2016-10-26 13:04:00

പരദേശിയെ സ്വീകരിക്കുക, നഗ്നനെ ഉടുപ്പിക്കുക


റോമാപുരി പൊതുവെ കാര്‍മ്മേഘാവൃതമായിരുന്നെങ്കിലും വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ ചത്വരംതന്നെ ആയിരുന്നു ഈ ബുധനാഴ്ചയും (26/10/16). അങ്ക​ണത്തില്‍ വിവിധ രാജ്യക്കാരായിരുന്നു പതിനായിരങ്ങള്‍ സന്നിഹിതരായിരുന്നു. വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ച പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോടുംകൂടെ  വരവേറ്റു.പുഞ്ചിരിയോടെ, കൈകള്‍ ഉയര്‍ത്തി, എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടു വന്ന പിഞ്ചുകുഞ്ഞുങ്ങളെ, ഇടയ്ക്കിടെ, വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് പാപ്പാ വാഹനത്തില്‍ നിന്നിറങ്ങി നടന്നു വേദിയിലേക്കു കയറുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ഓടെ ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

“അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു. എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കു പോയി. ഹോറോദേസിന്‍റെ മരണം വരെ അവിടെ വസിച്ചു. ഈജിപ്തില്‍ നിന്നു ഞാന്‍ എന്‍റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിചെയ്തത് പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്. മത്തായിയുടെ സുവിശേഷം, അദ്ധ്യായം 2, 13 മുതല്‍ 15 വരെയുള്ള വാക്യങ്ങള്‍. ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ കാരുണ്യപ്രവൃത്തികളെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര, പരദേശിയെ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും ചെയ്യുക എന്നീ കാരുണ്യത്തിന്‍റെ പ്രവൃത്തികകളെ ആധാരമാക്കി, തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന പ്രസ്തുത പ്രഭാഷണത്തിന്‍റെ സംഗ്രഹം:

എല്ലാവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ടാരംഭിച്ച പ്രഭാഷ​ണം പാപ്പാ ഇപ്രകാരം തുടര്‍ന്നു:

നമ്മുടെ വിശ്വാസം ജീവസുറ്റതും ചലനാത്മകവുമാക്കി നിലനിറുത്തുന്നതിന് കര്‍ത്താവായ യേശു നമ്മെ ഏല്പിച്ച ദൗത്യമായ ഭൗതിക കാരുണ്യപ്രവൃത്തികളെ അധികരിച്ചുള്ള പരിചിന്തനം നാം തുടരുകയാണ്. കര്‍ത്താവുമായുള്ള അന്തിമകൂടിക്കാഴ്ചയ്ക്കായുള്ള കാത്തിരിപ്പില്‍ ക്രൈസ്തവര്‍ പരിക്ഷീണിതരും ഉദാസീനരുമല്ല, പ്രത്യുത, സഹായം അഭ്യര്‍ത്ഥിക്കുന്ന നിരവധിയായ വ്യക്തികളുടെ വദനങ്ങളില്‍ അവിടത്തെ ദര്‍ശിച്ചുകൊണ്ട് അനുദിനം അവിടത്തെ കണ്ടുമുട്ടുന്നു  എന്ന് തെളിയിക്കുന്നതാണ്, വാസ്തവത്തില്‍, ഈ പ്രവര്‍ത്തനങ്ങള്‍. ഇന്നു നമുക്ക് യേശുവിന്‍റെ ഈ വചനങ്ങള്‍ വിചിന്തനവിഷയമാക്കാം: “ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു; ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു”.(മത്തായി 25,35-36). നമ്മുടെ ഈ കാലഘട്ടത്തില്‍ പരദേശികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വോപരി പ്രസക്തമാണ്. സാമ്പത്തിക പ്രതിസന്ധി, സായുധ സംഘര്‍ഷങ്ങള്‍, കാലാവ്സ്ഥ വ്യതിയാനം എന്നിവ അനേകരെ കുടിയേറ്റത്തിന് നിര്‍ബന്ധിതരാക്കുന്നു. കുടിയേറ്റം ഒരു നൂതന പ്രതിഭാസമല്ല, അത് നരകുലത്തിന്‍റെ   ചരിത്രത്തിലടങ്ങിയിരിക്കുന്നതാണ്. നമ്മുടെ ഈ കാലഘട്ടത്തിന്‍റേതാണ് കുടിയേറ്റം എന്ന് ചിന്തിക്കുകയാണെങ്കില്‍ അതിനു കാരണം ചരിത്രത്തെ സംബന്ധിച്ച സ്മരണയുടെ അഭാവമാണ്.

