2016-10-22 15:50:00

വീഴ്ചകളിലും ദൈവവുമായി മുഖാമുഖം നിലക്കുന്ന മനുഷന്‍


ഈശോ ഇന്ന് ഒരു കഥ പറയുകയാണ്. ജരൂസലേം ദേവാലയത്തില്‍‍ പ്രാര്‍ത്ഥിക്കാന്‍ പോയ രണ്ടു യഹൂദരുടെ കഥ. അതില്‍ ആദ്യത്തേവന്‍ ഒരു ഫരിസേയനായിരുന്നു. മതക്രമങ്ങളെല്ലാം കര്‍ശനമായി പാലിക്കുന്ന ഫരിസേയരില്‍ ഒരുവന്‍. അദ്ദേഹം പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെയാണ്. തമ്പുരാന് നന്ദിപറയുന്നു. അതിന് കാരണം പറയുന്നു. അതിക്രമികളും വ്യപിചാരികളും മോശക്കാരുമായ മനുഷ്യരെപ്പോലയോ, തൊട്ട് അടുത്തു നില്ക്കുന്നചുങ്കക്കാരനെപ്പോലയോ

അല്ല ഞാന്‍. പിന്നയോ, ആഴ്ചയില്‍ ഞാന്‍  രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. സമ്പാദിക്കുന്ന സകലതിന്‍റെയും ദശാംശം കൊടുക്കുന്നു. ഇവിടെ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, ഈ മനുഷ്യന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍,  അക്രമികള്‍ വ്യഭിചാരികള്‍, ദുഷ്ടര്‍ എന്നിവരെക്കാള്‍ മറ്റുള്ളവരെക്കാള്‍ മെച്ചമാണ് എന്നു പ്രസ്താവിക്കുന്നു. തന്നെ ആ കൂട്ടത്തില്‍ പെടുത്താന്‍ പറ്റുകയില്ല. രണ്ടാമതായി, മതനിയമങ്ങള്‍ അനുശാസിക്കുന്ന ഉപവാസവും ദശാംസവും കൃത്യമായിട്ട് അനുഷ്ഠിക്കുന്നു. ഇവിടെ മതാനുഷ്ഠാനങ്ങള്‍ വച്ചുനോക്കിയാല്‍ കൃത്യമായിട്ടും പരിപൂര്‍ണ്ണത, പുണ്യപൂര്‍ണ്ണതയുടെ വഴിയില്‍ നടക്കുന്ന ഒരു മനുഷ്യന്‍, അതാണ് ഫരിസേയന്‍!

