപകന്‍ പ്രഖ്യാപിക്കുന്നതുമായ  മത്തായിയുടെ സുവിശേഷം മൂന്നാം അദ്ധ്യായം 1 മുതല്‍ 12 വരെയുള്ള വാക്യങ്ങള്‍ അവലംബമാക്കി ഒരു സന്ദേശം നല്കി. പാപ്പാ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കൊരുക്കമായി, ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ  പ്രഭാഷണം താഴെ ചേര്‍ക്കുന്നു: 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ആഗമനകാലത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ച സ്നാപകയോഹന്നാന്‍റെ ക്ഷ​ണം മുഴങ്ങുന്നു: മാനസാന്തരപ്പെടുവിന്‍, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു ( മത്തായി 3,2) ഇതേ വാക്കുകളാണ് ഗലീലിയില്‍ വച്ച് തന്‍റെ ദൗത്യം ആരംഭിക്കവെ യേശു പറയുക. തങ്ങളുടെ പ്രഥമ പ്രേഷിതാനുഭവത്തില്‍ ക്രിസ്തു ശിഷ്യരും നടത്തേണ്ട പ്രഘോഷണവും ഇതു തന്നെയാണ്. അപ്രകാരം സുവിശേഷകന്‍ മത്തായി,  ആഗതനാകുന്ന ക്രിസ്തുവിന് വഴിയൊരുക്കുന്നവനായി സ്നാപക യോഹന്നാനനെയും യേശുവിന്‍റെ പ്രഘോഷണം തുടരുന്നവരായി ശിഷ്യരെയും അവതരിപ്പിക്കുന്നു. ആനന്ദദായകമായ ഒരേ പ്രഘോഷണമാണത്, അതായത്, ദൈവരാജ്യം സമാഗതമാകുന്നു, അത് സമീപിച്ചിരിക്കുന്നു, അത് നമ്മുടെ മദ്ധ്യേയുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു വാക്യമാണ്: ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ സമാഗതമായിരിക്കുന്നു എന്ന് യേശു പറയുന്നു. യേശു പിന്നീട് പറയാന്‍ പോകുന്നത് യോഹന്നാന്‍ പ്രഖ്യാപിക്കുകയാണ്. ദൈവരാജ്യം സമാഗതമായിരിക്കുന്നു. അത് നിങ്ങളുടെ ഇടയിലുണ്ട്. ഇതാണ് ഓരോ ക്രിസ്തീയ പ്രേഷിതദൗത്യത്തിന്‍റെയും കാതലായ സന്ദേശം. ഒരു പ്രേഷിതന്‍ പുറപ്പെടുമ്പോള്‍ ഒരു ക്രൈസ്തവന്‍ യേശുവിനെ പ്രഘോഷിക്കാന്‍ ഇറങ്ങുമ്പോള്‍ അവന്‍ സ്വന്തം ഗണത്തില്‍ കൂടുതലനുയായികളെ ചേര്‍ക്കാന്‍ ശ്രമിക്കുന്ന  ഒരുവനെപ്പോലെ മതപരിവര്‍ത്തനത്തിനല്ല ഇറങ്ങിത്തിരിക്കുന്നത്. അത് പാടില്ല. ദൈവരാജ്യം നിങ്ങളുടെ മദ്ധ്യെ വന്നിരിക്കുന്നു ​എന്ന് പ്രഘോഷിക്കുന്നതിനു മാത്രമാണ് അവന്‍ പോകുന്നത്. സ്വന്തം ജനവുമായി കൂടിക്കാഴ്ച നടത്തുന്ന യേശുവിന് വഴിയൊരുക്കുകയാണ് പ്രേഷിതന്‍ ചെയ്യുക.

