2016-12-03 13:08:00

സാമ്പത്തിക മാതൃകകളുടെ നവീകരണം അനിവാര്യം


അമൂര്‍ത്തമായൊരു സാമൂഹ്യ ഉടമ്പടിയല്ല, പ്രത്യുത, സകലരുടെയും നന്മോന്മുഖവും ഇന്നിന്‍റെ രൂക്ഷമായ പ്രശ്നങ്ങളോടു പ്രതികരിക്കുന്നതുമായ സമൂര്‍ത്തവും സുപ്രധാനവുമായ ആശയങ്ങളും കാര്യക്ഷമമായ കര്‍മ്മങ്ങളുമാണ് ഇന്നാവശ്യമെന്ന് മാര്‍പ്പാപ്പാ.

ഭാരതത്തിലുള്‍പ്പടെ വിവിധരാജ്യങ്ങളില്‍ വ്യാപിച്ചിട്ടുള്ളതും അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്ക് ആസ്ഥാനമായുള്ളതുമായ മാദ്ധ്യമ കമ്പനി ടൈം ഐ എന്‍ സി യും (TIME INC) ഫോര്‍ച്ച്യൂണ്‍ ലൈവ് മീഡിയായും സംയുക്തമായി റോമിലും വത്തിക്കാനിലുമായി സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്ത 400 ഓളം പേരുടെ സംഘത്തെ, സമ്മേളനത്തിന്‍റെ സമാപന ദിനമായ ശനിയ്ഴ്ച (03/12/16), വത്തിക്കനില്‍ ക്ലെമന്‍റയിന്‍ ശാലയില്‍ സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളി: നൂതന സാമൂഹ്യ ഉടമ്പടി ഉണ്ടാക്കുക” എന്ന പ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ സാമൂഹ്യപങ്കളിത്തത്തില്‍ നിന്ന് ആരും പുറന്തള്ളപ്പെടാതിരിക്കത്തക്കവിധത്തിലുള്ള സാമൂഹ്യമായ ഒരു ഉത്തരവാദിത്വബോധം, അതിലുപരി, വൈക്തികമായ ഒരു ഉത്തരവാദിത്വബോധം പരിപോഷിപ്പിച്ചുകൊണ്ട് അനീതിയോട് ആഗോളതലത്തില്‍ പ്രതികരിക്കുകയാണ് നമ്മുടെ വലിയ വെല്ലുവിളിയെന്ന് പറഞ്ഞു.

 ഇന്നത്തെ ലോകത്തില്‍ വലിയ അശാന്തി നിലനിലക്കുന്നുവെന്നും ജനതകള്‍ക്കിടയില്‍ അസമത്വങ്ങള്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നുവെന്നും, യുദ്ധം പട്ടിണി എന്നിവയുടെ നേരിട്ടുള്ള പ്രഹരമേറ്റ സമൂഹങ്ങള്‍ നിരവധിയാണെന്നും അനേകര്‍ കുടിയേറുന്നതിന് നിര്‍ബന്ധിതരായിത്തീരുന്നുവെന്നും പറയുന്ന പാപ്പാ ഈ പശ്ചാത്തലത്തില്‍ സമ്പദ്ഘടനകളുടെ നവീകരണത്തിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക മാതൃകകളുടെ നവീകരണവും ശുദ്ധീകരണവും കെട്ടുറപ്പുള്ള സാമ്പത്തിക മാതൃകകളുടെ ബലപ്പെടുത്തലും നമ്മുടെ വ്യക്തിപരമായ ഹൃദയപരിവര്‍ത്തനത്തെയും പാവപ്പെട്ടവരോടു നമുക്കുള്ള ഉദാരമനസ്ക്കതയെയും ആശ്രയിച്ചിരിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.

ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള നമ്മുടെ നിരവധിയായ സഹോദരീസഹോദരങ്ങളുടെ രോദനം നാം അവഗണിക്കുമ്പോള്‍ അവരുടെ ദൈവദത്തമായ അവകാശങ്ങളും മൂല്യങ്ങളും നാം നിഷേധിക്കുക മാത്രമല്ല അവരുടെ ജ്ഞാനത്തെ തിരസ്ക്കരിക്കുകയും അവരുടെ കഴിവുകളും പാരമ്പര്യങ്ങളും സംസ്കാരങ്ങളും ലോകവുമായി പങ്കുവയ്ക്കുന്നതില്‍ നിന്ന് അവരെ തടയുകയുമാണ് ചെയ്യുന്നതെന്ന് പാപ്പാ കുറ്റപ്പെടുത്തുകയും ചെയ്തു. 

 

 








All the contents on this site are copyrighted ©.