എന്നാല്‍ ചുങ്കക്കാരന്‍, മാറത്ത് അടിച്ചുകൊണ്ട് പറയുന്നത്.  കര്‍ത്താവേ, പാപിയായ എന്നില്‍ കനിയണേ! ഇവനിലാകട്ടെ, മുന്‍പു പറഞ്ഞ അനുഗ്രഹപൂര്‍ണ്ണമായിട്ടുള്ള കാര്യങ്ങള്‍ ഒന്നുമില്ല. ഒപവാസമില്ല, ദശാംസമില്ല, മറ്റ് പുണ്യകാര്യങ്ങള്‍ ഒന്നുമില്ല. കര്‍ത്താവേ, പാപിയായ എന്നില്‍ കനിയണമേ! ഈ ഒന്നും രണ്ടും വ്യക്തികള്‍, ഫരീസേയനും ചുങ്കക്കാരനും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം, ഫരീസേയന്‍ പുണ്യപൂര്‍ണ്ണതയുടെ വഴിയിലും, മതാചാരങ്ങളുടെ കര്‍ക്കശമായ അനുഷ്ഠാനങ്ങളിലും നില്ക്കുന്നവനാണ്. എന്നു പറഞ്ഞാല്‍ ഒരു കുടം നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. കുടം നിറഞ്ഞിരിക്കയാണെങ്കില്‍ പിന്നെ വെള്ളം ഒഴിക്കാന്‍ പറ്റില്ല. ഇനി ഒന്നും അതിലേയ്ക്ക് കയറില്ല. ഈ ഒരു അവസ്ഥയിലാണ് ഫരിസേയന്‍ നില്ക്കുന്നത്. എന്നാല്‍ ചുങ്കക്കാരന്‍ പറയുന്നു. കര്‍ത്താവേ, പാപിയായ എന്‍റെമേല്‍ കനിയണമേ! അവന്‍റെ ശ്രദ്ധയും, അവന്‍റെ മനസ്സും ഇരിക്കുന്നത് അവന്‍റെ കുറവുകളിലാണ്. അവന്‍റെ കുടം നിറഞ്ഞതല്ല, അതില്‍ കുറച്ചു വെള്ളമേയുള്ളൂ. പോരാ, അത് ഏകദേശം കാലിയാണു താനും. അതുകൊണ്ടാണ് പാപിയായ എന്‍റെ മേല്‍ കരുണയുണ്ടാകണമേ, എന്നു പ്രാര്‍ത്ഥിക്കുന്നത്. നിറഞ്ഞിരിക്കുന്ന കുടത്തില്‍, ഫരീസേയന്‍റെ കാര്യത്തില്‍ തമ്പുരാനു പ്രവര്‍ത്തിക്കാന്‍ ഇടമില്ല.

ചുങ്കക്കാരനെ സംബന്ധിച്ചോ, അവിടെ തമ്പുരാനു പ്രവര്‍‍ത്തിക്കാനുള്ള വലിയ ഇടമുണ്ട്. കാരണം, അവന്‍റെ പാപങ്ങള്‍, അവന്‍റെ കുറവുകള്‍, അവന്‍റെ പരിമിതികള്‍... അവന്‍റെ ബലഹീനതകള്‍, കര്‍ത്താവേ, പാപിയായ എന്‍റെ മേല്‍ കനിയണമേ! അവന്‍റെ ജീവിതം, അതിനാല്‍ തമ്പുരാന് ഉള്ളലിയ്ക്കു കയറി പ്രവര്‍ത്തിക്കാനുള്ള ഇടമായി മാറുകയാണ് ചുങ്കക്കാരന്‍. ഇതാണ് ഈശോ വരച്ചുകാട്ടുന്ന ഈ രണ്ടു വ്യക്തിത്വങ്ങള്‍ തമ്മിലുള്ള വ്യത്യാസം. നിന്‍റെ ജീവിതത്തില്‍ തമ്പുരാനു പ്രവര്‍ത്തിക്കാന്‍ ഒരു സ്പെയിസുണ്ടോ. ഇല്ല! മറിച്ച്, നീ പൂര്‍ണ്ണനാകയാല്‍ തമ്പുരാന് ഒന്നും ചെയ്യാന്‍ ഇടമില്ലാത്ത അവസ്ഥയാണോ?

പാപ്പാ ഫ്രാന്‍സിസിന്‍റെ നല്ലൊരു അഭിമുഖമായിരുന്നു, ‘ഇന്‍റര്‍വ്യൂ’ ആയിരുന്നു അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വര്‍ഷത്തില്‍ത്തന്നെയണ്. അന്തോണിയോ സ്പദാരോ എന്നു പേരുള്ള ഈശോസഭാ വൈദികനാണ് അത് നല്കിയത്. അദ്ദേഹം അഭിമുഖത്തിന് വന്നിട്ട് ആദ്യം ചോദിച്ച ചോദ്യം ശ്രദ്ധേയമായിരുന്നു. ആരാണീ ഹോര്‍ഹെ ബര്‍ഗോളിയോ?

