2016-10-28 11:11:00

എളിയവരില്‍ ഇന്നും ക്രിസ്തു ചൂഷണംചെയ്യപ്പെടുന്നു : പാപ്പാ ഫ്രാന്‍സിസ്


മാനവികതയുടെ നവഅടിമത്വത്തിനെതിരെ പോരാടുന്ന സാന്താ മാര്‍ത്ത സഖ്യത്തിലെ നൂറുപേരുടെ കൂട്ടായ്മയെ (The International Group Santa Martha of Civil and Ecclesiatical personel)  പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ കണ്‍സിസ്റ്ററി ഹാളില്‍ അഭിസംബോധന ചെയ്യവെയാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. 

ഒക്ടോബര്‍ 27-ാം തിയതി വ്യാഴാഴ്ച രാവിലെയാണ് ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ അനൗപചാരികമായി അഭിസംബോധചെയ്തത്.

ലോകത്തുള്ള വലിയ നഗരങ്ങളില്‍ മനുഷ്യക്കടത്തിനെതിരെ പോരാടുന്ന പൊലീസ് മേധാവികളുടെയും സഭാദ്ധ്യക്ഷന്മാരുടെയും, സന്ന്യസ്തരുടെയും സന്നദ്ധസംഘടനയാണ് Group Santa Martha അല്ലെങ്കില്‍ സാന്താ മാര്‍ത്ത സംഖ്യം. പാപ്പാ ഫ്രാന്‍സിസ് തന്നെയാണ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും രക്ഷാധികാരിയും. 2014-ലാണ് സംഘടന സ്ഥാപിതമായത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇന്ന് ലോകത്ത് ഉയരുന്ന മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം മുതലായ അധര്‍മ്മങ്ങള്‍ക്കെത്തിരെയുള്ള പരിശ്രമങ്ങളെ പാപ്പാ അഭിനന്ദിക്കുകയും, അംഗങ്ങള്‍ക്ക്, സന്നിഹിതരായിരുന്ന 100-ല്‍ അധികം അംഗങ്ങള്‍ക്ക് നന്ദിപറയുകയുംചെയ്തു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവങ്ങളുടെയും ദാരിദ്ര്യാവസ്ഥയെ ചൂഷണംചെയ്യുന്ന എല്ലാ അധോലോക പ്രവര്‍ത്തനങ്ങളും ഇന്ന് ലോകത്ത് വര്‍ദ്ധിച്ചുവരുന്ന തിന്മയാണ്. സംഘടിതവും നിരന്തരവുമായി പോരാട്ടത്തിനും പരിശ്രമത്തിനും മാത്രമേ രാജ്യാന്തര കണ്ണികളുള്ള നവമായ അടിമത്ത്വത്തില്‍നിന്നും നിര്‍ദ്ദോഷികളെ മോചിക്കാനാവൂ എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

മനുഷ്യക്കടത്തിന്‍റെ കെണിയില്‍ വീണുകിടക്കുന്നവരെ കനിവോടെ അനുധാവനംചെയ്യണമെന്നും, ശാരീരികമായും ധാര്‍മ്മികമായും അവരെ മോചിക്കുവാനും, അവരുടെ അന്തസ്സു വീണ്ടെടുക്കാനും, അവകാശങ്ങള്‍ നേടിയെടുക്കാനും പ്രസ്ഥാനത്തിന്‍റെ പരിശ്രമിങ്ങള്‍ക്ക് ഇനിയും സാധിക്കട്ടെ എന്ന്   പാപ്പാ ആശംസിച്ചു.

അംഗങ്ങളായവരുടെ നിസ്വാര്‍ത്ഥമായ സമര്‍പ്പണം തുടരണമെന്നും, സമൂഹത്തിലെ നിരാലംബരോടു കാണിക്കുന്ന കനിവുള്ള സ്നേഹത്തിനും പിന്‍തുണയ്ക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! ഇങ്ങനെ ആശംസിച്ചുകൊണ്ടും, ഏവര്‍ക്കും പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്








All the contents on this site are copyrighted ©.