എന്നാല്‍ എന്താണ് ഈ ദൈവരാജ്യം, ഈ സ്വര്‍ഗ്ഗരാജ്യം? അവ പര്യായപദങ്ങളാണോ? ഈ വാക്കുകള്‍ കേട്ടയുടന്‍ നമ്മള്‍ ചിന്തിക്കുക അഭൗമലോകത്തെക്കുറിച്ചാണ്, നിത്യജീവിതത്തെക്കുറിച്ചാണ്. തീര്‍ച്ചയായും ഇതു ശരിതന്നെ, ദൈവരാജ്യം ഭൗമികജീവിതത്തിനപ്പുറത്തേക്കു അതിരുകളില്ലാതെ നീളുന്നു. എന്നാല്‍ യേശു നമുക്കു കൊണ്ടുവരുന്ന മനോഹരമായ വാര്‍ത്ത, യോഹന്നാന്‍ മുന്‍കൂട്ടി പറയുന്ന വാര്‍ത്ത ദൈവരാജ്യം നാം ഭാവിയില്‍ വരുന്ന ഒന്നായി കാത്തിരിക്കണ്ടതില്ല, സമീപിച്ചിരിക്കുന്നു എന്നാണ്. ഒരു തരത്തില്‍ ഇപ്പോള്‍ത്തന്നെ സന്നിഹിതമണ്, അതിന്‍റെ ആദ്ധ്യാത്മിക പ്രഭാവം നമുക്കിപ്പോള്‍ത്തന്നെ അനുഭവിച്ചറിയാന്‍ സാധിക്കും. ദൈവരാജ്യം നിങ്ങളുടെ മദ്ധ്യേയുണ്ട് എന്നായിരിക്കും യേശു പറയുക. നമ്മുടെ ചരിത്രത്തില്‍, ഇന്ന്, അനുദിനം, നമ്മു‌ടെ ജീവിതത്തില്‍, തന്‍റെ  പ്രാഭവം സ്ഥാപിക്കാനായി ദൈവം വരുന്നു. അത് എവിടെ വിശ്വാസത്തോടും എളിമയോടും കൂടെ സ്വീകരിക്കപ്പെടുന്നുവൊ അവിടെ സ്നേഹവും സന്തോഷവും സമാധാനവും കിളിര്‍ക്കും.

ഈ രാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥ നമ്മുടെ ജീവിതത്തില്‍ മാറ്റം വരുത്തുകയെന്നതാണ്, അതായത് മാനസാന്തരപ്പെടുക. അനുദിനം ഹൃദയപരിവര്‍ത്തനത്തിനു വിധേയരാകുക, അനുദിനം ഓരോ ചുവട് മുന്നോട്ടു വയ്ക്കുക. അതായത്, സുഖകരവും എന്നാല്‍ വഴിതെറ്റിക്കുന്നതും, ഈ ലോകത്തിന്‍റെ   വിഗ്രഹങ്ങളുമായ പാതകള്‍- എന്തു വിലകൊടുത്തും നേട്ടം കൊയ്യാന്‍ പരിശ്രമിക്കുകയും ബലഹീനരെ ബലിയാടുകളാക്കി അധികാരം കൈയ്യിലേന്തുകയും ദ്രവ്യസക്തി പുലര്‍ത്തുകയും, ആനന്ദത്തിനായി എന്തും ചെയ്യുകയും ചെയ്യുന്നതായ വഴികള്‍- വെടിയുകയും ആഗതനാകുന്ന കര്‍ത്താവിന് വഴിയൊരുക്കുകയും ചെയ്യുക. അവിടന്ന് നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ല മറിച്ച് നമുക്കാനന്ദം പകരുകയാണ് ചെയ്യുന്നത്. ബത്ലഹേമില്‍ യേശു പിറക്കുന്നതോടെ നമ്മെ സ്വാര്‍ത്ഥതയിലും പാപത്തിലും അഴിമതിയിലും നിന്ന് മോചിപ്പിക്കന്നതിന്  ദൈവം നമ്മുടെ ഇടയില്‍ വാസമുറപ്പിക്കുന്നു. എന്തു വിലകൊടുത്തും നേട്ടം കൊയ്യാന്‍ പരിശ്രമിക്കുകയും ബലഹീനരെ ബലിയാടുകളാക്കി അധികാരം കൈയ്യിലേന്തുകയും ദ്രവ്യസക്തി പുലര്‍ത്തുകയും, ആനന്ദത്തിനായി എന്തും ചെയ്യുകയും ചെയ്യുന്നത് സാത്താന്‍റെ മനോഭാവങ്ങളാണ്.