കുടിയേറ്റത്തിന്‍റെ നിരവധി ഉദാഹരണങ്ങള്‍ ബൈബിള്‍ നമുക്കു നല്കുന്നുണ്ട്. അബ്രഹാത്തെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ മതി അതു മനസ്സിലാക്കാന്‍. കര്‍ത്താവ് അബ്രഹാത്തോടു പറയുന്നു: “നിന്‍റെ  ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോകുക” . (ഉല്‍പ്പത്തി,12,1). ഈജിപ്തില്‍ അടിമത്തം അനുഭവിച്ച ഇസ്രായേല്‍ ജനത്തിന്‍റെ കാര്യത്തിലും അപ്രകാരം തന്നെ ആയിരുന്നു. ദൈവം വാഗ്ദാനം ചെയ്ത നാട്ടില്‍ എത്തുന്നതുവരെ 40 സംവത്സരം മരുഭൂമിയിലൂടെ യാത്രയിലായിരുന്നു ആ ജനം. ഹേറോദേസിന്‍റെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് മറിയവും യൗസേപ്പും ഉണ്ണിയേശുവും അടങ്ങിയ തിരുക്കുടുംബവും കുടിയേറാന്‍ നിര്‍ബന്ധിതമായി. “രാത്രിയില്‍ ജോസഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുകയും ഹേറൊദേസിന്‍റെ   മരണംവരെ അവിടെ താമസിക്കുകയും ചെയ്തു.” (മത്തായി 2,14-15). നരകുലത്തിന്‍റെ   ചരിത്രം കുടിയേറ്റങ്ങളുടെ ചരിത്രമാണ്. കുടിയേറ്റ പ്രതിഭാസം അനുഭവിച്ചറിയാത്ത ജനത  ഒരു ദിക്കിലുമില്ല.

സാമൂഹ്യമായ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുടിയേറ്റവുമായി ബന്ധപ്പെട്ട ഐക്യദാര്‍ഢ്യത്തിന്‍റെ വന്‍ ആവിഷ്ക്കാരങ്ങള്‍ ഈ നൂറ്റാണ്ടില്‍ നാം കാണുകയുണ്ടായി. ദൗര്‍ഭാഗ്യവശാല്‍, ഇന്ന്, സാമ്പത്തിക പ്രതിസന്ധി ഹൃദയം അടച്ചി‌ടുന്നതിന്‍റെയും തള്ളിക്കളയലിന്‍റെയും ഒരു മനോഭാവം ഉടലെടുക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നു. ലോകത്തിന്‍റെ ചിലഭാഗങ്ങളില്‍ മതിലുകളും വേലികളും ഉയരുന്നു. ഇതില്‍നിന്ന് വേറിട്ടുനിന്നുകൊണ്ട്, അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സഹായിക്കുന്നതിന് മുന്നോട്ടുവരുന്ന സ്ത്രീപുരുഷന്മാരുടെ നിശബ്ദമായ പ്രവര്‍ത്തനം ചിലപ്പോഴൊക്കെ നിസ്സര്‍ഗ്ഗജമായ സ്വാര്‍ത്ഥതയ്ക്ക് ശബ്ദമേകുന്നവരുടെ കോലഹലത്തില്‍ മുങ്ങിപ്പോകുന്നതായി തോന്നാം. അടച്ചിടല്‍ ഒരു പരിഹാരമല്ല എന്നുതന്നെയല്ല അത് കുറ്റകൃത്യങ്ങള്‍ക്ക് വളം വയ്ക്കുകയും ചെയ്യുന്നു. ഐക്യദാര്‍ഢ്യമാണ് ഏകമാര്‍ഗ്ഗം, കുടിയേറ്റക്കാരോടും പരദേശിയോടുമുള്ള ഐക്യദാര്‍ഢ്യം. ഈ മേഖലയില്‍ ഗതകാലത്തെന്നപോലെ ഇന്നും ക്രൈസ്തവരുടെ പ്രവര്‍ത്തനം സുപ്രധാനമാണ്.

റോമില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിശുദ്ധവാതിലിലൂടെ കടക്കുന്നതിനായി ബസിലക്കയിലേക്കുള്ള വഴിചോദിച്ച് മുഷിഞ്ഞ് നാറുന്ന വേഷത്തിലെത്തിയ നിഷ്പാദുകനായ ഒരഭയാര്‍ത്ഥിയെ സഹായിക്കാന്‍ ശ്രമിച്ച ഒരു സ്ത്രീ വാടകയ്ക്ക് വിളിച്ചപ്പോള്‍ ആ അഭയാര്‍ത്ഥിയെ കാറില്‍ കയറ്റാന്‍ ആദ്യം വിസ്സമതിച്ച ടാക്സിക്കാരന്‍ ഒടുവില്‍ അതിനു തയ്യാറാകുകയും കാറില്‍ കയറിയ അഭയര്‍ത്ഥിയുടെ തൊട്ടടുത്തിരുന്നു ആ സ്ത്രീ  ആ അഭയാര്‍ത്ഥിയുടെ കദനകഥ ചോദിച്ചറിയുകയും ചെയ്തതും, ബസിലിക്കയുടെ അടുത്തെത്തി കാറില്‍ നിന്നിറങ്ങി വണ്ടിയുടെ വാടക കൊടുക്കാന്‍ നേരത്ത് ഡ്രൈവര്‍ പണം തിരസ്ക്കരിക്കുകയും തന്‍റെ  ഹൃദയത്തെ മാറ്റിമറിക്കത്തക്കതായ ഒരു ദുഃഖകഥ തന്നെ കേള്‍പ്പിച്ചതിന് താനാണ് പണം നല്കേണ്ടതെന്ന് ആ സ്ത്രീയോടു പറയുകയും ചെയ്ത സംഭവം പാപ്പാ  പൊതുകൂടിക്കാഴ്ചയ്ക്കെത്തിയിരുന്നവരുമായി പങ്കുവച്ചു.