വളരെ രൂക്ഷമായ ചോദ്യമായിരുന്നു. പാപ്പായോടു നേരെ ചോദിക്കുന്നു, താന്‍ ആരാടോ... എന്ന്!? പാപ്പാ ആദ്യം ഒന്നു മിണ്ടാതിരുന്നു. അപ്പോള്‍ സ്പദാരോ ചോദിച്ചു. ഞാന്‍  ചോദ്യം ആവര്‍ത്തിക്കണമോ, പിതാവേ! വേണ്ടാ, എന്ന് അദ്ദേഹം തല കുലുക്കിയിട്ടു പറഞ്ഞത്,  ഞാന്‍ കര്‍ത്താവിന്‍റെ കാരുണ്യത്താല്‍ സ്പര്‍ശിക്കപ്പെട്ട പാപിയായ മനുഷ്യനാണ്, എന്നായിരുന്നു. ഒന്നു നിര്‍ത്തിയിട്ട് പാപ്പാ വീണ്ടും പറഞ്ഞു. സത്യത്തില്‍ ഞാന്‍ വെറുമൊരു പാപിയായ മനുഷ്യനാണ്..! കര്‍ത്താവിന്‍റെ കാരുണ്യത്താല്‍ സ്പര്‍‍ശിക്കപ്പെട്ട ഒരു മനുഷ്യന്‍! എന്നിട്ട് പാപ്പാ പറഞ്ഞു. ഇത് ഞാന്‍ ഭംഗിക്കുവേണ്ടി പറയുന്നതല്ല. സത്യത്തില്‍ ഞാന്‍ പാപിയായ മനുഷ്യനാണ്. ഈ തിരിച്ചറിവിലാണ് ഇവിടെ ഫ്രാന്‍സിസ് പാപ്പായും, പിന്നെ ചുങ്കക്കാരനും നലിക്കുന്നത്. അതുകൊണ്ട് എന്താണ്? പാപവും കുറവുകളും, അവയുടെ അവബോധവുമുള്ള മനുഷ്യന്‍ തന്‍റെ ജീവിതത്തില്‍ തമ്പുരാനു പ്രവര്‍ത്തിക്കാനുള്ള ഇടമുണ്ടാക്കി കൊടുക്കും. ഇവിടെ തിരിച്ചറിയേണ്ടത്, നിന്‍റെ ബലഹീനതയിലും കുറവുകളിലുമാണ് ദൈവം പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ദൈവം ഇടപെടുന്നത് എന്‍റെ ബലഹീനതകളിലാണ്. ദൈവം പ്രവര്‍ത്തിക്കുന്നത് നിന്‍റെ തെറ്റുകളിലാണ്. ദൈവം തന്‍റെ കൃപയും കരുണയും ചൊരിയുന്നത് നിന്‍റെ ബലഹീനമായ സ്വഭാവത്തിലേയ്ക്കാണ്.  