തിരുപ്പിറവി വലിയബാഹ്യാനന്ദത്തിന്‍റെയും ദിനമാണ്. അത്, സര്‍വ്വോപരി, മതപരമായ ഒരു സംഭവമാകയാല്‍ ആദ്ധ്യാത്മികമായ ഒരുക്കം ആവശ്യമാണ്. “കര്‍ത്താവിന്‍റെ വഴിയൊരുക്കുവിന്‍, അവന്‍റെ പാതകള്‍ നേരെയാക്കുവിന്‍”(മത്തായി 3,3) എന്ന സ്നാപകയോഹന്നാന്‍റെ ആഹ്വാനത്താല്‍ നയിക്കപ്പെടാന്‍ ഈ  ആഗമനകാലത്തില്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. എന്തു വിലകൊടുത്തും നേട്ടം കൊയ്യാന്‍ പരിശ്രമിക്കുകയും ബലഹീനരെ ബലിയാടുകളാക്കി അധികാരം കൈയ്യിലേന്തുകയും ദ്രവ്യസക്തി പുലര്‍ത്തുകയും, ആനന്ദത്തിനായി എന്തും ചെയ്യുകയും ചെയ്യുന്നത് ദൈവത്തില്‍ നിന്നു വരുന്ന മനോഭാവങ്ങളല്ല. ഞാന്‍ സൂചിപ്പിച്ച ഈ മനോഭാവങ്ങളെ തൂത്തെറിയുന്നതിനായി ആത്മശോധന ചെയ്യുകയും നമ്മുടെ മനോഭാവങ്ങളെ പരിശോധിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ കര്‍ത്താവിന്‍റെ വഴി ഒരുക്കുകയും അവിടത്തെ പാതകള്‍ നേരെയാക്കുകയുമാണ് ചെയ്യുക.

യേശു കൊണ്ടുവരുന്നതും, മണ്ണില്‍ വീണ ഒരു വിത്തെന്നപോലെ, തിരുപ്പിറവിയുടെ ആ രാത്രിയില്‍,   ചെറുതായിത്തീരുകയും ചെയ്ത, എന്നും ഏറ്റം ശ്രേഷ്ഠമായ ഈ സ്നേഹവുമായുള്ള സമാഗമത്തിന് നമ്മെത്തന്നെ ഒരുക്കാന്‍ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. യേശുവാണ് ഈ വിത്ത്, ദൈവരാജ്യത്തിന്‍റെ വിത്ത്.      

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.                   

ആശീര്‍വ്വാദാനന്തരം പാപ്പാ വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്യുകയും എല്ലാവര്‍ക്കും ശുഭ ഞായറും നല്ലൊരു ആഗമനകാലയാത്രയും ആശംസിക്കുകയും ചെയ്തു. കര്‍ത്താവിന് വഴിയൊരുക്കുകയെന്ന ഈ ആഗമനകാലയാത്ര അനുദിന മാനസാന്തരത്തിന്‍റെ യാത്രയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അമലോത്ഭവനാഥയുടെ തിരുന്നാള്‍ദിനമായ ഈ വരുന്ന വ്യാഴാഴ്ച, ഡിസംബര്‍ 8-ന് വീണ്ടും കാണാമെന്ന് പറഞ്ഞ പാപ്പാ ഹൃദയപരിവര്‍ത്തനത്തിനും സമാധാനത്തിനും വേണ്ടി പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം യാചിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

തുടര്‍ന്ന് പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന തന്‍റെ പതിവഭ്യര്‍ത്ഥന നവീകരിക്കുകയും എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അറിവെദേര്‍ചി അ ജ്യൊവെദീ,  അതായത് വ്യാ‌ഴാഴ്ച വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

ഈ സന്ദേശത്തിന്‍റെ ശബ്ദരേഖ:

 








All the contents on this site are copyrighted ©.