2016-10-20 18:53:00

ഇസ്രായേല്‍ പലസ്തീന്‍ : ‘രണ്ടു സ്വതന്ത്രരാഷ്ട്രങ്ങളുടെ നിര്‍ദ്ദേശം’ യാഥാര്‍ത്ഥ്യമാക്കണമെന്ന് വത്തിക്കാന്‍


ഒക്ടോബര്‍ 19-ാം തിയതി ബുധനാഴ്ച യുഎന്‍ ആസ്ഥാനത്തു ചേര്‍ന്ന സുരക്ഷാ കൗണ്‍സിലിന്‍റെ (UN Security Council) സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ വത്തിക്കാന്‍റെ നിലപാട് ഇങ്ങനെ അഭ്യര്‍ത്ഥനയിലൂടെ വെളിപ്പെടുത്തിയത്. ഇസ്രായേല്‍-പലസ്തീന്‍ രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളുടെ രൂപീകരണം മദ്ധ്യപൂര്‍വ്വദേശത്തെ കലാപങ്ങള്‍ക്ക് പരിഹാരമായി ഐക്യരാഷ്ട്ര സംഘടന 1947-ല്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. തുടര്‍ന്നുള്ള സമാധാന സംവാദങ്ങള്‍ തട്ടിത്തെറിപ്പിക്കപ്പെട്ട്, ഏകപക്ഷീയവും ഇഷ്ടാനുസാരവുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അക്രമങ്ങളിലും ഇരുപക്ഷവും വ്യപൃതരായിട്ടുണ്ട്. സമാധാനത്തിന്‍റെ സാധ്യതകള്‍ അതിനാല്‍ ഇന്നും മദ്ധ്യപൂര്‍വ്വദേശത്ത് വിദൂരമാക്കപ്പെട്ടിക്കുകയാണ്.

ഗാസയും, വെസ്റ്റ് ബാങ്ക്‍ തര്‍ക്കഭൂമിയിലെ സമാധാന നീക്കങ്ങള്‍ക്ക് ഇനിയും മുന്‍കൈ എടുത്തെങ്കില്‍ മാത്രമേ മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനവും ശ്രേയസ്സും മുളയെടുക്കൂ! വളരുന്ന മാനവിക പ്രതിസന്ധികള്‍ മൂലം മദ്ധ്യപൂര്‍വ്വദേശത്തെ ജനങ്ങള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും ആഗോളസമൂഹത്തിന്‍റെ സഹായം തേടേണ്ടിവരുന്നുണ്ടെന്ന് വത്തിക്കാന്‍റെ പ്രതിനിധി, അര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.

ഇസ്രായേല്‍ പലസ്തീന്‍ - പക്ഷങ്ങള്‍ പരസ്പര ധാരണയോടെ ഒരു പൊതുവായ അതിര്‍ത്തി അംഗീകരിച്ച്, സ്വതന്ത്രരാഷ്ട്ര രൂപീകരണം യാഥാര്‍ത്ഥ്യമാക്കാത്ത കാലത്തോളം മദ്ധ്യപൂര്‍വ്വദേശം കലാപഭൂമിയായി തുടരുമെന്ന് വത്തിക്കാന്‍റെ പ്രതിനിധി ഖേദപൂര്‍വ്വം അഭിപ്രായപ്പെട്ടു. പലസ്തീന പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ മദ്ധ്യപൂര്‍വ്വദേശം വിട്ട് ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലേയ്ക്ക് പടരുന്നുണ്ട്. യഹൂദര്‍, ക്രൈസ്തവര്‍, മുസ്ലീങ്ങള്‍ - മൂന്നു മതങ്ങളുടെ പിള്ളത്തൊട്ടിലായ മദ്ധ്യപൂര്‍വ്വദേശം അവിശ്വസനീയമാം വിധം മൃഗീയതയുടെ നര്‍ത്തനശാലയായി മാറിയിട്ടുണ്ട്. ആര്‍ച്ചുബിഷപ്പ് ഔസാ പ്രസ്താവിച്ചു.  രാജ്യാന്തര നിയമങ്ങളും കരാറുകളും കാറ്റില്‍ പരത്തിയാണ് മദ്ധ്യപൂര്‍വ്വദേശത്തെ അതിക്രമങ്ങള്‍ തുടരുന്നത്. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, അടിസ്ഥാന സഹായം എത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ വാഹനക്കൂട്ടങ്ങള്‍ എന്നിവയ്ക്കു നേരെ ഉന്നംവച്ചുള്ള ആക്രമണങ്ങള്‍, ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ വിശേഷിപ്പിച്ചു.

മദ്ധ്യപൂര്‍വ്വദേശത്തെ രക്തച്ചൊരിച്ചിലും, നശീകരണങ്ങളും നിര്‍ത്തലാക്കണമെന്നത് ആഗോള സമൂഹത്തിന്‍റെ അഭ്യര്‍ത്ഥനയാണ്. അതിനാല്‍ അതിക്രമികളുമായി ആയുധന വിപണനം നടത്തുകയും കക്ഷിചേരുകയും ചെയ്യുന്ന രാഷ്ട്രങ്ങള്‍ പിന്‍വാങ്ങേണ്ടതാണ്. വെടിമുഴക്കം തുടരുമ്പോഴും സംവാദ ശ്രമങ്ങളും, ഒത്തുതീര്‍പ്പു നീക്കങ്ങളും ഉപേക്ഷിക്കരുത്. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിലുള്ള ഭ്രാന്തമായ വിദ്വേഷവും അതികമങ്ങളും ഇനിയും നിര്‍ത്തലാക്കേണ്ടതാണ്. അന്താരാഷ്ട്ര പ്രതിനിധികളോട് വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ അഭ്യര്‍ത്ഥിച്ചു.

അടിസ്ഥാന മനുഷ്യാന്തസ്സ്, അവകാശങ്ങള്‍, മതസ്വാതന്ത്ര്യം എന്നിവ മാനിക്കപ്പെടാന്‍ രാഷ്ട്രങ്ങള്‍ കൈകോര്‍ക്കേണ്ടതാണ്. ആര്‍ച്ചുബിഷപ്പ് ഔസാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു.  സമാധാനത്തിനുള്ള മാര്‍ഗ്ഗം സംവാദമാണ്! സംവാദമില്ലാതെ സമാധാനം യാഥാര്‍ത്ഥ്യമാകില്ല. യുദ്ധവും, അഭ്യാന്തരകലാപവും, പ്രതിസന്ധികളും വളരുന്നത് സംവാദമില്ലാത്തിടത്താണ്. അതിനാല്‍ സംഘട്ടനങ്ങളുള്ളിടത്ത് സംവാദത്തിന് വഴി തുറക്കാം! പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അര്‍ച്ചുബിഷപ്പ് ഔസാ തന്‍റെ അഭിപ്രായപ്രകടനം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.