മുന്‍പു പറഞ്ഞ അഭിമുഖത്തിന്‍റെ തുടര്‍ച്ചയായിട്ട് പാപ്പാ പറയുന്നുണ്ട്. തന്നെ പണ്ട് മെത്രാനായി തിരഞ്ഞെടുത്തപ്പോള്‍ സ്വീകരിച്ച ആപ്തവാക്യത്തെക്കുറിച്ചാണ്. അത് തനിക്കെന്നും അനുയോജ്യമായെന്ന് പില്‍ക്കാലത്ത് എപ്പോഴും തോന്നിയിട്ടുണ്ട്. അത് ഇതാണ്, “കരുണ തോന്നി അവിടുന്ന് എന്നെ തിരഞ്ഞെടുത്തു!”  അതു പറഞ്ഞിട്ട് അവിടുന്ന് ആപ്തവാക്യത്തിന്‍റെ ഉറവിടത്തിലേയ്ക്ക് പോയി. വിശുദ്ധനായ ബീഡിന്‍റെ പ്രഭാഷണങ്ങളില്‍നിന്നാണ് ഈ സൂക്തം ബിഷപ്പ് ബര്‍ഗോളിയോ എടുത്തത്. എന്നിട്ട് അദ്ദേഹം പറയുന്നു, ഞാന്‍ റോമില്‍ വരുമ്പോഴെല്ലാം ഞാന്‍ താമസിച്ചിരുന്നത് ‘വിയെ ദേലാ സ്കോര്‍ഫാ’യില്‍ (Via della Scrofa) ഒരു സ്ഥാപനത്തിലായിരുന്നു. അതിന് ഒരു കാരണമുണ്ട്. വിശുദ്ധ ലൂയിയുടെ പള്ളി അവിടെ തൊട്ടടുത്താണ്. നടന്ന് ചെല്ലാവുന്ന ചെറിയ ദൂരം. ആ ദേവാലയത്തില്‍ വിശ്വവിഖ്യാതനായ ചിത്രകാരന്‍, കരവാജിയോ വരച്ച, ‘മത്തായിയുടെ ദൈവവിളി,’ എന്ന വിഖ്യാതമായ രചന, പെയിന്‍റിങ് ഉണ്ടായിരുന്നു. റോമില്‍ വരുമ്പോഴൊക്കെ, ഞാന്‍ ആ പള്ളിയില്‍ പോകും, എന്നിട്ട് ദീര്‍ഘനേരം നോക്കിയിരിക്കും. ചിത്രത്തില്‍ ക്രിസ്തു മത്തായിയിലേയ്ക്ക് ചൂണ്ടുന്ന കൈവിരല്‍ ശ്രദ്ധേയമാണ്.  പെയിന്‍റിങ്ങിലെ ആ വിരല്‍ അവിടുന്ന് എന്നിലേയ്ക്കാണ് ചൂണ്ടുന്നതെന്ന് എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്. അതായത്, ഈശോ വിളിക്കുന്ന മത്തായി ഞാനാണെന്ന് തോന്നിയിട്ടുണ്ട്. കര്‍ത്താവ് തൃക്കണ്‍പാര്‍ത്ത പാപിയായ മനുഷ്യനാണു ഞാന്‍!

ചുങ്കക്കാരന്‍റെയും ഫരീസേയന്‍റെയും ഉപമവ്യാഖ്യാനിക്കുന്ന ഒരുവസരത്തില്‍ ഫ്രാന്‍സിസ് പാപ്പാ വീണ്ടും പറഞ്ഞിട്ടുണ്ട്. പാപിയായ തന്നില്‍ കനിയണമേ, എന്നു മാത്രമാണ് ചുങ്കക്കാരന്‍ പ്രാര്‍ത്ഥിച്ചത്. അതിന്‍റെ ഫലമോ, ദൈവത്തിന്‍റെ കാരുണ്യം അവനിലേയ്ക്ക് ഒഴുകി ഇറങ്ങി നിറ‍‍ഞ്ഞു.

