2016-11-14 10:57:00

ബിഷപ്പ് കളത്തിപ്പറമ്പിലിന്‍റെ സ്ഥാനാരോഹണം വല്ലാര്‍പാടത്തമ്മയുടെ തീര്‍ത്ഥത്തിരുനടയില്‍


കേരളത്തില്‍ വരാപ്പുഴ അതിരൂപതയുടെ ആറാമത്തെ  തദ്ദേശീയ മെത്രാപ്പോലീത്തയായിട്ടാണ് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍ ഉയര്‍ത്തപ്പെടുന്നത്. വത്തിക്കാനിലെ ഔദ്യോഗിക ജോലിയില്‍നിന്നും വിരമിച്ച് നവംബര്‍ ഇരുപത്തി മൂന്നിന് നാട്ടിലേയ്ക്കു മടങ്ങുന്ന ബിഷപ്പ് കളത്തിപ്പറമ്പില്‍, ഡിസംബര്‍ 18-ാം തിയതി ഞായറാഴ്ച സ്ഥാനാരോപിതനാകും. വല്ലാര്‍പാടത്തമ്മയുടെ ദേശീയ തീര്‍ത്ഥാനട കേന്ദ്രത്തിലെ തീര്‍ത്ഥത്തിരുനടയിലായിരിക്കും അദ്ദേഹം സ്ഥാനാരോപിതനാകുന്നത്.

നിയുക്ത മെത്രാപ്പോലീത്തയ്ക്ക് പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍!   

ബിഷപ്പ് കളത്തിപ്പറമ്പിലിനെ വരാപ്പുഴയുടെ മെത്രാപ്പോലീത്തയായി നിയോഗിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നിയമനപത്രിക ഒക്ടോബര്‍ 31-ാം തിയതി തിങ്കളാഴ്ചയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Migrants & Itinerants) സെക്രട്ടറിയായും, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിലെ ​അംഗമായും (Congregation for the Evangelization of Peoples) പ്രവര്‍ത്തിക്കവെയാണ് കേരളത്തിലെ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ബിഷപ്പ് കളത്തിപ്പറമ്പിലിനെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.

വത്തിക്കാനിലെ പേപ്പല്‍ വസതി ‘സാന്താ മാര്‍ത്ത’യിലാണ് ബിഷപ്പ് കളത്തിപ്പറമ്പിന്‍റെ താമസം. ഒക്ടോബര്‍ 31-ാം തിയതി തിങ്കളാഴ്ച രാവിലെ സ്വീഡനിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയ്ക്കു പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് പാപ്പാ ഫ്രാന്‍സിസ് പുതിയ നിയമനത്തില്‍ ബിഷപ്പ് കളത്തിപ്പറമ്പിലിനെ അഭിനന്ദിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. വരാപ്പുഴയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കാനോനിക നിയമപ്രകാരം സഭാഭാരണത്തിനുള്ള പ്രായപരിധി 75 വയസ്സ് എത്തിയതോടെ വത്തിക്കാനില്‍ സമര്‍പ്പിച്ച സ്ഥാനത്യാഗാഭ്യര്‍ത്ഥന അംഗീകരിച്ചശേഷമാണ് ബിഷപ്പ് കളത്തിപ്പറമ്പിലിനെ പാപ്പാ ഫ്രാന്‍സിസ് തല്‍സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്.

ആറുവര്‍ഷക്കാലം അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമുള്ള വത്തിക്കാനിന്‍റെ കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച ബിഷപ്പ് കളത്തിപ്പറമ്പില്‍ എറണാകുളത്ത് വടുതല, സെന്‍റ് ആന്‍റെണീസ് ഇടവാകാംഗവും വരാപ്പുഴ അതിരൂപതാംഗവുമാണ്. കളത്തിപ്പറമ്പില്‍ അവിര-ട്രീസ ദമ്പതികളുടെ മകനാണ്. സെമിനാരി പഠനകാലത്തുതന്നെ പിതാവ് അന്തരിച്ചു. മേരി, ട്രീസ, ജോര്‍ജ്ജ്, ആന്‍സണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.

 പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു. ആലുവയിലെ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും, തിരുച്ചിറപ്പള്ളി സെന്‍റ് ജോസഫ് സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി.  1978-ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു. വരാപ്പുഴയുടെ ഭദ്രാസനദേവാലയത്തില്‍ അജപാലന ശുശ്രൂഷ ആരംഭിച്ചു.

തുടര്‍ന്ന് റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം ഉന്നതപഠനം നടത്തി, സഭാനിയമങ്ങളില്‍ (Canon Law) ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. റോമിലെ‍ ‘സാന്‍ പാവുളോ’ (Collegio San Paulo, Roma) രാജ്യാന്തര സെമിനാരിയുടെ വൈസ് റെക്ടറായി 1984-മുതല്‍ 1989-വരെ സേവനംചെയ്തിട്ടുണ്ട്. 1989-മുതല്‍ വരാപ്പുഴ അതിരൂപതയുടെ ചാന്‍സലര്‍, പിന്നെ വികാരി ജനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. രൂപതയുടെ പൊതുവായ അജപാലന ദൗത്യത്തില്‍ വ്യാപൃതനായിരിക്കുമ്പോള്‍ കളമശ്ശേരിയിലെ സെന്‍റ് പോള്‍സ് കോളെജിന്‍റെ മാനേജറായും സേവനംചെയ്തിട്ടുണ്ട്. 2002-ല്‍ കോഴിക്കോട് രൂപതയുടെ മെത്രാപ്പോലീത്തയായി അദ്ദേഹത്തെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നിയമിച്ചു. 2011-ല്‍ മുന്‍പാപ്പാ ബനഡിക്ടാണ് അദ്ദേഹത്തെ  പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറിയായി നിയമിച്ചത്. സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അംഗമായും 2012-ല്‍ നിയുക്തനായി.

കുടിയേറ്റക്കാര്‍, വിപ്രവാസികള്‍, നാടോടികള്‍, സര്‍ക്കസുകാര്‍, കര-കടല്‍-ആകാശ യാത്രികര്‍, ജിപ്സികള്‍ എന്നിങ്ങനെ പാപ്പാ ഫ്രാന്‍സിസിന്‍റെ മേല്‍നോട്ടത്തിലുള്ള മാനവസുസ്ഥിതിക്കായുള്ള വത്തിക്കാന്‍ സംഘത്തില്‍ (The News Dycastery for Integral Human Development) പ്രവര്‍ത്തിക്കവെയാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ വരാപ്പുഴയുടെ മെത്രാപ്പോലീത്തയായി വത്തിക്കാന്‍ വിട്ട് വരാപ്പുഴയിലേയ്ക്കു പോകുന്നത്.‍‍ 

Photo :  Bishop Joseph Kalathiparambil  celebrated Holy Mass on board the ship, Costa Tascinosa in Marseille French coast on 21 March 2015,  for the 5 passengers killed in the terror attack in Tunis. His Excellency was there as per the office of the Pontifical Council for Migrants and Itinerants to give spiritual and pastoral assistance to the terrified passengers and the crew of the cruiser .








All the contents on this site are copyrighted ©.