നമുക്ക് അസൗകര്യമുളവാക്കുന്നതിനാല്‍, ദുര്‍ഗന്ധം വമിക്കുന്നു എന്ന കാരണത്താല്‍, ഇതുപോലെ ആദ്യം നാം തിര്സകരിക്കുന്ന ഇത്തരം കാര്യങ്ങള്‍ അവസാനം നമ്മുടെ ആത്മാവിനെ സുഗന്ധപൂരിതമാക്കുകയും നമ്മെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യുമെന്നു പറഞ്ഞ പാപ്പാ ഈ കഥയെക്കുറിച്ചും അഭയാര്‍ത്ഥികള്‍ക്കായി എന്തുചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ചും ചിന്തിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഇപ്രകാരം തുടര്‍ന്നു.

നഗ്നനെ ഉടുപ്പിക്കുക എന്നതാണ് മറ്റൊരു കാര്യം. ഔന്നത്യം നഷ്ടപ്പെട്ടവന് അതു വീണ്ടെടുത്തു നല്കലല്ലെങ്കില്‍ പിന്നെ എന്താണ് ഇതിനര്‍ത്ഥം.  തീര്‍ച്ചയായും വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം നല്കണം. മനുഷ്യക്കടത്തിനിരകളായ, തെരുവുകളിലേക്ക് വിലച്ചെറിയപ്പെട്ട സ്ത്രീകളെയും മനുഷ്യശരീരം ഭിന്നരീതികളില്‍ വസ്തുകണക്കെ ഉപയോഗിക്കപ്പെടുന്ന കുട്ടികളുള്‍പ്പടെയുള്ള മറ്റുള്ളവരെയും നാം ഓര്‍ക്ക​ണം. തൊഴിലില്ലായ്മയും ഭവനരാഹിത്യവും, അര്‍ഹമായ വേതനം ലഭിക്കാത്തതും, വിശ്വാസത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും പേരില്‍ വിവേചിക്കപ്പെടുന്നതും ഒരു തരം നഗ്നതയാണ്. നഗ്നതയുടെ ഇത്തരം രൂപങ്ങള്‍ക്കുമുന്നില്‍ ക്രൈസ്തവര്‍ കരുതലുള്ളവരായിരിക്കാനും പ്രതികരിക്കാന്‍ സന്നദ്ധതയുള്ളവരായിരിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു.

നമ്മുടെ കാര്യങ്ങളില്‍ മാത്രം വ്യാപൃതരായി നാം നമ്മില്‍ത്തന്നെ അടച്ചിടുന്ന, സഹോദരങ്ങളുടെ ആവശ്യത്തിനുമുന്നില്‍ നിസ്സംഗതപാലിക്കുന്ന കെണിയില്‍ നാം വീഴരുത്.അഭയാര്‍ത്ഥിയെ സഹായിച്ച ആ സ്ത്രീയെയും, ദുര്‍ഗന്ധം വമിക്കുന്ന ആ അഭയാര്‍ത്ഥിയെയും ആ കുടിയേറ്റക്കാരന്‍ മൂലം മനസ്സു മാറിയ ഡ്രൈവറെയും നാം മറക്കരുത്. നന്ദി..

 പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ ഒക്ടോബര്‍ ജപമാലമാസമാകയാല്‍ കൊന്തനമസ്ക്കാരത്തെപ്പറ്റി അവരോടു പറഞ്ഞു. ലളിതമായ ഈ മരിയന്‍ പ്രാര്‍ത്ഥന യുവജനത്തിന് സ്വന്തം ജീവിതത്തില്‍ ദൈവഹിതം എന്തെന്ന് വ്യാഖ്യാനിക്കാനുള്ള മാര്‍ഗ്ഗമായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

പാപ്പാ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തതിനെ തുടര്‍ന്ന് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ   അപ്പസ്തോലികാശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.