സ്വന്തം ബലഹീനതകള്‍ തിരിച്ചറിയുകയും ദൈവതിരുമുമ്പില്‍ അത് അംഗീകരിക്കുകയും നമ്മുടെ കുറവും പാപവും ഏറ്റുപറയുകയും ചെയ്യുമ്പോള്‍ ദൈവം എന്നില്‍ പ്രവര്‍ത്തിക്കുകയാണ്. ദൈവത്തിന്‍റെ കാരുണ്യം എന്നില്‍ വന്നു നിറയുകയാണ്. മനുഷ്യര്‍ എല്ലാവരും അളവില്ലാതെ ദൈവികകാരുണ്യം സ്വീകരിക്കുന്നവരാണ്. വലിയൊരു വ്യത്യാസം ഇവിടെയാണ് - ഫരീസേയന്‍റെ സംസാരത്തിലും പ്രവൃത്തിയിലും ഉണ്ടാകുന്നത്. കാരണമെന്താ... ? ഫരീസേയനെ സംബന്ധിച്ച് അവിന്‍റെ ഉപവാസവും അവന്‍റെ ദശാംശവും, അവന്‍റെ പുണ്യപ്രവൃത്തികളുമെല്ലാം അവന്‍റെ സന്ത്വം കഴിവുകൊണ്ടു നേടുന്നതാണ്. എന്നാല്‍ മനുഷ്യജീവിതത്തിലെ ബഹുഭൂരിഭാഗവും നന്മയും ദൈവത്തിന്‍റെ ഔദാര്യവും ദൈവത്തിന്‍റെ കൃപകളുമല്ലേ! ഈ തിരിച്ചറിവാണ് ഫരിസേയന് ഇല്ലാതെ പോകുന്നത്. സ്വന്തം കഴിവുകൊണ്ടും പരിശ്രമംകൊണ്ടും നേടിയെടുക്കാവുന്ന ഒന്നല്ല. രക്ഷയും വിശുദ്ധിയും! മറിച്ച് ദൈവത്തിന്‍റെ ഔദാര്യം വന്നു നിറയുന്നതാണ് നമ്മിലെ രക്ഷയും വിശുദ്ധിയും. മനുഷ്യര്‍ എല്ലാവരും അളവില്ലാതെ ദൈവകാരുണ്യം സ്വീകരിക്കുന്നവര്‍ തന്നെയാണ്. ഒന്ന് ഓര്‍ത്തു നോക്കിക്കേ, ജന്മമെടുക്കുമ്പോള്‍ സ്വീകരിക്കുന്ന ജീവന്‍ മുതല്‍ എല്ലാം, ദൈവത്തിന്‍റെ ദാനമല്ലാതെ മറ്റെന്താണ്. പക്ഷെ, എല്ലാവരും ഇത് സ്വീകരിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ, സ്വീകരിച്ചവയെ ദാനമായി തിരിച്ചറിയുന്നുള്ളൂ. സ്വീകരിച്ച – ദൈവത്തിന്‍റെ കാരുണ്യവും ദാനവും, ഔദാര്യവും എല്ലാം എനിക്കൊരു യോഗ്യതയില്ലാതിരുന്നിട്ടും തമ്പുരാന്‍ തരുന്നതാണ്, ഇതെല്ലാം എന്ന തിരിച്ചറിവിലാണ് ഒരുവന്‍ വിശുദ്ധിയിലേയ്ക്കും രക്ഷയിലേയ്ക്കും ദൈവത്തിന്‍റെ ഇടപെടലിലേയ്ക്കും കടന്നുചെല്ലുന്നത്.

