2016-11-23 10:25:00

കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിക്ക് അന്ത്യാഞ്ജലി!


നവംബര്‍ 22-Ɔ൦ തിയതി ചൊവ്വാഴ്ച രാവിലെയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍മെത്രാനായിരുന്നു മാര്‍ മാത്യു വട്ടക്കുഴി അന്തരിച്ചത്.  വര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 86-‍Ɔമത്തെ വയസ്സില്‍ കോട്ടയത്തെ ‘കാരിത്താസ്’ ആശുപത്രിയില്‍വച്ചാണ് മരണമടഞ്ഞത്. അന്തിമോപചാര ശുശ്രൂഷകള്‍ നവംബര്‍ 24-Ɔ൦ തിയതി വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് വിശുദ്ധ ഡോമിനിക്കിന്‍റെ ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെടും.  1987-ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ശുശ്രൂഷ ഏറ്റെടുത്ത മാര്‍ വട്ടക്കുഴി 2001-ല്‍ വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. 14 വര്‍ഷക്കാലം രൂപതയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച അദ്ദേഹം സകലര്‍ക്കും ‘പ്രിയമുള്ള ഇടയ’നായിരുന്നു.

ചങ്ങനാശ്ശേരിയിലെ ചെങ്കല്‍ ഇടവകയിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാറേല്‍ രൂപതാ സെമിനാരിയില്‍ പഠിച്ചു. പിന്നെ വൈദികപഠനം തുടര്‍ന്നത് ശ്രീലങ്കയില്‍ ക്യാന്‍ഡിയിലെയും, ഇന്ത്യയില്‍ പൂനെയിലെയും പേപ്പല്‍ സെമിനാരികളിലായിരുന്നു. പൂനെ സെമിനാരിയില്‍വച്ച് 1956-ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു.

ചങ്ങനാശ്ശേരി സീറോ മലബാര്‍ അതിരൂപതിയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ദൈവദാസന്‍, മാര്‍ മാത്യു കാവുക്കാട്ടു തിരുമേനിയുടെ സെക്രട്ടറിയായി 1959-61 കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  1964 റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ ഉന്നതപഠനം നടത്തി സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. 1964-മുതല്‍ 1973-വരെ ചങ്ങനാശ്ശേരിയുടെ ചാന്‍സലറായും, 1974-മുതല്‍ 1977-വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ ചാന്‍സലറായും സേവനംചെയ്തിട്ടുണ്ട്.

കാഞ്ഞിരപ്പള്ളിയുടെ മെത്രാനായിരുന്ന മാര്‍ ജോസഫ് പൗവ്വത്തില്‍ ചങ്ങനാശ്ശേരിയുടെ മെത്രാപ്പോലീത്തയായി സ്ഥാനാരോപിതനായ 1986-Ɔമാണ്ടില്‍ മാര്‍ വട്ടക്കുഴി കാഞ്ഞിരപ്പള്ളി രൂപതയുടെ അഡിമിസ്ട്രേറ്ററായി നിയമിക്കപ്പെട്ടു. തുടന്ന് അതേ വര്‍ഷം ഡിസംബര്‍ 20-നായിരുന്നു വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയുടെ മെത്രാനായി നിയമിച്ചത്.

“സ്നേഹത്തോടെ സഹോദരങ്ങളെ സേവിക്കാം...” എന്ന പൗലോശ്ലീഹായുടെ ഉദ്ബോധനം (ഗലാത്തി. 5, 13) അജപാലന സൂക്തമാക്കിയ മാര്‍ വട്ടക്കുഴിയുടെ ജീവിതം ആത്മീയതയുടെ സ്നേഹസമര്‍പ്പണായിരുന്നു.

കേരളസഭയുടെ ധന്യനായ അജപാലകന് പ്രാര്‍ത്ഥനാഞ്ജലി! 








All the contents on this site are copyrighted ©.