പാപ്പാ ഫാന്‍സിസ് തന്‍റെ കഴിഞ്ഞ പുസ്തകമായ കരുണയാണ് ദൈവത്തിന്‍റെ നാമം... The Name of God is Mercy.. ദൈവത്തിന്‍റെ പേര് കരുണയാണ് എന്ന പുസ്തകത്തില്‍ പറയുന്നൊരു കാര്യമുണ്ട്. കര്‍ത്താവിന്‍റെ കരുണകൊണ്ടും വാത്സല്യംകൊണ്ടും സ്പര്‍ശിക്കപ്പെടുകയും താലോലിക്കപ്പെടുകയും ചെയ്തിട്ടുള്ളവന്‍ മാത്രമേ സത്യത്തില്‍ കര്‍ത്താവിനെ അറിയുന്നുള്ളൂ. അതുകൊണ്ടാണ് പലപ്പോഴും ഞാന്‍ പറയുന്നത്, എന്‍റെ പാപാവസ്ഥയിലാണ്  ദൈവത്തിന്‍റെ കരുണയുമായി ഞാന്‍ മുഖാമുഖം കാണുന്നത്. ഇത് പ്രധാനപ്പെട്ട ചിന്തയാണ്. എന്‍റെ പാപത്തില്‍, എന്‍റെ വീഴ്ചകളില്‍ എന്‍റെ പരിമിതികളില്‍, എന്‍റെ തെറ്റുകളിലാണ് ഞാന്‍ ദൈവത്തിന്‍റെ കരുണയുമായിട്ട് മുഖാമുഖം വരുന്നത്! ചുങ്കക്കാരന് സംഭവിച്ചത് അതാണ്. കര്‍ത്താവേ, പാപിയായ എന്‍റെ മേല്‍ കനിയണമേ! അപ്പോള്‍ ഈശോ പറയുന്നത്, ദൈവത്തിന്‍റെ മുന്നില്‍ അവന്‍ നീതീകരിക്കപ്പെട്ടവനായി എന്നാണ്. കൂടുതല്‍ വിശുദ്ധീകരിക്കപ്പെട്ടവനായി. കൂടുതല്‍ രക്ഷിക്കപ്പെട്ടവനായി. നമ്മുടെ പാപത്തിലും കുറവുകളിലുമാണ് നാം ദൈവത്തിന്‍റെ കരുണയുമായി മുഖാമുഖം നില്ക്കുന്നത്. മാത്രല്ല, ദൈവം പ്രവര്‍ത്തിക്കാനുള്ള ഇടമാണ്. എന്‍റെ കുറവും എന്‍റെ ബലഹീനതയും... എന്‍റെ പാപവും! ഈ തിരിച്ചറിവിലാണ് ബലഹീനതകള്‍ അനുഭവപ്പെടുമ്പോള്‍ ചുങ്കക്കാരനെപ്പോലെ ദൈവകരങ്ങളിലേയ്ക്കും ദൈവസന്നിധിയിലേയ്ക്കു തിരിയേണ്ടത്. ദൈവകരങ്ങളില്‍ നമ്മെ സമര്‍പ്പിക്കേണ്ടത്.   

നമുക്ക് പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങു പറയുന്ന കഥ! അതിന്‍റെ അന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കാനുള്ള വെളിവ് തരണമേ! ഞാന്‍ നേടുന്ന ജീവിതത്തിന്‍റെ പൂര്‍ണ്ണതയും വിശുദ്ധിയും എന്‍റെ പരിശ്രമങ്ങളുടേയും, എന്‍റെ അദ്ധ്വാനത്തിന്‍റെയും എന്‍റെ വലിയ പ്രവര്‍ത്തനങ്ങളുടെയും ഫലമല്ല. എന്‍റെ കുറവുകളും ബലഹീനതകളും അങ്ങേ കരങ്ങളിലേയ്ക്ക് തരുമ്പോള്‍ അങ്ങ് കരുണാപൂര്‍വ്വം എന്നെ കടക്ഷിക്കണമേ! എന്‍റെ ജീവിതത്തില്‍ അങ്ങ് ഇടപഴകുന്നതുവഴിയയും, അങ്ങില്‍നിന്നും വലിയ കൃപകള്‍ സ്വീകരിക്കുന്നതുകൊണ്ടും ഞാന്‍ അങ്ങേ മകനാകുന്നത്, മകളാകുന്നത് എന്ന തിരിച്ചരിവിലേയ്ക്ക് എന്നെ വളര്‍ത്തണമേ! നാഥാ, എന്‍റെ ജീവിതത്തില്‍ കുറവും വീഴ്ചയും ഉണ്ടാകുമ്പോള്‍ അങ്ങേ പക്കലേയ്ക്കു വരാന്‍, ചുങ്കക്കാരനെപ്പോലെ നെഞ്ചത്തടിച്ചുകൊണ്ട് പറയാന്‍, കര്‍ത്താവേ, പാപിയായ എന്നില്‍ കനിയണേ....! അങ്ങേ കനിവിനായിട്ട് അങ്ങേ പക്കല്‍ വരുവാനും ഇരിക്കുവാനും, അങ്ങേ കൃപ സ്വീകരിക്കാനം എന്നെ സഹായിക്കണമേ! ആമേന്‍!!








All the contents on this site are copyrighted ©.